2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-25-അശ്ലീല കാലം

ഇരുപത്തിയഞ്ച്
അശ്ലീല കാലം
ബിസി രണ്ടാം നൂറ്റാണ്ടില്‍ ശുംഗന്മാരുടെ കാലത്താണ് ബ്രാഹ്മണാധിപത്യം സ്ഥാപിക്കാനുള്ള ആദ്യശ്രമം നടന്നത്. തുടര്‍ന്ന് ബ്രാഹ്മണന്‍റെ മഹത്വത്തെ ഉദ്ഘോഷിക്കുന്ന പല കൃതികളും രചിക്കപ്പെട്ടു.ഭഗവത്ഗീതയും മനുസ്മൃതിയും ഇവയില്‍ പ്രധാനങ്ങളാണ്. ഭക്തിയുടെ സന്ദേശം ആവിഷ്ക്കരിച്ച ഭഗവത്ഗീതയെ വേഗം ജനങ്ങള്‍ സ്വീകരിച്ചു. ചാതുര്‍വര്‍ണ്ണ്യത്തെയും ബ്രാഹ്മണന് സാമൂഹ്യസോപാനത്തിലുള്ള ഉയര്‍ന്ന സ്ഥാനത്തെയും അത് വിശദീകരിച്ചു.ഭൂമിയിലുള്ള സകല സമ്പത്തിന്‍റെയും അധിപതി ബ്രാഹ്മണനാണെന്ന് മനുസ്മൃതി ഉത്ഘോഷിക്കുന്നു.മറ്റു വര്‍ണ്ണക്കാരെ,പ്രത്യേകിച്ചും ശൂദ്രരെ ഇടിച്ചുതാഴ്ത്തുകയും വിജ്ഞാനത്തിന്‍റെ മേഖലയില്‍ നിന്നും അകറ്റിനിര്‍ത്തുകയും ചെയ്യാന്‍ മനുസ്മൃതി ഉപയോഗപ്പെടുത്തി. സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ ബ്രാഹ്മണരുടെ സ്വാധീനശക്തി വര്‍ദ്ധിച്ചതോടെ അവര്‍ മനുസ്മൃതിയെ രാജ്യത്തിന്‍റെ നിയമസംഹിതയാക്കി മാറ്റി.അതിന്‍റെ ഫലമായി ചാതുര്‍വര്‍ണ്ണ്യം കൂടുതല്‍ ദൃഢീകരിക്കുകയും അത് ജാതിവ്യവസ്ഥയായി രൂപാന്തരപ്പെടുകയും ചെയ്തു.ഗുപ്തസാമ്രാജ്യ കാലത്ത് ബ്രാഹ്മണമേധാവിത്വം സ്ഥാപിതമായപ്പോള്‍ ജാതിവ്യവസ്ഥ അലംഘനീയമായ നിയമമായി തീര്‍ന്നു.ഒരു ജാതിയില്‍ ജനിച്ചവന്‍ മറ്റൊരു ജാതിയിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നത് അസാദ്ധ്യമായി. ജാതി ഭാരതീയ ജീവിതത്തിന്‍റെ ഭാഗമായി തീര്‍ന്നു.
നൂറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞെങ്കിലും ഈ ദുശ്ശീലങ്ങളും മാറാലകളും മായാതെ നിറയുന്നതാണ് നാടിന്‍റെ ശാപം –ല്ലെ ഗുരോ.
അതെ പ്രഹ്ളാദ,താരതമ്യേന നിശ്ചലമായ ഇന്ത്യയുടെ ഗ്രാമസമുദായ വ്യവസ്ഥയും വൈദികമതം പ്രചരിപ്പിച്ച തത്വചിന്താപദ്ധതിയുടെ വേരോട്ടവും സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് ബ്രാഹ്മണര്‍ക്ക് സിദ്ധിച്ച മേധാവിത്വവും ജാതിയില്‍ അന്തര്‍ഭവിച്ചിട്ടുള്ള ആദിമവര്‍ഗ്ഗ സ്വഭാവവുമാണ് അടിസ്ഥാനകാരണങ്ങള്‍.പ്രഹ്ളാദ,നിനക്കറിയാമോ, നമ്മുടെ ഗ്രാമസമൂഹം പോലെ എല്ലാം ഇണക്കി ചേര്‍ക്കപ്പെട്ട സമൂഹം വളരെ കുറവാണ് ലോകത്ത്.ചെറുതും അതിപ്രാചീനവുമായ ഇന്ത്യന്‍ ഗ്രാമസമുദായങ്ങള്‍ ഭൂമി പൊതുവായി കൈവശം വച്ചിരുന്നു.കൃഷിയും കൈത്തൊഴിലുകളും ചെയ്യുന്നവര്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ തന്നെയായിരുന്നു. വിളവ് അംഗങ്ങള്‍ക്കിടയില്‍ പങ്കിടുക എന്നതായിരുന്നു പ്രാകൃത നീതി. നൂല്‍നൂല്‍പ്പും നെയ്ത്തും ഉപവ്യവസായമെന്ന നിലയില്‍ ഓരോ കുടുംബത്തിലും നടത്തിവന്നിരുന്നു. ഇവര്‍ക്ക് നേതൃത്വം നല്കുന്ന ന്യായാധിപനും പോലീസും നികുതിപിരിവുകാരനുമായിരുന്നു ഗ്രാമപ്രധാനികള്‍. കൃഷിയുടെ കണക്കും അതുമായി ബന്ധപ്പെട്ട രേഖകളും സൂക്ഷിക്കാന്‍ പ്രത്യേക ആളുണ്ടായിരുന്നു.ബ്രാഹ്മണന് മതകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചാല്‍ മാത്രം മതിയായിരുന്നു. എഴുത്തും വായനയും പഠിപ്പിക്കാന്‍ എഴുത്താശാനുണ്ടായിരുന്നു. ജോത്സ്യന്‍ കൃഷിപ്പണിക്ക് പറ്റിയ കാലം ഗണിച്ചു. കൃഷി ഉപകരണങ്ങള്‍  നിര്‍മ്മിക്കാനും കേടുപാടുകള്‍ തീര്‍ക്കാനും ആശാരിയും കൊല്ലനുമുണ്ടായിരുന്നു.കുശവന്‍ മണ്‍പാത്രങ്ങള്‍ തീര്‍ത്തു. മുടിയറുക്കാന്‍ ക്ഷുരകനും തുണിയലക്കാന്‍ വെളുത്തേടനും ആഭരണമുണ്ടാക്കാന്‍ തട്ടാനുമുണ്ടായിരുന്നു. തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരെ സന്തോഷിപ്പിക്കാന്‍ കവികളും കലാകാരന്മാരുമുണ്ടായിരുന്നു. സ്വയം സമ്പൂര്‍ണ്ണമായ ഈ സാമൂഹ്യഘടനയുടെ ലാളിത്യമാണ് നമ്മുടെ സമൂഹത്തിലെ മാറ്റമില്ലായ്മയ്ക്ക് പ്രധാന കാരണമായത്.എന്നാല്‍ ഈ ലാളിത്യം മൂലം തൊഴില്‍ വിഭജനം കാലക്രമത്തില്‍ ദൃഢീഭവിക്കുകയും ജാത്യാലുള്ള ഏര്‍പ്പാടായി തീരുകയും ചെയ്തു.ആദിയില്‍ തൊഴിലിന്‍റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ചാതുര്‍വര്‍ണ്ണ്യം ജാതിസമ്പ്രദായമായി രൂപാന്തരപ്പെടുവാന്‍ ഇത് സഹായിച്ചു.
 ഇത് മാത്രമാണോ ഗുരോ ഈ അവസ്ഥയ്ക്ക് കാരണം
അല്ല പ്രഹ്ളാദ,ഞാന്‍ നേരത്തെ പറഞ്ഞല്ലൊ,ബ്രാഹ്മണമതം പ്രചരിപ്പിച്ച തത്വചിന്താപദ്ധതി ജാതിയെ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ നിസ്സീമമായ പങ്കുവഹിച്ചിട്ടുണ്ട്. ജാതിധര്‍മ്മങ്ങളും കര്‍മ്മസിദ്ധാന്തവും സമ്മേളിപ്പിച്ചുകൊണ്ടുള്ള ഒരു തത്വചിന്താ പദ്ധതിയാണ് അവര്‍ ആവിഷ്ക്കരിച്ചത്.വര്‍ണ്ണധര്‍മ്മങ്ങള്‍ എന്തുതന്നെയായാലും അത് അനുഷ്ടിക്കുന്നതാണ് പുണ്യം,അതില്‍ നിന്നും അണുപോലും വ്യതിചലിക്കുന്നത് പാപമാണ് ,ഈ പുണ്യപാപങ്ങള്‍ കര്‍മ്മഫലമെന്നോണം അടുത്ത ജന്മത്തില്‍ പ്രതിഫലിക്കും എന്നൊക്കെ ബ്രാഹ്മണര്‍ പറഞ്ഞുപരത്തി. രാജ്ഞിയുടെ വയറ്റിലോ പട്ടിയുടെ വയറ്റിലോ നിന്ന് ജന്മം കൊള്ളാന്‍ ഇതൊക്കെയാണ് ഹേതുവെന്ന് വിശ്വസിപ്പിച്ചു. ഈ മൂഢവിശ്വാസത്തിന്‍റെ ഫലമായി ജാതിവ്യവസ്ഥയും അതുപ്രകാരം വിധിക്കപ്പെട്ട ജീവിതവൃത്തിയും ,ബ്രാഹ്മണന്‍റെ കീഴിലുള്ള അടിമത്തം പോലും ധര്‍മ്മമായി മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ബ്രാഹ്മണമതത്തിന് കഴിഞ്ഞു. ബ്രാഹ്മണന്‍റെ ശക്തി വിജ്ഞാനത്തിന്‍റെ കുത്തകയില്‍ പടുത്തുയര്‍ത്തിയതായിരുന്നു. എല്ലാ പാരമ്പര്യങ്ങളുടെയും സൂക്ഷിപ്പുകാരും പുനഃസംവിധായകരും അവരായിരുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നവരും സാഹിത്യം നിര്‍മ്മിക്കുകയും സമാഹരിക്കുകയും ചെയ്യുന്നവരും അപ്രമാദമായ വേദങ്ങളില്‍ പാണ്ഡിത്യം നേടിയവരും അവരായിരുന്നു.മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നത് ഒരു ശൂദ്രന്‍ കേട്ടുപോയാല്‍ അവന്‍റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന് നിയമമുണ്ടായി.ശൂദ്രന്‍ അവ പാരായണം ചെയ്താല്‍ നാവറക്കണം, അവന്‍ അവ ഹൃദിസ്ഥമാക്കിയാല്‍ തലവെട്ടണം എന്നൊക്കെയായിരുന്നു തീരുമാനം. ഇവയൊക്കെ തീര്‍ത്തും നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ വക ഭീഷണികള്‍കൊണ്ട് പുരോഹിതന്മാര്‍ അവരുടെ വിജ്ഞാനകുത്തക നിലനിര്‍ത്തി. അങ്ങിനെ ബാഹ്യമായ എല്ലാ പങ്കാളിത്തങ്ങളേയും കൊട്ടിയടച്ച്,സുരക്ഷിത വലയത്തില്‍ ഒതുങ്ങിക്കഴിഞ്ഞ ഒരു പ്രത്യേകതരം മതമാണ് ബ്രാഹ്മണമതം. ഭൂമിയിലുള്ള എല്ലാം തന്നെ ബ്രാഹ്മണന്‍റെ സമ്പത്താണ് എന്നു പറഞ്ഞ മനുവാണല്ലോ അവരുടെ ഗുരുവും.
ഈ അവസ്ഥ നല്കിയ സൌകര്യങ്ങള്‍ ഓര്‍ത്താല്‍ അത്ഭുതകരം തന്നെ,-ല്ലെ ഗുരോ”, പ്രഹ്ളാദന്‍ ചോദിച്ചു.
അത്ഭുതം എന്ന വാക്കില്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തത്ര ഭീകരത അതിനുണ്ട് പ്രഹ്ളാദ.പൊതുവായും സ്വകാര്യമായും നല്‍കുന്ന ദാനങ്ങള്‍ കൊണ്ട് ബ്രാഹ്മണനെ നിലനിര്‍ത്തണം എന്നത് നിയമമായിരുന്നല്ലോ.അതൊരു പാവന ധര്‍മ്മമായി സമൂഹം അംഗീകരിച്ചിരുന്നു. ബ്രാഹ്മണനോട് കാണിക്കുന്ന ആതിഥ്യമര്യാദ ഏറ്റവും ഉയര്‍ന്ന മതപരമായ കര്‍ത്തവ്യമായി വ്യാഖ്യാനിക്കപ്പെട്ടു. ഉപചാരപൂര്‍വ്വം ബ്രാഹ്മണനെ സത്ക്കരിക്കാതിരുന്നാല്‍ ഗൃഹസ്ഥന്‍റെ സഞ്ചിതപുണ്യം അതോടെ നഷ്ടപ്പെടുമെന്ന് സമൂഹം കരുതി. ബ്രാഹ്മണന്‍ ഏതൊരു കുറ്റം ചെയ്താലും വധശിക്ഷ പാടില്ല എന്നായിരുന്നല്ലോ നിയമം. അയാളെ നാടുകടത്തുകയായിരുന്നു പ്രഹ്ളാദ,വലിയ ശിക്ഷ. അപ്പോഴും സ്വത്തുക്കള്‍ കൂടെ കൊണ്ടുപോകാനും അനുവദിച്ചിരുന്നു. ബ്രാഹ്മണനെ അടിക്കാന്‌ ഓങ്ങിയവന്‍ നരകത്തില്‍ നൂറുകൊല്ലം കഷ്ടപ്പെടുമെന്നും അടിച്ചവന്‍ ആയിരം കൊല്ലം കഷ്ടപ്പെടുമെന്നും പേടിപ്പിച്ച് അവര്‍ സ്വന്തം തടി രക്ഷിച്ചു. ബ്രാഹ്മണന്‍ നാടൊട്ടുക്ക് വ്യഭിചരിച്ചു നടന്ന ആ കാലത്ത് ഒരു ശൂദ്രന്‍ ബ്രാഹ്മണന്‍റെ ഭാര്യയെ പ്രാപിച്ചാല്‍ അവന്‍റെ സ്വത്ത് കണ്ടുകെട്ടുകയും ജനനേന്ദ്രിയം ഛേദിക്കുകയും ചെയ്തു. ഒരു ശൂദ്രന്‍ മറ്റൊരു ശൂദ്രനെ കൊന്നാലും ഗുണം ബ്രാഹ്മണനായിരുന്നു. ബ്രാഹ്മണന് നൂറു പശുക്കളെ നല്കുകയായിരുന്നു പ്രതിവിധി. ഇത് വൈശ്യനായാല്‍ പശുക്കളുടെ എണ്ണം ആയിരമാകും. എന്നാല്‍ ബ്രാഹ്മമനെ കൊന്നാല്‍ നിന്നെ രക്ഷയില്ല, മരണശിക്ഷ ഉറപ്പ്. ചുരുക്കത്തില്‍ ബ്രാഹ്മണന്‍റെ ജീവന്‍ മാത്രമായിരുന്നു അമൂല്യം. ഇങ്ങനെ ലോകത്തെങ്ങുമില്ലാത്ത ഒരു നീതിസമ്പ്രദായമായിരുന്നു കേരളത്തില്‍ നിലനിന്നത്. അങ്ങിനെ  ചരിത്രത്തില്‍ ഏറ്റവും സ്ഥിരപ്രതിഷ്ഠ നേടിയ പ്രഭു വര്‍ഗ്ഗമായി അവര്‍ രൂപാന്തരപ്പെട്ടു. ഒരു മേലേക്കിട വര്‍ഗ്ഗത്തിന് രണ്ടായിരത്തഞ്ഞൂറ് വര്‍ഷത്തെ ആക്രമങ്ങളെയും മാറിമാറി വന്ന രാജാധികാരങ്ങളെയും പ്രതിരോധിച്ച് സ്വന്തം പ്രതാപവും അവകാശങ്ങളും നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നത് അതിശയം നിറഞ്ഞൊരു കാര്യം തന്നെയാണ് പ്രഹ്ളാദ. അതും ഇന്ത്യയുടെ പരിണാമം പോലെ തികച്ചും മന്ദഗതിയില്‍ സംഭവിക്കയായിരുന്നു. ഈ കാലമത്രയും ചണ്ഡാളന്‍ കടുത്ത ദുരിതമനുഭവിക്കയായിരുന്നു എന്നതാണ് നമ്മെ വേദനിപ്പിക്കുന്ന കറുത്ത സത്യം, ഗുരുവിന്‍റെ കണ്ണുകള്‍ നനഞ്ഞുവോ എന്ന് പ്രഹ്ളാദന്‌‍ സംശയിച്ചു. അവന്‍ നിശബ്ദനായി.
പ്രഹ്ളാദ,ബ്രാഹ്മണമതത്തിന്‍റെ വികാസത്തിനിടയില്‍ പുതിയ പുതിയ ഗണങ്ങളെ അതില്‍ ലയിപ്പിക്കാന്‍ ബ്രാഹ്മണര്‍ പ്രത്യേക താത്പ്പര്യമെടുത്തു. ഗോത്രസമൂഹങ്ങളെ തകര്‍ക്കുകയോ അവരുടെ ജീവിതരീതിയിലും ആചാരാനുഷ്ടാനങ്ങളിലും മാറ്റം വരുത്തുകയോ ചെയ്യാതെ ,ഓരോ ഗണത്തെയും പ്രത്യേക ജാതിയായി നിലനിര്‍ത്തുന്ന തന്ത്രമാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്. ഹിന്ദുമതം നിഷ്ക്കര്‍ഷിച്ചിരുന്ന ചാതുര്‍വര്‍ണ്ണ്യത്തില്‍ കൂട്ടച്ചേര്‍ക്കലുകള്‍ക്കാണ് ബ്രാഹ്മണമതം ശ്രമം നടത്തിയത്.ഇങ്ങനെ ജാതികളുടെ ജാലകങ്ങള് സൃഷ്ടിക്കുകയായിരുന്നു ബ്രാഹ്മണര്. അപ്പോഴും ജാതിക്കകത്തുനിന്നുമാത്രം വിവാഹം കഴിക്കുക എന്ന സമ്പ്രദായം തുടരുകയും ജാതിയും ഉപജാതിയും വിപുലപ്പെടുത്തുകയും ചെയ്തുവന്നു. ജാതിസങ്കരം വര്‍ദ്ധിച്ചാല്‍ അധര്‍മ്മം വര്‍ദ്ധിക്കുമെന്ന ബ്രാഹ്മണ സിദ്ധാന്തം ഈ സമ്പ്രദായത്തെ ദൃഢപ്പെടുത്തുകയും ചെയ്തു. പ്രഹ്ളാദ,ജാതിവ്യവസ്ഥയുടെ മൌലിക ലക്ഷ്യം സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉയര്‍ന്ന ജാതിക്കാരുടെ മേധാവിത്വം ഉറപ്പിക്കുകയും താണജാതിക്കാരെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. ചുരുക്കത്തില്‍ ചൂഷണത്തിന്‍റെയും മര്‍ദ്ദനത്തിന്‍റെയും ആയുധമാണ് ജാതിവ്യവസ്ഥ എന്നു പറയാം, ഗുരു പറഞ്ഞു നിര്‍ത്തി.
കേരളത്തിലെ സ്ഥിതിയും ഇതൊക്കെതന്നെയായിരുന്നോ ഗുരോ, പ്രഹ്ളാദന്‍ ചോദിച്ചു.
പ്രഹ്ളാദ, നമ്മുടെ രീതികള്‍ ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തമായിരുന്നു. ബൌദ്ധപ്രഭവകാലം അവസാനിക്കുന്നതുവരെയും കേരളത്തില്‍ ജാതിയുണ്ടായിരുന്നില്ല. പാണന്‍,പറയന്‍,ചാന്‍റോന്‍,വില്ലവന്‍,ഉഴവന്‍,പരതവന്‍,ആയന്‍ എന്നെല്ലാമുള്ള പേരില്‍ ആളുകള്‍ അറിയപ്പെട്ടിരുന്നത് തൊഴിലിന്‍റെ പേരിലായിരുന്നു. ബ്രാഹ്മണരും ഇവിടെ കുടിയേറിപ്പാര്‍ത്ത് പ്രത്യേക സമൂഹമായി ജീവിച്ചു. ഇവര്‍ തമ്മില്‍ അയിത്തമോ ഉച്ചനീചത്വമോ ഒന്നും ഉണ്ടായിരുന്നില്ല. വിദ്വാനായ പാണനും ബ്രാഹ്മണനും രാജസഭയില്‍ തുല്യമായ സ്ഥാനമാണ് ഉണ്ടായിരുന്നത്. ചാതുര്‍വര്‍ണ്ണ്യവും യാഗവും പ്രചരിപ്പിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയിരുന്ന ബ്രാഹ്മണരെ പിന്തുടരാന്‍ അധികം പേരുണ്ടായിരുന്നില്ല. ഏഴും എട്ടും നൂറ്റാണ്ടുകളിലെ ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളുടെ കാലത്തും ജാതിക്ക് വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല.ശൈവരിലും വൈഷ്ണവരിലും അധികംപേരും ജാതിപാലിച്ചിരുന്നില്ല.ഉയര്‍ന്ന തൊഴിലുകള്‍ ചെയ്യുന്ന ശിവഭക്തന്മാരും സമൂഹം താണതെന്ന് നിരീക്ഷിക്കന്ന തൊഴിലുകളിലില്‍ ഏര്‍പ്പെട്ടവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു.ആദിശൈവ ബ്രാഹ്മണനായ സുന്ദരമൂര്‍ത്തിയും ചേരമാന്‍ പെരുമാള്‍ നായനാരും നാട്ടുകൂട്ടങ്ങള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചിരുന്നു.പറവൈനച്ചിയാര്‍ എന്ന നര്‍ത്തകിയെ സുന്ദരര്‍ വിവാഹം കഴിക്കുകയും ചെയ്തു. വേടനായിരുന്ന കണ്ണപ്പനും പുലയനായിരുന്ന നന്ദനനും ഏറ്റവും വലിയ ബ്രാഹ്മണനുള്ളപോലെ പാവനത്വം കല്പ്പിച്ചിരുന്നു.എന്നാല്‍ നമിനന്ദി അടികളെപോലുള്ള ചില ബ്രാഹ്മണ ശിവഭക്തന്മാര്‍ സ്വയം ജാതിമേന്മ ഭാവിച്ചിരുന്നു. തിരുവാരൂര്‍ ശിവക്ഷേത്രത്തില്‍ പതിവായി ആരാധന നടത്തിയിരുന്ന ബ്രാഹ്മണനായിരുന്നു നമിനന്ദി. ചോളരാജാവ് അദ്ദേഹത്തെ ക്ഷേത്രത്തിന്‍റെ മേല്‍നോട്ടത്തിന് നിയോഗിച്ചു. പങ്കുനി ഉത്സവത്തിന്‍റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.ഉത്സവാഘോഷമെല്ലാം കഴിഞ്ഞ് ക്ഷീണിതനായി അദ്ദേഹം വീട്ടിലെത്തി. പലതരം ജനങ്ങളുമായി ഇടപെട്ടതുകൊണ്ട് തനിക്ക് അയിത്തമായിരിക്കുന്നുവെന്ന് വിചാരിച്ച് അടികള്‍ ഒരു ബഞ്ചിന്മേല്‍ കിടന്നു. ഭാര്യ അകത്തേക്ക് ക്ഷണിച്ചപ്പോള്‍,അയിത്തമാണ് കുളിച്ചശേഷം കയറാം,നീ കുറച്ചു വെള്ളം കുടിക്കാനായി കൊണ്ടുവരൂ എന്നാവശ്യപ്പെട്ട ശേഷം ഒന്നു കണ്ണടച്ചു. ഭാര്യ വെള്ളം കൊണ്ടുവന്നപ്പോഴേക്കും അടികള്‍ ഉറക്കമായി. ഉറക്കത്തില്‍ അദ്ദേഹം ഒരു സ്വപ്നം കണ്ടു.തിരുവാരൂരിലുള്ള എല്ലാ ജനങ്ങളും ശിവന്‍റെ ഗണത്തില്‍ പെട്ടവരാണെന്ന് ദൈവം പ്രത്യക്ഷപ്പെട്ട് അടികളോട് പറയുന്നതായാണ് സ്വപ്നം കണ്ടത്.അതോടെ അടികളുടെ അയിത്ത വിചാരങ്ങള്‍ ഇല്ലാതായതായി ചരിത്രം പറയുന്നു.
തിരുജ്ഞാന സംബ്ബന്ധര്‍ക്കും  ഇത്തരമൊരു അനുഭവമുണ്ടായി. പാണനോടും വിറലിയോടുമൊപ്പം യാത്ര ചെയ്തിരുന്നെങ്കിലും അയിത്ത ചിന്ത മനസ്സിലുണ്ടായിരുന്നു. ഒരിക്കല്‍ മൂവരുംകൂടി തിരുനീലനക്ക നായനാരുടെ വീട്ടിലെത്തി.പാണനോടും വിറലിയോടും ഹോമകുണ്ഡത്തിനരുകില്‍ കിടക്കാന്‍ പറഞ്ഞിട്ട് സംബന്ധര്‍ മാറിക്കിടന്നു. രാത്രിയില്‍ ഹോമാഗ്നി സ്വയം ജ്വലിക്കുന്നതായി സംബന്ധര്‍ കണ്ടു. വേദമന്ത്രങ്ങളും ഹോമതന്ത്രങ്ങളുമറിയാത്ത പാണന്‍റെയും വിറലിയുടെയും സാമീപ്യത്തില്‍ ഹോമകുണ്ഡം ജ്വലിക്കുന്നതു കണ്ട് സംബന്ധര്‍ അത്ഭുതപ്പെട്ടു. ഈ കാഴ്ച സംബന്ധരുടെ കണ്ണുതുറപ്പിച്ചു. തുടര്‍ന്ന് പാണനൊപ്പം നടക്കുക മാത്രമല്ല ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ പോലും സംബന്ധര്‍ തയ്യാറായി. പ്രഹ്ളാദ,ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ആ കാലത്ത് ചിന്തകരില്‍ നിലനിന്ന സംശയങ്ങളും അവര്‍തന്നെ കണ്ടെത്തിയ പരിഹാരങ്ങളുമാണ്. ഏതായാലും ആ കാലത്ത് ജാതിവ്യവസ്ഥയ്ക്ക് ജനസമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല എന്നതായിരുന്നു സത്യം.
ഗുരോ,അപ്പോള്‍ പിന്നെ ശക്തവും വൃത്തികെട്ടതുമായ ഈ അയിത്തസംവിധാനം എങ്ങിനെ നമ്മുടെ സമൂഹത്തെ കീഴടക്കി,പ്രഹ്ളാദന്‍ ചോദിച്ചു.
പ്രഹ്ളാദ,നാം ഇന്നു കാണുന്ന സംഘടിത പ്രസ്ഥാനങ്ങള്‍ പോലെ അന്ന് ബ്രാഹ്മണര്‍ സംഘടിതരായിരുന്നു. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥ വേഗത്തില്‍ നടപ്പിലാക്കാന്‍ അവര്‍ക്കുകഴിഞ്ഞു. എട്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധമായപ്പോഴേക്കും ബ്രാഹ്മണര്‍ രാഷ്ട്രീയത്തില്‍ പോലും സ്വാധീനം ചെലുത്തിത്തുടങ്ങി. അതോടെ ജാതിവ്യവസ്ഥയും ആരംഭിച്ചു. കേരള സമൂഹം രണ്ടായി വിഘടിച്ചു. ബ്രാഹ്മണരും അവരോടടുത്ത കൂട്ടരും ഒരു വശത്തും ബ്രാഹ്മണമതത്തെ എതിര്‍ക്കുന്നവര്‍ മറുവശത്തും എന്നതായി സ്ഥിതി. ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളുടെ അനുയായികള്‍ ബ്രാഹ്മണര്‍ക്കൊപ്പം നിന്നു.ജൈനരും ബൌദ്ധരും മറ്റുള്ളവരും ബ്രാഹ്മണമതത്തെ എതിര്‍ത്തു. അങ്ങിനെ ആദ്യം രണ്ട് ജാതികള്‍ ഉണ്ടായി. ബ്രാഹ്മണരെ അനുകൂലിക്കുന്നവര്‍ ഹിന്ദുമതക്കാരും മറ്റേ കൂട്ടര്‍ മതത്തിനു പുറത്തുള്ളവരും. ഹിന്ദുമതം സ്വീകരിച്ചവരെ തുടര്‍ന്ന് വര്‍ണ്ണങ്ങളായി തിരിച്ചു.രാജാക്കന്മാരെ ക്ഷത്രിയരായി അംഗീകരിച്ചു. കച്ചവടക്കാര്‍ ജൂതരും ക്രിസ്ത്യാനികളും അറബികളും ചൈനക്കാരുമായിരുന്നതിനാല്‍ കേരളത്തിലെ ഹിന്ദുമതത്തില്‍ വൈശ്യര്‍ ഇല്ലായിരുന്നു. ബ്രാഹ്മണ മതത്തില്‍ ബ്രാഹ്മണരും ക്ഷത്രിയരും കഴിഞ്ഞാല്‍ ബാക്കിയുള്ളവരെല്ലാം ശൂദ്രരായി അംഗീകരിക്കപ്പെട്ടു. പല ഗോത്രങ്ങളിലായി കിടന്ന ഇവരെ ഒന്നാകെ നായന്മാര്‍ എന്നു വിളിച്ചു. അവര്‍ പല തൊഴിലുകള്‍ ചെയ്യുന്ന ഉപവിഭാഗങ്ങളായി തുടരുകയും ഹിന്ദുമതത്തില്‍ പൂര്‍ണ്ണവിശ്വാസം അര്‍പ്പിക്കുകയും ചെയ്തു.
ബ്രാഹ്മണ മതത്തെ എതിര്‍ത്തു നിന്ന ബൌദ്ധരും ജൈനരും ആ മതങ്ങള്‍ ക്ഷയിച്ചതോടെ പിടിച്ചു നില്ക്കാന്‍ മാര്‍ഗ്ഗമില്ലാത്തവരായി. പതുക്കെ പതുക്കെ ഓരോ ഗോത്രങ്ങളായി അവര്‍ ഹിന്ദുമതത്തില്‍ ചേര്‍ന്നു. അവരെ ബ്രാഹ്മണര്‍ വര്‍ണ്ണ വ്യവസ്ഥയുടെ വെളിയിലേക്ക് മാറ്റി നിര്‍ത്തി. ആദ്യമാദ്യം ചേര്‍ന്നവര്‍ തൊട്ടുകൂടാത്തവരും പിന്നെ വന്നവര്‍ തീണ്ടിക്കൂടാത്തവരുമായി തീര്‍ന്നു. എന്നാല്‍ ബൌദ്ധവിഹാരങ്ങളില്‍ പൂജാരിമാരായി കഴിഞ്ഞിരുന്ന ശ്രീ ഗുരുക്കന്മാരെയെല്ലാം പൂണൂലിടീച്ച് നമ്പൂതിരിമാരാക്കി.വൈദ്യശാസ്ത്ര പണ്ഡിതന്മാരായ ബൌദ്ധന്മാരെ ബ്രാഹ്മണപദവി നല്കി അഷ്ടവൈദ്യന്മാരായ മൂസ്സതുമാരാക്കി.
പന്തീരാണ്ടു കാലം കൂടുമ്പോള്‍ ചേരുന്ന മാമാങ്കസഭയില്‍ ബ്രാഹ്മണര്‍ക്കായിരുന്നു പ്രാമുഖ്യം. അവിടെയെടുക്കുന്ന തീരുമാനം കേരളത്തിലെ ജനങ്ങളും രാജാക്കന്മാരും ഒരുപോലെ അംഗീകരിച്ചിരുന്നു.ജാതിവ്യവസ്ഥയും അയിത്താചാരവും ചിട്ടപ്പെടുത്തിക്കൊണ്ടുള്ള തീരുമാനമുണ്ടായതും ഒരു മാമാങ്ക സദസ്സിലായിരുന്നു. തൊഴിലിനെ അടിസ്ഥാനമാക്കിയും മറ്റു വിധത്തിലും ജാതികള്‍ക്ക് ഉച്ചനീചത്വം കല്പ്പിക്കുകയാണ് സദസ്സ് ചെയ്തത്.
അതൊരു വല്ലാത്ത ശിക്ഷാവിധിയായിപ്പോയല്ലോ ഗുരോ.
അതെ പ്രഹ്ളാദ, ഇന്ത്യയില്‍ മറ്റെങ്ങും തന്നെ ബ്രാഹ്മണന്‍റെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള രാഷ്ട്രീയ സമ്മേളനങ്ങള്‍ നടക്കുകയോ അവ നാടിന്‍റെ വിധി നിര്‍ണ്ണയിക്കുകയോ ചെയ്തിരുന്നില്ല. വ്യക്തികളായ ബ്രാഹ്മണര്‍ രാജാക്കന്മാരുടെ ഉപദേശകരായി മാറുക പതിവായിരുന്നെങ്കിലും സമുദായം ആകെത്തന്നെ ഉപദേശകരുടെ വേഷത്തിലെത്തുന്ന സാഹചര്യം കേരളത്തില്‍ മാത്രമാണുണ്ടായിരുന്നത്. കേരളത്തിലെ ജാതിവ്യവസ്ഥയുടെ എല്ലാ പ്രത്യേകതകള്‍ക്കും നിദാനം ഈ സാഹചര്യമായിരുന്നു.ശങ്കരസ്മൃതിയും ജാതിനിര്‍ണ്ണയവും നിയമമായി മാറിയതോടെ തിയോക്രാറ്റിക് ഫ്യൂഡലിസം എന്ന പ്രത്യേക വ്യവസ്ഥിതി ഇവിടെ നിലവില്‍ വരുകയാണുണ്ടായത്.
പ്രഹ്ളാദ, എഡി എട്ടാം നൂറ്റാണ്ടുവരെ നായര്‍-ഈഴവ എന്ന നിലയില്‍ സമുദായ വേര്‍തിരിവ് ഉണ്ടായിരുന്നില്ല. എന്നാല്‍ എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെ ജനവിഭാഗളില്‍ നിന്നും ഉരുത്തിരിഞ്ഞ് ഈ രണ്ട് സമുദായങ്ങള്‍ ഉണ്ടാവുകയാണ് ചെയ്തത്. പാളത്താറും മെതിയടിയും ധരിച്ച് ,മീശയും തലമുടിയും വളര്‍ത്തി ,നെറ്റിയില്‍ ഭസ്മം പൂശി, കൈയ്യില്‍ പടവാളേന്തി, ഗൌരവ വാക്കോടുകൂടി സഞ്ചരിച്ചിരുന്ന നാകത്താന്മാരാണ് പിന്നീട് നായര്‍പ്രമാണിമാരായി മാറിയത്. അവരുടെ സ്വരൂപവും പഞ്ചേന്ദ്രിയങ്ങളും അന്തഃക്കരണവും പ്രാണനും ദൈവവും വിദ്യയും ലോകവും എന്നു വേണ്ട സര്‍വ്വവും ധര്‍മ്മമായിരുന്നു. ശിവഭക്തന്മാരായ ഇവര്‍ക്കൊപ്പം ചേര്‍ന്നവരും സഹായികളായവരുമൊക്കെ കാലക്രമത്തില്‍ ബ്രാഹ്മണ മതാനുയായികളാവുകയും അവരെ ഒന്നാകെ ശൂദ്രന്മാരായി ബ്രാഹ്മണര്‍ അംഗീകരിക്കുകയും ചെയ്തു. ശരിക്കും ശൈവഭക്തി പ്രസ്ഥാനത്തിന്‍റെ കാലത്ത് ഇവര്‍ നായകന്മാരായിരുന്നു. തമിഴകത്ത് സംബന്ദരുടെ കാലത്ത് ജൈനരെ സംഹരിക്കുകയും കേരളത്തില്‍ ബൌദ്ധര്‍ക്കെതിരെ പടനയിക്കുകയും ചെയ്തത് ഇവരായിരുന്നു. ബൌദ്ധക്ഷേത്രങ്ങള്‍ നശിപ്പിച്ച് അവയില്‍ പലതും ശിവക്ഷേത്രങ്ങളോ ദേവിക്ഷേത്രങ്ങളോ ആക്കി മാറ്റിയ ഇവര്‍ പില്ക്കാലത്ത് ഈ ശക്തിയൊക്കെ വെടിഞ്ഞ് ബ്രാഹ്മണരുടെ പരിചാരകന്മാരായി മാറുകയായിരുന്നു. കേരളത്തിലെ വിവിധ ഗണങ്ങളില്‍ പെട്ടവര്‍ നായര്‍ സമുദായത്തില്‍ ലയിച്ചിട്ടുണ്ട് പ്രഹ്ളാദ. ആയര്‍,ഇടയര്‍,വേളാളര്‍,മറവര്‍ എന്നിവരായിരുന്നു കൂടുതലും. ഇടനാടുകളില്‍ ഇവര്‍ കൂട്ടത്തോടെ ബ്രാഹ്മണമതം സ്വീകരിക്കുകയായിരുന്നു. ചക്കാനും വണിയനും എരുമനും കണിശനും പണിക്കനും പള്ളിച്ചനും ഊരാളിയും വെള്ളാളരും കാലക്രമത്തില്‍ നായര്‍ സമുദായത്തില്‍ ചേര്‍ന്നവരാണ്. നമ്പൂതിരിമാര്‍ക്ക് സ്വീകാര്യരായതിനാല്‍ അവരെല്ലാം ശൂദ്രരായി മാറി.
ഗുരു, അപ്പൊ ഈഴവരോ---, പ്രഹ്ളാഹന്‍ ചോദിച്ചു.  
പ്രഹ്ളാദ,സിലോണില്‍ നിന്നുവന്ന ബുദ്ധഭിക്ഷുക്കളുടെ പ്രേരണയാല്‍ ബുദ്ധമതം സ്വീകരിച്ച സമൂഹമാണ് പിന്നീട് ഈഴവരായി മാറിയത്. നല്ല കര്‍ഷകരും മദ്യവില്പ്പനക്കാരും വൈദ്യന്മാരും ഗണകന്മാരുമൊക്കെ ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു.ഉറച്ച ബുദ്ധമത വിശ്വാസികളായിരുന്നതിനാല്‍ വൈഷ്ണവ-ശൈവ പ്രസ്ഥാനങ്ങളെയും ബ്രാഹ്മണ മതത്തെയും അവര്‍ ശക്തമായി പ്രതിരോധിച്ചു നിന്നു. ബ്രാഹ്മണമതത്തോട് ഇണങ്ങിയവര്‍ക്ക് ശൂദ്രപ്പട്ടം കിട്ടിയപ്പോള്‍ യാഥാസ്ഥിതികരായി മാറിനിന്ന സമൂഹം ഒറ്റപ്പെട്ടു. പില്ക്കാലത്ത് അവര്‍ ഗതിയില്ലാതെ ദുരിതക്കയറ്റത്തിലും പട്ടിണിയിലും കൂപ്പുകുത്തിയപ്പോള്‍ ബ്രാഹ്മണമതം സ്വീകരിച്ചു. അപ്പോള്‍ നമ്പൂതിരി സമൂഹം അവരെ അവര്‍ണ്ണരായി പ്രഖ്യാപിച്ചു. ഇങ്ങനെ ആദ്യം ബ്രാഹ്മണമതത്തെ എതിര്‍ക്കുകയും പിന്നീട് ഹിന്ദുമതക്കാരായി മാറുകയും ചെയ്ത വിഭാഗമാണ് പ്രഹ്ളാദ, ഈഴവര്‍. ഈഴത്തില്‍ നിന്നുവന്ന ബൌദ്ധസന്ന്യാസിമാരുടെ അനുയായികള്‍ എന്ന നിലയിലാണ് അവര്‍ ഈഴവര്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഈഴവര്‍ക്ക് ചിത്തന്‍ എന്നും അരത്തന്‍ എന്നും രണ്ട് ദേവതമാരാണ് ഉണ്ടായിരുന്നത്. ചിത്തന്‍ സിദ്ധനും അരത്തന്‍ അര്‍ഹതനുമാണ്. ഇത് ബുദ്ധമതവുമായുള്ള അവരുടെ ബന്ധം ദൃഢീകരിക്കുന്നു.
പ്രഹ്ളാദ,ബുദ്ധമതത്തിന്‍റെ പ്രഭവകാലത്ത് പില്ക്കാലത്ത് ഈഴവരായി മാറിയ ജനസമൂഹത്തിന്  ഇവിടെ ഉയര്‍ന്ന പദവിയാണുണ്ടായിരുന്നത്.എന്നാല്‍ തിയോക്രാറ്റിക് ഫ്യൂഡലിസത്തിന്‍റെ കാലത്ത് അവര്‍ താഴോട്ട് താഴോട്ട് വരുവാന്‍ തുടങ്ങി. ഈഴവരും മറ്റും ഹിന്ദുസമുദായത്തില്‍ ചേര്‍ന്നിട്ടും ബുദ്ധമത വിശ്വാസത്തില്‍ ഉറച്ചുനിന്നവരായിരുന്നു പുലയരും പറയരും മറ്റും.അവര്‍ വളരെക്കാലം പീഢനമേല്ക്കുകയും ഒടുവില്‍ ഹിന്ദുമതത്തിന് അടിയറവുപറയുകയുമാണുണ്ടായത്. അതുകൊണ്ടുതന്നെ ഈഴവരേക്കാളും താണജാതിക്കാരും ഹീനജാതിക്കാരുമായി അവരെ പ്രഖ്യാപിച്ചത്.
ഗുരോ,അപ്പോള്‍ ബ്രാഹ്മണമതത്തില്‍ ആദ്യം ചേര്‍ന്നവര്‍ സവര്‍ണ്ണരും പിന്നീട് ചേര്‍ന്നവര്‍ തൊട്ടുകൂടാത്തവരും ഒടുവില്‍ ചേര്‍ന്നവര്‍ തീണ്ടിക്കൂടാത്തവരും എന്ന നിലവന്നു,അല്ലെ.
അതുതന്നെ പ്രഹ്ളാദ,അതുകൊണ്ടുതന്നെ നിന്‍റെ രക്തവുമായി ബന്ധമുള്ളവര്‍   തന്നെ നാടുവാഴികളും ക്ഷേത്രമേല്നോട്ടക്കാരും കാരിയക്കാരും അടിമകളുമൊക്കെയായി മാറിയത്. ഫ്യൂഡലിസം മാറി ജനാധിപത്യം വന്നിട്ടും ഇതൊക്കെ മറ്റൊരു രീതിയില്‍ തുടര്‍ന്നുവരുന്നു എന്നത് വിചിത്രമായ മറ്റൊരു സത്യവുമാണ്.
ഗുരോ,ബുദ്ധമത വിശ്വാസികളായ ഇവര്‍ നന്നായി പഠിച്ചവരായിരുന്നില്ലെ, എന്നിട്ടും എങ്ങിനെ ഇത്ര പിന്നോക്കം പോയി. “
പ്രഹ്ളാദ,ബ്രാഹ്മണര്‍ വലിയ സൂത്രശാലികളല്ലെ,ആദ്യം സാമ്പത്തിക പീഢനമായിരുന്നു, ഭൂമിയുടെ മേലുള്ള അവകാശം തട്ടിയെടുത്തു. ആചാരപരമായി അയിത്തക്കാര്‍ എന്ന നിലയില്‍ അവരെ പൊതുസമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തി. തുടര്‍ന്ന് എല്ലാവിധ വിജ്ഞാന സമ്പാദന മാര്‍ഗ്ഗങ്ങളും അവരുടെ മുന്നില്‍ കൊട്ടിയടച്ച് ബുദ്ധിപരമായി പിന്നോക്കമാക്കി. ഇത് ഒന്നും രണ്ടും നൂറ്റാണ്ടുകളല്ല,അനേകം നൂറ്റാണ്ടുകളാണ്. എന്നിട്ടും ഈ കൂട്ടത്തില്‍ നിന്നും സംസ്കൃത പണ്ഡിതന്മാരും പ്രസിദ്ധ ഭിഷഗ്വരന്മാരുമുണ്ടായി. ബൌദ്ധന്മാര്‍ സംസ്കൃതവും ആയുര്‍വ്വേദവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത വിദ്യാഭ്യാസ പ്രചാരകരായിരുന്നതിനാല്‍  തലമുറ കൈമാറി കുറെയൊക്കെ നഷ്ടപ്പെടാതെ നിലനിന്നു എന്നുമാത്രം.
സംഘകാലം മുതലെ ബുദ്ധമതം സ്വീകരിച്ചു തുടങ്ങിയ ചില ഗണങ്ങളാണ് ഈഴവരായി പരിണമിച്ചത്. വണികരും ഉഴവരും ചാന്‍റോരും വില്ലവരും ഈ കൂട്ടത്തില്‍പെടുന്നു. നല്ല കര്‍ഷകരും ഭൂവുടമകളും ഈ സമുദായത്തിലുണ്ടായിരുന്നു. മദ്യഹാരകന്മാരായ ചാന്‍റോന്മാരും സമ്പന്നരും ഉന്നത പദവിയുള്ളവരുമായിരുന്നു.അതിന്നും തുടരുന്നുമുണ്ട്. മറവര്‍,കുറവര്‍,മഴവര്‍,വേടര്‍ തുടങ്ങിയ വംശങ്ങളില്‍ നിന്നുള്ള യോദ്ധാക്കള്‍ ചേര്‍ന്നുണ്ടായ വില്ലോര്‍ ഗണവും ഈഴവരായി പില്ക്കാലത്ത് അറിയപ്പെട്ടു തുടങ്ങി. അങ്കം വെട്ടുന്ന ചേകവന്മാരും മദ്ധ്യകേരളത്തിലെ ചോവന്മാരുമൊക്കെ ഈ ഗണത്തെ ഓര്‍മ്മിപ്പിക്കുന്നു. ദ്വീപില്‍ നിന്നുവന്നവരുടെ ശിഷ്യന്മാര്‍ എന്ന നിലയില്‍ വടക്കന്‍ കേരളത്തിലെ ഈഴവര്‍ തീവന്‍ എന്നറിയപ്പെടുകയും കാലക്രമേണ തീയ്യനായി മാറുകയും ചെയ്തു. പ്രഹ്ളാദ,എന്തായാലും ഒരുകാര്യം സത്യമാണ്. ഏറ്റവുമധികം രക്തബന്ധമുള്ള രണ്ട് സമൂഹം കേരളത്തിലുള്ളത് നായരും ഈഴവരുമാണ്. ബ്രാഹ്മണമതം ഏറ്റവും ശക്തിയാര്‍ജ്ജിച്ച മദ്ധ്യകേരളത്തില്‍ മാത്രമാണ് ഈഴവര്‍ കൂടുതല്‍ പതിതരായി തീര്‍ന്നത്. എന്നാല്‍ തിരുവിതാംകൂറിലും വടക്കന്‍ കേരളത്തിലും അവര്‍ നായന്മാര്‍ക്കൊപ്പം തന്നെ സൈന്യങ്ങളില്‍ അംഗമാകുകയും ക്ഷേത്രഭരണത്തില്‍ ഇടപെടുകയും സ്വത്ത് കൈവശം വയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. രാജാക്കന്മാരും നാടുവാഴികളും അവര്‍ക്ക് തുല്യപദവിയും നല്കിയിരുന്നു.
ഗുരോ,ബുദ്ധമതക്കാരായ ഈഴവര്‍ ജന്തുബലിയും മദ്യസേവയും നടത്തിക്കൊണ്ടുള്ള ആരാധന സമ്പ്രദായം സ്വീകരിക്കാന്‍ കാരണമെന്താണ്?”, പ്രഹ്ളാദന്‍ ചോദിച്ചു.
പ്രഹ്ളാദ,ഈ ചോദ്യം തികച്ചും ഉചിതമാണ്. ബുദ്ധമതം കേരളത്തിലെ ജനങ്ങള്‍ കൈവിടുന്ന കാലത്ത് ബുദ്ധസന്ന്യാസിമാര്‍ സുഖഭോഗ ലാലസതകളില്‍ ആരമിക്കയായിരുന്നു എന്ന് ഞാന്‍ പറഞ്ഞത് നീ ഓര്‍ക്കുന്നുണ്ടാകുമല്ലോ.
ഉവ്വ്,ഗുരോ.

അന്ന് താന്ത്രിക ബുദ്ധമതമാണ് നിലനിന്നിരുന്നത്. മാംസസേവയും മദ്യസേവയും ഭോഗലാലസതയും നിര്‍വ്വാണ മാര്‍ഗ്ഗങ്ങളായാണ് അവര്‍ കരുതിയിരുന്നത്. മഹായാന ബുദ്ധമതത്തിലെ പല ദൈവങ്ങളെയും നികൃഷ്ട ദൈവങ്ങളായി തരം താഴ്ത്തിയിരുന്നു. ബോധിസത്വനായ ശാസ്താവിനെ ചാത്തനായും പത്തിനിദേവിയെ ചാമുണ്ഡിയായും മാറ്റി. കള്ളും ചാരായവും നിവേദിച്ചുകൊണ്ടും ജന്തുബലി നടത്തിക്കൊണ്ടും ഈ ദൈവങ്ങളെ ആരാധിക്കുന്ന സമ്പ്രദായം സാധാരണമായി. ഈഴവരുടെ ഈ നികൃഷ്ടമായ ആരാധന സമ്പ്രദായം മാറാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവന്നു പ്രഹ്ളാദ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ