2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-24-കീഴ്പ്പെടുത്തലുകളുടെ കാലം

ഇരുപത്തി നാല്  
കീഴ്പ്പടുത്തലുകളുടെ  കാലം
പ്രഹ്ളാദ,നീ ശങ്കരന്‍റെ ബ്രഹ്മസൂത്രഭാഷ്യം വായിച്ചിട്ടുണ്ടോ
ഉണ്ട്,ഗുരോ,അതിലാണല്ലോ അദ്വൈതവാദം ഏറ്റവും വ്യക്തമായി ആവിഷ്ക്കരിച്ചിട്ടുള്ളത്. ബ്രഹ്മം,ആത്മാവ്,മായ,അവിദ്യ,സംസാരം,മോക്ഷം,പ്രകൃതി,ഉപാധി ആദിയായ വിഷയങ്ങളെ അതില്‍ ഭംഗിയായി പ്രതിപാദിച്ചിട്ടുണ്ടല്ലോ.
ശങ്കരന്‍റെ മായാവാദവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇല്ലായ്മയാണ് മായ എന്ന ചിന്തയ്ക്കാണ് ശങ്കരന്‍ മാറ്റം നല്കിയത്. പാമ്പിനെ കണ്ട് കയറെന്ന് ശങ്കിക്കുന്നപോലെയാണ് പ്രപഞ്ചത്തിന്‍റെ മായാസ്വഭാവമെന്നാണ് ശങ്കരന്‍ അഭിപ്രായപ്പെട്ടത്. പാമ്പ് കയറിന്‍റെ വികല്പ്പരൂപമാണ്,അതിനാല്‍ ഇല്ലായ്മയും മായയും ഒന്നല്ല.ബ്രഹ്മത്തെ മായ മൂടിയിരിക്കുന്നപോലെ മനുഷ്യാത്മാവിനെ അവിദ്യ ഗ്രസിച്ചിരിക്കയാണെന്ന് ശങ്കരന്‍ സമര്‍ത്ഥിച്ചു. അവിദ്യയെ ദൂരീകരിച്ചാല്‍ ബ്രഹ്മജ്ഞാനമുദിക്കും,അപ്പോള്‍ ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന സത്യം ഗ്രഹിക്കുകയും ചെയ്യും. നല്ല ദര്‍ശനമായിരുന്നു അത് -ല്ലെ പ്രഹ്ളാദ
അതെ ഗുരോ.”
ഭാരതത്തില്‍ അന്ന് പ്രചാരത്തിലിരുന്ന ഉത്കൃഷ്ടമായ എല്ലാ ചിന്താഗതികളെയും സമന്വയിപ്പിക്കാന്‍ ശങ്കരന്‍റെ അദ്വൈതവാദത്തിന് കഴിഞ്ഞിരുന്നു. ചുരുക്കത്തില്‍ ബുദ്ധമതത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് പുതിയൊരു പ്രകാശതരംഗം ഉണര്‍ത്തിവിടാന്‍ ശങ്കരന് സാധിച്ചു. തന്‍റെ ചിന്താഗതിക്ക് ചേരാത്ത എല്ലാ ദര്‍ശനങ്ങളേയും അദ്ദേഹം ശക്തിയായി എതിര്‍ത്തിരുന്നു. ജൈന-ബൌദ്ധമതങ്ങള്‍ മാത്രമല്ല,മീമാംസാമതം,കാപാലിക മതം,ശൈവമതം,ശാക്തേയമതം,വൈഷ്ണവമതം എല്ലാം തന്നെ അര്‍ത്ഥശൂന്യങ്ങളാണെന്ന് അദ്ദേഹം വാദിച്ചു. വേദാന്തമതത്തിന്‍റെ അദ്വൈതപരമായ വ്യാഖ്യാനം മാത്രമാണ് സല്‍വോല്‍കൃഷ്ടമെന്ന് ശങ്കരന്‍ സ്ഥാപിച്ചു. ശങ്കരന്‍റെ തത്വചിന്തയ്ക്ക് ഇന്ത്യയിലെങ്ങും ലഭിച്ച സ്വാഗതം ഇന്ത്യയുടെ ആത്മീയമായ ഏകീകരണത്തിന് വഴിതെളിച്ചു.
ഗുരോ,ഒരു പക്ഷേ ശൈവ-വൈഷ്ണവ യുദ്ധം തീരാന്‍ ഇടയാക്കിയതും അദ്വൈതവാദമായിരിക്കാം.
അതെ പ്രഹ്ളാദ,ശൈവരും വൈഷ്ണവരും ശാക്തേയരും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ അടിസ്ഥാനരഹിതങ്ങളാണെന്നും നിരവധി ദൈവങ്ങളെ ചൊല്ലിയുള്ള മാത്സര്യം അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം ജനങ്ങളെ ബോദ്ധ്യപ്പെടുത്തി.ഓരോ ജീവാത്മാവിന്‍റെയും സൌഖ്യപ്രാപ്തിക്കുവേണ്ടിയുള്ള യാഗങ്ങളെ അദ്ദേഹം എതിര്‍ത്തു.ബ്രഹ്മജ്ഞാനമാണ് സായൂജ്യത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ജന്തുബലിയുടെയും നരബലിയുടെയും നിരര്‍ത്ഥകതയും ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആ കാലത്ത് ജൈന-ബൌദ്ധമതങ്ങളില്‍ കടന്നുകൂടിയിരുന്ന സുഖലോലുപമായ ശ്രമണ ജീവിതത്തിന്‍റെ സ്ഥാനത്ത്,ധര്‍മ്മ പ്രചാരണ വ്യഗ്രരായ സന്യാസിമാരുടെ ലഘുജീവിതത്തിന് അദ്ദേഹം മാര്‍ഗ്ഗദര്‍ശനം നല്‍കി.പ്രഹ്ളാദ,സന്യാസിമഠങ്ങള്‍ സ്ഥാപിച്ച് ധര്‍മ്മപ്രചരണം നടത്തുന്ന രീതി അദ്ദേഹം ബുദ്ധമതത്തില്‍ നിന്നും സ്വീകരിച്ചതാണ്.മനുഷ്യാത്മാക്കളുടെ ഏകത്വത്തെക്കുറിച്ചും ഈശ്വരന്‍റെ ഏകത്വത്തെക്കുറിച്ചുമുള്ള പ്രബോധനങ്ങള്‍ സാര്‍വ്വത്രികമായ ഐക്യബോധത്തിന് വഴിതെളിക്കുകയും ചെയ്തു. എന്നുമാത്രമല്ല,ആത്മജ്ഞാനികള്‍ക്ക് അദ്വൈതതത്വം ഉപദേശിച്ച ശങ്കരന്‍ അജ്ഞാനപാശത്തില്‍ ബദ്ധരായ സാമാന്യജനങ്ങള്‍ ധര്‍മ്മശാസ്ത്രങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ള ധര്‍മ്മനീതികള്‍ക്കനുസരിച്ച് ജീവിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മനുസ്മൃതിയിലെ ജാതിവ്യവസ്ഥയ്ക്കും നമ്പൂതിരിമാര്‍ കേരളത്തില്‍ നടപ്പില്‍ വരുത്താന്‍ ആഗ്രഹിച്ച അയിത്താചാരത്തിനും മറ്റും ശങ്കരന്‍ അംഗീകാരം നല്കാനും അതായിരുന്നു കാരണം.ശൂദ്രന്മാര്‍ക്ക് വേദാഭ്യാസത്തിന് അര്‍ഹതയില്ല എന്നു പ്രസ്താവിക്കുന്ന ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണത്തെ ന്യായീകരിച്ചുകൊണ്ടും ശങ്കരന്‍ വ്യാഖ്യാനമെഴുതി.വേദോപനിഷത്തുക്കളില്‍ പ്രതിപാദിതമായ ജ്ഞാനമാണ് ബ്രഹ്മസാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗ്ഗമെന്നും എല്ലാ മനുഷ്യര്‍ക്കും ബ്രഹ്മജ്ഞാനത്തിന് അര്‍ഹതയുണ്ടെന്നുമുള്ള അദ്വൈതവാദം പ്രചരിപ്പിക്കെതന്നെ കേരളത്തിലെ നമ്പൂതിരിമാരുടെ ആഗ്രഹത്തിന് അദ്ദേഹം വഴങ്ങുകയും ചെയ്തു.പ്രഹ്ളാദ,എത്ര മഹാനായാലും ചില ദൌര്‍ബല്യങ്ങളുണ്ടാകും എന്നതും സനാതനമായ സത്യമാണ്. ബ്രാഹ്മണമതം വളരണമെന്ന താത്പര്യം ശങ്കരനുണ്ടായിരുന്നു. പ്രത്യേകിച്ചും കേരളത്തില്‍ ബ്രാഹ്മണമതം വിജയപതാക നാട്ടിയതിന് പ്രധാനകാരണക്കാരന്‍ ശങ്കരന്‍ തന്നെയാണ്.വേദാന്തദര്‍ശനത്തിന് ശങ്കരന്‍ നേടിക്കൊടുത്ത വിജയം ഇന്ത്യയിലെങ്ങും ഹിന്ദുമതത്തിന്‍റെ ഉയര്‍ച്ചയ്ക്കും നിദാനമായി. ഇന്ത്യ അതോടെ ഒരു ഹിന്ദുരാഷ്ട്രമായി തീര്‍ന്നു.
പ്രഹ്ളാദ,ആയിരത്തിലധികം വര്‍ഷം ഇന്ത്യയുടെ പ്രമുഖ മതമായിരുന്ന ബുദ്ധമതം ബംഗാളൊഴികെ മറ്റു സ്ഥലങ്ങളില്‍ നിന്നും നിഷ്കാസനം ചെയ്യപ്പെട്ടു. ബംഗാളില്‍ പാല സാമ്രാജ്യത്തിന്‍റെ അധഃപതനം വരെയും ബുദ്ധമതചൈതന്യം നിലനിന്നു. ജൈനമതം ഹിന്ദുമതത്തിന്‍റെ ഒരു ശാഖയായി രൂപാന്തരപ്പെടുകയും ചെയ്തു. ഹിന്ദുമതത്തിലെ ജാത്യാചാരങ്ങളും മറ്റു പല വിശ്വാസസംഹിതകളും ജൈനമതം സ്വീകരിച്ചു.ശൈവ-വൈഷ്ണവ-ശാക്തേയ-കാപാലിക മതങ്ങളും ഹിന്ദുമതത്തിന്‍റെ നിഴലിലേക്ക് വന്നു ചേര്‍ന്നു.ഇതൊക്കെ സംഭവിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ നിന്‍റെ കുടുംബത്തില്‍പെട്ടവര്‍ പലരും അവരറിയാതെ വിവിധ ശാഖകളില്‍ കൂട്ടുചേരുകയായിരുന്നു.ഒരു പക്ഷേ കാലം ചെല്ലുമ്പോള്‍ ഇത്രയേറെ അകല്ച്ചയുണ്ടാകും എന്നറിയാതെ തന്നെ.
നാല് നൂറ്റാണ്ടോളം ശങ്കരവ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യാന്‍ ഒരു മനീഷി പോലും ഭാരതത്തില്‍ ജനിച്ചില്ല. വിശിഷ്ടാദ്വൈതവാദിയായ രാമാനുജന്‍ അല്പം ഭേദഗതികളോടെ വേദാന്തധര്‍മ്മം പിന്നീട് അവതരിപ്പിച്ചെങ്കിലും ശങ്കരന്‍റെ അദ്വൈതസിദ്ധാന്തം ആയിരത്തിലേറെ വര്‍ഷം കോട്ടം തട്ടാതെ നിലനിന്നു. ഈ കാലം ശരിക്കും ഇന്ത്യാചരിത്രത്തിലെ ഹൈന്ദവ കാലഘട്ടമായിരുന്നെന്നു പറയാം. ഈ കാലത്ത് പൊതുവായി ബ്രാഹ്മണര്‍ക്ക് സമൂഹത്തില്‍ മുന്‍തൂക്കമുണ്ടായി. കേരളത്തില്‍ ക്ഷേത്രങ്ങളും ഗ്രാമങ്ങളും സ്വത്തും കൈവശം വച്ചനുഭവിച്ചും നാടുവാഴികളെ ഉപദേശിച്ചും പേടിപ്പിച്ചും വരുതിയില്‍ നിര്‍ത്തി നമ്പൂതിരിമാര്‍ അവരുടെ പ്രാമാണികത വര്‍ദ്ധിപ്പിച്ചു. രാജാവിനെ നിയന്ത്രിക്കാന്‍ കഴിയും വിധം അവര്‍ വളര്‍ന്നു എന്നത് കേരളത്തിലെ ബ്രാഹ്മണമതത്തിന്‍റെ പ്രത്യേകതയാണെന്ന് പറയാം. നായന്മാരുമായുള്ള വിവാഹബന്ധവും നാഗാരാധനയുമൊക്കെയായി അവര്‍ അധികാരമുള്ള ജനങ്ങളുടെ സ്വന്തക്കാരായി മാറി. നമ്പൂതിരിമാരുടെ ഇഷ്ടങ്ങള്‍ സാധിച്ചുകൊടുക്കുന്നവരെയൊക്കെ ആദ്യകാലത്ത് നായന്മാരാക്കി മാറ്റുകയായിരുന്നു. പ്രഹ്ളാദ,അതുകൊണ്ടാണ് നിന്‍റെ കുലത്തില്‍ തന്നെ ആദ്യകാലത്ത് ബുദ്ധമതം വിട്ട് നമ്പൂതിരിക്കൊപ്പം പോയവരൊക്കെ ഉയര്‍ന്ന ജാതിക്കാരും അങ്ങിനെ പോവില്ലെന്ന് നിശ്ചയിച്ചവര്‍ താണജാതിക്കാരുമായി മാറിയത്.
കാലക്രമത്തില്‍ ഹിന്ദുവായി മാറിയവര്‍ ഈഴവരും മറ്റു തൊട്ടുകൂടാത്ത വംശക്കാരുമായി മാറിയപ്പോള്‍ വളരെ താമസിച്ച് ബ്രാഹ്മണമതത്തെ സ്വീകരിച്ചവര്‍ തീണ്ടിക്കൂടാത്തവരായി മാറി. ചുരുക്കത്തില്‍ ഒരോ താവഴിയില്‍ നിന്നുതന്നെ വന്നവരെങ്കിലും മനഃശക്തി കുറഞ്ഞവന്‍ മുന്നോക്കക്കാരനും കുറച്ച് മനഃശക്തിയുള്ളവന്‍ പിന്നോക്കവും ഉറച്ച മനഃശക്തിയുള്ളവന്‍ അധഃകൃതനുമായി മാറി.
ഗുരോ,എന്തു സംഭവിച്ചാലും ബുദ്ധമതം ഉപേക്ഷിക്കില്ലെന്നുപറഞ്ഞ് മുന്നോട്ടുപോയവരുടെ കരുത്ത് ഇല്ലാതാക്കാന്‍ അനേകം തലമുറകളുടെ അടിമത്തം വേണ്ടിവന്നു എന്നു ചുരുക്കം.
വേദാന്ത ധര്‍മ്മത്തിന്‍റെ വിജയം ബ്രാഹ്മണ വിജയമായി മാറി.അവര്‍ വേദോപനിഷത്തുക്കളുടെ അധികാരികളായി സ്വയം അവരോധിച്ചു.നമ്പൂതിരിയുടെ സുഖഭോഗങ്ങള്‍ക്ക് സഹായം നല്‍കിയ കുടുംബങ്ങളെ ശൂദ്രരായി പ്രഖ്യാപിച്ചു. ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളുടെ കാലത്തുതന്നെ കേരളത്തില്‍ ധാരാളം ക്ഷേത്രങ്ങളുണ്ടായി. ബുദ്ധമതം പരാജയപ്പെട്ടപ്പോള്‍ പല ബൌദ്ധക്ഷേത്രങ്ങളും ഹൈന്ദവക്ഷേത്രങ്ങളാക്കി മാറ്റി. ഒന്‍പതും പത്തും നൂറ്റാണ്ടുകളില്‍ കുലശേഖര ചക്രവര്‍ത്തിമാര്‍ ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ടാക്കുകയും അവയ്ക്ക് വസ്തുവകകള്‍ ദാനം ചെയ്യുകയും ചെയ്തതോടെ നമ്പൂതിരിമാര്‍ കോയിലധികാരികളായി മാറി. ഒരു പ്രദേശത്തെ സാമൂഹ്യജീവിതത്തെയും കലയെയും സാംസ്ക്കാരിക ജീവിതത്തെയും സംയോജിപ്പിക്കുന്ന കേന്ദ്രമായി ക്ഷേത്രങ്ങള്‍ മാറി. ക്ഷേത്രത്തിന്‍റെ ഊരാളിയും പൂജാരിയും നമ്പൂതിരിയായതോടെ ആ ദേശത്തെ ജനതയുടെ ഭൌതിക ആത്മീയ ജീവിതത്തിന്‍റെ നിയന്ത്രണം നമ്പൂതിരിക്കായി. മറ്റുള്ളവര്‍ അവര്‍ ചലിപ്പിക്കുന്ന വെറും പാവകളായിതീര്‍ന്നു. പന്ത്രണ്ടാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ ശരിക്കും കേരളം നമ്പൂതിരി മേധാവിത്വത്തിന്‍ കീഴിലായിരുന്നു. യഥാര്‍ത്ഥത്തില്‍ തിരുവായ്ക്കെതിര്‍വായില്ല എന്ന നില വന്നത് അപ്പോഴാണെന്ന് പറയാം.
പ്രഹ്ളാദ,ആറാം നൂറ്റാണ്ടുവരെ പ്രാചീന വര്‍ഗ്ഗസമുദായമായിരുന്നു നമ്മുടേത്.വണികരും ഉഴവരും വേളാളരും ചാന്‍റോന്മാരും സ്വത്തുടമകളായിരുന്നു.വിനൈഞര്‍ വീട്ടുജോലിക്കാരും അടിയാര്‍ കൃഷിപ്പണിക്കാരുമായിരുന്നു.ഭൂമിയില്‍ നിന്നുള്ള ആദായത്തിന്‍റെ ആറില്‍ ഒരോഹരി അവര്‍ രാജഭോഗമായി നല്കിയിരുന്നു.അദ്ധ്വാനിക്കുന്നവന്‍റെ പങ്കുകൊണ്ട് രാജാക്കന്മാരും സില്‍ബന്ധികളും സുഖിച്ചുജീവിച്ചു,പട്ടാളക്കാര്‍ യുദ്ധം ചെയ്യാനുള്ള ഊര്‍ജ്ജം സ്വീകരിച്ചു. പണ്ഡിതരും കവികളും ബ്രാഹ്മണരും ബുദ്ധിവ്യായാമം നടത്തിയും അധരവ്യായാമം നടത്തിയും രാജാക്കന്മാരെ പ്രീതിപ്പെടുത്തി.അവര്‍ക്കെല്ലാം രാജാവ് കൃഷിഭൂമി ദാനമായി നല്കി.ഈ ദാനഭൂമിയൊക്കെയും കൃഷിക്കാര്‍ അദ്ധ്വാനിച്ചുവന്നവയായിരുന്നു.പ്രഹ്ളാദ,ചുരുക്കത്തില്‍ രാജാവിന് നല്കിവന്ന ആറില്‍ ഒരോഹരി പോലെ മറ്റൊരോഹരി ഈ ദാനം കിട്ടിയവര്‍ക്കും നല്‍കേണ്ടിവന്നു.  
ബുദ്ധമതം ശക്തിപ്രാപിച്ചിരുന്ന കാലത്ത് ബുദ്ധവിഹാരങ്ങള്‍ക്ക് ധാരാളം ഭൂമി ഇങ്ങനെ ദാനമായി കിട്ടിയിരുന്നു.അവയിലെ ആദായം ഭിക്ഷുക്കളെ അലസരും സുഖലോലുപരുമാക്കി മാറ്റിയെങ്കിലും ഈ സ്വത്തുടമവര്‍ഗ്ഗം സാമൂഹ്യവ്യവസ്ഥിതിയില്‍ നിര്‍ണ്ണായകമായില്ല.എന്നാല്‍ ഏഴാം നൂറ്റാണ്ടോടെ സ്ഥിതിഗതികളില്‍ മാറ്റം വരാന്‍ തുടങ്ങി.പുതുതായി പല ക്ഷേത്രങ്ങളും ആരംഭിച്ചു.ആ ക്ഷേത്രങ്ങളിലെ പൂജാകര്‍മ്മങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമായി രാജാക്കന്മാര്‍ ദാനം ചെയ്യാന്‍ തുടങ്ങി.പുണ്യലബ്ദി പ്രതീക്ഷിച്ച് ബ്രാഹ്മമര്‍ക്കും ഭൂമിദാനം ചെയ്തു.ക്രമേണ രാജഭോഗത്തിന് തുല്യമായ ഓഹരി പറ്റുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു.
ഇത്രയും പറഞ്ഞ് ഓര്‍മ്മകളില്‍ മലക്കം മറിഞ്ഞ് ഗുരു ചിരിച്ചു.പ്രഹ്ളാദന്‍ കാത്തിരുന്നു.പ്രഹ്ളാദ,നിന്‍റെ കുലത്തില്‍ ഈ രണ്ടുവര്‍ഗ്ഗക്കാരുമുണ്ടായിരുന്നു, അദ്ധ്വാനിക്കുന്നവരും ക്ലേശിക്കാതെ രുചി പറ്റുന്നവരും.എന്നും എവിടെയും ഇത് സംഭവിച്ചിരുന്നു.ഇന്നും സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
അതെ എന്ന് പ്രഹ്ളാദന്‍ തലയാട്ടി.
പ്രഹ്ളാദ,നിന്‍റെ മസ്തിഷ്ക്കത്തില്‍ ഓടിയെത്താന്‍ ഇടയുള്ള ചില ദാനങ്ങള്‍ ഞാന്‍ സൂചിപ്പിക്കാം.എണ്ണൂറ്റി അറുപത്തിയാറില്‍ ആയ് രാജാവ് ഉഴക്കുടിവിളൈയില്‍ പാര്‍ത്ഥിവപുരം ക്ഷേത്രം പണികഴിപ്പിക്കുകയും നിത്യനിദാന ചിലവുകള്‍ക്കും ഉത്സവാഘോഷങ്ങള്‍ക്കും തൊണ്ണൂറ്റിയഞ്ച് നമ്പൂതിരി വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനും മറ്റുള്ള ചിലവിലേക്കുമായി അനേകായിരം കലംപാട് നിലം ദാനമായി നല്കിയിരുന്നു.തിരുവല്ല ക്ഷേത്രത്തിലേക്ക് ബ്രാഹ്മണ ഭോജനത്തിനും നന്താവിളക്കിനും നിവേദ്യത്തിനും മറ്റുമായി നല്‍കപ്പെട്ടത് അനേകലക്ഷം പറ നിലവും അനേകായിരം ഏക്കര്‍ തോട്ടവുമായിരുന്നു.തൃശ്ശൂര്‍ തലപ്പിള്ളിയിലെ നിത്യവിചാരേശ്വരം ക്ഷേത്രത്തിലേക്ക് കോതരവിയും ഇന്ദുക്കോതൈയും ഉഗ്രമംഗലം,ഈശാനമംഗലം എന്നീ ഗ്രാമങ്ങളാണ് വിട്ടുകൊടുത്തത്.ഒരാണ്ടത്തെ പൂജയ്ക്കും ജീവനക്കാരുടെ ചിലവിലേക്കുമായി നൂറ്റിയൊന്‍പത് കലം ഇരുപത് നാഴി പാട്ടമളക്കണമെന്നും ഗാന്ധര്‍വികള്‍ക്കും നങ്ങിയാര്‍ക്കും ചോറിനുവേണ്ടി നൂറ്റിയറുപത്തിനാല് കലം അമ്പത് നാഴിയും കാണനും ഓവിയനും പതിനാറുകലം അമ്പതു നാഴിയും ക്ഷേത്രജീവനക്കാരായ സ്ത്രീകള്‍ക്ക് ഉത്തമ മധ്യമ അധമ ക്രമത്തിന് രണ്ടരനാഴി,രണ്ട് നാഴി,ഒന്നര നാഴി എന്ന നിലയില്‍ പ്രതിഫലമായും കൊടുക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇന്ദുക്കോത, നെടുംപുറക്ഷേത്രത്തിലെ പ്രധാന ദേവനായ കുലശേഖരബിംബത്തിന്‍റെ ചിലവിലേക്കായി കൊഞ്ഞിശ്ശേരി ഗ്രാമത്തിലെ കൂവാല എന്ന സ്ഥലത്തുനിന്ന് കുറേഭൂമി അനുവദിച്ചിരുന്നു.അവിടത്തേയും അയല്‍ ദേശങ്ങളിലെയും ഗ്രാമക്കാര്‍ നന്താവിളക്കിനും മറ്റു ചിലവുകള്‍ക്കും നെയ്യും പൊന്നും പാട്ടമായി നല്‍കാനും രാജശാസനയുണ്ടായിരുന്നു.പൊതുവാള്‍മാരെയാണ് സംഭാവന ഏല്പ്പിക്കേണ്ടിയിരുന്നത്. നിശ്ചിതതീയതിക്ക് ഏല്പ്പിച്ചില്ലെങ്കില്‍ ഒരു മാസത്തോളം കാത്തിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.എന്നിട്ടും നല്കുന്നില്ല എങ്കില്‍ ഭൂമി മറ്റൊരാളെ ഏല്പ്പിക്കാന്‍ പൊതുവാളിനെ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു പ്രഹ്ളാദ..
ദേവസ്വത്തിന് നല്കുന്ന ഭൂമിക്ക് നികുതി നല്കേണ്ടതില്ലായിരുന്നു.രാജാവിന് രാജഭോഗമായി അനുഭവിച്ചുവരുന്ന സ്വത്ത് ക്ഷേത്രത്തിനോ രാജാവ് ആഗ്രഹിക്കുന്ന വ്യക്തിക്കോ നല്കുന്നതോടെ അത് പാട്ടമായി മാറുകയായിരുന്നു.പതിയുടെ വാരമാണ് സ്വമനസ്സാലെ കൈമാറിയിരുന്നത് എന്നര്‍ത്ഥം.
പ്രഹ്ളാദ,ഈ സ്വത്ത് സമ്പ്രദായമൊക്കെ ഓരോ കാലത്തും ഓരോ രീതിയിലാണ്. ഒരു കാര്യം സത്യമായിരുന്നു, കേരളത്തില്‍ ഭൂമി എന്നും കര്‍ഷകന്‍റേതായിരുന്നു.രാജാവിനോ ജന്മിക്കോ ക്ഷേത്രാധികാരിക്കോ ദാനം നേടിയവനോ ഒക്കെ ഒരു പങ്ക് അനുഭവം നല്‍കണമെന്നേ ഉണ്ടായിരുന്നുള്ളു.ജന്മാവകാശം കൈമാറുന്നതിന് നീരട്ടിപ്പേര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്.രാജാവിനെ പുകഴ്ത്തി കവിതയെഴുതിയ നിന്‍റെ ഒരു പിതാമഹന് കിട്ടിയ ജന്മാവകാശത്തില്‍  പറയുന്നത് നീ ഒന്നുകേട്ടു നോക്കൂ.
വസ്തുക്കളും അതിലുള്ള മേലുഭയം,കീഴുഭയം,കല്ല്,കട്ട,കാഞ്ഞിരം,കുറ്റി,മുള്ള്,മുരട്,മൂര്‍ഖന്‍ പാമ്പ്,ആള്‍പോകും വഴി,നീര്‍പോകും ചാല്‍,മാന്‍വെട്ടും കാട്,തേന്‍വെട്ടും ചോല,നീര്‍,നിധി,കിണറ്,ആകാശം,പാതാളം തുടങ്ങിയവ അനുവദിച്ചു നല്കുന്നു എന്നാണ് രാജകല്പ്പന.എത്ര രസകരമായ വിവരണമാണ്,ല്ലെ.
മനുഷ്യര്‍ സ്വാര്‍ത്ഥമതികളാണല്ലോ.ബ്രാഹ്മണനും ക്ഷേത്രത്തിനും നല്കുന്ന ഭൂമിക്ക് രാജഭോഗം നല്കേണ്ട എന്നു വിളംബരമുണ്ടായതോടെ രാജഭോഗം ഒഴിവാക്കാനായി അവര്‍ ഭൂമി ബ്രാഹ്മണര്‍ക്കോ ക്ഷേത്രങ്ങള്‍ക്കോ നല്കാന്‍ തുടങ്ങി.ദൈവത്തിന്‍റെയും ബ്രാഹ്മണന്‍റെയും പ്രീതി നേടുന്നതോടെ കൂടുതല്‍ ഉയര്‍ച്ചയുണ്ടാകും എന്നവര്‍ കരുതി.
പ്രഹ്ളാദ,നിന്‍റെ കുട്ടിക്കാലത്ത് ബന്ധുക്കള്‍ തമ്മില്‍ ഒരു വിരുത്തിക്കുവേണ്ടി വഴക്കടിച്ച് കേസ്സായത് നീ ഓര്‍ക്കുന്നുണ്ടോ?”
കേട്ടറിവേയുള്ളു ഗുരോ.
രാജാവിന്‍റെയും കുടുംബാംഗങ്ങളുടെയും ചിലവിനുവേണ്ടി മാറ്റിയിട്ടിരുന്ന ഭൂമിയാണ് വിരുത്തി.അതില്‍ കൃഷി ചെയ്യുന്നവര്‍ രാജഭോഗമായി ഒരു വിഹിതം നല്‍കണം എന്നതാണ് നിയമം.രാജഭരണം കഴിഞ്ഞതോടെ ഇത്തരം ഭൂമികള്‍ക്കായി അത് കൃഷിചെയ്തിരുന്ന വീടുകളിലെ ഇളംമുറക്കാര്‍ തമ്മില്‍ യുദ്ധമായി.
ക്ഷേത്രത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഭൂമി ക്ഷേത്രഭരണക്കാരായ ഊരാളന്മാരുടെ നിയന്ത്രണത്തിലായിരുന്നു.സഭൈപെരുമക്കള്‍,സഭയാര്യര്‍,പരുടൈയാര് എന്നീ പേരുകളില്‍ അവര്‍ അറിയപ്പെട്ടു. വലിയ ക്ഷേത്രങ്ങളില്‍ ഊരാളസഭയില്‍ നിന്നും രണ്ടുപേരടങ്ങുന്ന വാരിയത്തെ തെരഞ്ഞെടുക്കുകയും അവര്‍ നിശ്ചിതകാലം ഭരണം നടത്തുകയും ചെയ്തു.ചില ക്ഷേത്രങ്ങളില്‍ തവപൊതുവാള്‍, തമഞ്ഞിതന്‍ എന്നിവരാണ് സ്ഥാനം വഹിച്ചിരുന്നത്. ഊരാളന്മാര്‍ക്കും വിരുത്തിവസ്തു നല്കിയിരുന്നു.കൂടുതല്‍ സ്വത്തുക്കള്‍ വന്നതോടെ ഊരാളന്മാര്‍ ക്ഷേത്രകാര്യങ്ങള്‍ കൃത്യമായി ചെയ്യാതെ ആദായം അന്യായമായി കൈപ്പറ്റാന്‍ തുടങ്ങി. ഇത് സഹനത്തിനപ്പുറമെത്തിയപ്പോഴാണ് മൂഴിക്കളം കച്ചം ഏര്‍പ്പെടുത്തിയത്.
ക്ഷേത്രസ്വത്തുക്കള്‍ തന്‍കാര്യത്തിന് ഉപയോഗിക്കുന്ന ഊരാളന്മാരെ വിചാരണ ചെയ്യുന്ന സംവിധാനമാണ് മൂഴിക്കളം കച്ചം.തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാല്‍ അവര്‍ തങ്ങളുടെ വസ്തുവകകള്‍ മുഴുവന്‍ പിഴയായി ക്ഷേത്രത്തിന് നല്കണം.എന്നുമാത്രമല്ല,വേറെ വല്ല ക്ഷേത്രത്തിന്‍റെയും ഭരണകാര്യത്തില്‍ ഇവര്‍ പങ്കുകൊണ്ടാല്‍ ആയിരത്തെട്ട് കാണം സ്വര്‍ണ്ണം പ്രായശ്ചിത്തമായി അടയ്ക്കണമെന്നും നിശ്ചയിച്ചിരുന്നു.ഊരാളന്‍ വൈദികനെ കൂട്ടാതെ പൂജ നടത്തുന്നതായാല്‍ അയാളെയും ശിക്ഷിക്കുക പതിവായിരുന്നു.ശിക്ഷ നടപ്പിലാക്കാനുള്ള അധികാരം ശ്രീകാരിയക്കാരനാണ് കല്പ്പിച്ച് നല്കിയിരുന്നത്.ശിക്ഷ നടപ്പിലാക്കാന്‍ തടസ്സം നില്ക്കുന്ന ഊരാളന്‍ ഇരുപത്തിനാല് കഴഞ്ച് സ്വര്‍ണ്ണമായിരുന്നു പിഴ.ജീവനക്കാരുടെ വീഴ്ച കോവിലകത്ത് അറിയിക്കുകയും ചെയ്യും. ഇന്ന് നമ്മള്‍ കാണുന്ന കോടതി വ്യവസ്ഥയുടെ ഒരു പഴയ രൂപം എന്നു പറയാം പ്രഹ്ളാദ. ശിക്ഷയുടെ കാഠിന്യം സഹിക്കാന്‍ കഴിയാതെ നാടുവിട്ടുപോകുന്നവരും ഏറെയുണ്ടായിരുന്നു പ്രഹ്ളാദ.
ദേവസ്വത്തിലും പള്ളികളിലും ഭരണത്തിലുമൊക്കെ ദുര്‍ന്നടത്തക്കാരാണ് ഭൂരിപക്ഷം.അവരെ രക്ഷിക്കുന്നൊരു വ്യവസ്ഥിതിയും.എല്ലാറ്റിനും ഗുണദോഷങ്ങളുണ്ട് എങ്കിലും--,ഗുരു അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
കാലത്തിന്‍റെ അനിവാര്യതകളാണ് പ്രഹ്ളാദ ഇതൊക്കെ.മുന്നോട്ടുള്ള ഗമനത്തില്‍ ചിലതൊക്കെ ചീത്തയാകും, മറ്റു ചിലവ നന്നാകും.ങ്ഹാ-,അതുപോട്ടെ,നമുക്ക് മൂഴിക്കളം കച്ചത്തിന് എന്തു സംഭവിച്ചു എന്നു നോക്കാം. ഒന്‍പതാം നൂറ്റാണ്ടില്‍ തുടങ്ങിയ ഈ സംവിധാനം പത്താം നൂറ്റാണ്ടിലും തുടര്‍ന്നു.കുലശേഖര രാജാക്കന്മാര്‍  ശക്തന്മാരായിരുന്നതിനാല്‍ ഊരാളന്മാര്‍ ഏറെക്കുറെ മര്യാദയോടെ വ്യവസ്ഥകള്‍ പാലിച്ചു.എന്നാല്‍ ചോളന്മാരുടെ അക്രമണത്തോടെ ബ്രാഹ്മണരുടെയും നാടുവാഴികളുടെയും പ്രാബല്യം വര്‍ദ്ധിക്കുകയും അവരുടെ കൊള്ളരുതായ്മകള്‍ നിയന്ത്രിക്കാന്‍ രാജാധികാരത്തിന് കഴിയാതെ വരുകയും ചെയ്തു.ഈ സാഹചര്യത്തില്‍ വളരെയധികം സ്വത്തുക്കള്‍ ബ്രഹ്മസ്വമായും നാടുവാഴികളുടെ വിരുത്തിയായും രൂപാന്തരപ്പെട്ടു.
അദ്ധ്വാനിച്ച് ലഭിച്ചതല്ലെങ്കിലും എന്ത് വിരുതാണ് മനുഷ്യന് അവന്‍റേതല്ലാത്തവ സ്വന്തമാക്കാന്‍, ഗുരു ചിരിച്ചു. എന്തിനായിരുന്നു ഇതൊക്കെ എന്നു പരിതപിക്കാന്‍ പോലും ഇടം നല്കാതെ എല്ലാം അവസാനിക്കുകയും ചെയ്യും.നമുക്ക് തത്വചിന്തകളിലേക്ക് പോകണ്ട പ്രഹ്ളാദ,ചരിത്രത്തിലേക്ക് തന്നെ തിരിച്ചു വരാം. പതിനൊന്നാം നൂറ്റാണ്ടില്‍ ചോളന്മാരുടെ ആക്രമണം മൂര്‍ദ്ധന്യത്തിലെത്തി. അതിനെ നേരിടാന്‍ രാജാവിന് കൂടുതല്‍ പണം വേണ്ടിവന്നു.അതിനായി ഭൂനികുതി വര്‍ദ്ധിപ്പിച്ചു. ഭൂനികുതിയില്‍ നിന്നും രക്ഷപെടാനായി കൃഷിക്കാര്‍ തങ്ങളുടെ ഭൂസ്വത്ത് പരിസരത്തുള്ള ക്ഷേത്രത്തിനോ ബ്രാഹ്മണനോ ദാനമായി നല്കി. ക്രമേണ ഭൂരിഭാഗം സ്വത്തും ദേവസ്വമോ ബ്രഹ്മസ്വമോ നാടുവാഴികളുടെ സ്വന്തമോ ആയി മാറി.ഇതുണ്ടാക്കിയ മാറ്റം പ്രവചനാതീതമായിരുന്നു.വര്‍ഷങ്ങളായി സമ്പന്ന വിഭാഗമായി നിലനിന്ന വണികരും ഉഴവരും വേളാളരും ചാന്‍റോരും മറ്റും ധനികരല്ലാതായി തീര്‍ന്നു.ക്ഷേത്രഭാരവാഹികളും നമ്പൂതിരിമാരും നാടുവാഴികളുമായി സമ്പന്നര്‍.ഇവര്‍ ജന്മിമാര്‍ എന്നറിയപ്പെടാന്‍ തുടങ്ങി.ഗ്രാമങ്ങള്‍ തോറും ഈ ജന്മിത്ത വ്യവസ്ഥ അടിയുറച്ചു.ഇവര്‍ക്കാര്‍ക്കും ഭൂനികുതി അടയ്ക്കേണ്ടതില്ലായിരുന്നു.ചുരുക്കത്തില്‍ പതിമൂന്നാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെ ഈ വ്യവസ്ഥ നിലനില്ക്കുകയും ഈ കാലം കേരളത്തില്‍ ഭൂനികുതി ഇല്ലാതിരിക്കുകയും ചെയ്തു.സാമ്പത്തിക ശക്തിയും രാഷ്ട്രീയ ശക്തിയും ഒരേ വര്‍ഗ്ഗത്തില്‍ കേന്ദ്രീകരിച്ചതോടെ അതിശക്തമായ ഒരു ഫ്യൂഡല്‍ സമൂഹക്രമം കേരളത്തില്‍ രൂപപ്പെട്ടു.
ഒന്നോര്‍ത്താല്‍ രസകരമായൊരു മാറ്റം തന്നെ ,ഇല്ലെ ഗുരോ.
സംശയമെന്ത് പ്രഹ്ളാദ,ഭൂമിയില്‍ സ്വയം അദ്ധ്വാനിക്കുകയും അതേ സമയം തന്നെ അടിയാരുടെ അധ്വാനം ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ഉഴവരുടെയും മറ്റും മേധാവിത്വമുള്ള സമുദായത്തിന്‍റെ സ്ഥാനത്ത്, ഭൂമിയില്‍ അധ്വാനിക്കാതെ ആദായമെടുത്ത് ജീവിക്കുന്ന ജന്മി നാടുവാഴി വിഭാഗം മേധാവിത്വം വഹിക്കുന്ന ഒരു സമ്പത്ത് വ്യവസ്ഥയിലേക്ക് അഞ്ഞൂറു വര്‍ഷങ്ങള്‍കൊണ്ട് നാം എത്തിച്ചേര്‍ന്നു.സാമൂഹികവും സാംസ്ക്കാരികവും ഭാഷാപരവുമായ പരിവര്‍ത്തനത്തിന് ഇത് കാരണമായി.ശ്രീശങ്കരന്‍ ഒരുക്കിക്കൊടുത്ത പാതയിലൂടെ വെട്ടിക്കയറിയ നമ്പൂതിരിമാര്‍ മതമേധാവിത്വവും സാമ്പത്തിക മേധാവിത്വവും നേടിയതോടെ ഇവിടെ തിയോക്രാറ്റിക് ഫ്യൂഡലിസം വേരിറക്കുകയാണുണ്ടായത്.
ഫ്യൂഡലിസത്തിന്‍റെ ഉദയത്തോടുകൂടിയാണ് കേരളത്തില്‍ ജാതിവ്യവസ്ഥ ഉടലെടുത്തത്. പ്രഹ്ളാദ,നിനക്കറിയാമോ,ഇന്ത്യയില്‍ മാത്രം കാണുന്ന പ്രത്യേകമായ ഒരു സാമൂഹിക പ്രതിഭാസമാണ് ജാതിവ്യവസ്ഥ.പരിഷ്കൃത ജീവിതത്തിന്‍റെ ആരംഭ ദിശയില്‍ ലോകത്തില് പലയിടങ്ങളിലും ജാതിയുടെ പ്രാകൃതഭാവം നിലനിന്നിരുന്നു.പ്രവൃത്തി വിഭജനമായിരുന്നു ഇതിന്‍റെ അടിസ്ഥാനം.എന്നാല്‍ ഇന്ത്യയൊഴികെ മറ്റൊരിടത്തും ജാതിവ്യവസ്ഥ വേരുറയ്ക്കുകയുണ്ടായില്ല.ഇന്ത്യയില്‍ മൂവായിരത്തിലേറെ വര്‍ഷങ്ങളായി ചാതുര്‍വര്‍ണ്ണ്യവും ജാതിയും നിലനില്ക്കുന്നു.ബ്രാഹ്മണങ്ങളുടെ കാലത്താണ് ഇതൊക്കെ ശക്തമായത്.
വര്‍ണ്ണവ്യത്യാസമാണോ ഗുരോ ഇതിന്‍റെയൊക്കെ തുടക്കം"

അതെ പ്രഹ്ളാദ,ആക്രമണകാരികളായിരുന്ന ആര്യന്മാരും ആക്രമിക്കപ്പെട്ട  പൂര്‍വ്വ നിവാസികളും ഒന്നിച്ചുചേര്‍ന്ന് ഒരു സമുദായമായി ജീവിക്കാന്‍ തുടങ്ങിയതോടെയാണ് വര്‍ണ്ണവ്യത്യാസം ആരംഭിക്കുന്നത്. ആര്യന്മാര്‍ യജമാനന്മാരും പൂര്‍വ്വനിവാസികള്‍ ദാസന്മാരും എന്ന നിലയില്‍ പ്രവൃത്തി വിഭജനമുണ്ടായി. ദസ്യുക്കള്‍ കറുത്തനിറക്കാരും ആര്യന്മാര്‍ താരതമ്യേന വെളുത്ത നിറക്കാരും ആകയാല്‍ അവര്‍ക്കിടയില്‍ വര്‍ണ്ണവ്യത്യാസം ഉത്ഭവിച്ചു.എങ്കിലും ചെറിയതോതില്‍ വംശസങ്കലനവും നടന്നിരുന്നു. ഉത്തരേന്ത്യ ആര്യാവര്‍ത്തമായി പരിണമിച്ചതോടെ ഇന്തോ-ആര്യന്‍ വംശം പൂര്‍ണ്ണമായി രൂപാന്തരപ്പെട്ടു.ഇന്തോ-ആര്യന്മാര്‍ക്കിടയിലും പ്രവര്‍ത്തി വിഭജനമുണ്ടായി.യാഗാദി കര്‍മ്മങ്ങളുടെ സങ്കീര്‍ണ്ണ സ്വഭാവം മൂലം അതില്‍ പ്രാഗത്ഭ്യം നേടിയ പുരോഹിത വര്‍ഗ്ഗം ആവശ്യമായി വന്നു, അവരെ ബ്രാഹ്മണര്‍ എന്ന് പേര്‍ ചൊല്ലിവിളിച്ചു. ഗണങ്ങളുടെ സംരക്ഷണത്തിനായി ആയുധമെടുത്ത പോരാളികള്‍ ക്ഷത്രിയരായി. ഗോസംരക്ഷണത്തിലും കൃഷിയിലും വാണിജ്യത്തിലും ഏര്‍പ്പെട്ടവര്‍ വൈശ്യരായി തീര്‍ന്നു.അവരുടെ വേലക്കാരായി ജീവിച്ച ദസ്യുക്കള്‍ ശൂദ്രന്മാരായി പരിണമിച്ചു. കൃഷ്ണയജുര്‍ വേദത്തിന്‍റെയും ബ്രാഹ്മണങ്ങളുടെയും കാലത്ത് ചാതുര്‍വര്‍ണ്ണ്യം എന്ന സാമൂഹ്യ പ്രതിഭാസം പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ചു. ആദ്യ കാലത്ത് ത്രൈവര്‍ണ്ണികര്‍ക്കിടയിലുള്ള വര്‍ണ്ണവ്യത്യാസം തൊഴില്‍പരം മാത്രമായിരുന്നു.വേദാദ്ധ്യായനത്തിലൂടെ ക്ഷത്രിയന്‍ ബ്രാഹ്മണനാകുന്നതും കൃഷിയിലും കച്ചവടത്തിലും ഏര്‍പ്പെട്ട ബ്രാഹ്മണന്‍ വൈശ്യനാകുന്നതും സാധാരണമായിരുന്നു.എന്നാല്‍ അപൂര്‍വ്വമായി മാത്രമെ ഒരു ശൂദ്രന് മറ്റു വര്‍ണ്ണങ്ങളിലേക്ക് കയറ്റം കൊടുത്തിരുന്നുള്ളു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ