2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-3-ആദിമകാല കണ്ടെത്തലുകള്‍

                                                                 മൂന്ന്    

                                      ആദിമകാല   കണ്ടെത്തലുകള്‍

സഹ്യാദ്രിയും എറിത്രേയിയന്‍ കടലും കാഴ്ച കണ്ടുനില്‍ക്കെ കാറ്റും മഴയും വെയില്‍ച്ചൂടുമായി കാലം കടന്നുപൊയ്ക്കൊണ്ടിരുന്നു. ഒരുപാടു മനുഷ്യര്‍ ഈ സുന്ദരഭൂവില്‍ ജനിച്ചുവളര്‍ന്ന് വേട്ടയാടിയും രമിച്ചും കടന്നുപോയി. മൂപ്പനും അമ്മയും പേടിപ്പെടുത്തുന്ന ചില പ്രകൃതിചിഹ്നങ്ങളും ഓര്‍മ്മയില്‍ നിറഞ്ഞു. അവരായിരുന്നു ദൈവങ്ങള്‍. ബാക്കിയെല്ലാം നിത്യജീവിതത്തിലെ കാഴ്ചകള്‍ മാത്രം. അച്ഛന്‍ ഒരു സങ്കല്പ്പമായിപോലും വളര്‍ന്നുവന്നിരുന്നില്ല. സ്ത്രീയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം ഇണചേരുകയും അതില്‍ ഏതെങ്കിലുമൊരു നിമിഷത്തില്‍ ഒരു സൃഷ്ടി നടക്കുകയും ചെയ്തു. മൂപ്പന്‍ കഴിഞ്ഞാല്‍ പിന്നെ ഗോത്രനേതൃത്വം സ്ത്രീകള്‍ക്കായിരുന്നു.
വനത്തിന്‍റെ ഒരരുകിലായി കാട്ടുനെല്ല് കൃഷി ചെയ്തിരിക്കുന്നു. കതിര്‍ക്കുലകള്‍ വന്ന് സമൃദ്ധമായി തണ്ടുകള്‍ ചാഞ്ഞിട്ടുണ്ട്. അതിനടുത്തായി കിഴങ്ങുകളും കൃഷിചെയ്തിരിക്കുന്നു. പ്രഹ്ളാഹന്‍റെ കാഴ്ചകള്‍ സമൃദ്ധമാവുകയാണ്. സ്ത്രീകള്‍ കൃഷിയിടത്തില്‍ തിരക്കിലാണ്. പുരുഷന്മാര്‍ വേട്ടയാടാന്‍ പോകാന്‍ തയ്യാറെടുക്കുന്നു. സ്ത്രീകള്‍ ഇലകൊണ്ടും പുരുഷന്മാര്‍ മൃഗത്തോലുകൊണ്ടും ലിംഗം മറച്ചിട്ടുണ്ട്. ഒരു കടമ്പുമരത്തിനു ചുറ്റിലുമായാണ് അവര്‍ കൃഷി ചെയ്തിരിക്കുന്നത്. ഇലകള്‍ കോര്‍ത്ത് മരത്തിനുചുറ്റും അലങ്കരിക്കുകയാണ് കുട്ടികള്‍. കഴിഞ്ഞ പൂര്‍ണ്ണചന്ദ്രികയ്ക്കാണ് അവരുടെ മൂപ്പന്‍ മരിച്ചത്. ഇന്ന് അടുത്ത പൌര്‍ണ്ണമി, മൂപ്പന്‍ ദൈവമായി തീരുന്ന ദിവസം. മൂപ്പുമുറയുള്ള പുതിയ മൂപ്പനെ കടമ്പുദണ്ഡുനല്കി കടമ്പിന്‍റെ ഇലകള്‍ വിരിച്ച പീഠത്തില്‍ അവരോധിക്കുന്ന ചടങ്ങും ഇന്നുതന്നെ നടക്കും.
ഇന്ന് പലവിധ ആഘോഷങ്ങളാണ്. പെണ്ണുങ്ങള്‍ കുഴിയുള്ള പാറകളില്‍ നെല്ലിട്ട് കമ്പുകൊണ്ടിടിച്ച് തൊലികളയുന്നു. തൊലികളഞ്ഞ നെല്ല് പൊടിക്കുകയാണ് മറ്റൊരുകൂട്ടര്‍. വേട്ടയ്ക്കുപോകുന്നവര്‍ നല്ലൊരു മൃഗത്തെ കിട്ടാനായി കടമ്പിനരുകില്‍ മൂപ്പനെ അടക്കിയിടത്ത് പ്രാര്‍ത്ഥിച്ച് ആയുധങ്ങളുമായി യാത്ര പുറപ്പെട്ടു. ചാട്ടുളിയുമായി കുറേപ്പേര്‍ മീന്‍പിടിക്കാനിറങ്ങി.
സൂര്യന്‍ സ്നേഹകാന്തി ചൊരിഞ്ഞ് കടലിനരികിലേക്ക് ചായുമ്പോഴേക്കും വേട്ടയാടിക്കിട്ടിയ മാനും മുയലും കുരങ്ങുമായി വേട്ടയ്ക്കുപോയവര്‍ എത്തി. സ്ത്രീകള്‍ അരിപൊടിച്ച് വെള്ളം ചാലിച്ച് ഇലയില്‍ പരത്തി അവ തീയ്ക്കുമുകളില്‍ അടുക്കി. അത് വെന്തുകഴിഞ്ഞപ്പോള്‍ മൂപ്പന് നിവേദ്യമായി വച്ചു. അതിനുശേഷം അവര്‍ വേട്ടയാടിക്കിട്ടിയ ഇരകളെ തൊലിയുരിച്ച് വൃത്തിയാക്കി തീയ്ക്കുമുകളിലേക്കിട്ടു. ഉപ്പുപാറയുടെ പൊടി അവയില്‍ വിതറി. കറുവപ്പട്ടയും ഗ്രാമ്പുവും തീയിലേക്കിട്ടു. അവ നീറുന്ന മണം അന്തരീക്ഷത്തില്‍ പരന്നു. വലിയ മീനുകളുമായി മീന്‍പിടുത്തക്കാര്‍ വന്നു. പിന്നെ ജോലി അത് വൃത്തിയാക്കുന്നതായി. തിരക്കൊഴിഞ്ഞപ്പോഴേക്കും ചന്ദ്രനുദിച്ചു. സ്ത്രീകള്‍ ഭക്ഷണം തയ്യാറാക്കി, എല്ലാവരും ചേര്‍ന്ന് കഴിച്ചു. അതു കഴിഞ്ഞപ്പോഴാണ് നാളതുവരെ ഉണ്ടായിട്ടില്ലാത്ത പ്രശ്നം ഉടലെടുത്തത്. കൂട്ടത്തില്‍ സുന്ദരിയായ പെണ്‍കുട്ടിയ്ക്കായി രണ്ടു പുരുഷന്മാര്‍ തമ്മില്‍ അടിയായി. മൂപ്പന്‍ ഏറെ പണിപ്പെട്ടിട്ടാണ് അവളെ മോചിപ്പിക്കാന്‍ കഴിഞ്ഞത്. അത് സ്ത്രീകള്‍ക്കിടയില്‍ ഭയമുളവാക്കി. മൂപ്പനിലും ആ സംഭവം കടുത്ത അസ്വസ്ഥതയുണ്ടാക്കി.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന മൂപ്പന്‍ ഏതോ യാമത്തില്‍ നിദ്രപൂകി. ആ ഉറക്കത്തില്‍ പൂര്‍വ്വപിതാക്കള്‍ മൂപ്പന് പരിഹാരനിര്‍ദ്ദേശങ്ങള്‍ ഉപദേശിച്ചു. മൂപ്പന്‍ അതുകേട്ട് ഞെട്ടിയുണര്‍ന്നു. അപ്പോഴേക്കും ചന്ദ്രന്‍ അപ്രത്യക്ഷനായിരുന്നു. ചില നക്ഷത്രങ്ങള്‍ മിന്നുന്നുണ്ട്. പ്രകൃതി നിശബ്ദം.തന്നില്‍ പുതിയൊരു ജീവിതചര്യയുടെ വിത്ത് പാകപ്പെട്ടിരിക്കുന്നു എന്ന് മൂപ്പന്‍ മനസ്സിലാക്കി. ഇത് ദൈവനിശ്ചയമാകാം. മൂപ്പന്‍ ആകാശത്തേക്ക് നോക്കിചിരിച്ചു.

പ്രഹ്ളാദാ, സഹസ്രാബ്ദങ്ങള്‍ക്കുപിന്നില്‍ ഉറക്കമില്ലാതെ ചിന്തിച്ചുകിടന്ന, ആദിമദ്ധ്യാന്തമില്ലാത്ത കണ്ടെത്തലുകളുടെ നീരുറവ നീ അറിയണം.അന്വേഷണങ്ങള്‍ക്കുള്ള ത്വര ആധുനികമനുഷ്യന്‍റേതല്ല ,അതിനും പിന്നിലെവിടെയോ ആണെന്ന് കണ്ടെത്തണം”,ഗുരു പറഞ്ഞു. പ്രഹ്ളാദന്‍ അറിവിന്‍റെ കനത്താല്‍ കണ്ണടച്ചു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ