2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-33- ചെറുത്തു നില്പ്പുകളും കുതികാല്‍വെട്ടുകളും

മുപ്പത്തിമൂന്ന്
ചെറുത്തു നില്പ്പുകളും കുതികാല്‍വെട്ടുകളും
രാജാവിനെക്കാളും വലിയ മന്ത്രിയായിരുന്നുവൊ പാലിയത്തച്ചന്‍.
അതെ പ്രഹ്ളാദ,അധികാരം കൈവരാനും നിലനിര്‍ത്താനും ഒരുപാട് വളഞ്ഞ വഴികളുണ്ട്.ഈ ദുര്‍ബ്ബല കാലഘട്ടത്തിലും കോഴിക്കോടുമായുള്ള വഴക്ക് അവസാനിച്ചിരുന്നില്ല.ആയിരത്തി അറുനൂറ്റി എണ്‍പത്തിയേഴു മുതല്‍ ആയിരത്തി അറുനൂറ്റി തൊണ്ണൂറ്റി മൂന്നുവരെ ഭരണം നടത്തിയ മൂത്തതാവഴിക്കാരനായ രാമവര്‍മ്മ , ചാഴൂര്‍ താവഴിയില്‍ നിന്നും ദത്തെടുക്കാന്‍ തീരുമാനിച്ചു.ഡച്ചുകാരും പാലിയത്തച്ചനും മറ്റു ചില മാടമ്പികളും ഇതിനെ അനുകൂലിച്ചു.പറവൂരും ആലങ്ങാടും കരപ്പുറവും വെട്ടത്ത് താവഴിയില്‍ നിന്നും ദത്തെടുക്കണമെന്ന് വാശിപിടിച്ചു. ഒടുവില്‍ ആലുവയില്‍ വച്ചുള്ള യുദ്ധമായി അത് മാറി.സാമൂതിരിയും ഡച്ചുകാരും പാലിയത്തച്ചനും ചേര്‍ന്ന സഖ്യം ജയിച്ചു.ഇതിനെ തുടര്‍ന്ന് ചേറ്റുവ മണപ്പുറം ഡച്ചുകാര്‍ സാമൂതിരിക്ക് നല്കി.ഡച്ചുസഹായത്തോടെ സാമൂതിരിയെ എതിര്‍ക്കാം എന്ന കൊച്ചിയുടെ മോഹം അതോടെ തീര്‍ന്നു.എങ്കിലും തുടര്‍ന്നും യുദ്ധങ്ങളുണ്ടായി.ഡച്ചുകാലത്തെ പ്രധാന രാജാവായിരുന്നു രാമവര്‍മ്മ.അധികാരമേറ്റ ആയിരത്തി എഴുനൂറ്റി ഒന്നില്‍ തന്നെ അദ്ദേഹം യുദ്ധപ്രഖ്യാപനം നടത്തി.ഡച്ചുകാരും കൊച്ചിയെ സഹായിച്ചു.ചെറുതും വലുതുമായ യുദ്ധങ്ങള്‍ ഒന്‍പത് വര്‍ഷം നീണ്ടു.ആയിരത്തി എഴുനൂറ്റി പത്തില്‍ സന്ധിയായി.ചേറ്റുവായും പാപ്പിനിവട്ടവും ഡച്ചുകാര്‍ കൈവശം വച്ചു.സാമൂതിരി പിടിച്ച പല പ്രദേശങ്ങളും തിരികെ കിട്ടി.സാമൂതിരി ആയിരത്തി എഴുനൂറ്റി പതിനഞ്ചില്‍ ആക്രമണം പുനഃരാരംഭിച്ചു.ചേറ്റുവായും പാപ്പിനിവട്ടവും തിരികെ പിടിച്ചു. ആയിരത്തി എഴുനൂറ്റി പതിനാറില്‍ കൂടുതല്‍ സജ്ജീകരണങ്ങളുമായി ഡച്ചുകാര്‍ നടത്തിയ കടന്നാക്രമണത്തില്‍ സാമൂതിരി തോറ്റു.ആയിരത്തി എഴുനൂറ്റി പതിനേഴില്‍ മറ്റു മാര്‍ഗ്ഗമില്ലാതെ സാമൂതിരി ഡച്ചുമായി സന്ധി ചെയ്തു. രാമവര്‍മ്മ രാജയാണ് പെരുമ്പടപ്പ് മൂപ്പ് സ്ഥാനം അവസാനിപ്പിച്ചതും.
അപ്പോള്‍ തീരെ ദാസ്യത്തിലേക്ക് പോയില്ല എന്നു പറയാം-ല്ലെ ഗുരോ
ങ്ഹും.അങ്ങിനെയും പറയാം പ്രഹ്ളാദ.ആയിരത്തി എഴുനൂറ്റി ഇരുപത്തി ഒന്നില്‍ അധികാരമേറ്റ രവിവര്‍മ്മ പാലിയത്തച്ചനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കി.അച്ചന്‍റെ കലാപശ്രമം അടിച്ചമര്‍ത്തി.ചേന്ദമംഗലത്തിന് പുറത്തുള്ള ഭൂമികള്‍ കണ്ടുകെട്ടി.പിന്നീട് വന്ന ഇട്ടിണ്ണാനച്ചന്‍ രാജാവിനോട് മാപ്പപേക്ഷിച്ച് സ്ഥാനവും സ്വത്തുക്കളും തിരികെ വാങ്ങി.പ്രഹ്ളാദ,പാലിയത്തച്ചന്മാരുടെ തന്ത്രപരമായ സമീപനത്തിന് ഏറ്റവും നല്ല ഉദാഹരണമാണിത്.ആയിരത്തി എഴുനൂറ്റി മുപ്പത്തിയൊന്നു വരെ രവിവര്‍മ്മ ഭരണം നടത്തി.ആയിരത്തി എഴിനൂറ്റി നാല്പ്പത്തിയൊന്‍പതില്‍ അധികാരമേറ്റ രാമവര്‍മ്മയുടെ കാലത്താണ് മാര്‍ത്താണ്ഡവര്‍മ്മയുമായി ഏറ്റുമുട്ടേണ്ടി വന്നത്.കാരണം മറ്റൊരു ബന്ധുവും.പെരുമ്പടപ്പ് മൂപ്പ് സ്ഥാനം പുനഃരാരംഭിക്കണമെന്ന് ചാഴൂര്‍ തമ്പാന്മാര്‍ ആവശ്യപ്പെട്ടിരുന്നു.കൊച്ചി രാജാവ് വിസമ്മതിച്ചപ്പോള്‍ അവര്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സഹായം തേടി.ഇതൊരവസരമായി കണ്ട് മാര്‍ത്താണ്ഡവര്‍മ്മ തിരുവല്ല ക്ഷേത്രത്തിന്‍റെ കോയ്മ ഏറ്റെടുത്തു. ആയിരത്തി എഴുനൂറ്റി അന്‍പത്തിരണ്ടില്‍ കരപ്പുറത്തേക്ക് തിരുവിതാംകൂര്‍ സൈന്യം എത്തി.കൊച്ചി പിന്മാറി.അതോടെ ചാഴൂര്‍ തമ്പാനെ കരപ്പുറം അധികാരിയാക്കി പെരുമ്പടപ്പ് മൂപ്പ് സ്ഥാനവും നല്കി.ആയിരത്തി എഴുനൂറ്റി അന്‍പത്തി മൂന്നില്‍ തിരുവിതാംകൂര്‍ ഡച്ച് സഖ്യം നിലവില്‍ വന്നു.ഡച്ചുകാര്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറി.കൊച്ചിയുടെ അസ്തമനം കുറിച്ചത് ആയിരത്തി എഴുനൂറ്റി അന്‍പത്തി നാലിലെ അമ്പലപ്പുഴ യുദ്ധമാണ്.കായംകുളം,പുറക്കാട്,വടക്കുംകൂര്‍ നാടുകളുടെ പിന്‍തുണയോടെയാണ് കൊച്ചി,തിരുവിതാംകൂറുമായി യുദ്ധം ചെയ്തത്. പാലിയത്തച്ചന്‍‌ ഉള്‍പ്പെടെ പല പ്രമാണിമാരെയും തിരുവിതാംകൂര്‍ തടവുകാരാക്കി.രാമയ്യന്‍ ദളവ നേതൃത്വം കൊടുത്ത തിരുവിതാംകൂര്‍ സേന അരൂക്കുറ്റിയില്‍ താവളമുറപ്പിച്ചു.മറ്റു മാര്‍ഗ്ഗമില്ലാതെ ആയിരത്തി എഴുനൂറ്റി അന്‍പത്തിയേഴില്‍ തിരുവിതാംകൂറുമായി ഉടമ്പടി ഒപ്പുവച്ചു.ഒരു രാജ്യത്തിന്‍റെ ശത്രുവിനെ മറ്റേ രാജ്യത്ത് താമസിപ്പിക്കുകയില്ലെന്നും ശത്രു ആക്രമിച്ചാല്‍ പരസ്പ്പരം സഹായിക്കുമെന്നും വ്യവസ്ഥ ചെയ്തു.ചാഴൂര്‍ തമ്പാന്മാര്‍ക്ക് കരപ്പുറത്തിനുമേല്‍ നല്കിയിരുന്ന അവകാശവും റദ്ദാക്കി.കോമി അച്ചന്‍റെ സാമര്‍ത്ഥ്യം കൊണ്ടാണ് ഈ കരാര്‍ ഒപ്പിട്ടത്.ആയിരത്തി എഴുനൂറ്റി അന്‍പത്തിയെട്ടില്‍ സാമൂതിരി ചേന്ദമംഗലം ആക്രമിച്ച് കീഴടക്കി.ഈ സമയം ഡച്ചുകാര്‍ സാമൂതിരിയുമായി സഖ്യത്തിലായിരുന്നു.ആയിരത്തി എഴുനൂറ്റി അറുപതില്‍ രാമവര്‍മ്മ രാജാവ് ദിവംഗതനായതിനെ തുടര്‍ന്ന് വീരകേരള വര്‍മ്മ രാജ്യഭാരം കൈയ്യേറ്റു.ആയിരത്തി എഴുനൂറ്റി അറുപത്തി ഒന്നില്‍ കോമി അച്ചന്‍റെ ഉത്സാഹത്തില്‍ തിരുവിതാംകൂറുമായുള്ള സഖ്യം കൂടുതല്‍ ദൃഢപ്പെടുകയും കൊച്ചിയുടെ നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ തിരുവിതാംകൂര്‍ സഹായിക്കമെന്ന് ഏല്ക്കുകയും ചെയ്തു.ആലങ്ങാടും പറവൂരും തിരുവിതാംകൂറില്‍ ലയിക്കണം എന്നാതായിരുന്നു വ്യവസ്ഥ.മനസ്സില്ലാമനസ്സോടെ വീരകേരള വര്‍മ്മ സമ്മതിച്ചു.തിരുവിതാംകൂര്‍ സൈന്യം സാമൂതിരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. സാമൂതിരി വടക്കോട്ട് കെട്ടുകെട്ടി.വടക്കുനിന്ന് ഹൈദരാലിയും ആക്രമണം തുടങ്ങിയതോടെ സാമൂതിരി തിരുവിതാംകൂറുമായി സന്ധിയായി.പെരുമ്പടപ്പും സമീപപ്രദേശങ്ങളും വച്ചനുഭവിക്കാന്‍ സമ്മതവും നല്കി.അതോടെ പെരുമ്പടപ്പ് തിരിച്ചു പിടിക്കുക എന്ന കൊച്ചിയുടെ മോഹം കെട്ടു.
നിത്യ ശത്രുക്കളും മിത്രങ്ങളുമില്ലാത്ത രാഷ്ട്രീയം, പ്രഹ്ളാദന്‍ പറഞ്ഞു.
അന്നും ഇന്നും അങ്ങിനെ തന്നെ പ്രഹ്ളാദ.കാര്യങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ.ആയിരത്തി എഴുനൂറ്റി എഴുപത് ആയപ്പോഴേക്കും കൊച്ചിരാജാവും ഡച്ചുകാരും തമ്മില്‍ തെറ്റി.വൈപ്പിന്‍ ദ്വീപിലായിരുന്നു ഏറ്റുമുട്ടല്‍.തിരുവിതാംകൂര്‍ സൈന്യം വരുന്നു എന്നു കേട്ടപ്പോള്‍ ബത്തേവിയയിലെ ഡച്ചുമേലധികാരികള്‍ ഇടപെട്ട് യുദ്ധം ഒഴിവാക്കി.ആയിരത്തി എഴുനൂറ്റി എഴുപത്തിയാറില്‍ ഹൈദര്‍ ആക്രമണം നടത്തിയത് രാമവര്‍മ്മയുടെ കാലത്താണ്.ഹൈദര്‍ക്ക് കപ്പം കൊടുത്ത് വലിയ നഷ്ടം ഒഴിവാക്കി.ആയിരത്തി എഴുനൂറ്റി എണ്‍പത്തിയൊന്‍പതില്‍ മകന്‍ ടിപ്പുവിന്‍റെ വകയായിരുന്നു ആക്രമണം.ചാലക്കുടി പുഴ കടന്ന് കൊടുങ്ങല്ലൂര്‍ കോട്ട പിടിച്ച് ആലുവയിലെത്തിയപ്പോഴേക്കും തലസ്ഥാനമായ ശ്രീരംഗപട്ടണം ബ്രിട്ടീഷുകാര്‍ ആക്രമിക്കും എന്ന വാര്‍ത്ത കിട്ടി.ടിപ്പു മടങ്ങി.ആയിരത്തി എഴുനൂറ്റി തൊണ്ണൂറ് ആഗസ്റ്റില്‍ ശക്തന്‍ തമ്പുരാന്‍ എന്ന രാമവര്‍മ്മ അധികാരമേറ്റു.ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സാമന്തനായിരിക്കാമെന്നും പകരം ടിപ്പു കൈവശപ്പെടുത്തിയ കൊച്ചി പ്രദേശങ്ങള്‍ തിരികെ ലഭിക്കാന്‍ സഹായിക്കാമെന്നും ഇരുവരും സന്ധിചെയ്തു.എങ്കിലും അവരുടെ സൌഹൃദം അത്ര സുഖകരമായിരുന്നില്ല.ഉരസലുകള്‍ ഇടയ്ക്കിടെ ഉണ്ടായി.
കൊച്ചി രാജാവ് സാമന്തനായതോടെ പ്രാദേശിക അധികാര കേന്ദ്രങ്ങള്‍ അവിടവിടെയുണ്ടായി.അവരെ അടിച്ചമര്‍ത്തി രാജബലം കാട്ടിയതിന് രാമവര്‍മ്മയ്ക്ക് കിട്ടിയ വിശേഷണമാണ് ശക്തന്‍.ഗൌഡസാരസ്വതന്മാരോടും ലത്തീന്‍ കത്തോലിക്കരോടും വളരെ ക്രൂരമായി ശക്തന്‍ പെരുമാറി. ഡച്ചുകാരുടെ സംരക്ഷണത്തില്‍ പ്രമുഖ വ്യാപാരിയായിതീര്‍ന്ന ദേവരേശക്കിണിയെ കീഴടക്കി തല കണിയായി കാണുവാന്‍പോലും ശക്തന്‍ മടിച്ചില്ല. ലത്തീന്‍ ക്രിസ്തീയ നേതാക്കള്‍ക്കും പീഡനമേല്‍ക്കേണ്ടിവന്നു. ക്ഷേത്രങ്ങള്‍ അധികാര കേന്ദ്രങ്ങളാക്കി ഭരണം നടത്തിയ ബ്രാഹ്മണരെയും അദ്ദേഹം നിലയ്ക്കുനിര്‍ത്തി.ഭരണ സംവിധാനത്തില്‍ സമൂല പരിവര്‍ത്തനം നടത്തിയ ശക്തന്‍ തമ്പുരാന്‍ ഈഴവ സൈന്യവും രപീകരിച്ചിരുന്നു.നിരത്തുകള്‍ നിര്‍മ്മിച്ചും പാലങ്ങള്‍ പണിയിച്ചും പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. ചെറിയ ശിക്ഷകള്‍ക്കുപോലും കഠിന ശിക്ഷ നല്കിയതുമൂലം ക്രമസമാധാനവും സാധാരണക്കാരുടെ സുരക്ഷിതബോധവും മെച്ചപ്പെട്ടു.ആധുനിക കൊച്ചിയുടെ പിതാവായ ശക്തന്‍ തമ്പുരാന്‍ ആയിരത്തി എണ്ണൂറ്റി അഞ്ചില്‍ നിര്യാതനായി. തുടര്‍ന്ന് രാജാവായ രാമവര്‍മ്മ വീണ്ടും പാലിയത്തച്ചനെ മന്ത്രിയാക്കി.ബ്രിട്ടീഷുകാര്‍ക്കെതിരെ വേലുത്തമ്പി തുടങ്ങിവച്ച യുദ്ധത്തില്‍ പാലിയത്തച്ചനും കൂട്ടുചേര്‍ന്നു.യുദ്ധം പരാജയപ്പെട്ടതോടെ ആയിരത്തി എണ്ണൂറ്റി ഒന്‍പതില്‍ പാലിയത്തച്ചന്‍ നാടുകടത്തപ്പെട്ടു.അതോടെ പാലിയത്തുകാരുടെ മന്ത്രിസ്ഥാനവും അവസാനിച്ചു.
തുടര്‍ന്നുള്ള കൊച്ചിരാജാക്കന്മാരുടെ ഭരണം ബ്രിട്ടീഷ് മേല്‍ക്കോയ്മക്ക് കീഴ്പ്പെട്ട അടിമത്തത്തിന്‍റെ കഥയാണുപറയുന്നത്. എന്നാല്‍ ഭരണകാര്യങ്ങളില്‍ പ്രാപ്തരായ അനേകം ദിവാന്മാര്‍ ഈ കാലഘട്ടത്തില്‍ ഭരണം നടത്തുകയും വിപ്ലവകരമായ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുകയും ചെയ്തു.ആയിരത്തി എണ്ണൂറ്റി അന്‍പത്തിനാലില്‍ ദിവാന്‍ ശങ്കരവാരിയരാണ് അടിമവ്യാപാരം നിര്‍ത്തലാക്കിയത്.ആറായിരത്തി അഞ്ഞൂറ് സര്‍ക്കാര്‍ അടിമകള്‍ ഉള്‍പ്പെടെ അന്‍പത്തിയെണ്ണായിരത്തില്‍ കുറയാതെ അടിമകള്‍ ഉണ്ടായിരുന്നു.കൊച്ചി രാജ്യത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ പ്രാരംഭം കുറിച്ചതും ഇദ്ദേഹമാണ്. അടിമവേലക്ക് തുല്യമായ ഊഴിയം നിര്‍ത്തലാക്കിയതും അടിമവ്യാപാരം കുറ്റകരമാക്കിയതും ദിവാന്‍ ശങ്കുണ്ണിമേനോനായിരുന്നു.തദ്ദേശ സ്വയം ഭരണത്തിന് പ്രാരംഭം കുറിച്ചത് എ.ആര്‍.ബാനര്‍ജിയാണ്.കൊച്ചി തുറമുഖ വികസനത്തിന് ആദ്യനടപടികള്‍ എടുത്തതും അദ്ദേഹമാണ്. അധഃകൃതോദ്ധാരണത്തിന് വ്യക്തമായ നയം ആവിഷ്ക്കരിച്ചത് ടി.വിജയരാഘവാചാരിയാണ്.ഉത്തരവാദ ഭരണത്തിലേക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചതും പിന്നോക്കസമുദായക്കാര്‍ക്ക് ഉദ്യോഗസംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിച്ചതും കൊച്ചി തുറമുഖം വികസിപ്പിച്ചതും ഷണ്‍മുഖം ചെട്ടിയാണ്. ഇത്തരത്തില്‍ ഇന്ത്യയിലെ പുരോഗമനമാര്‍ജ്ജിച്ച നാട്ടുരാജ്യങ്ങളില്‍ ഒന്ന് എന്ന ഖ്യാതി കൊച്ചിക്ക് കിട്ടി.ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തിയൊന്‍പതില്‍ രാമവര്‍മ്മ പരീക്ഷിത്ത് തമ്പുരാന്‍ തിരു-കൊച്ചി ലയനത്തിന് സമ്മതിച്ചതോടെ കൊച്ചി രാജവംശം ഇല്ലാതായി.അഭിമാനിക്കാന്‍ ഏറെയൊന്നുമില്ലാത്ത ഒരു രാജവംശമായിരുന്നു കൊച്ചി.എന്നും സ്വന്തം അധികാരം നിലനിര്‍ത്താന്‍ ആര്‍ക്കെങ്കിലുമൊക്കെ കീഴ്പ്പെട്ട് നീങ്ങിയ സാമന്തന്മാര്‍.ചിലര്‍ അങ്ങിനെയാണ് പ്രഹ്ളാദ,ബാഹ്യമായ സുഖസൌകര്യങ്ങള്‍ക്കായി അവര്‍ ആദര്‍ശങ്ങളും മനസ്സുമൊക്കെ പണയപ്പെടുത്തും .അധമമാണ് കര്‍മ്മം എന്നറിയാമെങ്കിലും.
മലബാറിലും കലാപങ്ങള്‍ക്ക് ശമനമുണ്ടായിരുന്നില്ല പ്രഹ്ളാദ.അവിടെ മൈസൂര്‍ സൂല്‍ത്താന്‍മാരും ഈസ്റ്റ് ഇന്ത്യ കമ്പനിയും സ്ഥിരമായി വേട്ടയാടുകയായിരുന്നു.മൈസൂര്‍ സുല്‍ത്താന്‍മാരെ പ്രതിരോധിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന കോട്ടയം രാജാവിന് സ്വന്തംനാട് നഷ്ടമായ കഥയാണ് ഇതില്‍ പ്രധാനം.ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റിരണ്ടിലെ ശ്രീരംഗപട്ടണം സന്ധിയോടെ മലബാര്‍ ഇംഗ്ലീഷ് കമ്പനിക്ക് സ്വന്തമായി.രാജാക്കന്മാരും പ്രജകളും കമ്പനി പ്രജകളാണെന്ന് അവര്‍ വിളംബരം ചെയ്തു.കോട്ടയം രാജാവ് ഇതിനെ എതിര്‍ത്തു.അപ്പോള്‍ കോട്ടയത്തെ നികുതി പിരിവ് കൂടി കുറുമ്പ്രനാട്ട് രാജാവിന് നല്കുകയാണ് അവര്‍ ചെയ്തത്.കേരളവര്‍മ്മ പഴശ്ശിരാജാ ആയിരുന്നു കോട്ടയം രാജാവ്.അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരപതാക ഉയര്‍ത്തി. കോട്ടയത്ത് നികുതി പിരിവ് അസാദ്ധ്യമായി.ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റി മൂന്ന് ഡിസംബറില്‍ പഴശ്ശിരാജയുടെ ശക്തി ബോദ്ധ്യപ്പെട്ട ബ്രിട്ടീഷുകാര്‍ കരാറിന് തയ്യാറായി.അതുപ്രകാരം ദേവസ്വം ഭൂമിയില്‍ നിന്ന് ഒരു കൊല്ലത്തേക്ക് നികുതി പിരിക്കില്ലെന്നും മൊത്തം നികുതിയുടെ അഞ്ചില്‍ ഒന്ന് രാജാവിന് ചിലവിന് കൊടുക്കാമെന്നും വ്യവസ്ഥ ചെയ്തു.ആ കരാര്‍ താത്ക്കാലികമായിരുന്നു.ഗവര്‍ണ്ണര്‍ ജനറല്‍ കരാര്‍ തള്ളിക്കൊണ്ട് ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റി നാലില്‍ കോട്ടയം രാജ്യത്തെ കുറുമ്പ്രനാടന് ലീസിനു നല്കി.പഴശ്ശി അത് അംഗീകരിച്ചില്ല.നാട്ടുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് നികുതിയും കൊടുത്തില്ല.കുറുമ്പ്രനാടിന്‍റെയും ബ്രിട്ടീഷുകാരുടെയും ഉത്തരവുകള്‍ പഴശ്ശി നിരന്തരം ലംഘിച്ചു.ഒടുവില്‍ അറസ്റ്റിന് ഉത്തരവിട്ടു.ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റിയാറില്‍ മുന്നൂറു പട്ടാളക്കാരുമായി ലഫ്റ്റനന്‍റ് ജയിംസ് ഗോര്‍ഡന്‍ കോട്ട വളഞ്ഞു.നേരത്തെ വിവരം കിട്ടിയ രാജാവും കുടുംബവും അപ്പോഴേക്കും വയനാട്ടിലെ വില്ലാളികളായ കുറിച്യരുടെ കൈകളില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്നു.പിന്നെ ഗറില്ലയുദ്ധം തന്നെയായിരുന്നു ഒരു പതിറ്റാണ്ടുകാലം.പ്രഹ്ളാദ,ഈ എതിര്‍പ്പുകളും ദുര്‍ബലന്‍റെ പ്രതിരോധവുമൊക്കെ നാം എന്നും ഇഷ്ടപ്പെടുന്ന വീര്യമൂറും കഥകളാണ്. അന്തിമമായി തോല്‍ക്കാനുള്ള അവന്‍റെ ഓരോ കാല്‍വയ്പ്പും നമുക്കാവേശമാണ്.ഗറില്ലായുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് പലപ്പോഴായി നാശങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റി ഏഴില്‍ ഇരുനൂറു ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ വലിയൊരു സൈന്യം കേണല്‍ ഡൌവിന്‍റെ നേതൃത്വത്തില്‍ താമരശ്ശേരി ചുരം കടന്ന് വയനാട്ടിലെ പെരിയ വരെ എത്തി.ലഫ്റ്റനന്‍റ് മീലിയുടെ നേതൃത്വത്തില്‍ മറ്റൊരു സൈന്യം കാര്‍കൂര്‍ ചുരം വഴിയും വയനാട്ടിലെത്തി.മൂന്നുദിവസം തുടര്‍ച്ചയായി നടന്ന യുദ്ധത്തിലൂടെ നായര്‍ പട്ടാളവും കുറിച്യ വില്ലാളികളും ചേര്‍ന്ന് ബ്രിട്ടീഷുകാരെ ഓടിച്ചു. മേജര്‍ കാമറൂന്‍റെ സൈന്യം മൊത്തത്തില്‍ നശിച്ചു.ഇതിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ സന്ധിക്ക് വന്നു.പ്രതിവര്‍ഷം എണ്ണായിരം രൂപ പഴശ്ശിക്ക് നല്കാമെന്നും പഴശ്ശി സമാധാനത്തില്‍ കഴിയണമെന്നും കരാര്‍ വ്യവസ്ഥ ചെയ്തു. ഈ സമാധാനവും ഹ്രസ്വമായിരുന്നു.ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റൊമ്പതിലെ ശ്രീരംഗപട്ടണം കരാര്‍ പ്രകാരം ടിപ്പുവില്‍ നിന്നും വയനാടും കമ്പനി സ്വന്തമാക്കി.പഴശ്ശിരാജ തന്‍റെ അവകാശം ഉന്നയിച്ചു.നായന്മാരും മാപ്പിളമാരും കുറിച്യരും ചേര്‍ന്ന് ഇംഗ്ലീഷുകാരെ വെല്ലുവിളിച്ചു.ഉണ്ണി മൂസ്സ മൂപ്പന്‍,അത്തന്‍ കുരിക്കള്‍,ചെമ്പന്‍ പോക്കര്‍,ടിപ്പു സേനയില്‍ നിന്നും പിരിച്ചുവിടപ്പെട്ടവര്‍ തുടങ്ങി വലിയ നിരയായിരുന്നു പഴശ്ശിയുടേത്. ആര്‍തര്‍ വെല്ലസ്ലിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേനയും ശക്തമായിരുന്നു. വാട്ടര്‍ലൂവില്‍ വച്ച് നെപ്പോളിയനെ തോല്പ്പിച്ചയാളാണ് വെല്ലസ്ലി.എന്നാല്‍ വയനാടന്‍ യുദ്ധം അത്ര എളുപ്പമാകില്ലെന്ന് അദ്ദേഹം മനസ്സിലാക്കി.ദുഷ്പ്രാപ്യമായ വനങ്ങളും മലയിടുക്കുകളും നിറഞ്ഞ ഈ പ്രദേശത്ത് ജനകീയ പിന്തുണയുള്ള ഒരു രാജാവിനെ തോല്പ്പിക്കുക എളുപ്പമല്ല എന്ന് വെല്ലസ്ലിക്ക് ബോദ്ധ്യപ്പെട്ടു.ആദ്യം തന്നെ സൈനിക നീക്കത്തിന് അനുയോജ്യമായ റോഡുകള്‍ പണിതു.മലബാറിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തുനിന്നും വയനാട്ടിലേക്കുള്ള അരിവിതരണം നിരോധിച്ചു.വയനാടിനുമേല്‍ സമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തി.വയനാടിന്‍റെ ഇരുഭാഗങ്ങളില്‍ നിന്നായി ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കി.സ്ഥിതി അത്ര അനുകൂലമല്ലെന്നും എതിരാളി ശക്തനാണെന്നും കേണല്‍ ഡാര്‍ട്ടനെ എഴുതി അറിയിച്ചു.
നെപ്പോളിയനേക്കാള്‍ മിടുക്കന്‍ പഴശ്ശി എന്നു പറയാം-ല്ലെ ഗുരോ
ഒരര്‍ത്ഥത്തില്‍.ഏതായാലും ആയിരത്തി എണ്ണൂറ്റി ഒന്നില്‍ വന്‍സൈന്യവുമായി കേണല്‍ സ്റ്റീവന്‍സണ്‍ വയനാട്ടിലെത്തി.പൂര്‍ണ്ണമായും വയനാട് വളയപ്പെട്ട അവസ്ഥയില്‍ പഴശ്ശിയും കൂട്ടരും കുറച്ച് വിഷമിച്ചു.നവംബറില്‍ പഴശ്ശിയുടെ പ്രധാന പടനായകനായ കണ്ണവത്തം ശങ്കരന്‍ നമ്പ്യാരെ ബ്രിട്ടീഷുകാര്‍ പിടികൂടി വധിച്ചു. ആയിരത്തി എണ്ണൂറ്റി രണ്ടില്‍ മലബാര്‍ കളക്ടര്‍ മേജര്‍ മക്ലിയോഡ് ,ജില്ലയ്ക്കകത്ത് ആയുധം കൈവശം വയ്ക്കുന്നത് കുറ്റകരമായി പ്രഖ്യാപിച്ചു. ഇത് ബ്രിട്ടീഷുകാര്‍ക്ക് ദോഷമായി.പലരും പഴശ്ശിക്കൊപ്പം ചേര്‍ന്നു.ഒക്ടോബറില്‍ പനമരത്ത് ക്യാമ്പ് ചെയ്തിരുന്ന ബ്രിട്ടീഷുകാരെ കുറിച്യന്‍ തലയ്ക്കല്‍ ചന്തുവും എടച്ചേന കുങ്കന്‍ നായരും നേതൃത്വം നല്കിയ പഴശ്ശി പട്ടാളം പതിയിരുന്ന് വധിക്കുകയും കോട്ട പിടിച്ചെടുക്കുകയും ചെയ്തു.പനമരം വിജയം ആത്മവീര്യം വര്‍ദ്ധിപ്പിച്ചു.എടച്ചേന കുങ്കന്‍ പുല്പ്പള്ളി ക്ഷേത്രത്തില്‍ വച്ച് തുറന്ന സമരത്തിന് ജനങ്ങളെ ആഹ്വാനം ചെയ്തു.മാനന്തവാടിക്കടുത്ത് വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ മൂവായിരത്തോളം ആളുകള്‍ ആയുധമേന്തി പഴശ്ശി പട്ടാളത്തില്‍ ചേര്‍ന്നു. അധികം താമസ്സിയാതെ വയനാട് മുഴുവന്‍ പഴശ്ശി പട്ടാളത്തിന്‍റേതായി.
എത്ര ആവേശമുളവാക്കുന്ന സംഭവങ്ങള്‍-ല്ലെ ഗുരോ
അതെ പ്രഹ്ളാദ.അണയും മുന്നെയുള്ള ആളിക്കത്തല്‍ എന്നു പറയാം.ആയിരത്തി എണ്ണൂറ്റി മൂന്നില്‍ മേജര്‍ മക്ലിയോഡ് സ്ഥാനമൊഴിഞ്ഞു.രാജ്യത്താകമാനം കലാപം പൊട്ടിപ്പുറപ്പെട്ടു.ബ്രിട്ടീഷ് സേനയ്ക്ക് വന്‍നാശമുണ്ടായി.കുങ്കന്‍ നായരും കൂട്ടരും ബ്രിട്ടീഷ് കൈവശമുള്ള പഴശ്ശികോട്ടയും ആക്രമിച്ചു. കൂടുതല്‍ ബ്രിട്ടീഷ് സേന വന്നപ്പോഴാണ് അവര്‍ മനോവീര്യം വീണ്ടെടുത്തത്.ആയിരത്തി എണ്ണൂറ്റി നാലില്‍ തലശ്ശേരി സബ്കളക്ടറായി വന്ന തോമസ് ഹാര്‍വി ബാബര്‍ തന്ത്രശാലിയായിരുന്നു. കോല്‍ക്കാരന്മാര്‍ എന്ന കൂലിപ്പട്ടാളത്തെ ഉപയോഗിച്ച് പല ലഹളകളും അയാള്‍ അമര്‍ത്തി.പഴശ്ശിക്ക് ആയുധം നല്കിയിരുന്ന മാപ്പിളമാരെ പിടികൂടി ശിക്ഷിച്ചു. ഇതോടെ പഴശ്ശി വയനാട്ടിലേക്ക് മടങ്ങി.പ്രധാനികള്‍ ഒഴികെ ബാക്കിയുള്ള കലാപകാരികള്‍ക്ക് ബാബര്‍ മാപ്പുനല്കി.പഴശ്ശി രാജ,എടച്ചേന കുങ്കന്‍ തുടങ്ങിയവരെ പിടിച്ചു നല്കുന്നവര്‍ക്ക് വന്‍സമ്മാനം നല്കുമെന്ന് വിളംബരം ചെയ്തു. എല്ലാം കൊണ്ടും പഴശ്ശിക്ക് ബുദ്ധിമുട്ടുകള്‍ കൂടി.സെപ്തംബര്‍ ആറിന് പഴശ്ശി താമസിച്ചിരുന്ന കുടിലിന് അറുപത് വാര അകലെവരെ കോല്‍ക്കാര്‍ എത്തി.ഒരു കുറുമ്പന്‍ അമ്പയച്ച് വിവരം നല്കിയതുകൊണ്ടാണ് രക്ഷപെടാന്‍ കഴിഞ്ഞത്.
എങ്കിലും അത് താത്ക്കാലികമായിരുന്നു –ല്ലെ ഗുരോ.
അതെ പ്രഹ്ളാദ,യുദ്ധത്തിന്‍റെ നേരും നെറിയും വിട്ടുള്ള സമീപനങ്ങളില്‍ ബ്രിട്ടീഷുകാരെ തോല്പ്പിക്കാന്‍ നമ്മുടെ ആളുകള്‍ക്ക് കഴിയില്ലല്ലോ.വയനാട്ടിലെ പ്രതിരോധം ബാബര്‍ ഏറ്റെടുത്തു.കോല്‍ക്കാരും പഴശ്ശിയും പലയിടത്തും ഏറ്റുമുട്ടി.ഒരു ദിവസം പഴശ്ശിയുടെ ശക്തസ്രോതസ്സായ കുറിച്യവീരന്‍ തലയ്ക്കല്‍ ചന്തു കോല്‍ക്കാരുടെ തടവിലായി.ഒരു ദശാബ്ദക്കാലം ബ്രിട്ടീഷുകാരെ വിറപ്പിച്ച വീരനായിരുന്നു ചന്തു.ആ പടനായകന്‍റെ നഷ്ടം പഴശ്ശിയെ ശരിക്കും തളര്‍ത്തിക്കളഞ്ഞു. എങ്കിലും വനാന്തരത്തില്‍ യുദ്ധനേതൃത്വം നല്കി പഴശ്ശി തുടര്‍ന്നു.മൈസൂറിലെ ചെട്ടികളും ഗൌഡന്മാരും ഭക്ഷണവസ്തുക്കഴും മറ്റും നല്കി സഹായിച്ചുവന്നു.ഇതറിഞ്ഞ ബാബര്‍ മൈസൂര്‍ റസിഡന്‍റിന്‍റെ സഹായത്തോടെ വയനാട്ടിലേക്കുള്ള ഗതാഗതം പാടേ നിര്‍ത്തലാക്കി.സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നത് കുറ്റകരമാക്കി.പഴശ്ശിയെ ഒറ്റപ്പെടുത്തുവാനുള്ള ബാബറുടെ ഓരോ നീക്കവും വിജയം കണ്ടു.കൈക്കൂലി നല്കി പണിയരെയും അയാള്‍ വശത്താക്കി.പഴശ്ശിയുടെ ഓരോ നീക്കവും അറിയാന്‍ ഇത് ഉപകരിച്ചു.ആയിരത്തി എണ്ണൂറ്റിയഞ്ച് നവംബര്‍ മുപ്പതിന് മൂന്ന് പണിയന്മാര്‍ പഴശ്ശി സങ്കേതത്തെക്കുറിച്ച് ബാബര്‍ക്ക് വിവരം നല്കി.അന്‍പത് ബ്രിട്ടീഷ് പട്ടാളക്കാരും നൂറ് കോല്‍ക്കാരുമായി അന്നു രാത്രിതന്നെ ബാബര്‍ പുറപ്പെട്ടു.മൈസൂറില്‍ നിന്നും ഒന്നര മൈലോളം ഉള്ളില്‍ മാവിലത്തോട് എന്ന അരുവിയുടെ സമീപത്ത് ഏതാനും ചില സഹചരന്മാരോട്കൂടി കഴിയുകയായിരുന്നു പഴശ്ശി.ബാബറുടെ പട്ടാളം സങ്കേതം വളഞ്ഞു.ചില ഏറ്റുമുട്ടലുകള്‍ ഉണ്ടായി.രക്ഷയില്ല എന്നുകണ്ട് പഴശ്ശി ബ്രിട്ടീഷുകാര്‍ക്ക് പിടികൊടുക്കാതെ ആത്മഹത്യ ചെയ്തു.അവശേഷിച്ച അനുചരന്മാരും പ്രിയ പത്നിയും അറസ്റ്റിലായി.അതോടെ ഒരു ദശാബ്ദക്കാലം നീണ്ട പഴശ്ശിയുടെ ധീരോദാത്തമായ സ്വാതന്ത്യസമരം അവസാനിച്ചു.മലബാര്‍ പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലുമായി.ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യസമരത്തിനും എത്രയോ കാലം മുന്‍പാണ് ഈ ധീരദേശാഭിമാനി വിദേശികള്‍ക്കെതിരെ പോരാടിയത് എന്നത് നാം അത്ഭുതത്തോടെ ഓര്‍ക്കേണ്ടതാണ് പ്രഹ്ളാദ.ബാബറെപോലും അമ്പരപ്പിച്ച നേതാവായിരുന്നു അദ്ദേഹം.ബാബര്‍ ഒരു കത്തില്‍ ഇങ്ങനെ എഴുതി, പഴശ്ശിയോട് അന്നാട്ടുകാര്‍ക്കുണ്ടായിരുന്ന പരിഗണനയും ആദരവും ആരാധനയുടെ സീമയോളം എത്തിയിരുന്നു.അദ്ദേഹത്തിന്‍റെ മരണത്തില്‍ പോലും ആ മനോഭാവം മാഞ്ഞുപോകുന്നതല്ല.
പ്രഹ്ളാദ,ഒന്നോര്‍ക്കുക,വീരമൃത്യു വരിച്ച പടയാളികളില്‍ ഒരാള്‍ നിന്‍റെ കുലത്തില്‍ നിന്നായിരുന്നു,ഇതേ രക്തം.”
പ്രഹ്ളാദന്‍ സമാധാനത്തിന്‍റെ ദീര്‍ഘശ്വാസമെടുത്തു.
ഇനിയും ആ പോയകാലത്തെ ഭരണസംവിധാനത്തെപ്പറ്റി നീ അറിയണം പ്രഹ്ളാദ.ജാതിമേധാവിത്വവും ഫ്ര്യൂഡല്‍ മേധാവിത്വവും കൂടിക്കലര്‍ന്ന ആ ഭരണരീതി ജനാധിപത്യത്തിനും ഏകാധിപത്യത്തിനും ഇടയ്ക്കേതോ രേഖയിലായിരുന്നു.നായന്മാര്‍,ക്ഷത്രിയന്മാര്‍,ബ്രാഹ്മണര്‍,അന്തരാളജാതിക്കാര്‍ എന്നിവര്‍ക്കേ തറമുതല്‍ കൊട്ടാരം വരെ എവിടെയും അധികാരവും അവകാശവും ഉണ്ടായിരുന്നുള്ളു.ചെറിയ ജന്മികള്‍ തൊട്ട് ഭൂപ്രഭുക്കന്മാരും നാടുവാഴികളും വരെയുള്ളവര്‍ക്ക് മാത്രമാണ് ഭരണതലത്തില്‍ ശബ്ദവും സ്വാധീനവും അവകാശപ്പെട്ടിരുന്നത്.ഭരണത്തിന്‍റെ ഏറ്റവും താണപടിയിലുള്ള ഘടകം തറയായിരുന്നു.തറ ഭരിക്കുന്നത് തറക്കൂട്ടവും.ഓരോ തറയിലും നായര്‍ജന്മികളുടേതായ തറവാടുകളുണ്ടായിരുന്നു.ഈ തറവാടുകളില്‍ നിന്നുള്ള കാരണവന്മാര്‍ ഉള്‍പ്പെട്ടതായിരുന്നു തറക്കൂട്ടങ്ങള്‍.തറയിലുള്ള എല്ലാ പൊതുകാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനുള്ള എല്ലാ അധികാരവും തറക്കൂട്ടത്തിനായിരുന്നു.ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് മുഖ്യസ്ഥര്‍ ,പ്രമാണികള്‍ എന്നീ സ്ഥാനപ്പേരോടുകൂടി മൂന്നോ നാലോ പേരെ അധികാരികളായി നിയമിക്കുകയും ചെയ്തിരുന്നു.സിവിലും ക്രിമിനലും റവന്യൂ സംബന്ധവുമായ എല്ലാ കാര്യങ്ങളും ഇവരാണ് നിര്‍വ്വഹിച്ചിരുന്നത്.ക്രമസമാധാനപാലനത്തിന്‍റെ ചുമതല ദേശവാഴികള്‍ക്കായിരുന്നു.ചെറിയ തറകള്‍ക്ക് ഓരോ ദേശവാഴിയും വലിയ തറകളാണെങ്കില്‍ ഒന്നിലധികം ദേശവാഴികളും ഉണ്ടായിരുന്നു.ഒരു ദേശവാഴിയുടെ അധികാര പരിധിയില്‍പെട്ട ഇടമാണ് ദേശം.പലപ്പോഴും തറയേക്കാള്‍ ചെറുതായിരുന്നു ദേശം.മലബാറില്‍ മാത്രം രണ്ടായിരത്തിലധികം ദേശങ്ങളുണ്ടായിരുന്നു.തറവാട്ടുകാരണവന്മാരില്‍ നിന്ന് പ്രബലനായ ഒരാളെ ദേശവാഴിയായി തെരഞ്ഞെടുക്കുകയായിരുന്നു പതിവ്.ചിലപ്പോള്‍ ബ്രാഹ്മണരും ദേശവാഴികളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.പില്‍ക്കാലങ്ങളില്‍ ദേശവാഴികളുടെ തസ്തിക പരമ്പരാഗതമായി തീര്‍ന്നു.കൃഷിഭൂമിയില്‍ നിന്നുള്ള ആദായത്തില്‍ ഒരു വിഹിതം ദേശവാഴിക്ക് അവകാശപ്പെട്ടിരുന്നു.കൂടാതെ ഉത്സവാഘോഷവേളകളിലും മറ്റു വിശേഷസന്ദര്‍ഭങ്ങളിലും ദേശവാഴിക്ക് പ്രത്യേക തിരുമുല്‍ക്കാഴ്ച നല്‍കേണ്ടിയിരുന്നു.ദേശവാഴിയുടെ കീഴില്‍ സൈനിക പരിശീലനം നേടിയ കുറെ നായന്മാര്‍ എപ്പോഴും സേവനസന്നദ്ധരായി നില്ക്കും. നാട്ടില്‍ ക്രമസമാധാനം പാലിക്കുവാനും യുദ്ധസേവനം ആവശ്യമായി വരുമ്പോഴും ഇവര്‍ ദേശവാഴിയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കും.ഇങ്ങനെ സൈനികസേവനമനുഷ്ഠിച്ചിരുന്ന നായന്മാരെ ലോകര്‍ എന്നാണ് വിളിച്ചിരുന്നത്.സാമൂഹ്യജീവിതത്തില്‍ ഇവര്‍ക്ക് ഉയര്‍ന്ന സ്ഥാനമായിരുന്നു.അധര്‍മ്മങ്ങളോ കുറ്റകൃത്യങ്ങളോ ചെയ്താല്‍ ലോകര്‍ അറിയുമെന്ന് നാട്ടുകാര്‍ ഭയപ്പെട്ടിരുന്നു.ധര്‍മ്മശാസ്ത്രങ്ങളെ ലംഘിക്കുന്ന കുറ്റങ്ങളില്‍ ദേശവാഴിയുടെയോ തറക്കൂട്ടത്തിന്‍റെയോ നിര്‍ദ്ദേശമോ തീരുമാനമോ ഇല്ലാതെതന്നെ കുറ്റക്കാരെ ശിക്ഷിക്കുവാന്‍ ലോകര്‍ക്ക് അധികാരമുണ്ടായിരുന്നു. ഒരു നായരെ അയിത്തമാക്കുന്ന ദൂരത്തില്‍ ഒരു അവര്‍ണ്ണന്‍ സഞ്ചരിച്ചാല്‍ അയാളെ നായര്‍ വെട്ടിക്കൊന്നിരുന്നു.
ഗുരോ,തൊട്ടുകൂടായ്മയുടെ ഭീകരദൃശ്യങ്ങള്‍ നാം എത്ര കണ്ടു-ല്ലെ.
അതെ പ്രഹ്ളാദ,ആ പീഢനമേറ്റവരിലും നീയുണ്ടായിരുന്നു.ഒരേ സമയം പ്രഭുവും പീഢിതനുമായി നിന്‍റെ ജനിതകം ചാഞ്ചാടുന്നത് നീ അറിയുക.ഭരണക്രമം നീ തുടര്‍ന്ന് കേള്‍ക്കുക.അനേകം തറകള്‍ ചേര്‍ന്ന പ്രദേശത്തെ നാടുകള്‍ എന്നാണ് വിളിച്ചിരുന്നത്.നാടുവാഴിയായിരുന്നു ഭരണാധിപന്‍.വലിയ നാടുവാഴിയെ ഭരണത്തില്‍ സഹായിച്ചത് നാട്ടുകൂട്ടങ്ങളായിരുന്നു.തറകളിലെ മുഖ്യന്മാരും പ്രമാണിമാരുമായിരുന്നു നാട്ടുകൂട്ടത്തിലെ അംഗങ്ങള്‍.നാടുവാഴിയെയും മന്ത്രിമാരെയും ശാസിക്കാനും നേര്‍വഴി നടത്താനുമുള്ള അധികാരം നാട്ടുകൂട്ടത്തിനുണ്ടായിരുന്നു.യുദ്ധം,സമാധാനസന്ധി,വേട്ട തുടങ്ങിയകാര്യങ്ങള്‍ വരുമ്പോള്‍ കൂട്ടം ചേരുകയും തീരുമാനമെടുക്കുകയും ചെയ്തുവന്നു.രാജാവ് യോഗം വിളിച്ചുകൂട്ടുകയാണെങ്കില്‍, ജനനാല്‍ സന്ദേശമെത്തിക്കാന്‍  അവകാശമുള്ള ദൂതന്മാര്‍ എല്ലാ ദിക്കിലും പോയി അറിയിപ്പ് കൊടുക്കും.സംഘം ചേര്‍ന്ന് വരുമ്പോള്‍ അവര്‍ ഒരു മൈതാനിയില്‍ വട്ടമിട്ടിരിക്കും.അവരുടെ ചുറ്റും കുറെ നായന്മാര്‍ കാവല്‍ നില്‍ക്കും.ഓരോരോ സംഗതികളെക്കുറിച്ച് ആ യോഗത്തില്‍ വാദപ്രതിവാദം നടക്കും.സമ്മതമില്ലാത്ത കാര്യമാണെങ്കില്‍ യോഗം മൌനമായിരിക്കും.സമ്മതമുള്ളതാണെങ്കില്‍ അത് ഉച്ചത്തില്‍ അറിയിക്കും.
രാജാവ് പ്രജകളെ അതികഠിനമായി പീഢിപ്പിക്കുമ്പോഴും ക്രൂരമായ ദുര്‍ന്നീതി പ്രവര്‍ത്തിക്കുമ്പോഴുമാണ് ജനങ്ങള്‍ കൂട്ടംകൂടുന്നത്.അപ്പോള്‍ നാട്ടിലുള്ള ഭൂവുടമസ്ഥന്മാരെയെല്ലാം യോഗത്തിന് വിളിക്കും. ഇതില്‍ പങ്കെടുത്തില്ലെങ്കില്‍ അയാളുടെ പറമ്പുകള്‍,വീടുകള്‍,നിലങ്ങള്‍,കുളങ്ങള്‍ എന്നിവ യോഗകല്‍പ്പനയനുസരിച്ച് നശിപ്പിച്ചുകളയും.പിന്നെയും എതിര്‍ത്തുനിന്നാല്‍ രാജ്യഭ്രഷ്ടനാക്കും.ഇത്തരം യോഗം രാജാവിനെതിരെ ആകയാല്‍ പണ്ടാരപ്പട്ടികള്‍ എന്നുപേരായ ഒരു കൂട്ടം പിള്ളേരെ യോഗം കലക്കാനായി രാജാവ് അയയ്ക്കും.അവര്‍ കല്ല്,മണ്ണ്,വൃത്തിഹീനമായ സാധനങ്ങള്‍ എന്നിവ യോഗസ്ഥലത്തേക്കെറിഞ്ഞ് യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കും.പരിചയേന്തിയ നായന്മാര്‍ അതിനെ പ്രതിരോധിക്കും.എന്നാല്‍ നാട്ടുനിയമം കര്‍ക്കശമായിരുന്നതാനാല്‍ കുട്ടികളെ ഉപദ്രവിക്കാനും കഴിയില്ല.കുട്ടികളെ ഉപദ്രവിക്കുന്നത് രാജദ്രോഹമായി കണക്കാക്കിയിരുന്നു.വലിയ സംഖ്യ പിഴയടക്കേണ്ടിയും വരും.മാത്രമല്ല ആ കാരണം പറഞ്ഞ് യോഗത്തെ ഭിന്നിപ്പിച്ച് ഒഴിവാക്കാനും രാജാവിന് അവസരം ലഭിക്കും.ബലംകൊണ്ട് യോഗം പൊളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജവിനോടുള്ള ജനങ്ങളുടെ ഭയം കുറയും എന്നതിനാല്‍ കഴിവതും ഇത്തരം സഭകള്‍ ചേരും മുന്‍പുതന്നെ പ്രശ്നങ്ങള്‍ ഒതുക്കിതീര്‍ക്കും.
നാട്ടുകൂട്ടങ്ങള്‍ മാത്രമാണോ ഗുരോ ഇത്തരം ഇടപെടലുകള്‍ നടത്തിയിരുന്നത്.
അല്ല പ്രഹ്ളാദ,ഇതിനുപുറമെ ദേശവാസികളുടെ നേതൃത്വത്തിലുള്ള ചില സംഘടനകളും ഉണ്ടായിരുന്നു.മുന്നൂറ്റവര്‍,അഞ്ഞൂറ്റവര്‍,ആയിരത്തി അഞ്ഞൂറ്റവര്‍ എന്നൊക്കെ ഈ സംഘടനകള്‍ അറിയപ്പെട്ടു.രാജ്യരക്ഷ സംബ്ബന്ധമായും രാജ്യത്തിനകത്ത് പൊതുസമാധാനവും സംരക്ഷണവും പാലിക്കുന്നത് സംബ്ബന്ധമായും ഉള്ള അധികാരങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു.
ഇതൊക്കെയുണ്ടായിട്ടും വിദേശികള്‍ കീഴടക്കിയില്ലെ ഗുരോ
പ്രഹ്ളാദ,ഫ്യൂഡല്‍ പ്രഭുത്വത്തിന്‍റെ സവിശേഷ സ്വഭാവമായ താന്‍ പ്രമാണിത്തവും ഛിദ്രവാസനയുമാണ് ഇവരെ തകര്‍ത്തുകളഞ്ഞത്.മാത്രമല്ല ഭൂരിപക്ഷം വരുന്ന അവര്‍ണ്ണരെ രാജ്യഭരണത്തില്‍ പങ്കെടുപ്പിച്ചിരുന്നുമില്ല.ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏക അവര്‍ണ്ണ രാജവംശം പുലയരാണ്.കൊല്ലവര്‍ഷാരംഭത്തില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ മുന്‍വശത്തുണ്ടായിരുന്ന പുത്തരിക്കണ്ടം കരമൊഴിവായി ലഭിച്ച പെരുമാട്ടുപുലയിയുടെ വംശജരാണ് പുലയ നാടുവാഴികള്‍.വേളി കായലിന്‍റെ പരിസരത്തായിരുന്നു പുലയനാര്‍കോട്ട.ഇവരുടെ മന്ത്രിമാര്‍ പേട്ടയിലുള്ള പ്രസിദ്ധമായ ഒരീഴവ കുടുംബത്തില്‍പെട്ടവരായിരുന്നു.പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യമുള്ള ഒരു കുന്നിലായിരുന്നു കോട്ട.അനന്തരകാലത്ത് ഒരു സംരക്ഷിത വനമായി ഇത് കലാശിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ