2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Kerala History Novel -Introduction

 

നോവല്‍
കഥ പറയും കടല്‍
n  വി.ആര്‍.അജിത് കുമാര്‍

ആമുഖം
ഒരു ദേശത്തിന്‍റെ ചരിത്രം അറിയുന്ന ജനതയ്ക്കേ അവനവനെ കുറിച്ച് അഭിമാനിക്കാന്‍ കഴിയൂ. മലയാളികളുടെ ചരിത്രം ലോക ജനതയുടെ നിരന്തരമായ യാത്രകളിലും കണ്ടെത്തലുകളിലും ലയിച്ചു കിടക്കുന്നു. വൈവിദ്ധ്യങ്ങളുടെ ഒരു സങ്കരമാണ് നാമിന്നു കാണുന്ന മലയാളി. പരശുരാമന്‍ മഴുവെറിഞ്ഞ് നേടിയതാണ് കേരളം എന്നു വിശ്വസിക്കുന്ന, വിശ്വസിപ്പിക്കുന്ന മലയാളികള്‍ ഏറെയാണ് സമൂഹത്തില്‍. ലോകചരിത്രവും ഇന്ത്യാ ചരിത്രവും അറിയുന്നത്ര പോലും കേരള ചരിത്രം അറിയാത്തവരും നമ്മുടെ ഇടയിലുണ്ട്. അവരെ ചരിത്ര വായനയ്ക്ക് പ്രേരിപ്പിക്കുക എന്നതാണ് ഈ കൃതി ലക്ഷ്യമിടുന്നത്. കേരളത്തിന്‍റെ ചരിത്രമെഴുതിയ എല്ലാ മഹത് വ്യക്തികള്‍ക്കുമായി ഞാന്‍ ഈ നോവല്‍ സമര്‍പ്പിക്കുന്നു
                                                           ആരംഭം
പ്രപഞ്ചത്തിന്‍റെ സത്യമറിയുക എളുപ്പമല്ലെന്നറിയാമെങ്കിലും പ്രഹ്ളാദന്‍ അന്വേഷണങ്ങളില്‍ തന്നെ മുഴുകി.
യാത്രകള്‍,വായന,നിരീക്ഷണം,ചര്‍ച്ചകള്‍ അങ്ങിനെയങ്ങിനെ.
സന്ന്യാസികള്‍, ശാസ്ത്രജ്ഞന്മാര്‍,തത്വചിന്തകര്‍,കര്‍ഷകര്‍ തുടങ്ങി അവന്‍ സംവേദനം നടത്താത്ത കൂട്ടര്‍ ഇല്ലെന്നുതന്നെ പറയാം.
വ്യാസഗുഹയിലും ബോധിവൃക്ഷച്ചുവട്ടിലും വാത്മീകത്തിലും അന്വേഷണം നീണ്ടു.
കൈലാസയാത്രയിലെ ഒരു ദിനം നീണ്ട ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് പ്രപഞ്ചത്തെ നോക്കിക്കണ്ടപ്പോഴാണ് ഉള്ളിലെവിടെയോ ഉത്തരമുണ്ടായത്.
നീ നിന്നെ അറിയാന്‍ ശ്രമിക്കൂ
ഈ അരുളപ്പാട് പ്രഹ്ളാദനെ വിഹ്വലചിത്തനാക്കി.
അവന്‍റെ അലച്ചിലുകള്‍ ത്വരിതമായി
നാട്ടിലെത്തി അവന്‍ ഗ്രാമങ്ങളിലൂടെ യാത്രചെയ്തു.
മലകയറി,ഗുഹകള്‍ താണ്ടി, ക്ഷീണിതനായി തളര്‍ന്നു കിടന്ന അവനു മുന്നില്‍ , അരണ്ട വെളിച്ചത്തില്‍ അവനോടേ ഒരാള്‍ കഥ പറയാന്‍ തുടങ്ങി.
നാടിന്‍റെ കഥ
ആദി മാതാക്കളുടെ കഥ
ആദി പിതാക്കളുടെ കഥ
ഗുരുക്കന്മാരുടെ
ഗോത്ര നേതാക്കളുടെ
വര്‍ഗ്ഗരൂപീകരണത്തിന്‍റെ
മതങ്ങളുടെ
ജാതികളുടെ
ചതികളുടെ
വീരമൃത്യുവിന്‍റെ.
കഥ തുടങ്ങിയത് ഇങ്ങനെയാണ്.പാതിമയക്കത്തില്‍ പ്രഹ്ളാദന്‍ കഥ കേട്ടു തുടങ്ങി

Chapter-1-ജനിതക രഹസ്യം

                                                      ഒന്ന്

                                   ജനിതക രഹസ്യം

നാല്പ്പത്തിയാറ് ശതകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് , ഉരുകിയും ഉറഞ്ഞും വീണ്ടും ഉരുകിയും കരയും കടലുമായി രൂപാന്തരപ്പെട്ടുവന്ന ഭൂമി. അതില്‍ അതിരുകളുടെ ഭേദവ്യത്യാസമില്ലാതെ കിടന്ന രണ്ട് ഭീഖണ്ഡങ്ങള്‍ ഒന്നാകാന്‍ കാട്ടിയ വ്യഗ്രതയുടെ ഊര്‍ജ്ജ തീവ്രതയില്‍ ലൌറേഷ്യയും ഗോണ്ട്വാനാലാന്‍റും കെട്ടിപ്പുണരാന്‍ ശ്രമം തുടങ്ങിയത് മുന്നൂറ്റിയന്പത് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ്. അവര്‍ ഒന്നാകാന്‍ നീണ്ട നൂറ്റിയന്‍പത് ദശലക്ഷം വര്‍ഷങ്ങള്‍ എടുത്തു. ഇരുനൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൌറേഷ്യയും ഗോണ്ട്വാനാലാന്‍റും ഒത്തുചേര്‍ന്ന് പാന്‍ജിയായുണ്ടായി. ആ കൂടിച്ചേരലിന്‍റെ ശക്തിയില്‍ അനേകം പര്‍വ്വതങ്ങളും മലകളും നദികളും സൃഷ്ടിക്കപ്പെട്ടു. ആരവല്ലി പര്‍വ്വതങ്ങള്‍ പോലെ അനേകം. പാന്‍തലാസ്സ എന്ന സമുദ്രത്തോട് തൊട്ടുരുമിയും സല്ലപിച്ചും എത്രയോ ദശലക്ഷം വര്‍ഷങ്ങള്‍ പാന്‍ജിയ ഒന്നായി നിന്നു. സൃഷ്ടിയുടെ മഗല്‍ പ്രതിഭാസമായ ഒന്നില്‍ നിന്നും അനേകം എന്ന അത്ഭുതം സംഭവിച്ചത് അന്‍പത് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. പാന്‍ജിയ ഒരമീബയെപോലെ പല കഷണങ്ങളായി ചിതറി ഒഴുകി. അതോടെ നാമിന്നുകാണുന്ന ഭൂഖണ്ഡങ്ങളുണ്ടായി. പരസ്പ്പരം അകന്നും ചിലപ്പോള്‍ തമ്മിലുരുമ്മി ഒന്നായും വീണ്ടും വേര്‍പെട്ടും അവ യാത്ര ചെയ്യവെ സമുദ്രവും വിവിധ ശകലങ്ങളായി വേര്‍പെട്ടു.ഈ അത്ഭുതങ്ങള്‍ക്കിടയിലാണ് ഇന്ത്യാ ഭൂഖണ്ഡം ഒരു ചേരിയിലുംപെടാതെ സമുദ്രത്തില്‍ ഉഴറി നടന്നതും ഒടുവില്‍ ഉത്തരേഷ്യയില്‍ വന്ന് ഇടിച്ചുനിന്നതും. ആ ഇടിയുടെ ആഘാതം ഉയര്‍ത്തിയെടുത്ത പര്‍വ്വതനിരകളാണ് ഹിമാലയം.അതിനും മുന്‍പാണ് ഒറ്റപ്പെട്ട് ഒഴുകി നടന്ന ചില ഭൂശകലങ്ങള്‍ ഇന്ത്യാ ഭൂഖണ്ഡത്തില്‍ ഇടിച്ചു ചേരുകയും സഹ്യാദ്രി രൂപപ്പെടുകയും ചെയ്തത്. അങ്ങിനെ ഉയര്‍ന്നുവന്ന മലകള്‍ക്ക് താഴെയായി കടലിനോട് മുഖാമുഖമായി ഒരു മനോഹരദേശമുണ്ടായി. ഇടിയുടെ ആഘാത്തില്‍ തെറിച്ചുപോയ കുഞ്ഞുകണങ്ങള്‍ കടലില്‍ അനേകം ദ്വീപുകളായി ഉറച്ചു. ഒരു വലിയ ഭൂഭാഗം കടലിലുറച്ച് ലങ്കയായി.
കാലം കനിഞ്ഞേകിയ വൃക്ഷലതാദികളും പക്ഷിമൃഗാദികളും ചേര്‍ന്ന് സഹ്യാദ്രിയുടെ താഴ്വാരത്തെ വാഗ്ദത്തഭൂമിയാക്കി. കണ്ടല്‍ക്കാടുകള്‍ സമൃദ്ധമായ ഈ ഭൂമി സഹസ്രാബ്ദങ്ങളിലൂടെ  പലവിധ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു.  
ഗുരുവിന്‍റെ വാക്കുകളുടെ മന്ത്രധാരയില്‍ പ്രഹ്ളാദന്‍ ഒരത്ഭുതലോകം മുന്നില്‍ കണ്ടു. പരശുരാമന്‍ മഴുവെറിഞ്ഞുനേടിയതല്ല ഈ ദേശമെന്ന അറിവ് അവന് നേരത്തേ തന്നെയുണ്ടായിരുന്നു. എങ്കിലും ഗുരുമുഖത്തുനിന്നും ലഭിക്കുന്ന ഈ അറിവുകള്‍ അവന് തീര്‍ത്തും പുതുതായിരുന്നു. തന്‍റെ ആദിപിതാക്കളേയും ആദിമാതാവിനെയും അന്വേഷിച്ചുള്ള യാത്രയിലായിരുന്നു അവന്‍. ഹിമാലയ സാനുക്കളിലും മരുപ്രദേശങ്ങളിലുമൊക്കെ അവന്‍ ഗുരുവിനെ തിരഞ്ഞു. തന്‍റെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ത്തീകരണമുണ്ടാക്കാന്‍ കഴിവുള്ള ഒരു ഗുരുവിനെയായിരുന്നു അവന് ആവശ്യം. എത്രകാലമായി ഈ യാത്ര തുടങ്ങിയിട്ടെന്ന് അവനുതന്നെ അറിയില്ല. ഒടുവില്‍ എടക്കല്‍ ഗുഹയുടെ തണുപ്പില്‍ ഒന്നുമയങ്ങിയപ്പോഴാണ് ഒരു മൃദുസ്പര്‍ശമായി ഗുരു വന്നത്. ഗുഹയില്‍ കയറുമ്പോള്‍ അദ്ദേഹത്തെ അവന്‍ കണ്ടിരുന്നില്ല. സ്വയംഭൂ പോലെ അവതരിച്ച ഈ മഹാനുഭാവന്‍ തന്‍റെ ജനിതകരഹസ്യം വെളിവാക്കുന്നതു കേള്‍ക്കാന്‍ അവന്‍ കാത് കൂര്‍പ്പിച്ചു.
എറിത്രേറിയന്‍ കടലിന്‍റെ തിരമാലകള്‍ കണ്ടല്‍കാടുകളെ തഴുകി സംഗീതം പൊഴിച്ചുകൊണ്ടിരുന്നു. വന്‍മരങ്ങളില്‍ ചൂളംകുത്തി സഹ്യാദ്രിയില്‍ നിന്നുള്ള കാറ്റ് മലമടക്കുകളുടെ സന്ദേശം കടലിനു കൈമാറി. മാനും മയിലും കടുവയും ആനയുമൊക്കെ ശബ്ദമുഖരിതമാക്കിയ കാടുകളില്‍ അവര്‍ക്കൊപ്പം കുറേ മനുഷ്യരും ജീവിച്ചു. പേരും നാളുമില്ലാത്ത മനുഷ്യര്‍. നാണവും നാണക്കേടുമറിയാതെ,കൊന്നും ചത്തും അവര്‍ കഴിഞ്ഞു. സഹ്യാദ്രിയും സമുദ്രവും കാവല്‍നില്ക്കുന്ന ഈ മലഞ്ചരിവാണ് പ്രഹ്ളാദാ ചേരളം.
ഇനി നീ ദൃശ്യങ്ങളുടെ കാഴ്ചയിലാണ് പ്രഹ്ളാദാ. നീ പുറത്തേക്കുനോക്കൂ..... അതാ അവിടെ കാട്ടിനുള്ളില്‍ ഇലയനക്കമുണ്ട്. ഒരു മാന്‍പേട ഓടിപ്പോകുന്നു, പിന്നാലെ പാറക്കഷണങ്ങളുമായി രണ്ട് മനുഷ്യരും.  അവരുടെ മുഖത്ത് ആവേശത്തിന്‍റെ തിരത്തള്ളല്‍‍. നല്ല  ഉറച്ചപേശികളുള്ള ആ യുവാക്കള്‍ക്ക് വട്ടമുഖവും തരംഗങ്ങള്‍ പോലെയുള്ള മുടിയും വികസിച്ച പുരികങ്ങളും തടിച്ചു പരന്ന മൂക്കും ഉയരം കുറഞ്ഞ ശരീരവുമാണുള്ളത്. നഗ്നമായ കറുത്തശരീരം രോമസമൃദ്ധമാണ്. അവര്‍ അവ്യക്തമായ ഭാഷയില്‍ ആശയവിനിമയം നടത്തുകയും രണ്ടുവശത്തേക്ക് മാറി ഓടുകയും മാനിനെ മുഖാമുഖം കണ്ട് കൂര്‍ത്ത വെള്ളാരംകല്ലുകൊണ്ടുള്ള ആയുധമെറിഞ്ഞ് അതിനെ വീഴ്ത്തുകയും ചെയ്തു. അവര്‍ കൈകള്‍ ചേര്‍ത്തടിച്ചും കാലുകള്‍ പരസ്പ്പരം തട്ടിയും കെട്ടിപ്പിടിച്ചും ആഹ്ലാദം പങ്കുവച്ചു. എന്നിട്ട് വിചിത്രശബ്ദങ്ങള്‍ പുറപ്പെടുവിച്ച് നൃത്തം വച്ചു. ആ കാല്‍വയ്പ്പുകള്‍ക്ക് ഒരു സംഗീതമുണ്ട്, ഒരു വന്യതാളവും. പ്രഹ്ളാദാ, വെള്ളാരംകല്ലിന്‍റെ ആയുധമെറിഞ്ഞ ആ മനുഷ്യനെ നീ കണ്ടോ, അതാണ് നിന്‍റെ ആദിപിതാവ്. നിന്നെപ്പോലെ ദുഖിതനല്ല അയാള്‍. അറിവിന്‍റെ ഘനംതൂങ്ങിയ മസ്തിഷ്ക്കമില്ലാത്ത ഒരു ജീവി. വിശപ്പുമാറ്റാന്‍ വേണ്ടി കൊലചെയ്യുന്ന, ഇരപിടുത്തത്തില്‍ ആഹ്ലാദിക്കുന്ന മനസ്സ്. ആശയങ്ങള്‍ക്ക് വേണ്ടിയോ അതിര്‍ത്തി സംരക്ഷിക്കാന്‍ വേണ്ടിയോ അല്ല അവന്‍ കൊലചെയ്യുന്നത്. മസ്തിഷ്ക്കത്തേക്കാളേറെ ആമാശയമാണ് അവനെ ഭരിക്കുന്നത്. നീ ഈ കാഴ്ചയില്‍ മയങ്ങേണ്ട പ്രഹ്ളാദാ, നിന്‍റെ രക്തത്തെ തിരിച്ചറിഞ്ഞ ആദികാഴ്ചയില്‍.
പൂമ്പാറ്റകളും പക്ഷികളും ചെടികളും അവരുടെ ആഹ്ലാദം പങ്കുവയ്ക്കുന്നുണ്ട്. ഒടുവില്‍ അവര്‍ ആ മാനിനെ ചുമലിലേറ്റി, ആഹ്ലാദശബ്ദം പുറപ്പെടുവിച്ച് യാത്രയായി. അവരുടെ യാത്ര ഒരു പുല്‍മേട്ടിലാണ് അവസാനിച്ചത്. അതിനടുത്തുകൂടി പുഴയൊഴുകുന്നു. വൃക്ഷത്തലപ്പുകളും കമ്പുകളും ചേര്‍ത്തുണ്ടാക്കിയ ഒരുയര്‍ന്ന പ്രദേശത്ത് പ്രായം ചെന്ന ഒരു മനുഷ്യന്‍ ഇരിക്കുന്നു. പുഴയില്‍ നിന്നു പിടിച്ച മീന്‍ സ്ത്രീകള്‍ ചുട്ടെടുക്കുന്നു. അവരും നഗ്നരാണ്, ആഹ്ലാദചിത്തരും.
ചെറുപ്പക്കാരുടെ ശബ്ദം ദൂരെ നിന്നു കേള്‍ക്കാം.കുട്ടികള്‍ ഒപ്പം ആര്‍ത്തുവിളിക്കാന്‍ തുടങ്ങി. വെള്ളാരം കല്ലുകള്‍ ഉരച്ചു മൂര്‍ച്ചവരുത്തുകയായിരുന്ന മറ്റു പുരുഷന്മാരും തലയുയര്‍ത്തി നോക്കി. അവരുടെ മുഖത്തും സന്തോഷം തിരയടിച്ചു. രണ്ട് നായ്ക്കള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി.
മാനിനെ ചെറുപ്പക്കാര്‍ കൊണ്ടുവന്ന് മൂപ്പനുമുന്നില്‍ വച്ചു. അയാള്‍ താടിയുഴിഞ്ഞ് എഴുന്നേറ്റ് കൈ ഉയര്‍ത്തി.അതോടെ എല്ലാവരും ചേര്‍ന്ന് ആഹ്ലാദനൃത്തം വച്ചു. തുടര്‍ന്ന് തടികള്‍ കൂട്ടിയിട്ട് തീ കനപ്പിച്ചു. പുരുഷന്മാര്‍ മാനിന്‍റെ തോലുരിഞ്ഞ് അഴുക്കുകളഞ്ഞ് പുഴയില്‍ കഴുകി തീയില്‍ വച്ചു. സ്ത്രീകള്‍ കൊണ്ടുവന്ന പഴങ്ങളും തേനും കുടിച്ച് ക്ഷീണം മാറ്റി. ഈ സമയം മറ്റൊരു ചെറുപ്പക്കാരന്‍ ഒരു കുരങ്ങിനെ വേട്ടയാടി കൊണ്ടുവന്നു. അതിനെയും കഴുകി വൃത്തിയാക്കി തീയില്‍ വച്ചു.
ഇറച്ചി വെന്ത് പാകമായതിന്‍റെ മണമടിച്ചപ്പോള്‍ മൂപ്പന്‍ താഴേക്കിറങ്ങിവന്ന് തീക്കുണ്ഡത്തിനരികെയിരുന്നു. തുടര്‍ന്ന് മറ്റുള്ളവരും. മൂപ്പന്‍ ഒരു കഷണം ഇറച്ചി അടര്‍ത്തിയെടുത്തതോടെ എല്ലാവരും ഭക്ഷണം തുടങ്ങി. ചുട്ടമീനും കിഴങ്ങും മാനിറച്ചിക്കൊപ്പം അവര്‍ കഴിച്ചു. കുരങ്ങിന്‍റെ ഇറച്ചി എല്ലാവരും കുറേശ്ശെ എടുത്ത് ഒരു നിവേദ്യം പോലെ രുചിച്ചുനോക്കി. കാവലിരുന്ന നായ്ക്കള്‍ക്കും ഒരു പങ്ക് നല്കി. ഭക്ഷണം കഴിഞ്ഞ് അവര്‍ പുഴയിലിറങ്ങി നീന്തി. നീന്തലിനിടയില്‍ സ്ത്രീപുരുഷന്മാര്‍ അവരുടെ വികാരങ്ങള്‍ കൈമാറി. പുഴക്കരയിലെ വെള്ളമണലില്‍ ഇണചേര്‍ന്നു. ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും സാക്ഷിയായി.
പ്രഹ്ളാദാ,നീ വിചാരിക്കും ഇവരുടെ ജീവിതം എത്ര സുഖകരമായിരുന്നെന്ന്. എന്നാല്‍ അത്ര സുഖകരമായിരുന്നില്ല എന്നും നീ മനസ്സിലാക്കണം. കാഴ്ചയുടെ ദുരന്തങ്ങളില്‍ നീ ആത്മസംയമനം പുലര്‍ത്തണം. നോക്കൂ, സുഖസുഷുപ്തിയുടെ ഏതോ യാമത്തിലാണ് ഒരു നിലവിളി കേട്ട് എല്ലാവരും ഞെട്ടിയുണര്‍ന്നത്. ആനയുടെ ചിന്നം വിളികേട്ട് അവര്‍ പല വഴിക്ക് ചിതറിയോടി. പ്രഭാതത്തില്‍ തിരിച്ചെത്തിയ അവര്‍ കണ്ടത് ആനയുടെ ചവിട്ടേറ്റു മരിച്ചുകിടക്കുന്ന ഗോത്രക്കാരനെയാണ്. അവര്‍ ഉറക്കെ കരഞ്ഞു. കരച്ചില്‍ കേട്ട് കാട്ടിനുള്ളില്‍ വാവലുകളും മൂങ്ങയും ചിറകടിച്ച് ബഹളമുണ്ടാക്കി. പുല്‍മേട്ടിലെ ചുവപ്പുപരവതാനിയില്‍ അനക്കമറ്റുകിടക്കുന്ന ഗോത്രക്കാരനെ നോക്കി കരയുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
പ്രഹ്ളാദാ, നിന്‍റെ ആദിപിതാക്കന്മാരില്‍ ഓര്‍മ്മയില്‍ തെളിയുന്ന ഒന്നാമന്‍റെ ജീവിതം ഇവിടെ പൊലിഞ്ഞു. അവന്‍ ജന്മം നല്കിയ കുട്ടി ആ കൂട്ടത്തിലുണ്ട്. കുട്ടിയുടെ അമ്മയുടെ രോദനം നീ കേള്‍ക്കുന്നില്ലെ. എത്രയോ സംവത്സരങ്ങള്‍ക്ക് മുന്‍പുമുതല്‍ വേര്‍പാടുതറകളില്‍ മനുഷ്യന്‍ ഒടുക്കിയ കണ്ണീരിന് ഇന്നും അറുതി വന്നിട്ടില്ല. ഇനി വരുകയുമില്ല പ്രഹ്ളാദാ.
മൂപ്പന്‍റെ ആജ്ഞകള്‍ക്കനുസരിച്ച് മണ്ണുമാന്തി കുഴിയുണ്ടാക്കി അവര്‍ ശവമടക്കാന്‍ നടപടികള്‍ തുടങ്ങി. തലേദിവസം കഴിച്ച ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും കുറച്ചു തേനും ശവത്തിനരുകില്‍ വച്ചു. അതിനുമുകളില്‍ അയാള്‍ ഉപയോഗിച്ചിരുന്ന ആയുധവും വച്ച ശേഷം കല്ലുകള്‍ അടുക്കി മണ്ണിട്ടു. മണ്ണില്‍ കൈതൊട്ട് കുറേ സമയം കണ്ണടച്ചുനിന്ന ശേഷം മൂപ്പനും മറ്റുള്ളവരും കുറച്ചുമണ്ണെടുത്ത് നെറ്റിയില്‍ തേച്ചു. എന്നിട്ട് അതിനടുത്തായി ഒരു കടമ്പുതൈ നട്ടു. കടമ്പ് അവരുടെ ഗോത്രമരമാണ്. എല്ലാവരും കൈക്കുമ്പിളില്‍ വെള്ളം കൊണ്ടുവന്ന് കടമ്പിനുതളിച്ചു. ചടങ്ങിനുശേഷം മൂപ്പന്‍ നടക്കാന്‍ തുടങ്ങി. പിന്നാലെ ആയുധങ്ങളുമായി പുരുഷന്മാരും കിഴങ്ങുകളും തേനുമായി സ്ത്രീകളും കുട്ടികളും മൂപ്പനെ അനുഗമിച്ചു. മറ്റൊരു താവളം തേടിയുള്ള യാത്ര.
യാത്രകള്‍,തുടര്‍ യാത്രകള്‍, അപകടങ്ങളില്‍ നിന്നും രക്ഷനേടുവാനും ഭക്ഷണം തേടിയും ചിലപ്പോള്‍ വെറുതെയും മനുഷ്യര്‍ യാത്ര ചെയ്തുകൊണ്ടേയിരുന്നു. അന്നും ഇന്നും അവന്‍റെ ജനിതക ക്രമം അങ്ങിനെതന്നെ .

പ്രഹ്ളാദന്‍ തന്‍റെ ആദിമാതാവിനെ ആ കൂട്ടത്തില്‍ കണ്ടു. മയക്കത്തില്‍ അവന്‍ അവരെ തൊഴുതു. 

Chapter-2-രതിസുഖസാരെ

                       രണ്ട്

                                                രതിസുഖസാരെ

മലയടിവാരത്തിലേക്ക് തണുത്തകാറ്റ് കോടമഞ്ഞുമായി വന്നു. കാറ്റിന് കുരുമുളകിന്‍റെയും ഏലയ്ക്കയുടെയും ഗന്ധമുണ്ടായിരുന്നു. കാട്ടുകനികള്‍ കഴിച്ച് വിശപ്പുമാറ്റി അവര്‍ ആയുധനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്. പാറയുടെ അരികുകള്‍ പൊട്ടിച്ചുകളഞ്ഞ് കൂര്‍ത്ത കന്മഴു നിര്‍മ്മിക്കുകയാണവര്‍. സ്ത്രീകള്‍ വളയുന്ന കമ്പുകള്‍ ശേഖരിച്ച് മരത്തോലുകെട്ടി വില്ലുകള്‍ ഉണ്ടാക്കുന്നു. നീണ്ട കമ്പുകളുടെ അഗ്രത്ത് കൂര്‍ത്തമുനയുള്ള പാറകള്‍ ഉറപ്പിച്ച് ശക്തിയേറിയ അമ്പുകള്‍ തീര്‍ക്കുകയാണ് മറ്റു ചിലര്‍ . കാട്ടിനുള്ളില്‍ നിന്നുയരുന്ന കുയിലിന്‍റെ നാദം അനുകരിക്കുന്നുമുണ്ട് ചിലര്‍. കുയില്‍ ദേഷ്യത്തോടെ മറുമൊഴി നല്‍കുമ്പോള്‍ അതില്‍ ഹരം കയറി അവരും ശബ്ദമുയര്‍ത്തി. സൂക്ഷ്മതയോടെ ജോലിചെയ്യുന്ന ഗോത്രക്കാരെ നോക്കിയും അവരുടെ തമാശകളില്‍ പങ്കുചേര്‍ന്നും ഇടയ്ക്കിടെ തേന്‍ കുടിച്ചും ഉയര്‍ന്നൊരിടത്ത് മൂപ്പനിരുന്നു. അരികിലായി രണ്ട് നായ്ക്കളും.
സൂര്യപ്രകാശത്തിന് തെളിമയാര്‍ന്നതോടെ മൂപ്പന്‍ കുരവയിട്ടു. മറ്റുള്ളവര്‍ അത് അനുകരിച്ചു. പിന്നെ ആകപ്പാടെ ബഹളമായിരുന്നു. ആയുധങ്ങളേന്തിയ പുരുഷന്മാര്‍ ഇരതേടിയും സ്ത്രീകളില്‍ കുറേപ്പേര്‍ വിറകിനായും കാട്ടിലേക്ക് പുറപ്പെട്ടു. മറ്റു സ്ത്രീകളും കുട്ടികളും മീന്‍ പിടിക്കാന്‍ പുഴയിലേക്കിറങ്ങി. മൂപ്പന്‍ ധ്യാനനിരതനായി. നേരം ഏറെ കഴിഞ്ഞു. നായാട്ടിനുപോയവരുടെ ഒച്ചയനക്കം ദൂരെ കേട്ടുതുടങ്ങി. അവര്‍ക്കേതെങ്കിലും ഇരയെ കിട്ടിയിട്ടുണ്ടാകും. അത് മൂപ്പന്‍റെ മുഖത്ത് വിരിയുന്ന ചിരിയില്‍ തെളിഞ്ഞുകാണാം. സ്ത്രീകള്‍ കാട്ടുകിഴങ്ങും പഴങ്ങളും വിറകുമായെത്തി. പുഴയിലേക്കിറങ്ങിയവര്‍ പിടയ്ക്കുന്ന വലിയ മീനുകളുമായാണ് വന്നത്. അവര്‍ പെട്ടെന്നുതന്നെ തീയുണ്ടാക്കാന്‍ തുടങ്ങി. കല്ലുകള്‍ ഉരസിയും മുളകള്‍ ഉരസിയും വളരെ സ്വാഭാവികമായി അവര്‍ തീയുണ്ടാക്കി.
ദൂരെ നിന്നുള്ള അസ്പഷ്ടമായ ശബ്ദങ്ങള്‍ അടുത്തേക്ക് വന്നുകൊണ്ടിരുന്നു. ആ ആഹ്ലാദത്തിന്‍റെ പ്രതിഫലനം എല്ലാവരുടെയും മുഖത്ത് കാണായി. അന്നത്തെ ഇരയുമായി വേട്ടക്കാര്‍ തിരിച്ചെത്തുകയാണ്. വേട്ടമൃഗത്തെ കണ്ടപ്പോള്‍ സ്ത്രീകളും കുട്ടികളും ആഹ്ളാദാരവമുയര്‍ത്തി. ഒരു കൂറ്റന്‍ കാട്ടുപന്നിയായിരുന്നു ഇര. അതിനെ മൂപ്പനുമുന്നില്‍ കാഴ്ചവച്ച് അവര്‍ ചുവടുകള്‍ വച്ചു. സ്ത്രീകളും കുട്ടികളും ഒപ്പം ചേര്‍ന്നു. ആനന്ദനൃത്തത്തെ തുടര്‍ന്ന് എല്ലാവരും ജോലിയില്‍ മുഴുകി.
മീനിന്‍റെയും കാട്ടുപന്നിയുടെയും ഉള്‍ഭാഗം കവുകി വൃത്തിയാക്കി. കാട്ടുപന്നിയുടെ തോല്‍ നീക്കി മാംസം തീയില്‍ വച്ച് ചുടാന്‍ തുടങ്ങി. കാട്ടുകിഴങ്ങുകളും വേവിക്കാനായി തീയിലിട്ടു.മൂപ്പന്‍റെ നിര്‍ദ്ദേശപ്രകാരം കുട്ടികള്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്തു. അവ്യക്തമായ ഭാഷയില്‍ അവര്‍ ആശയവിനിമയം നടത്തുകയും തിരക്കിട്ട് പാചകം തുടരുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു ചെറുപ്പക്കാരന്‍ മാത്രം നേരത്തേ ചെയ്തുകൊണ്ടിരുന്ന പണി തുടര്‍ന്നു. വളരെ സൂക്ഷ്മതയോടെ ഒരു മുളന്തണ്ടില്‍ അവന്‍ ജോലി ചെയ്യുകയായിരുന്നു. ഒരു പെണ്‍കുട്ടി ഇടയ്ക്കിടെ അത് ശ്രദ്ധിക്കുന്നുണ്ട്. അവളുടെ കറുത്തമുഖത്ത് നാണം രക്തഛവി തീര്‍ത്തു.
ഭക്ഷണം പാകമായ മണം ഉയര്‍ന്നതോടെ മൂപ്പനും ഗോത്രക്കാരും തീക്കുണ്ഡത്തിനു ചുറ്റുമായിരുന്നു. അവര്‍ രുചി ആസ്വദിച്ച് ഭക്ഷണം കഴിക്കുകയും വേട്ടക്കാരെ പുകഴ്ത്തുകയും ചെയ്തു. സ്ത്രീകളുടെ മുഖത്ത് ആരാധനയുടെ തീവ്രത കാണാന്‍ കഴിഞ്ഞു. ഭക്ഷണം കഴിഞ്ഞപ്പോള്‍ യുവാവ് താനുണ്ടാക്കിയ അഞ്ചുമുനയുള്ള മുളംചീര്‍പ്പ് സുന്ദരിയായ പെണ്‍കുട്ടിക്ക് നല്‍കി. അവളത് വാങ്ങി നാണമാര്‍ന്ന മുഖം കൈകൊണ്ടുമറച്ചുനിന്നു. മറ്റുള്ളവര്‍ കുരവയിട്ടു. അവള്‍ തീക്കനലിന്‍റെ വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക് ഓടി,അവന്‍ പിന്നാലെയും.
രാത്രി ഏറെ വൈകി ഒരു സ്ത്രീയുടെ ഞരക്കം കേട്ട് മറ്റുള്ളവര്‍ ഉണര്‍ന്നു. അവള്‍ പ്രസവവേദനയില്‍ ഞരങ്ങുകയായിരുന്നു. മൂപ്പന്‍ കുറച്ച് ഉണങ്ങിയ ഇലകള്‍ പൊടിച്ച് തേനില്‍ ചാലിച്ച് അവള്‍ക്ക് നല്കി. മറ്റു പെണ്ണുങ്ങള്‍ അവളുടെ അരികിലിരുന്ന് കൈകാലുകള്‍ തടവിയും വയറുഴിഞ്ഞും ആശ്വസിപ്പിച്ചു. മൂപ്പന്‍ നല്കിയ ഗഞ്ചായുടെ ലഹരിയില്‍ അവള്‍ വേദന മറന്നു. പുരുഷന്മാര്‍ മൃഗത്തോലുകെട്ടിയ പൊള്ളത്തടികളില്‍ താളമിട്ടു. തങ്ങളുടെ കുലത്തിലേക്ക് പുതിയൊരംഗം കടന്നുവരുന്നതിന്‍റെ ആനന്ദം.
കുറച്ചകലെ അഞ്ചുമുനയുള്ള ചീര്‍പ്പും തലയില്‍ കുത്തി രതിസുഖസാരെ കിടക്കുന്ന സുന്ദരിയുടെ ഉള്ളില്‍ മറ്റൊരു വിത്ത് അപ്പോള്‍ മുളപൊട്ടിയിരുന്നു. താളമടിക്കുന്ന പുരുഷന്മാരില്‍ ആവേശം ജനിപ്പിച്ചുകൊണ്ട് ഒരു കുഞ്ഞിന്‍റെ നേര്‍ത്ത രോദനം ഉയര്‍ന്നു. സ്ത്രീകള്‍ ആഹ്ളാദാരവമുയര്‍ത്തി. മൂപ്പന്‍ വന്ന് കുട്ടിയെ നോക്കി. പെണ്‍കുട്ടിയാണെന്നറിഞ്ഞതോടെ മൂപ്പന്‍റെ സന്തോഷം ഇരട്ടിച്ചു.
നേരം പുലര്‍ന്നു. തലേദിവസം ഉരിഞ്ഞെടുത്ത കാട്ടുപന്നിയുടെ തോലില്‍ ഏതോ മരത്തിന്‍റെ പശ തേച്ച് അതുണക്കാന്‍ വച്ചു. നേരത്തേ കൊന്ന കാട്ടുപോത്തിന്‍റെ കൊമ്പ്,അസ്ഥി എന്നിവയും പശതേച്ച് വിവിധ ആകൃതിയിലുള്ള കല്ലുകള്‍ അതില്‍ ഒട്ടിച്ച് ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ജോലിയിലാണ് പുരുഷന്മാര്‍. മീന്‍പിടിക്കാനുള്ള ചാട്ടുളി, അമ്പ്,കത്തി,അരിവാള്‍ തുടങ്ങിയ ആയുധങ്ങളും അവര്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നു. ശിലാപാളികളെ അരിവാളാക്കി മാറ്റുന്ന കലാകാരന്‍റെ സൂക്ഷ്മത കണ്ടാല്‍ ഈ ലോകത്ത് മറ്റൊന്നും അയാള്‍ക്ക് ബാധകമല്ല എന്നുതോന്നും. മൃഗത്തോലുകളുടെ രോമം നീക്കം ചെയ്യുന്ന ജോലിയിലാണ് മറ്റു ചിലര്‍. മൃഗത്തോലുകൊണ്ടുണ്ടാക്കിയ സഞ്ചിയുമായി ചില സ്ത്രീകള്‍ കാട്ടിലേക്ക് പോകുന്നുണ്ടായിരുന്നു. അവര്‍ ധാന്യം ശേഖരിക്കാനായി യാത്ര പുറപ്പെട്ടവരാണ്. ഒരാള്‍ ഈറ്റ ചെറുതായി ചീകിയെടുത്ത് കുട്ടമെടയുന്ന പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മുളപ്പൊളികൊണ്ടുണ്ടാക്കിയ വിവിധ രൂപങ്ങള്‍ ധാരാളമായി കൂട്ടിയിട്ടുണ്ട് ഒരിടത്ത്. തമ്പടിക്കുന്നിടത്തെല്ലാം ഗണമരം നടുകയും വിവിധ രൂപങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്യുക ഇവരുടെ സ്വഭാവമാണ്. പുല്‍‌ത്തകിടിയില്‍ തുകല്‍വിരിച്ച് കിടത്തിയിരിക്കുന്ന കുഞ്ഞുവാവയ്ക്ക് ചുറ്റിനുമായി മുളരൂപങ്ങള്‍ നിരത്തി കുട്ടികള്‍ അലങ്കരിച്ചു. മൂപ്പന്‍ അതുകണ്ട് സംതൃപ്തിയോടെ ചിരിച്ചു. അനേകായിരം വര്‍ഷങ്ങള്‍ക്ക് പിന്നില്‍ നിറഞ്ഞ ചിരി.
നോക്കൂ പ്രഹ്ളാദാ, നിന്‍റെ ചിരിയും അങ്ങിനെതന്നെയല്ലെ, മയക്കത്തില്‍ അവന്‍ പറഞ്ഞു, അതെ,ഇതെന്‍റെ ചിരി തന്നെ.

അതുകേട്ട് കഥപറയുന്നയാളും ചിരിച്ചു. 

Chapter-3-ആദിമകാല കണ്ടെത്തലുകള്‍

                                                                 മൂന്ന്    

                                      ആദിമകാല   കണ്ടെത്തലുകള്‍

സഹ്യാദ്രിയും എറിത്രേയിയന്‍ കടലും കാഴ്ച കണ്ടുനില്‍ക്കെ കാറ്റും മഴയും വെയില്‍ച്ചൂടുമായി കാലം കടന്നുപൊയ്ക്കൊണ്ടിരുന്നു. ഒരുപാടു മനുഷ്യര്‍ ഈ സുന്ദരഭൂവില്‍ ജനിച്ചുവളര്‍ന്ന് വേട്ടയാടിയും രമിച്ചും കടന്നുപോയി. മൂപ്പനും അമ്മയും പേടിപ്പെടുത്തുന്ന ചില പ്രകൃതിചിഹ്നങ്ങളും ഓര്‍മ്മയില്‍ നിറഞ്ഞു. അവരായിരുന്നു ദൈവങ്ങള്‍. ബാക്കിയെല്ലാം നിത്യജീവിതത്തിലെ കാഴ്ചകള്‍ മാത്രം. അച്ഛന്‍ ഒരു സങ്കല്പ്പമായിപോലും വളര്‍ന്നുവന്നിരുന്നില്ല. സ്ത്രീയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം ഇണചേരുകയും അതില്‍ ഏതെങ്കിലുമൊരു നിമിഷത്തില്‍ ഒരു സൃഷ്ടി നടക്കുകയും ചെയ്തു. മൂപ്പന്‍ കഴിഞ്ഞാല്‍ പിന്നെ ഗോത്രനേതൃത്വം സ്ത്രീകള്‍ക്കായിരുന്നു.
വനത്തിന്‍റെ ഒരരുകിലായി കാട്ടുനെല്ല് കൃഷി ചെയ്തിരിക്കുന്നു. കതിര്‍ക്കുലകള്‍ വന്ന് സമൃദ്ധമായി തണ്ടുകള്‍ ചാഞ്ഞിട്ടുണ്ട്. അതിനടുത്തായി കിഴങ്ങുകളും കൃഷിചെയ്തിരിക്കുന്നു. പ്രഹ്ളാഹന്‍റെ കാഴ്ചകള്‍ സമൃദ്ധമാവുകയാണ്. സ്ത്രീകള്‍ കൃഷിയിടത്തില്‍ തിരക്കിലാണ്. പുരുഷന്മാര്‍ വേട്ടയാടാന്‍ പോകാന്‍ തയ്യാറെടുക്കുന്നു. സ്ത്രീകള്‍ ഇലകൊണ്ടും പുരുഷന്മാര്‍ മൃഗത്തോലുകൊണ്ടും ലിംഗം മറച്ചിട്ടുണ്ട്. ഒരു കടമ്പുമരത്തിനു ചുറ്റിലുമായാണ് അവര്‍ കൃഷി ചെയ്തിരിക്കുന്നത്. ഇലകള്‍ കോര്‍ത്ത് മരത്തിനുചുറ്റും അലങ്കരിക്കുകയാണ് കുട്ടികള്‍. കഴിഞ്ഞ പൂര്‍ണ്ണചന്ദ്രികയ്ക്കാണ് അവരുടെ മൂപ്പന്‍ മരിച്ചത്. ഇന്ന് അടുത്ത പൌര്‍ണ്ണമി, മൂപ്പന്‍ ദൈവമായി തീരുന്ന ദിവസം. മൂപ്പുമുറയുള്ള പുതിയ മൂപ്പനെ കടമ്പുദണ്ഡുനല്കി കടമ്പിന്‍റെ ഇലകള്‍ വിരിച്ച പീഠത്തില്‍ അവരോധിക്കുന്ന ചടങ്ങും ഇന്നുതന്നെ നടക്കും.
ഇന്ന് പലവിധ ആഘോഷങ്ങളാണ്. പെണ്ണുങ്ങള്‍ കുഴിയുള്ള പാറകളില്‍ നെല്ലിട്ട് കമ്പുകൊണ്ടിടിച്ച് തൊലികളയുന്നു. തൊലികളഞ്ഞ നെല്ല് പൊടിക്കുകയാണ് മറ്റൊരുകൂട്ടര്‍. വേട്ടയ്ക്കുപോകുന്നവര്‍ നല്ലൊരു മൃഗത്തെ കിട്ടാനായി കടമ്പിനരുകില്‍ മൂപ്പനെ അടക്കിയിടത്ത് പ്രാര്‍ത്ഥിച്ച് ആയുധങ്ങളുമായി യാത്ര പുറപ്പെട്ടു. ചാട്ടുളിയുമായി കുറേപ്പേര്‍ മീന്‍പിടിക്കാനിറങ്ങി.
സൂര്യന്‍ സ്നേഹകാന്തി ചൊരിഞ്ഞ് കടലിനരികിലേക്ക് ചായുമ്പോഴേക്കും വേട്ടയാടിക്കിട്ടിയ മാനും മുയലും കുരങ്ങുമായി വേട്ടയ്ക്കുപോയവര്‍ എത്തി. സ്ത്രീകള്‍ അരിപൊടിച്ച് വെള്ളം ചാലിച്ച് ഇലയില്‍ പരത്തി അവ തീയ്ക്കുമുകളില്‍ അടുക്കി. അത് വെന്തുകഴിഞ്ഞപ്പോള്‍ മൂപ്പന് നിവേദ്യമായി വച്ചു. അതിനുശേഷം അവര്‍ വേട്ടയാടിക്കിട്ടിയ ഇരകളെ തൊലിയുരിച്ച് വൃത്തിയാക്കി തീയ്ക്കുമുകളിലേക്കിട്ടു. ഉപ്പുപാറയുടെ പൊടി അവയില്‍ വിതറി. കറുവപ്പട്ടയും ഗ്രാമ്പുവും തീയിലേക്കിട്ടു. അവ നീറുന്ന മണം അന്തരീക്ഷത്തില്‍ പരന്നു. വലിയ മീനുകളുമായി മീന്‍പിടുത്തക്കാര്‍ വന്നു. പിന്നെ ജോലി അത് വൃത്തിയാക്കുന്നതായി. തിരക്കൊഴിഞ്ഞപ്പോഴേക്കും ചന്ദ്രനുദിച്ചു. സ്ത്രീകള്‍ ഭക്ഷണം തയ്യാറാക്കി, എല്ലാവരും ചേര്‍ന്ന് കഴിച്ചു. അതു കഴിഞ്ഞപ്പോഴാണ് നാളതുവരെ ഉണ്ടായിട്ടില്ലാത്ത പ്രശ്നം ഉടലെടുത്തത്. കൂട്ടത്തില്‍ സുന്ദരിയായ പെണ്‍കുട്ടിയ്ക്കായി രണ്ടു പുരുഷന്മാര്‍ തമ്മില്‍ അടിയായി. മൂപ്പന്‍ ഏറെ പണിപ്പെട്ടിട്ടാണ് അവളെ മോചിപ്പിക്കാന്‍ കഴിഞ്ഞത്. അത് സ്ത്രീകള്‍ക്കിടയില്‍ ഭയമുളവാക്കി. മൂപ്പനിലും ആ സംഭവം കടുത്ത അസ്വസ്ഥതയുണ്ടാക്കി.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന മൂപ്പന്‍ ഏതോ യാമത്തില്‍ നിദ്രപൂകി. ആ ഉറക്കത്തില്‍ പൂര്‍വ്വപിതാക്കള്‍ മൂപ്പന് പരിഹാരനിര്‍ദ്ദേശങ്ങള്‍ ഉപദേശിച്ചു. മൂപ്പന്‍ അതുകേട്ട് ഞെട്ടിയുണര്‍ന്നു. അപ്പോഴേക്കും ചന്ദ്രന്‍ അപ്രത്യക്ഷനായിരുന്നു. ചില നക്ഷത്രങ്ങള്‍ മിന്നുന്നുണ്ട്. പ്രകൃതി നിശബ്ദം.തന്നില്‍ പുതിയൊരു ജീവിതചര്യയുടെ വിത്ത് പാകപ്പെട്ടിരിക്കുന്നു എന്ന് മൂപ്പന്‍ മനസ്സിലാക്കി. ഇത് ദൈവനിശ്ചയമാകാം. മൂപ്പന്‍ ആകാശത്തേക്ക് നോക്കിചിരിച്ചു.

പ്രഹ്ളാദാ, സഹസ്രാബ്ദങ്ങള്‍ക്കുപിന്നില്‍ ഉറക്കമില്ലാതെ ചിന്തിച്ചുകിടന്ന, ആദിമദ്ധ്യാന്തമില്ലാത്ത കണ്ടെത്തലുകളുടെ നീരുറവ നീ അറിയണം.അന്വേഷണങ്ങള്‍ക്കുള്ള ത്വര ആധുനികമനുഷ്യന്‍റേതല്ല ,അതിനും പിന്നിലെവിടെയോ ആണെന്ന് കണ്ടെത്തണം”,ഗുരു പറഞ്ഞു. പ്രഹ്ളാദന്‍ അറിവിന്‍റെ കനത്താല്‍ കണ്ണടച്ചു.  

Chapter-4-ചങ്ങലകളുടെ തുടക്കം

                                                             നാല്   

                                            ചങ്ങലകളുടെ   തുടക്കം

കൃഷിയിടങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞാല്‍ പുതിയ ഇടം തേടി യാത്ര തുടങ്ങുകയായി. ഗോത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ ശേഷിപ്പാക്കി യാത്രയാകുന്നവര്‍ അനേകകാലത്തെ സഞ്ചാരത്തിനു ശേഷം വീണ്ടും ഇതേയിടത്ത് മടങ്ങിയെത്തുന്നു.കടമ്പുമരത്തിന്‍റെ തൈകള്‍ നട്ടു നനച്ച ശേഷം അവര്‍ ഭൂമിയില്‍ സാഷ്ടാംഗം വീണു തൊഴുത് യാത്ര പുറപ്പെട്ടു.
മൂപ്പന്‍ ചിന്തയിലായിരുന്നു. മുന്നേ നടക്കുകയായിരുന്നെങ്കിലും മനസ്സ് അസ്വസ്ഥമായിരുന്നു. ഉറപ്പിച്ച കാര്യം നടപ്പിലാക്കിയാലേ സമാധാനം വരൂ. പുഴയരികിലൂടെ നടന്ന്, എക്കലടിഞ്ഞ് വളക്കൂറുള്ള ഒരിടത്ത് എത്തിയപ്പോള്‍ മൂപ്പന്‍‍ നിന്നു, മറ്റുള്ളവരും. മൂപ്പന്‍റെ ആംഗ്യങ്ങളും അക്ഷരങ്ങളും അവര്‍ ഗ്രഹിച്ചു. നമ്മുടെ പുതിയിടം ഇതാണ്, എന്നു മാത്രമല്ല ഇന്നുമുതല്‍ ഓരോരുത്തരും അവനവന്‍റെ പെണ്ണിനൊപ്പം കഴിഞ്ഞുകൊള്ളണം. പെണ്ണാണ് ആണിനെ തെരഞ്ഞെടുക്കുക. അതില്‍ തര്‍‍ക്കമില്ല. തര്‍ക്കമുണ്ടെങ്കില്‍ മൂപ്പന്‍ പരിഹരിക്കും. പെണ്ണ് പെറ്റ കുട്ടികളുടെ ചുമതല ഗോത്രത്തിനായിരിക്കും. കമ്പും ഇലകളും കൊണ്ടു മറച്ച് വീടുണ്ടാക്കണം .ജോലി കഴിഞ്ഞ് ഭക്ഷണവും കഴിഞ്ഞാല്‍ അവിടെ ഉറങ്ങണം.
എല്ലാവരും ഒന്നന്ധാളിച്ചു. പുതിയ ചിന്തകള്‍ ദഹിക്കാന്‍ പ്രയാസമാണ്. എന്നാല്‍ മൂപ്പന്‍ ഒരു പരിഷ്ക്കര്‍ത്താവിനെപോലെ അചഞ്ചലനായി നില്‍ക്കുകയാണ്, അനുസരിക്കുകയേ വഴിയുള്ളു. പുരുഷന്മാരെ ഓരോരുത്തരെയായി മൂപ്പന്‍ വിളിച്ചു. പ്രായത്തില്‍ ഇളയവര്‍ തുടങ്ങി മൂപ്പുമുറയ്ക്ക് അവരെ നിര്‍ത്തി. ഏറ്റവുമൊടുവില്‍ രജസ്വലയായവള്‍ക്കായിരുന്നു സ്വയംവരത്തിനുള്ള ആദ്യ അവസരം. തുടര്‍ന്ന് മൂപ്പുമുറയനുസരിച്ച് പ്രായംചെന്ന സ്ത്രീകള്‍ക്കുവരെ അവരവരുടേതായ പുരുഷന്മാരെ ലഭിച്ചു. ഒടുവില്‍ രണ്ടുപെണ്ണുങ്ങള്‍ അധികമായി. അവരെ അവരുടെ അടുത്ത കൂട്ടുകാരികള്‍ക്ക് തുണയാക്കാമെന്ന് മൂപ്പന്‍ വിളംബരം ചെയ്തു. അതോടെ അവരും സന്തോഷവതികളായി. തുടര്‍ന്ന് മൂപ്പന്‍ തോല്‍ചെണ്ടയില്‍ താളമിട്ടു. മൂപ്പന്‍റെ നിര്‍ദ്ദേശമില്ലാഞ്ഞിട്ടു കൂടി അവര്‍ തെരഞ്ഞെടുത്ത ഇണകള്‍ക്കൊപ്പം നൃത്തം ചെയ്തു. കുട്ടികള്‍ കൈകോര്‍ത്ത് ചുറ്റും കൂടി. മൂപ്പന്‍ കടമ്പുമരത്തിന്‍റെ ദണ്ഡുമായി കൂട്ടത്തിലേക്കിറങ്ങിയപ്പോള്‍ മറ്റുള്ളവര്‍ക്ക് ഉത്സാഹമായി. അനുഭവങ്ങളുടെ പുതുപാഠങ്ങളുമായാണ് അടുത്ത പുലരി ആ പ്രദേശത്തെ സ്വാഗതം ചെയ്തത്. പ്രഭാതകര്‍മ്മങ്ങള്‍ക്കും കുളിക്കുമായി പുഴയിലെത്തിയവര്‍ക്ക് മുന്‍പെങ്ങുമില്ലാത്തൊരു നാണം. മറ്റൊരു പുരുഷന്‍, മറ്റൊരു സ്ത്രീ, ഞാന്‍ , എന്‍റെ എന്ന വികാരങ്ങളും വിചാരങ്ങളും അതോടെ സ്ഥായിയായി.
അന്നു വൈകിട്ട് വേട്ടയാടി തിരികെ എത്തിയ സംഘത്തോട് മൂപ്പന്‍ ചോദിച്ചു, ആരുടെ അമ്പുകൊണ്ടാണ് ഈ സുന്ദരനായ മാന്‍ മരിച്ചത്.
അവര്‍ ആ വേട്ടക്കാരനെ മുന്നിലേക്ക് നിര്‍ത്തി. മൂപ്പന്‍ പ്രാഗ് ഭാഷയില്‍ അവനെ അഭിനന്ദിച്ചു. ആ മാനിന്‍റെ കൊമ്പ് അവന് സമ്മാനമായി നല്കി. നിനക്കിത് നിന്‍റെ പെണ്ണിന് സമ്മാനമായി നല്കാം. അവളത് വീടിന്‍റെ അലങ്കാരമായി സൂക്ഷിക്കട്ടെ.
മൂപ്പന്‍റെ കൈയ്യില്‍ നിന്നും അവന്‍ കൊമ്പ് ഏറ്റുവാങ്ങിയപ്പോള്‍ മറ്റുള്ളവര്‍ കൈയ്യടിച്ചു, പിന്നെ താളനൃത്തം വച്ചു. നാളെ ഇങ്ങനെയൊരവസരം എനിക്കുമുണ്ടാകണേ എന്നവര്‍  പ്രാര്‍ത്ഥിച്ചു. അവന്‍റെ പെണ്ണിനും അതൊരത്ഭുതമായിരുന്നു. ഇതുവരെയും കൂട്ടായ്മയല്ലാതെ സ്വന്തം എന്നൊന്നുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ ആദ്യമായി ഒരു സമ്മാനം. അവള്‍ ചിരിച്ചു;സന്തോഷിച്ചു.അവനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.ആ രാത്രി അവര്‍ക്ക് പുതുമകളുടേതായിരുന്നു. ലൈംഗികതയുടെ പുതിയ അറിവുകള്‍ ദൈവം അവര്‍ക്ക് പകര്‍ന്നു നല്കിയ രാത്രി.
ദൈവം എന്ന സങ്കല്പ്പം ഓരോ ദിവസം കഴിയുന്തോറും രൂഢമായിക്കൊണ്ടിരുന്നു. അരൂപിയായ ദൈവത്തിന് നിയതമായ രൂപം നല്കാനുള്ള ശ്രമം അവന്‍ ആരംഭിച്ചു. കളിമണ്ണിലും കല്ലിലും അവന്‍  പല വിധ രൂപങ്ങളുണ്ടാക്കി നോക്കി.ഒന്നും ശരിയാകുന്നില്ല. ഒടുവില്‍ അവന്‍റെ തന്നെ രൂപത്തില്‍ ശില്പ്പങ്ങള്‍ ചമയ്ക്കാന്‍ തുടങ്ങി. അതിലും സംതൃപ്തി പോരാഞ്ഞ് കൂടുതല്‍ കൈകാലുകള്‍,തലകള്‍ ഒക്കെ ചേര്‍ത്ത് അസാമാന്യ രൂപങ്ങള്‍ സൃഷ്ടിച്ച് ആരാധിക്കാന്‍ തുടങ്ങി. മരണപ്പെട്ട മൂപ്പന്മാരെയും കാറ്റിനെയും അഗ്നിയെയും ഭൂമിയെയും സൂര്യനെയുമൊക്കെ ആരാധിക്കാന്‍ അവര്‍ക്കൊരു വിഗ്രഹം ആവശ്യമായിരുന്നു. യാത്രയാകുന്നിടങ്ങളിലെല്ലാം അവര്‍ വിഗ്രഹങ്ങള്‍ കൊണ്ടുപോവുകയും ആരാധിക്കുകയും ചെയ്തുവന്നു.
കാലം കാറ്റായും തീയായും വെയിലായും കടന്നുപൊയ്ക്കൊണ്ടിരുന്നു. മൂപ്പന്മാര്‍ എത്രയോ മരണപ്പെട്ടു.പുതിയ മൂപ്പന്മാരുണ്ടായി. മൂപ്പനും കുടുംബമുണ്ടായി. മുന്‍പ് ഗോത്രത്തിലെ മുതിര്‍ന്നയാള്‍ മൂപ്പനായി തെരഞ്ഞെടുക്കപ്പെട്ടിടത്ത് ഇപ്പോള്‍ കുടുംബാധിപത്യമായി. മൂപ്പന്‍റെ മരണ കര്‍മ്മങ്ങള്‍ ചെയ്യുന്നയാളാണ് പുതിയ മൂപ്പന്‍. അയാള്‍ സഹോദരിയുടെ മൂത്തപുത്രനാണുതാനും. അയാള്‍ മൂപ്പന്‍റെ മകളെ വിവാഹം ചെയ്യുന്ന പതിവും നിലവില്‍ വന്നു.

പ്രഹ്ളാദാ, നീ കുടുംബബന്ധങ്ങളുടെ കെട്ടുകളഴിച്ച് അലയാന്‍ തുടങ്ങിയിട്ട് ഏറെയായില്ലെ.അതൊരു ചാക്രിക പ്രക്രിയയാണെന്ന് നീയറിക.നിന്‍റെ പ്രപിതാമഹന്മാര്‍ കെട്ടുറപ്പുള്ള കുടുംബരീതികള്‍ ആര്‍ജ്ജിച്ചത് നീ അറിയേണ്ടതുണ്ട്.ഒപ്പം മൂപ്പന്‍റെ ഇളമുറകണ്ണികളില്‍ നിന്നും നീ വേര്‍പെട്ടതും.

Chapter-5-ഭൂമി സൂര്യനെ ചുറ്റുമ്പോള്‍

അഞ്ച്

ഭൂമി  സൂര്യനെ  ചുറ്റുമ്പോള്‍

മനോഹരിയായ ചൂര്‍ണ്ണി തീരത്ത് തമ്പടിച്ചിരിക്കയാണ് കടമ്പ് ഗോത്രക്കാര്‍. കടമ്പ് വൃക്ഷങ്ങള്‍ക്ക് വെള്ളമൊഴിച്ചും പ്രാര്‍ത്ഥിച്ചും അവര്‍ ദിവസമാരംഭിച്ചു. ഈറ്റകള്‍ കാട്ടുവള്ളികൊണ്ട് കെട്ടി പുഴയിലിട്ട് അതിനുമുകളില്‍ ഇരിക്കയാണ് രണ്ട് പ്രേമഭാജനങ്ങള്‍. അവര്‍ പരസ്പരം വെള്ളം തേകിയൊഴിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും രസിക്കയാണ്. അവരുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. പൌര്‍ണ്ണമി നാളില്‍ നടത്തമെന്നാണ് മൂപ്പന്‍ പറഞ്ഞിട്ടുള്ളത്. ചന്ദ്രന്‍ അര്‍ദ്ധാകൃതിയിലായിട്ടേയുള്ളു, ഇനി എന്ന് ?
അവര്‍ ഓരോ രാത്രിയിലും ചന്ദ്രന്‍റെ വളര്‍ച്ച നോക്കി നെടുവീര്‍പ്പിട്ടു. അവള്‍ തലയില്‍ ചൂടിയിരുന്ന കാട്ടുപൂവ് മണപ്പിച്ച് സുഖാലസ്യത്തിലിരിക്കെ ദൂരെ നിന്ന് ഒരു കരച്ചില്‍ കേട്ടു. എന്തോ അപകടം പറ്റിയിട്ടുണ്ട്. അവര്‍ വേഗം തുഴഞ്ഞ് കരയിലെത്തി. ഈറ്റവഞ്ചി മരത്തില്‍ കെട്ടിയിട്ട് ഒച്ചകേട്ടിടത്തേക്ക് ഓടി.
വേട്ടയ്ക്ക് പോയവരെല്ലാം തിരിച്ചെത്തി കൂട്ടം കൂടി നില്ക്കുന്നു. ഗോത്രാംഗങ്ങളെല്ലാം എത്തിയിട്ടുണ്ട്. അവര്‍ അലമുറയിടുന്നു. എന്താകും കാര്യം? അവര്‍ ഓടിവന്ന് ഗോത്രക്കൂട്ടത്തിലേക്ക് തള്ളിക്കയറി. അവന് ആ കാഴ്ച സഹിക്കാന്‍ കഴിയാത്തതായിരുന്നു. അവന്‍റെ ജ്യേഷ്ടന്‍ ചോരയില്‍ മുങ്ങിക്കിടക്കുന്നു,അനക്കമില്ല. കടുവ കടിച്ചു പറിച്ചതാണ്. തുടയിലും കവിളിലും മാംസമില്ല. നെഞ്ച് കീറിപ്പറിഞ്ഞിട്ടുണ്ട്. അവന്‍ അലറി വിളിച്ച് ആ ദേഹത്തേക്ക് വീണു. ബോധരഹിതനായ അവനെ ആളുകള്‍ വെള്ളം തളിച്ച് ഉണര്‍ത്തി.
മൂപ്പന്‍ കര്‍മ്മങ്ങള്‍ നിശ്ചയിച്ചു. സഹോദരിയുടെ മകനാണ് കര്‍മ്മങ്ങള്‍ ചെയ്തത്. അടക്കം കവിഞ്ഞിടത്ത് മൂപ്പന്‍ കടമ്പ് നട്ടു. സൂര്യാസ്തമനത്തിന് മുന്‍പുതന്നെ സഭ കൂടി. അനുജന്‍ അവിവാഹിതനാണ്, മരിച്ച ജ്യേഷ്ടന്‍റെ ഭാര്യയേയും കുട്ടികളേയും ഇനി അവന്‍ നോക്കണം. അതാണ് ഗോത്രനടപ്പ്. നേരത്തെ നിശ്ചയിച്ച ബന്ധം വേണ്ടെന്നത് ദൈവവിധിയാണ്. അത് നമ്മള്‍ പാലിക്കണം, മൂപ്പനും സഭയും വിധിയെഴുതി.
പെണ്ണിന്‍റെയും ചെറുക്കന്‍റെയും നെഞ്ചില്‍ ഇടിവാള്‍ വീശി. എതിര്‍ക്കാന്‍ കഴിയാത്ത ഗോത്രനടപ്പാണ്. ഇനി അവര്‍ തമ്മില്‍ ഒരു ബന്ധവും പാടില്ല. ഈറ്റപുറത്തിരുന്നു കണ്ട സ്വപ്നങ്ങള്‍ , എല്ലാം നഷ്ടമായിരിക്കുന്നു, വിസ്മൃതിയിലായിരിക്കുന്നു. ഓര്‍മ്മയിലെ ഇന്നലെകള്‍ മരിച്ചു, സ്വപ്നത്തിലെ നാളെകളും മരിക്കുകയാണ്. അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ ഓടി കുടിലില്‍ കയറിയിരുന്ന് പൊട്ടിക്കരഞ്ഞു. അവളെ അവളുടെ അമ്മ ആശ്വസിപ്പിച്ചു, ദൈവവിധി!! ദൈവവിധി!!
അന്നുതന്നെ അവന്‍ ചടങ്ങുകളില്ലാതെ ,കര്‍മ്മങ്ങളില്ലാതെ, ഭര്‍ത്താവായി. ജന്മം കൊടുക്കാത്ത മക്കളുടെ അച്ഛനായി. ഇന്നലെ വരെ ബഹുമാനിച്ചിരുന്ന ഏടത്തിയുടെ ഭര്‍ത്താവ്. ഇനി അവന്‍ കാമുകനല്ല, ഉത്തരവാദിത്വമുള്ള തികഞ്ഞ പുരുഷന്‍.
ദുഖവും സന്തോഷവുമെല്ലാം നൈമിഷികമാവുകയാണ്. പൂക്കള്‍ വിരിഞ്ഞുകൊഴിയും പോലെ മനുഷ്യരും വളരുന്നു, കൊഴിയുന്നു.മൊട്ടിനെ ഏവരും ശ്രദ്ധിക്കും, വിടര്‍ന്നു ശോഭപരത്തുമ്പോള്‍ ശ്രദ്ധ കൂടും. പുതിയ വിത്ത് വളര്‍ന്നുവരുമ്പോള്‍ അതീവ ശ്രദ്ധയുണ്ടാവും. പിന്നെയും പലവട്ടം പുഷ്പിക്കും. ഒടുവില്‍ കരിഞ്ഞുപോവുകയോ ആന ചവിട്ടുകയോ കടുവ കടിച്ചുകീറുകയോ പാമ്പ് കൊത്തി കൊല്ലുകയോ ചെയ്യും. പിന്നെ ഒരു നിലവിളി, ഒരു പുലകുടി.അതോടെ കഴിഞ്ഞു.
കാലം എല്ലാം മായ്ച്ചെഴുതി.ഭൂമി സൂര്യനെ ഒരു വട്ടം കൂടി ചുറ്റി. ഒരു ദിവസം വേട്ട കഴിഞ്ഞു വന്ന അവന്‍റെ ചെവിയില്‍ ഏട്ടന്‍റെ ഭാര്യ എന്തോ മന്ത്രിച്ചു. അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. ചുണ്ടില്‍ ചിരി വിടര്‍ന്നു. അയാള്‍ മൂപ്പന്‍റെ അടുത്തേക്ക് ഓടി. മൂപ്പന്‍റെ കാതില്‍ അയാള്‍ ആ സന്ദേശം പകര്‍ന്നു. മൂപ്പനും ചിരിച്ചു. പിന്നെ ആ ചിരി പടര്‍ന്ന് ഗോത്രമാകെ സന്തോഷച്ചിരിയില്‍ ആറാടി. പുത്രി ഋതുവായ സന്തോഷം. പെണ്‍കുട്ടി രക്തം കണ്ട് ഭയന്നു നില്ക്കയാണ്. അവള്‍ ഭയപ്പാടോടെ നോക്കുമ്പോള്‍ എല്ലാവരുടെ മുഖത്തും സന്തോഷം മാത്രം. അവള്‍ക്കവരോട് ദേഷ്യം തോന്നി.
       കൊട്ടും കുരവയുമായി സ്ത്രീകള്‍ വന്നു. അവളെ അവര്‍ പാട്ടുപുരയിലേക്ക് കൊണ്ടുപോയി. ഗോത്രസ്ഥലിയില്‍ നിന്നും കണ്ണെത്തും ദൂരത്തായിരുന്നു ഈ തീണ്ടാരിപ്പുര. അവളെ അതിനുള്ളിലാക്കി സ്ത്രീകള്‍ സന്തോഷനൃത്തം വച്ചു. ഒരുവള്‍ തേന്‍ കൊണ്ടുവന്നു നല്‍കി. മറ്റൊരുവള്‍ പഴുത്തചക്ക കൊണ്ടുവന്നു. വേറൊരാള്‍ ആഞ്ഞിലിച്ചക്ക കൊണ്ടുവന്നു. സ്ത്രീകള്‍ രാപകല്‍ വന്നും പോയുമിരുന്നു. നല്ല ഭക്ഷണം അവള്‍ക്ക് മതിയാവോളം കിട്ടി. അതവളെ സന്തുഷ്ടയാക്കി.
പുരുഷന്മാരാരും ആ വഴി സഞ്ചരിക്കാന്‍ പാടില്ലെന്നാണ് നിയമം. അവര്‍ അകന്നുനിന്നു. ചെറുപ്പക്കാര്‍ക്ക് അവളെ കാണാന്‍ വ്യഗ്രതയുണ്ടായിരുന്നു. എങ്കിലും ഗോത്രമര്യാദ ഭയന്ന് അവര്‍ ചന്ദ്രനെ നോക്കികിടന്നു. അവളെ ചന്ദ്രനില്‍ ദര്‍ശിക്കാന്‍ ശ്രമിച്ചു. കൂട്ടുകാരില്‍ നിന്നകന്ന് പാട്ടുപുരയിലിരുന്ന് അവള്‍ പലവട്ടം സൂര്യചന്ദ്രന്മാരെ കണ്ടു. ഒടുവില്‍ ആ ദിവസം സമാഗതമായി. സ്ത്രീകള്‍ അവളെ കാട്ടുമഞ്ഞള്‍ ദേഹത്ത് തേച്ചുമിനുക്കി,പൂക്കള്‍ കൊണ്ടൊരുക്കി.പാട്ടുപുരയില്‍ നിന്നും പാട്ടും മേളവും തുള്ളലുമായി സ്ത്രീകള്‍ അവളെ ഗോത്രക്കൂട്ടത്തിലേക്ക് കൊണ്ടുവന്നു. മൂപ്പന്‍ തുകല്‍ വീപ്പയില്‍ താളമിട്ടു. ചെറുപ്പക്കാര്‍ നൃത്തച്ചുവടുകള്‍ വച്ചു. അവള്‍ നാണമാര്‍ന്ന മുഖം കുനിച്ചിരുന്ന് കടക്കണ്ണുകൊണ്ട് നൃത്തമാസ്വദിച്ചു.
ഇനി വിവാഹിതയാകും വരെ സമൂഹത്തിന്‍റെ ആകര്‍ഷണം അവളിലാണ്, അവളുടെ ചലനങ്ങളിലാണ്. വേട്ടയാടാന്‍ പോകുന്ന ചെറുപ്പക്കാര്‍ അവള്‍ക്ക് നല്കാന്‍ കഴിയുന്ന സമ്മാനങ്ങളെക്കുറിച്ചാണ് ചിന്തിക്കുക. ആകാശം നോക്കി കിടക്കുമ്പോള്‍ ചന്ദ്രനിലും നക്ഷത്രങ്ങളിലും അവള്‍ നിന്നു തിളങ്ങി.അവള്‍ക്കൊപ്പം കാട്ടില്‍ പോകാനും കുളിക്കടവില്‍ കൂട്ടിരിക്കാനും ചെറുപ്പക്കാര്‍ മത്സരിച്ചു. അവള്‍ ഓരോരുത്തരെയായി വിലയിരുത്തി. ശരീരകാന്തി,മുഖകാന്തി,സ്നേഹം,പെരുമാറ്റം,കലാഭിരുചി ഒക്കെ അവള്‍ അളന്നെടുത്തു.
അവള്‍ ആവശ്യപ്പെടുന്ന മരത്തില്‍ നിന്നും കാട്ടുതേനെടുത്ത് നല്കാനും കിളിയെ പിടിക്കാനും പൂ പറിക്കാനുമൊക്കെ അവര്‍ മത്സരിച്ചു. കാട്ടിലെ ഏറ്റവും വലിയ ആഞ്ഞിലിമരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന കൊമ്പില്‍ ഇലയില്ലാതെ പറ്റിവളരുന്ന പൂവ് പറിച്ചുനല്കിയ ചെറുപ്പക്കാരന്‍ അവളുടെ മനസ്സില്‍ ഇടം കണ്ടെത്തി. രാത്രി ഉറക്കം വരാതെ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണടയ്ക്കുമ്പോള്‍ ആ മുഖം മനസ്സില്‍ തെളിയുകയാണ്. നേരം പുലര്‍ന്നു. അവള്‍ ആ പൂവും ചൂടി അവന്‍റടുത്ത് ചെന്നു. അന്നുമുഴുവന്‍ അവര്‍ ഒരുമിച്ചായിരുന്നു. രാത്രിയില്‍ ഒന്നിച്ചുറങ്ങി. അതുവരെയുണ്ടാകാത്ത അനുഭവങ്ങള്‍ പങ്കിട്ടു. അവര്‍ ഒന്നായി. ചന്ദ്രനും നക്ഷത്രങ്ങളും സാക്ഷിയായി. പ്രകൃതിയുടെ ശബ്ദവും വെളിച്ചവും കൂട്ടായി. അടുത്ത ദിവസം പ്രഭാതമായിട്ടും അവര്‍ ഉണര്‍ന്നില്ല. ആ കാഴ്ച കണ്ടവര്‍ ആഹ്ലാദം മറ്റുള്ളവരുമായി പങ്കിട്ടു. അത് മൂപ്പന്‍റെ ചെവിയിലുമെത്തി.
      മൂപ്പന്‍ തോല്‍വീപ്പയില്‍ താളമിട്ടു. താളം മുറുകി. അവര്‍ ഞെട്ടിയുണര്‍ന്നു. നാണം കൊണ്ടുതുടുത്ത മുഖവുമായി  അവര്‍ പുഴയിലേക്കോടി നീരാടി. ആഹ്ലാദഭരിതരായ ഗോത്രസമൂഹം പലതായി പിരിഞ്ഞു. ഒരു കൂട്ടര്‍ വേട്ടയ്ക്ക് പോയി. മറ്റൊരു കൂട്ടര്‍ വിലവെടുക്കാനായി നീങ്ങി. ഒരു കൂട്ടര്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ മറ്റൊരു കൂട്ടര്‍ അലങ്കാരങ്ങള്‍ തുടങ്ങി.
വൈകുന്നേരമായപ്പോഴേക്കും ആഹ്ലാദത്തിന്‍റെ മൂര്‍ദ്ധന്യമായി. സദ്യയും നൃത്തവും തകര്‍ത്തു. കഞ്ചാവ് ചെടിയുടെ നീരുകുടിച്ച് അവര്‍ ആടിപ്പാടി. കടമ്പിന്‍റെ ഇലകള്‍ കോര്‍ത്ത മാല പരസ്പ്പരം കഴുത്തിലിട്ട്  അവര്‍ വിവാഹിതരായി. ചന്ദ്രനെ മേഘം മൂടി. ആകാശം ഇരുട്ടിലേക്ക് വീണപ്പോള്‍ അവന്‍ അവളെയും കൊണ്ട് തന്‍റെ മാളത്തിലേക്ക് പോയി. മറ്റുള്ളവര്‍ അവിടെത്തന്നെ ഇണ ചേര്‍ന്നു. ലഹരിയുടെ മൂപ്പില്‍ ഇണകള്‍ മാറിയിട്ടുണ്ടാകാം. ആ ദിവസം അതംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. മൂപ്പന്‍റെ മൌനാനുവാദമുള്ള ഒരു രതിക്രീഡ. പിന്നീടൊരവസരത്തിന് മറ്റൊരു മംഗല്ല്യമോ ഉത്സവമോ ഗോത്രത്തില്‍ അരങ്ങേറണം. പ്രഹ്ളദാ,ഇത്തരം ഇണചേരലുകളുടെ വന്യമായ ചിന്തകള്‍ ഇന്നും മനുഷ്യരിലുണ്ട്. അവസരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഗോത്രരീതികള്‍, സ്വാതന്ത്യം പ്രഖ്യാപിക്കാനുള്ള അഭിവാഞ്ച.”
                      
ചാന്ദ്രദിനത്തില്‍ ആഘോഷങ്ങള്‍ കൊഴുത്തു. അവര്‍ ഇലയും പൂവും തോലും ഉപയോഗിച്ച് പലവിധ വേഷങ്ങള്‍ കെട്ടി നൃത്തമാടി. കാട്ടില്‍ നിന്നും കിട്ടിയ ലഹരിയുള്ള കറകള്‍ കഴിച്ച് അവര്‍ കൂത്താടി. മൂപ്പന്‍ ധ്യാനനിരതനായിരുന്ന് അരിയും പൂവും കായും ഇലയുമൊക്കെ തീയിലേക്ക് ജപിച്ചെറിഞ്ഞു. അന്ന് ക്ഷീണാധിക്യത്തില്‍ മൂപ്പനും നന്നായുറങ്ങി.
ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു. വേനല്‍ക്കാലം വരവായി. വെയില്‍ച്ചൂട് കടുത്തു. നാളിതുവരെയില്ലാത്ത ചൂട്. കൃഷിയൊക്കെ കരിഞ്ഞു. പുഴയില്‍ വെള്ളം കുറഞ്ഞു. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടായി. കാട്ടുകിഴങ്ങും ഫലങ്ങളും  മാത്രമേയുള്ളു, മത്സ്യങ്ങളില്ല.മൃഗങ്ങളും ആ പ്രദേശം വിട്ടുപോയിരുന്നു. വിശപ്പും ദാഹവുംകൊണ്ട് ആളുകള്‍ പൊറുതിമുട്ടി. കുട്ടികളുടെ കരച്ചിലേ കേള്‍ക്കാനുള്ളു.എന്തുചെയ്യണമെന്നറിയാതെ മൂപ്പന്‍ വിഷമിച്ചു. ദൈവങ്ങളെ വിളിച്ചുപ്രാര്‍ത്ഥിച്ചു, പട്ടിണി കിടന്നു. ഒരു ഫലവുമുണ്ടായില്ല. അങ്ങിനെയിരിക്കെ ഒരു രാത്രിയില്‍ മൂപ്പനൊരു സ്വപ്നം കണ്ടു.
ആകാശത്തുനിന്നും ആരൂപികളായ ഒരുപാടുപേര്‍ ഭൂമിയിലേക്ക് വന്നു. മരത്തില്‍ നിന്നും പൂക്കള്‍ വീഴുന്ന ലാഘവത്തോടെ അവര്‍ മണ്ണില്‍ പറന്നിറങ്ങി. ഉണവാര്‍ന്ന ഭൂമിയില്‍ അവര്‍ നൃത്തം വച്ചു. ഒടുവില്‍ കൈക്കുമ്പിളിലെ ദ്രാവകം അവര്‍ മോന്തി. അത് ചോരയായിരുന്നു. അവരുടെ ചുണ്ടുകളിലൂടെ ചോര ഇറ്റിറ്റുവീണു. കൈകളില്‍ പടര്‍ന്ന ചുവപ്പ് ആകാശത്തോളം വ്യാപിച്ചു. കണ്ണിനുമുന്നില്‍ ചോപ്പുനിറം മാത്രം. അടുത്തുകിടക്കുന്ന ശരീരം എലിയുടെ രൂപം പൂണ്ടു. അതിന്‍റെ ചങ്ക് നഷ്ടപ്പെട്ടിരിക്കുന്നത് മൂപ്പന്‍ കണ്ടു. മൂപ്പന്‍ നിലവിളിച്ച് ഞെട്ടിയുണര്‍ന്നു. വാവലുകള്‍ ചിറകടിച്ച് പറന്നു. അരൂപികള്‍ പ്രകൃതിയില്‍ ലയിച്ചു. മണ്ണിന് ചോരയുടെ നിറം. ഭൂമിയുടെ നനവിനും ചോപ്പുനിറം. മൂപ്പന്‍റെ വിളികേട്ട് ഗോത്രം ഞെട്ടിയുണര്‍ന്നു. അവര്‍ മൂപ്പന്‍റെ മുന്നിലെത്തി. അരണ്ട നിലാവെളിച്ചത്തില്‍ മൂപ്പന്‍ താന്‍ കണ്ട കാഴ്ച വിവരിച്ചു. എല്ലാം കേട്ട് ഗോത്രക്കാര്‍ മൌനരായി. ഏറെ സമയം കടന്നുപോയി. കൂട്ടത്തിലൊരുവന്‍ തുള്ളിയുറഞ്ഞ് മുന്നോട്ടുവന്നു. അവന്‍റെ നാവില്‍ പുതിയ ഭാഷ ജനിച്ചു.
പിതൃക്കള്‍ കോപിച്ചിരിക്കുന്നു.അവര്‍ ദാഹാര്‍ത്തരാണ്.അവര്‍ക്ക് ബലി വേണം,നരബലി.മൂഷികഗോത്രത്തിലെ ഒരുവനെ ജീവനോടെ പിടിച്ച് ബലിയര്‍പ്പിക്കണം, ഇല്ലെങ്കില്‍ ഭൂമി മരിക്കും,നമ്മള്‍ മരിക്കും, അതു തന്നെയാണീയറയിപ്പ്.
മൂപ്പന് ആ വാദങ്ങള്‍ നന്നെ ബോധിച്ചു. നമ്മുടെ ദാരിദ്ര്യം മാറാന്‍ നരബലി തന്നെ കര്‍മ്മം.ഒരുവനെ ജീവനോടെ പിടിക്കുക നമ്മുടെ ധര്‍മ്മം.പൂജയ്ക്ക് വേണ്ട അരി,പഴങ്ങള്‍,കൊമ്പ്,വാള്‍ ഒക്കെ തയ്യാര്‍ ചെയ്യണം.പൂവ്,ഇല,കതിര്‍ എന്നിവ കണ്ടെത്തണം. കര്‍മ്മസമയം സായന്തനമാകണം.രാത്രിയില്‍ പിതൃക്കള്‍ക്ക് ഭക്ഷണം കുശാലാകണം.അവര്‍ പ്രസാദിച്ചാല്‍ എല്ലാമായി.
 കേട്ടപാതി കേള്‍ക്കാത്തപാതി, അവര്‍ ഇരയെതേടിയിറങ്ങി. മൂഷികഗോത്രം തമ്പടിച്ചിരിക്കുന്ന ഇടം തേടിയുള്ള യാത്ര.മറ്റൊരു ലക്ഷ്യവുമില്ല.മുന്നില്‍ വന്നുപെടുന്ന കാട്ടുമുയലിനെയും മാനിനെയും ഗൌനിക്കാതെ,ഒരേയൊരു ലക്ഷ്യത്തിലെത്താനായി,അവര്‍ യാത്ര തുടര്‍ന്നു. കാടിന്‍റെ അതിര്‍ത്തിക്കപ്പുറം ആളനക്കമുണ്ടെന്ന് ബോദ്ധ്യമായി.അവര്‍ മണ്ണിലേക്ക് പതിഞ്ഞ് ശബ്ദമുണ്ടാക്കാതെ അവിടെ കിടന്നു, പിന്നെ മെല്ലെ ഇഴഞ്ഞു.തങ്ങളെപോലെ കണ്ണും കാതും തുറന്നവരാണ് എതിരാളികളെന്ന് അവര്‍ക്കറിയാമായിരുന്നു. മാത്രമല്ല,യുദ്ധതന്ത്രങ്ങളല്ല ഇവിടെ ആവശ്യം.എതിരാളിയെ കെണിയില്‍ കുടുക്കി പരിക്കേല്ക്കാതെ പിടിച്ചുകൊണ്ടുപോവുകയാണ് ഉദ്ദേശം. കടന്നുപോയ പിതൃക്കളേയും മലമുത്തപ്പനേയും ധ്യാനിച്ച് , ഓരോ ചലനവും ശ്രദ്ധിച്ച്,അവര്‍ മെല്ലെ നീങ്ങി.തറയിലൂടെ പാഞ്ഞുപോവുന്ന ഇഴജന്തുക്കളും കുതിച്ചുപായുന്ന ഹിംസ്രജന്തുക്കളും അവരെ ഭയപ്പെടുത്തിയില്ല. മനുഷ്യരുടെ ചലനങ്ങള്‍ കാണാവുന്നിടത്ത് അവര്‍ എത്തി. ഇരുട്ട് പരക്കുകയാണ്. ഇനി ഇന്നൊന്നും നടക്കുകയില്ല. വിശപ്പും ദാഹവും ക്ഷീണവും വകവയ്ക്കാതെ അവര്‍ അവിടെത്തന്നെ നിശബ്ദരായിരുന്നു. രാത്രിയില്‍ പാമ്പുകളും തേളുകളും പലവിധ ചെറുജീവികളും ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി. അവര്‍ അനങ്ങിയില്ല.
പ്രഭാതരശ്മികളുടെ ഊര്‍ജ്ജം ആവാഹിച്ച് അവര്‍ ഉന്മേഷവാന്മാരായി.ആളുകള്‍ തിരക്കിട്ട് അവരവരുടെ ദിനചര്യകളില്‍ ഏര്‍പ്പെടവെ, കാട്ടിലേക്ക് തേനെടുക്കാന്‍ ഒറ്റയ്ക്ക് നീങ്ങുന്ന മൂഷികഗോത്രക്കാരനെ അവര്‍ നോട്ടമിട്ടു. അവന്‍ കാടിന്‍റെ ഉള്ളറകളിലേക്ക് നീങ്ങുന്നതനുസരിച്ച് അവര്‍ ചിതറിമാറി വലയം സൃഷ്ടിച്ചു. ചലനങ്ങള്‍ മൃഗങ്ങളുടേതാകാം എന്നേ അവന്‍ കരുതിയുള്ളു.
ഒരു പ്രത്യേക ശബ്ദത്തോടെ ചുറ്റിലും നിന്ന് കടമ്പ് ഗോത്രക്കാര്‍ ചാടിവീണപ്പോള്‍ അമ്പെയ്യാന്‍ പോലും മൂഷിക ഗോത്രക്കാരന് കഴിഞ്ഞില്ല. അവന് ഒന്നു നിലവിളിക്കാന്‍ പോലും അവസരം കൊടുക്കാതെ, കാട്ടുവള്ളികള്‍ കൊണ്ടുവരിഞ്ഞ് ഒറ്റ കെട്ടാക്കി ചുമന്നുകൊണ്ട് അവര്‍ പിന്‍യാത്ര തുടങ്ങി. ആര്‍ക്കും ക്ഷീണമുണ്ടായിരുന്നില്ല. ഒരു യുദ്ധം ജയിച്ച വീര്യമായിരുന്നു അവര്‍ക്ക്. മൂപ്പനും ഗോത്രത്തിലെ മറ്റ് അംഗങ്ങളും അഭിനന്ദിക്കുമെന്ന് തീര്‍ച്ച. സ്ത്രീകള്‍ക്കുമുന്നില്‍ വീരന്മാരാകാന്‍ കഴിയുന്നതിന്‍റെ സന്തോഷം മറ്റൊരറ്റത്ത്.അതുവഴി നടപ്പാകുന്ന നൃത്തോല്‍സവവും കാമകേളികളും നെഞ്ചിന്‍റെ മിടിപ്പ് കൂട്ടി.ഇനി ഉത്സവനാളുകളാണ്. ബലിക്ക് സമയം നിശ്ചയിക്കുകയേ വേണ്ടൂ.
ദൂരെനിന്നുതന്നെ ആരവം കേട്ട് സ്ത്രീകള്‍ കുരവയിട്ടു. കുട്ടികള്‍ കാട്ടുപടക്കങ്ങള്‍ പൊട്ടിച്ചു. മൂപ്പന്‍ തോല്‍പ്പെട്ടിയില്‍ താളമിട്ടു. മുളങ്കുഴലില്‍ പുതുതായുണ്ടാക്കിയ ഉപകരണത്തില്‍ സംഗീതമുതിര്‍ക്കുകയായിരുന്നു മറ്റൊരുവന്‍. കാട്ടുവള്ളിയില്‍ കെട്ടിയ മൂഷികഗോത്രക്കാരനെ മൂപ്പനുമുന്നില്‍ കൊണ്ടുവന്നു കിടത്തി. അവന്‍റെ കണ്ണുകളിലെ ദൈന്യത,അവന്‍റെ നിസ്സഹായത,ഒന്നും തന്നെ മൂപ്പനെ വിഷമിപ്പിച്ചില്ല.പൂര്‍വ്വികരുടെ ദാഹം തീര്‍ക്കുക എന്നതുമാത്രമായിരുന്നു മനസ്സില്‍.മൂപ്പന്‍ കടമ്പുമരക്കൊമ്പുമായി ഒറ്റക്കാലില്‍ നൃത്തം വച്ചു. അയാളുടെ നീണ്ടുമെലിഞ്ഞ താടിരോമങ്ങളും ഒപ്പം നൃത്തമാടി. ചെറിയ കണ്ണുകള്‍ തീഷ്ണങ്ങളായി. ചുണ്ടുകള്‍ നനച്ചുകൊണ്ട് അയാള്‍ എന്തൊക്കെയോ പുലമ്പി.ഇനി ബലിനഷ്ടപ്പെടാതെ നോക്കണം എന്നാവാം.
മൂഷികവംശകനെ അപ്പോള്‍തന്നെ കടമ്പുമരത്തില്‍ കെട്ടിയിട്ടു. കാവലിന് മാറിമാറി ആളിനെ നിര്‍ത്തി. നല്ല ഭക്ഷണം നല്കാനും പ്രത്യേകം ശ്രദ്ധിച്ചു. താന്‍ ബലിയാണെന്ന് അവനറിയില്ലായിരുന്നു. മന്ത്രവാദിയായി മാറിയ കടമ്പുഗോത്രക്കാരന്‍ ഇലകളും പൂക്കളും ജപിച്ച് അവനുനേരെ എറിഞ്ഞു. ഇലച്ചാറുകള്‍ പിഴിഞ്ഞും കല്ലുകള്‍ പൊടിച്ചുചാലിച്ചും അവന്‍റെ ദേഹത്ത് പുരട്ടി. കാട്ടുപന്നിയുടെ കൊഴുപ്പ്  കൈകാലുകളില്‍ തേച്ചു. കഞ്ചാവുചെടികള്‍ ഹോമകുണ്ഡത്തിലേക്ക് ആഞ്ഞെറിഞ്ഞു. അവയുടെ പുക അന്തരീക്ഷത്തെ ഉന്മത്തമാക്കി. അയാള്‍ മരച്ചാറുകളുടെ ലഹരി എല്ലാവര്‍ക്കും പകര്‍ന്നുനല്കി. ലഹരിക്കുളിരില്‍ അവര്‍ ഉന്മത്തരായി. രാത്രിയില്‍ ഇഷ്ടം പോലെ ഇണചേര്‍ന്ന് പ്രഭാതത്തെ വരവേറ്റു. ഇങ്ങനെ പൂജയും മന്ത്രവുമായി ഒരാഴ്ച കടന്നുപോയി.
ബലിദിനമായി. എല്ലാവരും കുളിച്ചു വന്നു. സൂര്യന്‍ കനല്‍ പോലെ കത്തുകയാണ്. എത്ര ദിനമായി ഈ വരള്‍ച്ച തുടങ്ങിയിട്ട്. കൃഷിയിടങ്ങള്‍ വരണ്ടുകിടക്കുകയാണ്. ഒരു മാറ്റം,നരബലിയിലൂടെ ഒരു മാറ്റം,അതാണ് പ്രതീക്ഷ. മൂഷികഗോത്രക്കാരന്‍ നിരാശയാലും ദുഖത്താലും ക്ഷീണിച്ച് തളര്‍ന്നിരിക്കുന്നു. അവനെ അവര്‍ കുളിപ്പിച്ച് മാലചാര്‍ത്തി കൊണ്ടുവന്നു. മന്ത്രവാദി ലഹരിയുടെ പാരമ്യതയിലായിരുന്നു. മൂപ്പനും നന്നായി ലഹരി ഉപയോഗിച്ചിരുന്നു. ഗോത്രം മുഴുവന്‍ ലഹരിയിലമര്‍ന്ന് നൃത്തം വച്ചു. മൂഷിക ഗോത്രക്കാരനെ ബലിക്കല്ലില്‍ കിടത്തി. അക്ഷരങ്ങളും വാക്കുകളുമില്ലാത്ത ചില ശബ്ദങ്ങളിലൂടെ മന്ത്രവാദി പൂര്‍വ്വികരുമായി സംവദിച്ചു,ദേവതകളെ ഉണര്‍ത്തി. ആകാശം ഇരുണ്ട് കറുത്തു. മിന്നല്‍ പിണരുകള്‍ പാളി. അരിക് കൂര്‍ത്ത പാറകൊണ്ടുള്ള കത്തി ആകാശത്തേക്ക് ഉയര്‍ന്നുതാണു. ഒരു നിലവിളി, അത് ഗോത്രനാദങ്ങളില്‍ അമര്‍ന്നു.
വീണ്ടും!
വീണ്ടും!!
ദൈന്യത ചുഴികുത്തിയാളി.
എല്ലാം നിലച്ചു.
പക്ഷികളും ഇലകളും അനങ്ങാതെ നിന്നു.
കഴുത്തിലെ വേര്‍പാടുകളിലൂടെ ചോര ഭൂമിയുടെ ആഴത്തിലേക്ക് പാഞ്ഞു. മിന്നലുകള്‍ക്ക് ആക്കം കൂടി. ഇലകള്‍ ഞെട്ടിവിറച്ച് ആടാന്‍ തുടങ്ങി.പക്ഷികള്‍ ഭയപ്പാടോടെ ചിറകടിച്ചു പറന്നു.ഒരു തുള്ളി ജലം മൂപ്പന്‍റെ ദേഹത്ത് വീണു. പിന്നൊരുതുള്ളി മന്ത്രവാദിയുടെ ചുണ്ടില്‍ പതിച്ചു.പിന്നത്തേത് മൂഷികഗോത്രക്കാരന്‍റെ കഴുത്തിലെ വേര്‍പാടില്‍ വീണു.
തുള്ളികള്‍ പെരുകുകയാണ്.എണ്ണാന്‍ കഴിയാത്തവിധം മഴത്തുള്ളികള്‍ വീണ് വലിയ മഴയായി. ആ മഴയില്‍ ചോര ഇളം നിറമായി പരന്നൊഴുകി.ഭൂമിക്ക് ദാഹം തീര്‍ന്നു.നദികളുടെ വയര്‍ നിറഞ്ഞു. കടമ്പുഗോത്രക്കാര്‍ മന്ത്രവാദിയെ വണങ്ങി,മൂപ്പനെ വണങ്ങി,മഴയായ് പെയ്തിറങ്ങിയ ബലിയെ വണങ്ങി.ഓര്‍മ്മത്തെറ്റുകള്‍ വരാത്തവണ്ണം കടമ്പുമരം അത് കുറിച്ചിട്ടു. ആ പ്രദേശത്തെ ആദ്യ നരബലി. ദൈവം ബലി സ്വീകരിച്ച് ഭക്തന്മാരില്‍ സംപ്രീതനായിരിക്കുന്നു.അന്ന് മഴ പെയ്തുകൊണ്ടേയിരുന്നു. തോരാത്ത മഴയില്‍ ബലി ഒലിച്ചുപോയി. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. കുടിലുകള്‍ നിലംപൊത്തി. മരങ്ങള്‍ ഇളകി വീണു.നദി സംഹാരമൂര്‍ത്തിയായി തിട്ടകള്‍ ഇടിച്ച് മുന്നേറി. ബലിയില്‍ പ്രതിഷേധിച്ചാണോ ആഹ്ലാദിച്ചാണോ?മൂപ്പന് ഒന്നും മനസ്സിലായില്ല. ഈ കാഴ്ച കണ്ട് മൂപ്പന്‍ പകച്ചു നിന്നു.

                                      

Chapter-6-അരൂപികളുടെ അരുളപ്പാടുകള്‍

                                                         ആറ്

                         അരൂപികളുടെ  അരുളപ്പാടുകള്‍

കൃഷിയിടം വിട്ട് മറ്റൊരിടത്തേക്ക് കുടിയേറുന്നതിനിടയില്‍ യാദൃശ്ചികമായാണ് കടമ്പ് ഗോത്രവും വേപ്പ് ഗോത്രവും അടുത്തടുത്തായി വന്നത്. ഇത്തരം സന്ദര്‍ഭങ്ങള്‍ അപകടകരമാണ്. അതിര്‍ത്തി സംബ്ബന്ധിച്ചും വേട്ട സംബ്ബന്ധിച്ചുമൊക്കെ തര്‍ക്കങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അത് പലപ്പോഴും ഗോത്രപ്പകയായി മാറുന്നു. ഈ പക ഒരിക്കലും തവിയാത്തൊരു വികാരവുമാണ്.
കടമ്പുഗോത്രത്തില്‍ നിന്നൊരു ചെറുപ്പക്കാരന്‍ തേനെടുക്കാനായാണ് കാട്ടിലേക്ക് പോയത്. അവന്‍ ഉയര്‍ന്ന മരങ്ങളിലെ തേനീച്ചക്കൂടുകള്‍ നോക്കി അമ്പെയ്ത്, താഴേക്കിറ്റുന്ന തേന്‍ മുളങ്കുഴലുകളില്‍ ശേഖരിക്കയായിരുന്നു. അവന്‍ നടന്നുനടന്ന് ഒരു തോടും കടന്ന് അടുത്ത കാടുകളിലേക്ക് തേന്‍ ശേഖരിക്കാനിറങ്ങി. അവിടെ വേപ്പുഗോത്രം തമ്പടിച്ചിരിക്കുന്നത് അവനറിയില്ലായിരുന്നു. കാട്ടിലൂടെ അലഞ്ഞു നടക്കവെ വേപ്പ് ഗോത്രക്കാര്‍ അവനെ കണ്ടു. ഉടന്‍തന്നെ അവര്‍ അവനുനേരെ അമ്പുപായിച്ചു. ആ അമ്പ് അവന്‍റെ വയര്‍ തുളച്ച് പുറത്തേക്ക് പാഞ്ഞു. വേദനയാല്‍ അലറിവിളിച്ചുകൊണ്ട് അവന്‍ പിന്‍തിരിഞ്ഞോടി. ഓടിയോടി തോടും കടന്ന് കുഴഞ്ഞുവീണും ഇഴഞ്ഞും കരഞ്ഞും അവന്‍ ഗോത്രത്തറയിലെത്തി. അവന്‍റെ കരച്ചില്‍ കേട്ട് എല്ലാവരും കൂരകളില്‍ നിന്നും പുറത്തുവന്നു. അവര്‍ ആര്‍ത്തലച്ച് അവന്‍റെ ചുറ്റിലും കൂടി. ഒരാള്‍ വെള്ളം കൊണ്ടുവന്ന് കുടിക്കാന്‍ കൊടുത്തു. അതുകുടിച്ച് ഒഴുകുന്ന ചോരയില്‍ തലചായ്ച്ച് അവന്‍ അന്ത്യശ്വാസമെടുത്തു.
സ്ത്രീകളുടെ കരച്ചില്‍ അന്തരീക്ഷത്തെ വിറപ്പിച്ചു. പക്ഷികള്‍ ചിറകടിച്ചുയര്‍ന്നു. മൂപ്പന്‍ തോല്‍വീപ്പയില്‍ ആഞ്ഞടിച്ചു. ആ ശബ്ദം അനേകകാതം പോയി കുന്നുകളില്‍ തട്ടി മടങ്ങിവന്നു. അത് യുദ്ധകാഹളമായിരുന്നു. വീടുകളില്‍ നിന്നും അമ്പുംവില്ലുമായി പുരുഷന്മാര്‍ പുറത്തുവന്നു. അവര്‍ക്കൊരു നേതാവുണ്ടായി. ആ നേതൃത്വത്തില്‍ അവര്‍ അടിവച്ചു.
തോടുംകടന്ന് കാടും കടന്ന് അവര്‍ വേപ്പുഗോത്രത്തിനടുത്തെത്തി. ആരവങ്ങള്‍ കേട്ട് അവരും സജ്ജരായി. മരങ്ങള്‍ക്കിടയില്‍ പതുങ്ങി കടമ്പുഗോത്രക്കാര്‍ ഒളിയമ്പെയ്തു. ഒരു വേപ്പുഗോത്രക്കാരന്‍റെ നെഞ്ചുതുളഞ്ഞ് അവന്‍ നിലത്തുവീണെന്നുറപ്പാക്കിയശേഷമേ അവര്‍ പിന്‍വാങ്ങിയുള്ളു. ചോരയ്ക്ക് ചോര,ഇത് ആദിമഗോത്ര സമ്പ്രദായം. ഇനി ഇതിന് തിരിച്ചടിയുണ്ട്. ഈ ചംക്രമണം ഒരിക്കലും തീരാത്തതാണ്. പകയുടെ കെട്ടടങ്ങാത്ത വീര്യം ജന്മശാപം പോലെ ഏറ്റുവാങ്ങി അതിനായി ജീവിക്കുന്ന തലമുറകളായി അവര്‍ വളരുകയാണ്. ആദിമദ്ധ്യാന്തമില്ലാത്ത ഒരു വൃതനിഷ്ടപോലെ, പുലകുടിയടിയന്തിരങ്ങള്‍ മനസ്സിനെ വേട്ടയാടുന്നു.
മൂപ്പന്‍റെ മനസ്സുനീറി. വരും നാളുകള്‍ അസ്വസ്ഥതയുടേതാണെന്ന് അയാളറിഞ്ഞു. പക നിറഞ്ഞു പുകയുന്ന സമൂഹത്തില്‍ സന്തോഷത്തിനിടമില്ലാതാകും. ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഒന്നു കണ്ണടച്ചപ്പോള്‍ വേപ്പുഗോത്രക്കാരുടെ അമ്പേറ്റുമരിച്ച തന്‍റെ പ്രിയപ്പെട്ട പ്രജയുമായി മണ്‍മറഞ്ഞ മൂപ്പന്‍ മുന്നില്‍.
മകനെ,നിന്‍റെ വേദന ഞാന്‍ മനസ്സിലാക്കുന്നു. പ്രജകളുടെ പക തീരണമെങ്കില്‍ ആരാധന മൂക്കണം. നീ അവനെ ദൈവമാക്കിക്കൊള്ളുക. ചാന്ദ്രദിനങ്ങളില്‍ പൂജയും നൃത്തവുമായിക്കൊള്ളട്ടെ. പ്രജകളുടെ മനസ്സ് തണുക്കും”, മണ്‍മറഞ്ഞ മൂപ്പന്‍റെ വചനങ്ങള്‍. അയാള്‍ ഞെട്ടിയുണര്‍ന്നു. അടുത്താരുമില്ല. ഇളംകാറ്റില്‍ ഉലയുന്ന മരങ്ങള്‍ മാത്രം. മൃതദേഹത്തിന്‍റെ വായില്‍ വച്ചുകൊടുത്ത അരിയും വെറ്റിലയും അവിടെ ചിതറിക്കിടക്കുന്നു. അയാള്‍ എഴുന്നേറ്റ് ശവമടയിലേക്ക് നടന്നു. മണ്ണിനുമുകളില്‍ വച്ച മുള്ളുകള്‍ അതുപോലുണ്ട്. അലഞ്ഞുതിരിയുന്ന മറ്റ് ആത്മാക്കളുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ വച്ചതാണ് മുള്ളുകള്‍. അയാള്‍ നേരം പുലരുന്നതും നോക്കി ഉണര്‍ന്നിരുന്നു.

രാവിലെതന്നെ മൂപ്പന്‍ സഭ വിളിച്ചു. എല്ലാവരോടും സ്വപ്നദര്‍ശനമുണര്‍ത്തിച്ചു. അതിന്‍റെ ഗൌരവം അവരും ഉള്‍ക്കൊണ്ടു. എല്ലാവരും ശവകുടിക്ക് മുന്നില്‍ വന്നുനിന്ന് കണ്ണടച്ച് ധ്യാനിച്ചു. ചിലര്‍ മുട്ടുകുത്തി മണ്ണില്‍ മുത്തി. അഗ്നിയും കാറ്റും മഴയും മലയും മൂപ്പനുമല്ലാതെ മറ്റൊരു ദൈവം കൂടി. തങ്ങള്‍ തൊട്ടറിഞ്ഞ പ്രിയപ്പെട്ട ദൈവം.