2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-6-അരൂപികളുടെ അരുളപ്പാടുകള്‍

                                                         ആറ്

                         അരൂപികളുടെ  അരുളപ്പാടുകള്‍

കൃഷിയിടം വിട്ട് മറ്റൊരിടത്തേക്ക് കുടിയേറുന്നതിനിടയില്‍ യാദൃശ്ചികമായാണ് കടമ്പ് ഗോത്രവും വേപ്പ് ഗോത്രവും അടുത്തടുത്തായി വന്നത്. ഇത്തരം സന്ദര്‍ഭങ്ങള്‍ അപകടകരമാണ്. അതിര്‍ത്തി സംബ്ബന്ധിച്ചും വേട്ട സംബ്ബന്ധിച്ചുമൊക്കെ തര്‍ക്കങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അത് പലപ്പോഴും ഗോത്രപ്പകയായി മാറുന്നു. ഈ പക ഒരിക്കലും തവിയാത്തൊരു വികാരവുമാണ്.
കടമ്പുഗോത്രത്തില്‍ നിന്നൊരു ചെറുപ്പക്കാരന്‍ തേനെടുക്കാനായാണ് കാട്ടിലേക്ക് പോയത്. അവന്‍ ഉയര്‍ന്ന മരങ്ങളിലെ തേനീച്ചക്കൂടുകള്‍ നോക്കി അമ്പെയ്ത്, താഴേക്കിറ്റുന്ന തേന്‍ മുളങ്കുഴലുകളില്‍ ശേഖരിക്കയായിരുന്നു. അവന്‍ നടന്നുനടന്ന് ഒരു തോടും കടന്ന് അടുത്ത കാടുകളിലേക്ക് തേന്‍ ശേഖരിക്കാനിറങ്ങി. അവിടെ വേപ്പുഗോത്രം തമ്പടിച്ചിരിക്കുന്നത് അവനറിയില്ലായിരുന്നു. കാട്ടിലൂടെ അലഞ്ഞു നടക്കവെ വേപ്പ് ഗോത്രക്കാര്‍ അവനെ കണ്ടു. ഉടന്‍തന്നെ അവര്‍ അവനുനേരെ അമ്പുപായിച്ചു. ആ അമ്പ് അവന്‍റെ വയര്‍ തുളച്ച് പുറത്തേക്ക് പാഞ്ഞു. വേദനയാല്‍ അലറിവിളിച്ചുകൊണ്ട് അവന്‍ പിന്‍തിരിഞ്ഞോടി. ഓടിയോടി തോടും കടന്ന് കുഴഞ്ഞുവീണും ഇഴഞ്ഞും കരഞ്ഞും അവന്‍ ഗോത്രത്തറയിലെത്തി. അവന്‍റെ കരച്ചില്‍ കേട്ട് എല്ലാവരും കൂരകളില്‍ നിന്നും പുറത്തുവന്നു. അവര്‍ ആര്‍ത്തലച്ച് അവന്‍റെ ചുറ്റിലും കൂടി. ഒരാള്‍ വെള്ളം കൊണ്ടുവന്ന് കുടിക്കാന്‍ കൊടുത്തു. അതുകുടിച്ച് ഒഴുകുന്ന ചോരയില്‍ തലചായ്ച്ച് അവന്‍ അന്ത്യശ്വാസമെടുത്തു.
സ്ത്രീകളുടെ കരച്ചില്‍ അന്തരീക്ഷത്തെ വിറപ്പിച്ചു. പക്ഷികള്‍ ചിറകടിച്ചുയര്‍ന്നു. മൂപ്പന്‍ തോല്‍വീപ്പയില്‍ ആഞ്ഞടിച്ചു. ആ ശബ്ദം അനേകകാതം പോയി കുന്നുകളില്‍ തട്ടി മടങ്ങിവന്നു. അത് യുദ്ധകാഹളമായിരുന്നു. വീടുകളില്‍ നിന്നും അമ്പുംവില്ലുമായി പുരുഷന്മാര്‍ പുറത്തുവന്നു. അവര്‍ക്കൊരു നേതാവുണ്ടായി. ആ നേതൃത്വത്തില്‍ അവര്‍ അടിവച്ചു.
തോടുംകടന്ന് കാടും കടന്ന് അവര്‍ വേപ്പുഗോത്രത്തിനടുത്തെത്തി. ആരവങ്ങള്‍ കേട്ട് അവരും സജ്ജരായി. മരങ്ങള്‍ക്കിടയില്‍ പതുങ്ങി കടമ്പുഗോത്രക്കാര്‍ ഒളിയമ്പെയ്തു. ഒരു വേപ്പുഗോത്രക്കാരന്‍റെ നെഞ്ചുതുളഞ്ഞ് അവന്‍ നിലത്തുവീണെന്നുറപ്പാക്കിയശേഷമേ അവര്‍ പിന്‍വാങ്ങിയുള്ളു. ചോരയ്ക്ക് ചോര,ഇത് ആദിമഗോത്ര സമ്പ്രദായം. ഇനി ഇതിന് തിരിച്ചടിയുണ്ട്. ഈ ചംക്രമണം ഒരിക്കലും തീരാത്തതാണ്. പകയുടെ കെട്ടടങ്ങാത്ത വീര്യം ജന്മശാപം പോലെ ഏറ്റുവാങ്ങി അതിനായി ജീവിക്കുന്ന തലമുറകളായി അവര്‍ വളരുകയാണ്. ആദിമദ്ധ്യാന്തമില്ലാത്ത ഒരു വൃതനിഷ്ടപോലെ, പുലകുടിയടിയന്തിരങ്ങള്‍ മനസ്സിനെ വേട്ടയാടുന്നു.
മൂപ്പന്‍റെ മനസ്സുനീറി. വരും നാളുകള്‍ അസ്വസ്ഥതയുടേതാണെന്ന് അയാളറിഞ്ഞു. പക നിറഞ്ഞു പുകയുന്ന സമൂഹത്തില്‍ സന്തോഷത്തിനിടമില്ലാതാകും. ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഒന്നു കണ്ണടച്ചപ്പോള്‍ വേപ്പുഗോത്രക്കാരുടെ അമ്പേറ്റുമരിച്ച തന്‍റെ പ്രിയപ്പെട്ട പ്രജയുമായി മണ്‍മറഞ്ഞ മൂപ്പന്‍ മുന്നില്‍.
മകനെ,നിന്‍റെ വേദന ഞാന്‍ മനസ്സിലാക്കുന്നു. പ്രജകളുടെ പക തീരണമെങ്കില്‍ ആരാധന മൂക്കണം. നീ അവനെ ദൈവമാക്കിക്കൊള്ളുക. ചാന്ദ്രദിനങ്ങളില്‍ പൂജയും നൃത്തവുമായിക്കൊള്ളട്ടെ. പ്രജകളുടെ മനസ്സ് തണുക്കും”, മണ്‍മറഞ്ഞ മൂപ്പന്‍റെ വചനങ്ങള്‍. അയാള്‍ ഞെട്ടിയുണര്‍ന്നു. അടുത്താരുമില്ല. ഇളംകാറ്റില്‍ ഉലയുന്ന മരങ്ങള്‍ മാത്രം. മൃതദേഹത്തിന്‍റെ വായില്‍ വച്ചുകൊടുത്ത അരിയും വെറ്റിലയും അവിടെ ചിതറിക്കിടക്കുന്നു. അയാള്‍ എഴുന്നേറ്റ് ശവമടയിലേക്ക് നടന്നു. മണ്ണിനുമുകളില്‍ വച്ച മുള്ളുകള്‍ അതുപോലുണ്ട്. അലഞ്ഞുതിരിയുന്ന മറ്റ് ആത്മാക്കളുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ വച്ചതാണ് മുള്ളുകള്‍. അയാള്‍ നേരം പുലരുന്നതും നോക്കി ഉണര്‍ന്നിരുന്നു.

രാവിലെതന്നെ മൂപ്പന്‍ സഭ വിളിച്ചു. എല്ലാവരോടും സ്വപ്നദര്‍ശനമുണര്‍ത്തിച്ചു. അതിന്‍റെ ഗൌരവം അവരും ഉള്‍ക്കൊണ്ടു. എല്ലാവരും ശവകുടിക്ക് മുന്നില്‍ വന്നുനിന്ന് കണ്ണടച്ച് ധ്യാനിച്ചു. ചിലര്‍ മുട്ടുകുത്തി മണ്ണില്‍ മുത്തി. അഗ്നിയും കാറ്റും മഴയും മലയും മൂപ്പനുമല്ലാതെ മറ്റൊരു ദൈവം കൂടി. തങ്ങള്‍ തൊട്ടറിഞ്ഞ പ്രിയപ്പെട്ട ദൈവം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ