2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter -32-ചതികളുടെ ചങ്ങലകള്‍

മുപ്പത്തിരണ്ട്
ചതികളുടെ  ചങ്ങലകള്‍
ഒരു വിദേശ ശക്തിപോയപ്പോള്‍ മറ്റൊന്ന് എന്നതായി സ്ഥിതി അല്ലെ ഗുരോ.
അതെ,പ്രഹ്ളാദ,ഡച്ചുകാര്‍ ആദ്യമൊക്കെ സമാധാനപൂര്‍വ്വം പെരുമാറിയെങ്കിലും കൊടുങ്ങല്ലൂര്‍ കോട്ട വിട്ടുകൊടുത്തില്ല.എന്നുമാത്രമല്ല സാമൂതിരിയുടെ കൊച്ചിയിലേക്കുള്ള നീക്കത്തെ ചെറുക്കാനുള്ള കേന്ദ്രമായി അതിനെ ഉപയോഗിക്കുകയും ചെയ്തു.ആയിരത്തി അറുനൂറ്റി അറുപത്തൊന്‍പതില്‍ ഡച്ചുകാര്‍ തന്നെ ഈ കോട്ട തകര്‍ത്തു.പകരം തിരുവഞ്ചിക്കുളത്ത് ഒരു കോട്ട പണിതു.ആയിരത്തി അറുനൂറ്റി എഴുപതില്‍ ഈ കോട്ടയില്‍ നിന്നും ഡച്ചുകാര്‍ പുറത്താക്കപ്പെട്ടു.പക്ഷെ ആയിരത്തി അറുനൂറ്റി എഴുപത്തിമൂന്നില്‍ അവര്‍ കോട്ടയില്‍ തിരികെ പ്രവേശിച്ചു. ആയിരത്തി അറുനൂറ്റി എഴുപത്തിയേഴ്-എഴുപത്തിയെട്ടില്‍ ഡച്ച് കുമുദാരായിരുന്ന വാന്‍ റീഡ് പൊന്നാനിയില്‍ വച്ച് സാമൂതിരിയെ കണ്ടു.അദ്ദേഹം സന്തോഷത്തോടെ ചേറ്റുവ അവര്‍ക്ക് വിട്ടുകൊടുത്തു.ആയിരത്തി അറുനൂറ്റി എണ്‍പത്തിനലില്‍ അധികാരത്തില്‍ വന്ന സാമൂതിരി നയോപായങ്ങളിലൂടെ ആയിരത്തി അറുനൂറ്റി തൊണ്ണൂറ്റി ഒന്നില്‍ ചേറ്റുവ വീണ്ടെടുത്തു.ഡച്ചുകാരുമായി പന്ത്രണ്ടു വര്‍ഷത്തെ ഒരു സമാധാനക്കരാറും അദ്ദേഹം ഒപ്പിട്ടു.
അതോടെ സമാധാനം നിലവില്‍ വന്നുവോ ഗുരോ ?”
അതെങ്ങിനെ പ്രഹ്ളാദ,മനുഷ്യരല്ലെ,ഒരാള്‍ തണുക്കുമ്പോള്‍ മറ്റൊരാള്‍ ചൂടാവും.സാമൂതിരിയുടെ കോതപ്പറമ്പ് കോട്ടയെ കൊച്ചി ആക്രമിച്ചു.സാമൂതിരിയും കൊച്ചിയും തമ്മില്‍ നീണ്ട യുദ്ധമായി.കൊച്ചിയുടെ ഭാഗമായ കോടശ്ശേരിയും മുരിയനാടും സാമൂതിരി കൈക്കലാക്കി.ആയിരത്തി എഴുനൂറ്റി അഞ്ചില്‍ ഭരണി തിരുനാള്‍ സാമൂതിരി മരണപ്പെട്ടു. ബംബനാട് രാജാക്കന്മാര്‍ പുതിയ സാമൂതിരിയുമായി തെറ്റി.പുറക്കാട് നേരത്തെ തന്നെ പിണങ്ങി നില്‍ക്കുകയായിരുന്നു. ഡച്ചുകാരും യുദ്ധകാഹളം മുഴക്കി.ഡച്ചുകാരെ പ്രീണിപ്പിക്കാനായി സാമൂതിരി വീണ്ടും ചേറ്റുവ വിട്ടുകൊടുത്തു.അവര്‍ അവിടെ കോട്ട പണിയാന്‍ തുടങ്ങി.പണിതീരും മുന്‍പെ ആയിരത്തി എഴുനൂറ്റി പതിനഞ്ചില്‍ സാമൂതിരി കോട്ട പിടിച്ചെടുത്തു. തുടര്‍ന്ന് പാപ്പിനിവട്ടത്തു വച്ച് ഡച്ചുകാരുമായി ഏറ്റുമുട്ടി. അത് പരാജയമായി. സാമൂതിരി ചേറ്റുവായില്‍ നിന്നും പിന്‍മാറി. ഡച്ചുകാര്‍ സമാധാനിച്ചില്ല. അവര്‍ മുന്നേറുകയും മാപ്രാണം,തത്തപ്പുഴ,അകത്തുരുത്ത്,ആറാട്ടുപുഴ എന്നീ പ്രദേശങ്ങള്‍ കൂടി കൈവശപ്പെടുത്തുകയും ചെയ്തു.ഇനി തനിച്ചുള്ള നീക്കം വിജയിക്കില്ലെന്ന് മനസ്സിലാക്കി സാമൂതിരി ,പറവൂര്‍,തെക്കുംകൂര്‍,വടക്കുംകൂര്‍,കായംകുളം എന്നീ രാജാക്കന്മാരുമായി ആയിരത്തി എഴുനൂറ്റി ഇരുപത്തിയൊന്‍പതില്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടു. പക്ഷെ ഡച്ചുകാര്‍ ശരിക്കും ക്ഷീണിച്ചത് മാര്‍ത്താണ്ഡവര്‍മ്മയുടെ കൈകളില്‍പെട്ടാണ്. ആയിരത്തി എഴുനൂറ്റി നാല്പ്പത്തി ഒന്നില്‍ കൊളച്ചലില്‍ നടന്ന ആ യുദ്ധം നമ്മള്‍ നേരത്തെ പറഞ്ഞത് നീ ഓര്‍ക്കുന്നില്ലെ പ്രഹ്ളാദ.
ഉവ്വ്,ഗുരോ
ഒരു പടക്കം സാമൂതിരിയും വച്ചു.ആയിരത്തി എഴുനൂറ്റി അന്‍പത്തി രണ്ടില്‍ ഡെയിന്‍കാരില്‍ നിന്നും ലഭിച്ച   യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ഏനമാക്കല്‍ കോട്ട ആക്രമിച്ചു. ചേറ്റുവ കോട്ടയും പിടിച്ചു. ആയിരത്തി എഴുനൂറ്റി അന്‍പത്തിയഞ്ചില്‍ പാപ്പിനിവട്ടം,പറവൂര്‍,ആലങ്ങാട് എന്നീ പ്രദേശങ്ങളും സാമൂതിരിക്ക് അധീനമായി. സമയം സാമൂതിരിക്ക് അനുഗുണമായിരുന്ന ഈ കാലത്ത് മൈസൂര്‍ സുല്‍ത്താന്‍ പാലക്കാട് ആക്രമിച്ചു. ഇത് ആയിരത്തി എഴിനൂറ്റി അന്‍പത്തിയെട്ടിലാണ്. സേന പലയിടത്തായി യുദ്ധം ചെയ്യുന്നത് ദോഷകരമാകും എന്നു കണ്ട് ഡച്ചുകാരുമായി സാമൂതിരി ഇണങ്ങി.മതിലകം,പുത്തന്‍ചിറ,ചേറ്റുവ,പാപ്പിനിവട്ടം എന്നീ കോട്ടകള്‍ അവര്‍ക്ക് വിട്ടുകൊടുത്തു. അറുപത്തായ്യായിരം രൂപ നഷ്ടപരിഹാരവും നല്‍കി. തെക്കന്‍ദിക്കുകളില്‍ കൊച്ചിയും തിരുവിതാംകൂറും സംയുക്തമായി നടത്തിയിരുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഒന്നര ലക്ഷം രൂപ തിരുവിതാംകൂറിനും നല്‍കാന്‍ കരാറായി. കൊച്ചിയുമായി ആയിരത്തി എഴുനൂറ്റി പതിനേഴിലെ ഉടമ്പടി പ്രകാരം പെരുമാറാമെന്നും ധാരണയായി. മൈസൂറിനെ എതിര്‍ക്കാന്‍ നായര്‍പടയുടെ മുഴുവന്‍ശേഷിയും ഉപയോഗിച്ചെങ്കിലും പരാജയം സംഭവിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ പന്ത്രണ്ട് ലക്ഷം രൂപ മൈസൂറിന് നല്കാമെന്ന് സമ്മതിച്ച് ആ യുദ്ധവും അവസാനിപ്പിച്ചു.
ഗുരോ,അപ്പോള്‍ ഈ വെട്ടിപ്പിടിക്കുന്നതെല്ലാം കൈവിട്ടുപോവുക സാധാരണമാണ് അല്ലെ.
അത് പ്രകൃതി നിയോഗമാണ് പ്രഹ്ളാദ.ചിലതൊക്കെ വേഗമാകും,മറ്റു ചിലത് പതുക്കെയും. മൈസൂറിനുള്ള പണം കൊടുത്തു തീര്‍ക്കും മുന്നെ മൈസൂര്‍ ഭരണം ഹൈദരാലി പിടിച്ചെടുത്തു. ബാക്കി തുകയ്ക്കായി ഹൈദരാലിയുടെ ആളുകള്‍ ആയിരത്തി എഴുനൂറ്റി അറുപത്തി മൂന്നില്‍ സാമൂതിരിയെ കണ്ടു. ഹൈദരാലിയുമായി യാതൊരിടപാടുമില്ലന്നു പറഞ്ഞ് സാമൂതിരി അവരെ മടക്കി അയച്ചു. ആയിരത്തി എഴുനൂറ്റി അറുപത്തിയാറില്‍ ഹൈദര്‍ മലബാര്‍ ആക്രമിച്ചു.കോലത്തിരിയെ തോല്‍പ്പിച്ച് തെക്കോട്ടുനീങ്ങി പെരിങ്കുളത്തുവച്ച് സാമൂതിരിസേനയോട് ഏറ്റുമുട്ടി.പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നായര്‍ സേന പിന്മാറിയതോടെ സാമൂതിരി കോഴിക്കോട്ടെത്തി ആത്മഹത്യ ചെയ്തു.കൊട്ടാരത്തിന് തീ കൊളുത്തി അതില്‍ വെന്ത് മരിക്കയായിരുന്നു. ഹൈദര്‍ കൊച്ചിവരെ എത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ കോയമ്പത്തൂര്‍ക്ക് മടങ്ങി.ഈ സമയം മലബാറില്‍ ലഹള തുടങ്ങി.ലഹള അടിച്ചമര്‍ത്താന്‍ വന്ന ഹൈദര്‍ രാജ്യരക്ഷ ഭദ്രമാക്കാന്‍ പാലക്കാട്ട് ഒരു കോട്ട നിര്‍മ്മാണവും തുടങ്ങി.ഈ സമയത്താണ് ഒന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധം ആരംഭിച്ചത്. ഹൈദര്‍ ഉടന്‍ മൈസൂറിന് മടങ്ങി.ആയിരത്തി എഴുനൂറ്റി അറുപത്തിയെട്ടില്‍ മലബാര്‍ രാജാക്കന്മാരും ഹൈദരുടെ പ്രതിനിധി മദണ്ണയും തമ്മില്‍ ഒരൊത്തുതീര്‍പ്പുണ്ടാക്കി.അതിന്‍പ്രകാരം ഹൈദര്‍ക്ക് യുദ്ധച്ചിലവും വാര്‍ഷിക കപ്പവും നല്കാമെന്ന് രാജാക്കന്മാര്‍ സമ്മതിച്ചു. അതനുസരിച്ച് അവരെ പുനര്‍വാഴിച്ച് മൈസൂര്‍ സേന പിന്‍വാങ്ങി. എന്നാല്‍ കപ്പം നല്കാന്‍ പലരും വൈമുഖ്യം കാട്ടി.തുടര്‍ന്ന് ആയിരത്തി എഴുനൂറ്റി എഴുപത്തിമൂന്നില്‍ ശ്രീനിവാസ റാവുവിന്‍റെയും സൈദു സാഹിബ്ബിന്‍റെയും നേതൃത്വത്തില്‍ ഒരു സേന മലബാറിലെത്തി. എല്ലാ രാജാക്കന്മാരെയും സ്ഥാനത്തു നിന്നും നീക്കം ചെയ്തു.സാമൂതിരിയും കുടുംബവും തിരുവിതാംകൂറില്‍ അഭയം തേടി.തുടര്‍ന്ന് മലബാറില്‍ ശ്രീനിവാസ റാവുവിന്‍റെ നേതൃത്വത്തില്‍ നികുതി പിരിവും ഭരണ പുനഃസംവിധാനവും ഏര്‍പ്പെടുത്തി.
ഹൈദറിന്‍റെ പിടിയിലായി മലബാര്‍ എന്നു പറയുന്നതാവും ശരി, -ല്ലെ ഗുരോ
പ്രഹാളാദ,ഒന്നും ആരുടെയും പിടിയില്‍ നില്‍ക്കില്ലല്ലോ,ആയുസും അതുപോലെയല്ലെ.രണ്ടാം മൈസൂര്‍ യുദ്ധം നടക്കുമ്പോള്‍ ഹൈദരാലി മരണപ്പെട്ടു. മകന്‍ ടിപ്പു അധികാരമേറ്റു.ഇംഗ്ലീഷ്കാരുമായി യുദ്ധം തുടര്‍ന്നു.മലബാറില്‍ ഈ സമയത്തൊക്കെ കലാപം നടക്കുന്നുണ്ടായിരുന്നു.ആയിരത്തി എഴുനൂറ്റി എണ്‍പത്തിനാലില്‍ ഉണ്ടാക്കിയ സന്ധിയുടെ അടിസ്ഥാനത്തില്‍ മലബാറില്‍ ടിപ്പുവിന്‍റെ ഭരണാധികാരം ഇംഗ്ലീഷുകാര്‍ അംഗീകരിച്ചു.ടിപ്പുവിന് പാലക്കാട് കോട്ട തിരിച്ചുകിട്ടിയെങ്കിലും ഫെറോക്കിനെ ആസ്ഥാനമാക്കാനായിരുന്നു ടിപ്പുവിന്‍റെ താത്പ്പര്യം.
ആയിരത്തി എഴുനൂറ്റി എണ്‍പത്തിയൊന്‍പതില്‍ ടിപ്പു തിരുവിതാംകൂര്‍ ആക്രമിച്ചു.ആയിരത്തി എഴുനൂറ്റി തൊണ്ണൂറ് ഏപ്രിലില്‍ നെടുങ്കോട്ട പൊളിച്ചു. കൊടുങ്ങല്ലൂര്‍,കോട്ടപ്പുറം,പറവൂര്‍,അയിക്കോട്ട എന്നിവ പിടിച്ചു.ആഹ്ലാദം കെട്ടടങ്ങും മുന്‍പെ ഇംഗ്ലീഷ് സേന ശ്രീരംഗപട്ടണം പിടിക്കാന്‍ പുറപ്പെട്ടു എന്നറിഞ്ഞ് ടിപ്പു പിന്‍വാങ്ങി.മൂന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തിന് അതോടെ തുടക്കമായി.ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റി രണ്ടില്‍ ശ്രീരംഗപട്ടണം സന്ധിയോടെ അവസാനിച്ചു.ഇതിനിടെ മലബാര്‍ രാജാക്കന്മാരുടെ സഹായത്തോടെ പാലക്കാട്,ചോറ്റുവ കോട്ടകളും ഇംഗ്ലീഷുകാര്‍ പിടിച്ചു.തിരൂരങ്ങാടിയില്‍ നിന്നും ടിപ്പുവിന്‍റെ സൈന്യാധിപനെ തോല്പ്പിച്ചോടിച്ചു.ചുരുക്കത്തില്‍ മലബാര്‍ ഇംഗ്ലീഷുകാര്‍ക്ക് അധീനമായി. അവര്‍ സാമൂതിരിക്ക് രാജ്യം വിട്ടുകൊടുത്തില്ല.അങ്ങിനെ അനേക നൂറ്റാണ്ടുകാലം മലബാറിന്‍റെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ-സാംസ്ക്കാരിക മണ്ഡലങ്ങളില്‍ സുപ്രധാന ശക്തികളായിരുന്ന കോഴിക്കോട്ടു സാമൂതിരിമാര്‍ ചരിത്രപാഠമായി അവശേഷിച്ചു.ആയിരത്തി എണ്ണൂറ്റി ആറില്‍ സാമൂതിരിക്ക് മാലിഖാന്‍ കൊടുത്ത് ഇംഗ്ലീഷുകാരുടെ പെന്‍ഷകാരായും മാറ്റി.
എന്തൊരു തകര്‍ച്ചയാണിത് ഗുരോ.
തകര്‍ച്ചയ്ക്ക് വിശേഷണങ്ങളില്ല പ്രഹ്ളാദ,ആരും മനഃപൂര്‍വ്വമുണ്ടാക്കുന്നതല്ല ഇത്.വന്നു ഭവിക്കുകയാണ്.കൊച്ചിയിലും ഇങ്ങനെയൊക്കെത്തന്നെ സംഭവിച്ചു.പെരുമ്പടപ്പ് സ്വരൂപം എന്നായിരുന്നു കൊച്ചിയുടെ ആദ്യപേര്.അവസാന കുലശേഖര രാജാവിന് ആണ്‍മക്കളില്ലായിരുന്നു.അതുകൊണ്ട് വേണാട് രാജാവ് വിവാഹം ചെയ്ത സഹോദരിയില്‍ ജനിച്ച പുത്രനെ കുലശേഖര ബിരുദത്തോടെ വേണാട് രാജാവാക്കി.പെരുമ്പടപ്പ് നമ്പൂതിരി സംബ്ബന്ധം ചെയ്ത സഹോദരിയില്‍ ജനിച്ച പുത്രന്‍ കോയിലധികാരിയുമായി. പെരുമ്പപ്പിന്‍റെ വേളിയായ ബ്രാഹ്മണ സ്ത്രീയില്‍ മക്കളില്ലാതിരുന്നതിനാല്‍, അവന്‍ പെരുമ്പടപ്പ് സ്വരൂപത്തിന്‍റെകൂടി അധികാരിയായി മാറി.പെരുമ്പടപ്പ് ഗംഗാധര വീരകേരള തൃക്കോവില്‍ അധികാരി എന്നാണ് കൊച്ചി രാജാക്കന്മാരുടെ പൂര്‍ണ്ണസ്ഥാനപ്പേര്. തിരുവില്വാമല മുതല്‍ തിരുവല്ല വരെയുള്ള കോവിലുകളുടെ മേലുക്കോയ്മ സ്ഥാനവും കൊച്ചിക്കുണ്ടായിരുന്നു. പെരുമ്പടപ്പ് നമ്പൂതിരിയുടെ ആസ്ഥാനം പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് ഗ്രാമത്തിലെ ചിത്രകൂടം കൊട്ടാരമായിരുന്നു. കുലദേവത പഴയന്നൂര്‍ ഭഗവതിയും. എന്നാല്‍ പെരുമ്പടപ്പ് രാജവംശത്തിന്‍റെ ആസ്ഥാനം മഹോദയപുരമായിരുന്നു.പൊന്നാനി മുതല്‍ ചേര്‍ത്തല വരെയുള്ള തീരദേശത്തിന്‍റെ ഭരണാധിപനായിരുന്നു പെരുമ്പടപ്പ് രാജാവ്. വള്ളുവനാട് മുതല്‍ ഓടനാട് വരെയുള്ള നാടുകളിലെ രാജാക്കന്മാര്‍ പെരുമ്പടപ്പിനോട് കൂറുപുലര്‍ത്തിയിരുന്നു.കുലശേഖരന്മാര്‍ക്ക് ശേഷം മാമാങ്കമഹോത്സവം ആഘോഷിക്കുകയും അതില്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തിരുന്നത് പെരുമ്പടപ്പ് രാജാക്കന്മാരാണ്. അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ വെള്ളാട്ടിരിയും. കാലക്രമേണ പെരുമ്പടപ്പ് രാജാക്കന്മാര്‍ മാമാങ്കത്തില്‍ പങ്കെടുക്കാതെയായി. ആ അവകാശം വെള്ളാട്ടിരിക്ക് കിട്ടുകയും ഒടുവില്‍ സാമൂതിരി അത് പിടിച്ചെടുക്കുകയും ചെയ്ത കഥ പ്രഹ്ളാദന്‍ കേട്ടത് ഓര്‍ക്കുമല്ലൊ.
ഉവ്വ്, ഗുരോ
കൊച്ചി ,പെരുമ്പടപ്പ് രാജാവിന് ലഭിച്ചതും യാദൃശ്ചികമായാണ് പ്രഹ്ളാദ.ഇളങ്ങല്ലൂര്‍ നമ്പൂതിരി കുടുംബത്തിന്‍റേതായിരുന്നു കൊച്ചി.തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്മാരും പെരുമ്പടപ്പ് രാജകുടുംബത്തിലെ സംബ്ബന്ധക്കാരുമായിരുന്നു ഇളങ്ങല്ലൂര്‍ നമ്പൂതിരിമാര്‍. ഒരു ഇളങ്ങല്ലൂര്‍ മുഖ്യന്‍ മരണശയ്യില്‍ കിടന്ന് ഇങ്ങനെ പത്രം എഴുതി, കൊച്ചി തന്‍റെ ഭാര്യയായ പെരുമ്പടപ്പ് ഇളയതാവഴി തമ്പുരാട്ടിക്കും അവളുടെ അനന്തരാവകാശികള്‍ക്കും അവകാശപ്പെട്ടതാണ്. അതോടെ കൊച്ചിയുടെ ഭരണാധികാരികള്‍ പെരുമ്പടപ്പുകാരായി. പ്രഹ്ളാദ,പ്രകൃതി ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിയ കാലമായിരുന്നു അത്. ആയിരത്തി മുന്നൂറ്റി നാല്‍പത്തിയൊന്നില്‍ പെരിയാറ്റിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ അഴി അടഞ്ഞുപോവുകയും കൊച്ചി അഴി തുറക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ വന്ന എക്കല്‍ അടിഞ്ഞ് ഒരു ദ്വീപും ഉണ്ടായിതീര്‍ന്നു.അതാണ് വൈപ്പിന്‍ ദ്വീപ്. കൊടുങ്ങല്ലൂര്‍ തകര്‍ന്നതോടെ രാജാക്കന്മാര്‍ കൊച്ചിയിലേക്ക് ആസ്ഥാനം മാറ്റി.അതിന്‍റെ ഓര്‍മ്മയ്ക്കാണ് കൊച്ചി വര്‍ഷം തുടങ്ങിയത്. സാമൂതിരിയും കൊച്ചിയുമായുള്ള യുദ്ധം നൂറ്റാണ്ടുകള്‍ നീണ്ടു. കൊച്ചിയിലെ മൂത്തതാവഴിയും ഇളയതാവഴിയും തമ്മിലുള്ള സംഘട്ടനം സാമൂതിരിക്ക് ഗുണപ്രദമായി. ഇളയതാവഴിയില്‍ നിന്നും ഭരണം മൂത്തതാവഴിക്ക് നല്‍കാന്‍ സാമൂതിരിക്ക് കഴിഞ്ഞു. അവര്‍ സാമൂതിരിയുടെ മേല്‍ക്കോയ്മ അംഗീകരിക്കുകയും കൊല്ലംതോറും വന്‍തുക കപ്പം കൊടുക്കുകയും ചെയ്തു. നാണയം അടിക്കാനും കോവിലകം ഓടുമേയാനുള്ള അവകാശം പോലും കൊച്ചിരാജാവിന് ഉണ്ടായിരുന്നില്ല. കയറ്റുമതിപോലും കോഴിക്കോട്ടുനിന്നു മാത്രമായിരുന്നു.
പ്രഹ്ളാദ,ആയിരത്തി അഞ്ഞൂറ് ഡിസംബറിലാണ് കബ്രാള്‍ എന്ന പോര്‍ച്ചുഗീസുകാരന്‍ കൊച്ചിയില്‍ വരുന്നത്.കൊച്ചി അന്ന് പ്രധാന തുറമുഖമായിട്ടില്ല. പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമാണ് കൊച്ചിയുടെ അഭിവൃദ്ധിക്ക് അടിത്തറ പാകിയത്. പക്ഷെ വിദേശാധിപത്യത്തിന്‍റെ തുടക്കവും അതുതന്നെയായിരുന്നു എന്നത് ദുഃഖകരമായ വശം.ഉണ്ണിരാമക്കോയിലായിരുന്നു അന്നത്തെ ഭരണാധികാരി.കൊച്ചിയില്‍ കച്ചവടത്തിനുള്ള എല്ലാ സൌകര്യങ്ങളും നല്‍കാമെന്ന് രാജാവ് കബ്രാളിന് ഉറപ്പുനല്‍കി. സാമൂതിരിയോടുള്ള വിരോധം തീര്‍ക്കാന്‍ പോര്‍ച്ചുഗീസുകാര്‍ സഹായിക്കുമെന്ന് രാജാവ് ചിന്തിച്ചു.ആയിരത്തി അഞ്ഞൂറ്റി മൂന്ന് മാര്‍ച്ചിലാണ് വന്‍സൈന്യവുമായി സാമൂതിരി കൊച്ചി ആക്രമിച്ചത്. പോര്‍ച്ചുഗീസുകാര്‍ കൊച്ചിക്കൊപ്പമെത്തി.എങ്കിലും യുദ്ധത്തില്‍ ഇളമുറത്തമ്പുരാനും രണ്ട് രാജകുമാരന്മാരുമുള്‍പ്പെടെ അനേകംപേര്‍ മരിച്ചു.രാജാവും പോര്‍ച്ചുഗീസ് സൈന്യവും എളങ്കുന്നപ്പുഴ ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചു. കൊച്ചി മുഴുവനായും സാമൂതിരി കൈയ്യടക്കി. തുടര്‍ന്ന് പൈപ്പിന്‍ ദ്വീപും പ്രതിരോധിച്ചു. എന്നാല്‍ കാലവര്‍ഷം തുടങ്ങിയതോടെ സാമൂതിരി കോഴിക്കോടിന് പോയി.ഈ സമയം വലിയൊരു നാവിക വ്യൂഹം പോര്‍ച്ചുഗലില്‍ നിന്നും വന്നു. അവര്‍ ഉപരോധം നീക്കി. അവിടെ മാനുവലിന്‍റെ പേരില്‍ കോട്ട പണിതു.ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ കോട്ടയായിരുന്നു അത്. പച്ചിക്കോ എന്ന സൈന്യാധിപന്‍റെ സംരക്ഷണയില്‍ കോട്ട ഏല്പ്പിച്ചശേഷം പോര്‍ച്ചുഗീസ് സേനയുടെ ഒരു വലിയ വിഭാഗം മടങ്ങി.ആയിരത്തി അഞ്ഞൂറ്റി നാലില്‍ സാമൂതിരി വീണ്ടും ആക്രമണം തുടങ്ങി. പുതിയ നാവികസേന പോര്‍ച്ചുഗലില്‍ നിന്നും വരും വരെ പച്ചിക്കോ ധീരമായി പിടിച്ചുനിന്നു.പുതിയ നാവികസേന വന്ന് സാമൂതിരിയുടെ സേനയ്ക്ക് വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു.
ഈ രാജാക്കന്മാര്‍ തമ്മിലടിച്ചില്ലായിരുന്നെങ്കില്‍ യൂറോപ്യന്മാര‍്‍ക്ക് ഈ മണ്ണില്‍ ഇടം കിട്ടില്ലായിരുന്നു- ല്ലെ ഗുരോ
തമ്മിലടി ആദികാലം മുതലെ ഉണ്ടായിരുന്നതിനാല്‍ അത്തരമൊരു ചിന്തയ്ക്ക് ഇടമില്ല പ്രഹ്ളാദ. ആയിരത്തി അഞ്ഞൂറ്റി അഞ്ചില്‍ ഇന്ത്യയിലെ പോര്‍ച്ചുഗീസ് താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫ്രാന്‍സിസ് കോ ഡി അല്‍മേഡയെ വൈസ്രോയിയായി നിയമിച്ചു. അദ്ദേഹം കൊച്ചിയെ ഇന്ത്യയിലെ പോര്‍ച്ചുഗീസ്സ് സ്ഥാപനങ്ങളുടെ തലസ്ഥാനമാക്കി.ആയിരത്തി അഞ്ഞൂറ്റി ഒന്‍പതില്‍ അല്‍ഫോണ്‍സോ ഡി ആല്‍ബുക്കര്‍ക്ക് വൈസ്രോയിയായി. ഉണ്ണി രാമക്കോയില്‍ രണ്ടാമനായിരുന്നു രാജാവ്.ആയിരത്തി അഞ്ഞൂറ്റി പത്തില്‍ പെരുമ്പടപ്പ് മൂപ്പില്‍ നിര്യാതനായി.ഉണ്ണി രാമക്കോയില്‍ മൂപ്പില്‍ സ്ഥാനം ഏറ്റെടുത്തു.അടുത്ത അനന്തരാവകാശിയെ രാജാധികാരം ഏല്പ്പിക്കേണ്ടത് കൊച്ചി രാജാവിന്‍റെ ചുമതലയായിരുന്നു.എന്നാല്‍ അടുത്ത അവകാശിയില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് വിശ്വാസം ഇല്ലാതിരുന്നതുകൊണ്ട് ഉണ്ണി രാമക്കോയില്‍ തന്നെ സ്ഥാനത്ത് തുടരാന്‍ അവര്‍ സഹായിച്ചു.
അധികാരത്തില്‍ ആര് തുടരണം എന്നുപോലും വിദേശ ശക്തികള്‍ തീരുമനിക്കുന്നിടത്തോളം അന്ന് ഭരണം അധഃപതിച്ചിരുന്നുവോ ഗുരോ
അതെ പ്രഹ്ളാദ,ആയുധശക്തിയുടെ കരുത്ത് അന്നും ഇന്നും അങ്ങിനെയല്ലെ. എന്നാല്‍ അധികാരം ആശിക്കുന്നവരും കച്ചവടം ചെയ്യുന്നവരും എന്നും അവസരവാദികളായിരുന്നു. ആല്‍ബുക്കര്‍ക്കും നാട്ടിലെ പ്രബലന്‍ സാമൂതിരിയാണെന്നു കണ്ട് അദ്ദേഹവുമായി സഖ്യം കൂടി.ദുര്‍ബ്ബലനായ കൊച്ചി രാജാവിന്‍റെ എതിര്‍പ്പ് അവര്‍ വകവച്ചില്ല. മാത്രമല്ല ആസ്ഥാനം ഗോവയ്ക്ക് മാറ്റുകയും ചെയ്തു.ആയിരത്തി അഞ്ഞൂറ്റി പതിനഞ്ചില്‍ ആല്‍ബുക്കര്‍ക്ക് വിരമിച്ചു. പിന്നീട് വന്ന വൈസ്രോയിമാര്‍ സാമൂതിരിയുമായി പിണങ്ങുകയും യുദ്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.ആയിരത്തി അഞ്ഞൂറ്റി ഇരുപത്തിനാലില്‍ വാസ്കോഡഗാമ വൈസ്രോയിയായി വന്നെങ്കിലും രണ്ടുമാസത്തിനുള്ളില്‍ മരണമടഞ്ഞു.കൊച്ചിയിലെ സെന്‍റ് ഫ്രാന്‍സിസ് പള്ളിയില്‍ അദ്ദേഹത്തെ അടക്കി.
ഒരുപാട് ക്രൂരതകള്‍ കാട്ടിയ ആളായിരുന്നു ഗാമ-ല്ലെ.
തീര്‍ച്ചയായും. നിന്‍റെ കുലത്തില്‍ പലരും അതേറ്റുവാങ്ങിയവരാണ്.എന്നിട്ടും ഗാമയുടെ വരവിന്‍റെ ആഞ്ഞൂറാം വാര്‍ഷികാഘോഷം സംഘടിപ്പിക്കാനുള്ള തീരുമാനമെടുത്ത കമ്മറ്റിയില്‍  നീ അംഗമായിരുന്നു എന്നത് ചരിത്രത്തിന്‍റെ വിചിത്രമായ മറ്റൊരംശം എന്നു കരുതിയാല്‍ മതി. ഹിന്ദു മുസ്ലിം മൈത്രിക്ക് ഏറെ ക്ഷതമേല്പ്പിച്ച വ്യക്തിയായിരുന്നു ഗാമ.ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയേഴില്‍ ഉണ്ണി രാമക്കോയില്‍ രണ്ടാമന്‍ അന്തരിച്ചു.വീരകേരളവര്‍മ്മന്‍ രാജാവായി. ആയിരത്തി അഞ്ഞൂറ്റി നാല്പ്പത്തിനാലില്‍ അദ്ദേഹത്തിന്‍റെ കാലത്താണ് സെന്‍റ് ഫ്രാന്‍സിസ് സേവിയര്‍ കൊച്ചി സന്ദര്‍ശിച്ചത്. കേരളത്തില്‍ കത്തോലിക്ക മതം പ്രചരിപ്പിക്കുന്നതില്‍ ഗണനീയ പങ്ക് വഹിച്ച പുണ്യാളനാണ് അദ്ദേഹം.ആയിരത്തി അഞ്ഞൂറ്റി നാല്പ്പത്തിയൊന്‍പതില്‍ പോര്‍ച്ചുഗീസുകാര്‍ പള്ളുരിത്തി ക്ഷേത്രം കൊള്ളയടിച്ചു.രാജാവ് ഇതില്‍ പ്രതിഷേധിച്ചു.ഇനി ആവര്‍ത്തിക്കില്ല എന്ന ധാരണയില്‍ അത് ഒത്തുതീര്‍ന്നു.തുടര്‍ന്ന് വടക്കുംകൂറുമായുള്ള യുദ്ധത്തില്‍ അവര്‍ കൊച്ചിയെ സഹായിക്കുകയും വടുതലയുദ്ധത്തില്‍ വടക്കുംകൂര്‍ രാജാവിനെ വധിക്കുകയും ചെയ്തു.എന്നാല്‍ മടക്കുംകൂര്‍ വീണ്ടും വന്‍പിച്ച സൈന്യശേഖരത്തോടെ കൊച്ചി ആക്രമിച്ചു.രാജാവും പോര്‍ച്ചുഗീസ് സൈന്യവും പിന്‍വാങ്ങി.തുടര്‍ന്ന് ആയിരത്തി അഞ്ഞൂറ്റി അന്‍പത്തിയഞ്ചില്‍ പോര്‍ച്ചുഗീസുകാര്‍ മട്ടാഞ്ചേരിയില്‍ കൊട്ടരം പണികഴിപ്പിച്ച് വീരകേരള വര്‍മ്മയ്ക്ക് നല്കി.ആയിരത്തി അഞ്ഞൂറ്റി അറുപത്തിയഞ്ചില്‍ അദ്ദേഹം മരണപ്പെട്ടു.തുടര്‍ന്ന് അധികാരത്തില്‍ വന്ന കേശവരാമവര്‍മ്മയാണ് പോര്‍ച്ചുഗീസ് കാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ്. ആയിരത്തി അറുനൂറ്റി ഒന്നുവരെ മുപ്പത്തിയാറ് വര്‍ഷക്കാലം അദ്ദേഹം ഭരണം നടത്തി.ആയിരത്തി അഞ്ഞൂറ്റി അറുപത്തിയഞ്ചില്‍ പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തിന് വിധേയരായി കൊടുങ്ങല്ലൂരില്‍ നിന്നും പാലായനം ചെയ്ത ജൂതന്മാരെ കൊച്ചിയില്‍ താമസിപ്പിച്ചത് അദ്ദേഹമാണ്. കൊട്ടാരത്തിന് സമീപം ജൂതടൌണ്‍ നിര്‍മ്മിക്കാന്‍ സ്ഥലം നല്കി. പ്രസിദ്ധമായ ജൂതപ്പള്ളി നിര്‍മ്മിച്ചതും ഈ കാലത്താണ്.കേശവ രാമവര്‍മ്മയുടെ കാലത്തുണ്ടായ മറ്റൊരു പ്രധാന സംഭവം ഉദയംപേരൂര്‍ സുനഹദോസാണ്.കേരള കൃസ്ത്യാനികളുടെ ആചാരങ്ങള്‍ പരിഷ്ക്കരിക്കവാനും ലത്തീന്‍ മതാനുഷ്ടാനങ്ങള്‍ നടപ്പിലാക്കുവാനുമാണ് ആയിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയൊന്‍പതില്‍ സുനഹദോസ് സംഘടിപ്പിച്ചത്. ഗോവയിലെ ആര്‍ച്ച് ബിഷപ്പായിരുന്ന അലക്സിസ് ഡി മെനസിസ് ആയിരുന്നു സമ്മേളനം വിളിച്ചത്.കേരളത്തില്‍ ലത്തീന്‍ കത്തോലിക്ക സഭയ്ക്ക് പ്രചാരം സിദ്ധിച്ചത് ഇതിനെ തുടര്‍ന്നായിരുന്നു.കേശവ രാമവര്‍മ്മ വാര്‍ദ്ധക്യകാലത്ത് കാശിക്ക് പോവുകയും ആയിരത്തി അറുനൂറ്റി ഒന്നില്‍ അവിടെവച്ച് മരിക്കുകയും ചെയ്തു.
ഒരു പക്ഷെ മതം മാറ്റാനുള്ള സൌകര്യം ലഭിച്ചതുകൊണ്ടാകാം ലത്തീന്‍ കത്തോലിക്കര്‍ കൂടുതലും കൊച്ചി പരിസരത്തായി വളര്‍ന്നത്-ല്ലെ ഗുരോ
അതെ പ്രഹ്ളാദ,തീരദേശത്താണ് ആ മതത്തിന് ഏറെ പ്രചാരം കിട്ടിയത്.പോര്‍ച്ചുഗീസുകാരുടെ അസ്തമയം തുടങ്ങിക്കഴിഞ്ഞിരുന്നു,ഡച്ചുകാരുടെ ഉദയവും.ആയിരത്തി അറുനൂറ്റി അന്‍പത്തിയെട്ടില്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ സിലോണില്‍ നിന്ന് ഓടിച്ചു.അധികം താമസിയാതെ കൊല്ലവും കൊടുങ്ങല്ലൂരും കൊച്ചിയും പുറക്കാടും കണ്ണൂരും അവര്‍ പിടിച്ചെടുത്തു. ആയിരത്തി അറുനൂറ്റി അറുപത്തിമൂന്നില്‍ പോര്‍ച്ചൂഗീസുകാര്‍ കേരളക്കരയില്‍ നിന്നും നിശ്ശേഷം നീക്കപ്പെട്ടു.ഇക്കാലമത്രയും കൊച്ചി രാജകുടുംബത്തില്‍ പോര്‍ച്ചുഗീസ്സുകാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു. ആയിരത്തി അറുനൂറ്റി നാല്പ്പത്തിയെട്ടു മുതല്‍ ആയിരത്തി അറുനൂറ്റി അന്‍പത്തിയഞ്ച് വരെ രാജാവായിരുന്ന വീരകേരള വര്‍മ്മയെ രാജാവായി വാഴിച്ചത് പോര്‍ച്ചുഗീസുകാരാണ്. മൂത്തതാവഴിയോട് ആഭിമുഖ്യമില്ലാതിരുന്ന അവര്‍ പള്ളരുത്തി താവഴിയില്‍ നിന്നും ദത്തെടുത്ത വീരകേരള വര്‍മ്മയെ രാജാവായി വാഴിക്കുകയായിരുന്നു.ഇദ്ദേഹമാണ് മട്ടാഞ്ചേരിയിലെ തിരുമല ദേവസ്വം സങ്കേതം കൊങ്ങിണികള്‍ക്ക് അനുവദിച്ചുകൊടുത്തത്.ആയിരത്തി അറുനൂറ്റി അന്‍പത്തിയാറു മുതല്‍ അന്‍പത്തിയെട്ടു വരെ രണ്ടുവര്‍ഷം റാണി ഗംഗാധര ലക്ഷ്മി റീജന്‍റായും ഭരണം നടത്തി. ആയിരത്തി അറുനൂറ്റി അറുപത്തിയൊന്നില്‍ കൊച്ചിരാജാവിന്‍റെ ഉപദേഷ്ടാവായിരുന്ന പാലിടത്ത് രാമന്‍ കോയി ഡച്ചുകാരുമായി രഹസ്യധാരണയുണ്ടാക്കുകയും ആയിരത്തി അറുനൂറ്റി അറുപത്തിരണ്ടില്‍ മട്ടാഞ്ചേരി കൊട്ടാരം ആക്രമിക്കുകയും ചെയ്തു.രാജാവിനെ ഡച്ചുകാര്‍ വധിച്ചു.ഗംഗാധര ലക്ഷ്മിയെ തടവുകാരിയായി പിടിച്ചു. ആയിരത്തി അറുനൂറ്റി അറുപത്തി മൂന്ന് ജനുവരിയില്‍ കൊച്ചികോട്ടയും അവര്‍ പിടിച്ചെടുത്തു. പിന്നീട് നൂറ്റിമുപ്പത്തിരണ്ട് വര്‍ഷക്കാലം കൊച്ചി ഡച്ചുകാരുടെ ആധിപത്യത്തിലായിരുന്നു.
എന്തെല്ലാം ചതികളുടെ കഥയാണ് ഗുരോ ചരിത്രം.”
അധികാരം ചതികളുടെ ചങ്ങലകള്‍ മാത്രമാണ് പ്രഹ്ളാദ.വിദേശികള്‍ അതത് ദേശത്തിന്‍റെ പ്രതീകംപോലെ ചിലരെ അധികാരക്കസേരയില്‍ ഇരുത്തിയിരുന്നു എന്നുമാത്രം.ഇവിടെയും അതുതന്നെ സംഭവിച്ചു.ഡച്ചുകാര്‍ മൂത്തതാവഴിയില്‍ പെട്ട വീരകേരള വര്‍മ്മയെ രാജാവാക്കി. ആയിരത്തി അറുനൂറ്റി അറുപത്തിമൂന്ന് മാര്‍ച്ചില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം രാജാവ് ഡച്ചുകാരുടെ സംരക്ഷണം സ്വീകരിക്കുകയും അവരുടെ മേല്ക്കോയ്മ അംഗീകരിക്കുകയും ചെയ്തു. കുരുമുളകിന്‍റെയും കറുവപ്പട്ടയുടെയും വ്യാപാരാവകാശവും അവര്‍ക്ക് നല്കി.രാജാവിന് കിട്ടിക്കൊണ്ടിരുന്ന ചുങ്കം നിലനിര്‍ത്തുകയും ഡച്ചുകാര്‍ക്ക് മുന്നില്‍ കൊച്ചിയുടെ ദാസ്യം ഉറപ്പാക്കുന്ന കരാറുകള്‍ അംഗീകരിക്കുകയും ചെയ്തു.

                 പ്രഹ്ളാദ,നൂറ്റാണ്ടുകളായി പാവപ്പെട്ട മനുഷ്യര്‍ അനുഭവിച്ചുവന്ന ദാസ്യം രാജാക്കന്മാരും അനുഭവിക്കാന്‍ തുടങ്ങി എന്നര്‍ത്ഥം.വിദേശികളുടെ ദാസ്യം നാം സ്വയം ഏറ്റുവാങ്ങുകയായിരുന്നു.ഒരു പക്ഷെ യുദ്ധം ചെയ്യുന്നതിനു പകരമുള്ള അടവുനയം.കൊച്ചി ദാസ്യം സ്വീകരിച്ചതോടെ പുറക്കാടും വടക്കുംകൂറും ആലങ്ങാടും പരവൂരുമൊക്കെ നിശബ്ദരായി. ആയിരത്തി അറുനൂറ്റി എഴുപത്തിമൂന്നില്‍ വാന്‍റീസ് കൊച്ചി കുമുദോരായി വന്നു. ആയിരത്തി അറുനൂറ്റി എഴുപത്തിനാലില്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം രാജകുടുംബത്തിലേക്ക് ദത്തെടുക്കുന്നതിനുപോലും ഡച്ചുകാരുടെ അനുമതി വേണം എന്ന നിലവന്നു. തുടര്‍ന്ന് രാജാവിനും ഇളമുറത്തമ്പുരാക്കന്മാര്‍ക്കും ജീവിതബത്ത നിശ്ചയിച്ചു.പ്രധാനമന്ത്രിയെ നിയമിക്കുന്നതും ഡച്ചുകാരുടെ ഇംഗിതത്തിന് അനുസരിച്ചായി.കാലം കടന്നുപോകും തോറും ഒരു നിശബ്ദജീവിയായി രാജാവ് മാറി.കാര്യക്കാരന്മാരെ നിശ്ചയിക്കാന്‍ പോലും രാജാവിന് അധികാരമില്ലാതായി. ഡച്ചുകാരുടെ ഇഷ്ടപാത്രമായിതീര്‍ന്ന പാലിയത്തച്ചനാണ് അക്കാലത്ത് ശരിക്കും ഭരണം നടത്തിയത്.കൊച്ചി രാജാവിന്‍റെ സാമന്തനായിരുന്ന വില്ലാര്‍വട്ടം സ്വരൂപത്തിന്‍റെ കീഴിലുള്ള ഒരു ചെറുകിട നാടുവാഴിയായിരുന്നു പാലിയത്തച്ചന്‍.ചേന്നമംഗലവും പരിസരവും അദ്ദേഹത്തിന്‍റെ അധികാരസീമയിലായിരുന്നു.ആയിരത്തി അറുനൂറ്റി ഇരുപത്തിരണ്ടില്‍ കൊച്ചി രാജാവ് പാലിയത്തച്ചനെ വൈപ്പിന്‍കരയുടെ അധിപനാക്കി.അധികം കഴിയും മുന്‍പ് കൊച്ചിയിലെ പ്രധാനമന്ത്രിയായി. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഡച്ചുകാരുമായി രഹസ്യധാരണയുണ്ടാക്കിയ പാലിയത്തച്ചന്‍ ഡച്ചുകാരുടെ വിശ്വസ്തനായി. കൊച്ചി രാജാക്കന്മാരുടെയും ഇളമുറത്തമ്പുരാക്കളുടെയും  ചെലവുതുക പോലും കൊടുത്തിരുന്നത് പാലിയത്തച്ചന്‍ വഴിയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ