2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-23-ദൈവത്തിലേക്കൊരു ചൂണ്ട്

ഇരുപത്തി മൂന്ന്

ദൈവത്തിലേക്കൊരു  ചൂണ്ട്

പ്രഹ്ളാദ,എന്നെ ഏറെ ദുഃഖിപ്പിച്ചത് ബുദ്ധമതത്തിന്‍റെ തകര്‍ച്ചയാണ്.അഞ്ചാം നൂറ്റാണ്ടില്‍ ബുദ്ധഘോഷത്തിന്‍റെ കാലത്ത് സ്വയം കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്ന ബുദ്ധഭിക്ഷുക്കളുടെ സ്ഥാനത്ത് ഏഴാം നൂറ്റാണ്ടില്‍ മഹേന്ദ്ര വര്‍മ്മന്‍റെ കാലത്ത് ഭോഗലാലസരായ ഭിക്ഷുക്കളെയാണ് കാണാന്‍ കഴിഞ്ഞത്. ജനങ്ങള്‍ക്ക് അവരില്‍ അപ്രീതിയും അവിശ്വാസവും വളര്‍ന്നു. മറ്റു മതങ്ങളില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങിയവര്‍ക്ക് സമൂഹത്തില്‍ അംഗീകാരം അംഗീകാരം ലഭിക്കാന്‍ തുടങ്ങി.പതുക്കെ പതുക്കെ ബുദ്ധ-ജൈന മത വിശ്വാസികളും ആദിമദൈവ വിശ്വാസികളും പിന്‍തള്ളപ്പെട്ടു.അവര്‍ തൊട്ടുകൂടാത്തവരായി.പതിനൊന്നാം നൂറ്റാണ്ടിലാണ് ബുദ്ധമതം നാമാവശേഷമായത്. തമിഴകം ശൈവ-വൈഷ്ണവ ഭക്തി പ്രസ്ഥാനങ്ങളാല്‍ മുഖരിതവുമായി.
അപ്പര്‍,ജ്ഞാനസുബന്ധര്‍,സുന്ദരര്‍,ചേരമാന്‍ പെരുമാള്‍ നായനാര്‍,മാണിക്യവാചകര്‍ തുടങ്ങിയ ശൈവനായനാര്‍മാര്‍ക്കും തിരുമഴിശൈ,തിരുമങ്കൈ,കുലശേഖരാഴ്വര്‍ നമ്മാഴ്വര്‍,പെരിയാഴ്വര്‍ തുടങ്ങിയ വൈഷ്ണവ ആഴ്വാര്‍മാരും തങ്ങളുടെ ഭക്തിഗാനങ്ങള്‍കൊണ്ട് ജനഹൃദയങ്ങളെ ആകര്‍ഷിക്കാന്‍ തുടങ്ങി. ഒറ്റയ്ക്കും കൂട്ടായും ഈ ഭക്തന്മാര്‍ ശിഷ്യസഞ്ചയത്തോടുകൂടി മധുരമായ ഭക്തിഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ക്ഷേത്രങ്ങള്‍തോറും സഞ്ചരിച്ചു.ശിവഭക്തന്മാര്‍ ഇങ്ങനെ ഒറ്റയ്ക്കും കൂട്ടായും സഞ്ചരിച്ചപ്പോള്‍ ഭക്തജനങ്ങള്‍ കാല്‍ക്കല്‍ വീണ് നമസ്ക്കരിച്ചു.
അറുപത്തിമൂന്ന് ശൈവനായനാര്‍മാരുടെ ഭക്തിഗാനങ്ങള്‍ പതിനൊന്ന് തിരുമുറൈകള്‍ എന്ന പേരില്‍ നമ്പിയാണ്ടര്‍ നമ്പി ആയിരത്തി ഇരുപതില്‍ സമാഹരിക്കുകയുണ്ടായി.പിന്നീട് ശൈവനായനാര്‍മാരെ സംബ്ബന്ധിച്ച് ഐതീഹ്യങ്ങള്‍ ശേഖരിച്ച് പെരിയ പുരാണം എന്ന ഗ്രന്ഥം ആയിരത്തി ഒരുനൂറ്റി അന്‍പതില്‍ കുലോത്തുംഗന്‍റെ കാലത്ത് ചേക്കിഴാറും രചിച്ചു.
പ്രഹ്ളാദ,ശൈവനായനാര്‍മാരില്‍ ഏറ്റവും പ്രമുഖര്‍ അപ്പര്‍,സംബന്ധര്‍,മാണിക്യവാചകര്‍,സുന്ദരര്‍ എന്നിവരായിരുന്നു. ഏഴാം നൂറ്റാണ്ടിന്‍റെ ആദ്യപാദം ജീവിച്ച അപ്പര്‍,പല്ലവ രാജാവായ മഹേന്ദ്രവര്‍മ്മനെ ജൈനമതത്തില്‍ നിന്നും ശൈവമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്തു. അതോടെ മഹേന്ദ്രന്‍ ജൈനരുടെ ശത്രുവായി മാറുകയും അവരെ ദ്രോഹിക്കുകയും ജൈനക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.നോക്കൂ പ്രഹ്ളാദ,എത്രവേഗമാണ് സ്വന്തം വിശ്വാസത്തെ മനുഷ്യര് തള്ളിപ്പറയുകയും അതിനെ പകയോടെ കാണുകയും ചെയ്യുന്നത്. സ്വന്തം മനഃസാക്ഷിയെപോലും തള്ളിപ്പറയാന്‍ മനുഷ്യര്‍ മടിക്കില്ല. അതിനാണല്ലോ ദൈവം അവന് വികസിച്ച തലച്ചോര്‍ നല്കിയത്. ഗുരുമുഖം ഒന്ന് വക്രിച്ചു ചിരിച്ചു. പ്രഹ്ളാദന്‍ അതില്‍ രസം കണ്ടെത്താന്‍ ശ്രമിച്ചു.
അപ്പരുടെ കനിഷ്ഠനായ സമകാലികനാണ് സംബന്ധര്‍.വേദവേദാംഗങ്ങളില്‍ വിശ്വാസമില്ലാത്ത ജൈനരേയും ബൌദ്ധരേയും അദ്ദേഹം കഠിനമായി വെറുത്തു. വൈദികയാഗങ്ങളെ ആക്ഷേപിക്കുന്ന അമണരും തേരന്മാരും വേദമാര്‍ഗ്ഗം പിന്‍തുടരാത്തവരാണെന്നും വൈദികാചാരങ്ങളെ ലംഘിക്കുന്ന പാപികളാണെന്നും വേദാംഗ ധര്‍മ്മങ്ങളുടെ ശത്രുക്കളാണെന്നും സംബന്ധര്‍ പ്രചരിപ്പിച്ചു. കവിതയാകുന്ന ശരങ്ങള്‍ തൊടുത്ത് ജനങ്ങളെ വാദത്തില്‍ തോല്പ്പിക്കുകയും അവരെ ജൈനവിശ്വസത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്ന അമണന്മാര്‍ നഗ്നരായോ വിചിത്ര വേഷധാരികളായോ വന്നാലും തനിക്ക് ഭയമില്ലെന്നും അദ്ദേഹം പാടി. ബ്രഹ്മാവിനേക്കാളും വിഷ്ണുവിനേക്കാളും കേമന്‍ ശിവനാണെന്നും അദ്ദേഹം പാടിനടന്നു. നിന്‍റശീര്‍ നെടുമാര നായനാര്‍ എന്ന പാണ്ഡ്യരാജാവിനെ ജൈനമതത്തില്‍ നിന്നും ശൈവമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചതും സംബന്ധരാണ്. നെടുമാര നായനാര്‍,കൂന്‍ പാണ്ഡ്യന്‍ എന്നും അരികേസരി മാരവര്‍മ്മന്‍ എന്നും അറിയപ്പെട്ടിരുന്നു.സംബന്ധരുമായുള്ള വാദപ്രതിവാദത്തില്‍ പരാജിതരായ ജൈനന്മാര്‍ ശൈവമതം സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് അവരെ കൂന്‍ പാണ്ഡ്യന്‍  കഴുവിലേറ്റുകയുണ്ടായി. എണ്ണായിരം ജൈനന്മാരെയാണ് ഈ വിധം കഴുവിലേറ്റിയത്.പ്രഹ്ളാദ,സങ്കടമെന്നു പറയട്ടെ,നിന്‍റെ കുലത്തില്‍പെട്ട അനേകം പേര്‍ ആ കൂട്ടഹത്യയില്‍പെട്ടില്ലാതായി. മറ്റുള്ളവര്‍ ഭയന്ന് ഓടിപ്പോവുകയോ ശൈവമതം സ്വീകരിക്കുകയോ ചെയ്തു. ഭയന്നോടിയവര്‍ പിന്നീട് അടിമകളായി മാറി. മതം മാറിയവര്‍ ഉയര്‍ന്ന ജാതിക്കാരായി ഗണിക്കപ്പെട്ടപ്പോള്‍ ഓടിപ്പോയവര്‍ അയിത്തക്കാരായി. ഒരേ കുടുംബത്തില്‍ നിന്നുതന്നെ താണവരും ഉയര്‍ന്നവരും പിറക്കുന്ന ജാലവിദ്യയാണ് അന്നുണ്ടായത്. മതമുണര്‍ത്തുന്ന ക്രൂരതകള്‍ എത്രകാലമായി നിലനില്ക്കുന്നു എന്നു നിനക്ക് മനസ്സിലായില്ലെ. ഭ്രാന്തന്മാരായ ഭരണാധികാരികളാണ് എന്നും വിഷത്തീ പടര്‍ത്തിയിരുന്നതെന്ന് നാം തിരിച്ചറിയണം പ്രഹ്ളാദ.
പ്രഹ്ളാദന്‍ ആ ഉപദേശം ഉള്‍ക്കൊണ്ട് ഒന്നു നീറി ചുവന്നു.
കുലശേഖര ആഴ്വാര്‍ വൈഷ്ണവ മതവും ചേരമാന്‍ പെരുമാള്‍ നായനാര്‍ ശൈവമതവും പ്രചരിപ്പിക്കാന്‍ കഴിവതും പരിശ്രമിച്ചെങ്കിലും കേരളത്തില്‍ നിന്നും ജൈന-ബൌദ്ധ മതങ്ങളെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞില്ല. ചേരവംശത്തില്‍ തന്നെ ഈ മതങ്ങളില്‍ വിശ്വസിച്ച രാജാക്കന്മാര്‍ പിന്നെയും ഉണ്ടായി.വെണ്‍പാമാലൈ എന്ന വ്യാകരണ ഗ്രന്ഥം എഴുതിയ അയ്യന്‍ അരിട്ടനാര്‍ എന്ന ചേരരജാവ് ബുദ്ധമത വിശ്വാസിയായിരുന്നു. ഏഴാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.
എട്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന പള്ളിവാണര്‍ ഒരു ബൌദ്ധനായിരുന്നു. അദ്ദേഹം കൊടുങ്ങല്ലൂരിലെ അരികുളത്തിന്‍റെ തീരത്ത് ഒരു ബൌദ്ധവിഹാരം സ്ഥാപിച്ചിരുന്നു.കാലാന്തരത്തില്‍ ബുദ്ധമതം ക്ഷയിച്ചപ്പോള്‍ മറ്റൊരു ചേര രാജാവ് ആ ബൌദ്ധവിഹാരത്തെ ഇസ്ലാം മതത്തിന്‍റെ പ്രോത്സാഹനത്തിനായി അവര്‍ക്ക് വിട്ടുകൊടുത്തു. ഇത്തരത്തില്‍ അനേകം ജൈന-ബൌദ്ധ പള്ളികള്‍ ക്ഷേത്രങ്ങളും ഇസ്ലാം-കൃസ്ത്യന്‍ പള്ളികളുമായി രൂപാന്തരപ്പെടുകയുണ്ടായി. പ്രഹ്ളാദ,മനുഷ്യരെ സംബ്ബന്ധിച്ചിടത്തോളം ഒരു വിഗ്രഹം അല്ലെങ്കില്‍ മനസ്സര്‍പ്പിക്കാന്‍ ഒരിടം വേണമെന്നേയുള്ളു, ആ ഇടം അമ്പലമോ പള്ളിയോ എന്ന വിഷയം കാലാന്തരേണ ഓര്‍മ്മയില്‍ നിന്നും മാഞ്ഞുപോകുന്ന വിഷയമാണ്. കല്ലോ കണ്ണാടിയോ എന്തും വിശ്വാസിക്ക് ഉറപ്പു നല്കുന്ന ദൈവസങ്കല്പ്പമാണ് എന്ന് ശ്രീനാരായണന്‍ പറഞ്ഞിട്ടുണ്ടല്ലോ. എന്നിട്ടും മനുഷ്യന്‍റെ ഭ്രാന്ത് അടങ്ങുന്നുണ്ടോ? ഗുരു വേദനയില്‍ കണ്ണടച്ചു.
പ്രഹ്ളാദ,പള്ളിവാണപ്പെരുമാളുടെ കാലമായപ്പോഴേക്കും നമ്പൂതിരിമാര്‍ക്ക് കേരള രാഷ്ട്രീയത്തില്‍ കുറേയെല്ലാം സ്വാധീനം സിദ്ധിച്ചിരുന്നു. ബൌദ്ധമതത്തെ കേരളത്തില്‍ നിന്നും ഓടിക്കാനായി അക്കാലത്ത് രാജസന്നിധിയില്‍ വാദപ്രതിവാദം നടത്തുക എന്നത് ഒരു സമ്പ്രദായമായിരുന്നു. ബൌദ്ധരും ബ്രാഹ്മണരും തമ്മില്‍ നടന്ന വാദപ്രതിവാദത്തില്‍ ആര്‍ക്കും വിജയം സിദ്ധിച്ചില്ല എന്ന് പള്ളിവാണപ്പെരുമാള്‍ പ്രഖ്യാപിച്ച സംഭവവും അക്കാലത്തുണ്ടായിട്ടുണ്ട്. ഒടുവില്‍ ഫണികുംഭ പരീക്ഷ നടത്തി വിജയിയെ തീരുമാനിക്കാന്‍ രാജാവ് നിശ്ചയിച്ചു. കല്ലുകൊണ്ടുള്ള കുടം കൊണ്ടുവന്നു വച്ചു. ഇതിലെന്താണുള്ളതെന്ന് രാജാവ് ചോദിച്ചു. ബൌദ്ധന്‍ പാമ്പെന്നും ബ്രാഹ്മണന്‍ താമരയെന്നും പറഞ്ഞു.കുടംതല്ലിപ്പൊട്ടിച്ചപ്പോള്‍ കണ്ടത് താമരയും. ബ്രാഹ്മണരുടെ ചതിപ്രയോഗമാണ് അതിനുപിന്നില്‍ എന്നു മനസ്സിലാക്കിയ രാജാവ് തനിക്ക് ബൌദ്ധരിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് പ്രഖ്യാപിച്ചു. അതിഷ്ടപ്പെടാതെ വന്ന നമ്പൂതിരിമാര്‍ സംഘം ചേര്‍ന്ന് ആസൂത്രണം ചെയ്ത പദ്ധതിയിലൂടെയാണ് പള്ളിവാണരെ സ്ഥാനഭ്രഷ്ടനാക്കിയത്.പ്രഹ്ളാദ,എല്ലാക്കാലത്തും ഇതൊക്കെതന്നെയായിരുന്നു അധികാരം. നീതിക്കുവേണ്ടി വാദിക്കുന്നവനെ മറ്റുള്ളവര്‍ ചവുട്ടി താഴെയിറക്കും.കുഴപ്പക്കാരാണ് ഭൂമിയില്‍ ഏറെയും. അവര്‍ക്ക് പറ്റിയ ഭരണമേ യഥാര്‍ത്ഥ ഭരണമാകൂ.
പ്രഹ്ളാദ,നിന്‍റെ കുലത്തില്‍ പിറന്ന് പ്രസിദ്ധനായ ഒരു ബുദ്ധഭിക്ഷുവുണ്ടായിരുന്നു ശ്രീമൂലവാസത്ത്. അവിടത്തെ ബുദ്ധവിഹാരത്തിന്‍റെ കീര്‍ത്തി ഇന്ത്യയുടെ വടക്കുപടിഞ്ഞാറെ അറ്റത്തുപോലും വ്യാപിച്ചിരുന്നു.വരഗുണന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. അപാരപണ്ഡിതനായ വരഗുണന്‍ ശ്രീമൂലവാസം വിഹാരത്തിന്‍റെ ചുമതലക്കാരനായിരുന്നു. ഇപ്പോള്‍ നീ അറിയുന്ന തൃക്കുന്നപുഴയ്ക്കടുത്ത് കടല്‍ത്തീരത്തായിരുന്നു വിഹാരം.അന്യദേശങ്ങളില്‍ നിന്നും വിശ്വാസികള്‍ കൂടുതല്‍ പഠനത്തിനായി അവിടെ വരുമായിരുന്നു. രാജാവായിരുന്ന തിരുമൂലര്‍ ബുദ്ധമതം സ്വീകരിച്ചശേഷമാണ് ഈ ആശ്രമം സ്ഥാപിച്ചത്. അതുകൊണ്ടാണ് ഈയിടത്തിന് തിരുമൂലവാസം എന്ന് പേരുകിട്ടിയതും. കാലക്രമേണ അത് ശ്രീമൂലവാസമായി മാറുകയാണുണ്ടായത്. പതിനൊന്നാം നൂറ്റാണ്ടിലുണ്ടായ ശക്തമായ കടലാക്രമണത്തിലാണ് ആശ്രമം നശിച്ചതും കടലെടുത്തതും. മരണം ഉറപ്പായിട്ടും വരഗുണനും മറ്റനേകം സന്ന്യാസിമാരും രക്ഷപെടാന്‍ കൂട്ടാക്കാതെ ആശ്രമത്തിനൊപ്പം കടലിലേക്ക് പോയി.
പ്രഹ്ളാദന്‍ ദുഃഖം കൊണ്ടുകലങ്ങിയ കണ്ണുകളുമായി ഗുരുവിനെ നോക്കി. പ്രഹ്ളാദ,ഈ കടല്‍ ഇതുപോലെ അനേകം ദുഃഖങ്ങള്‍ നമുക്ക് നല്കിയിട്ടുണ്ട്. ഇനിയും എത്രയേറെ നല്കാനിരിക്കുന്നു. ശാന്തപ്രകൃതിയും ക്ഷിപ്രകോപിയുമല്ലെ കടല്‍. ബൌദ്ധരുടെ താന്ത്രിക ഗ്രന്ഥമായ മഞ്ജു ശ്രീമൂലകല്പ്പം സൂക്ഷിച്ചിരുന്നതും ഇവിടെയായിരുന്നു. ആശ്രമത്തിലെ പ്രമുഖരായ സന്ന്യാസികളുടെ കൂട്ടായ്മയായിരുന്നു ഇത് രചിച്ചത്. ബുദ്ധമതത്തിന്‍റെ അന്ത്യഘട്ടത്തിലാണ് താന്ത്രിക ബുദ്ധമതം ഉദയം ചെയ്തത്. ശൈവ-വൈഷ്ണവ-ശാക്തേയ താന്ത്രിക മതങ്ങളില്‍നിന്നും  വളരെയൊന്നും  വ്യത്യസ്ഥമായിരുന്നില്ല താന്തിക ബുദ്ധമതം.അതുകൊണ്ടുതന്നെ താന്ത്രിക മതപ്രകാരം ആരാധന നടന്നിരുന്ന ബൌദ്ധവിഹാരങ്ങളെ ഹൈന്ദവക്ഷേത്രങ്ങളായി രൂപാന്തരപ്പെടുത്താന്‍ പില്‍ക്കാലത്ത് ബ്രാഹ്മണര്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. പല കാളീക്ഷേത്രങ്ങളും ഇവ്വിധം രൂപപ്പെട്ടതാണ് പ്രഹ്ളാദ.കൊടുങ്ങല്ലൂരിലെ ബൌദ്ധപ്രതിമ ഉടച്ചുകളയുകയും ബുദ്ധസന്ന്യാസിമാരെ ഓടിക്കാനായി കോഴിയെ വെട്ടുകയും തെറിപ്പാട്ട് പാടുകയും ചെയ്തത് ശൈവന്മാരായിരുന്നു. അതിന് ഫലം കണ്ടു. രക്തം കണ്ടാല്‍ അറയ്ക്കുന്ന സന്ന്യാസിമാര്‍ അവിടെ നിന്നും പാലായനം ചെയ്തു.
സ്വന്തം രക്തത്തിലുള്ളവര്‍ തന്നെ മതത്തിന്‍റെ പേരില്‍ തമ്മിലടിക്കുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്. ശ്രീ ബുദ്ധന്‍റെയും കണ്ണകിയുടെയും പാദങ്ങള് ഇളകാതെ നിന്നപ്പോള്‍ വിഗ്രഹങ്ങള്‍ ഉടച്ചെറിയുന്ന കാഴ്ച. പത്മദളങ്ങള്‍ മാത്രം ബാക്കിയായി. സ്തൂപങ്ങള്‍ ഇളക്കിമാറ്റുന്നവരുടെ ആവേശം അശ്ലീലമായി. ഒടുവില്‍ നീചപ്രവര്‍ത്തികള്‍ തന്നെ ആചാരമായി മാറി. അവയെ ആചാരമാക്കാനുള്ള കഥകളും ബുദ്ധിമാന്മാര്‍ ചമച്ചു. വിശ്വാസികള്‍ക്ക് ചിന്താശീലമില്ലാത്തതിനാല്‍ അവര്‍ അതൊക്കെ അപ്പാടെ വിഴുങ്ങി. കാലക്രമേണ പരിഷ്ക്കാരികള്‍ അവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധൈര്യപ്പെട്ടു. അതിദോഷകാരിയായ കോഴിക്കുരുതി അവസാനിപ്പിച്ചു. എന്നാല്‍ തെറിപ്പാട്ടുകള്‍ ഒരാചാരമെന്ന നിലയില്‍ വര്‍ഷങ്ങളായി തുടരുന്നു.അന്ന് തെറിവാക്കുകള്‍ കേട്ട് സഹികെട്ട് ഓടിയവരുടെ അനന്തര തലമുറകള്‍ ആവേശത്തോടെയാണ് ഇന്ന് തെറിയഭിഷേകം നടത്തുന്നത് എന്നത് കാലചക്രം എഴുതിയിട്ട മറ്റൊരു തമാശയാകാം. എല്ലാം എല്ലാവരുമൊന്നും അറിയുന്നില്ലെന്ന് മാത്രം.
നമ്മുടെ പള്ളിച്ചന്തകളും പള്ളിപ്പുറങ്ങളുമെല്ലാം ഒരിക്കല്‍ ബൌദ്ധകേന്ദ്രങ്ങളായിരുന്നു പ്രഹ്ളാദ.അവയെല്ലാം കാലക്രമേണ ഹൈന്ദവ ക്ഷേത്രങ്ങളും മുസ്ലിം കൃസ്ത്യന്‍ ആരാധനകേന്ദ്രങ്ങളുമായി മാറിയെന്നുമാത്രം.ജൈനരുടെ പത്മാവതീക്ഷേത്രങ്ങളും ബൌദ്ധരുടെ പ്രജ്ഞാപരമിതക്ഷേത്രങ്ങളും ഭഗവതിക്ഷേത്രങ്ങളായി മാറി. മദ്ധ്യകേരളത്തിലെ ക്ഷേത്രങ്ങളില്‍ കാണുന്ന കുതിരകെട്ട്,ശിവരാത്രി നാളിലെ ശാലയോട്ടം,താലപ്പൊലി,കുത്തിയോട്ടം,അന്നംകെട്ട് എന്നിവ ബൌദ്ധാചാരങ്ങളുടെ അവശിഷ്ടങ്ങളാണ് പ്രഹ്ളാദ. ഇവയെല്ലാം ശ്രീബുദ്ധന്‍റെ ധന്യജീവിതത്തിലെ ചില ഘട്ടങ്ങളെ ഓര്‍മ്മിപ്പിക്കുന്നവയാണ്.
തിരുവടി ക്ഷേത്രത്തില്‍ മാനസികരോഗികള്‍ക്കും തകഴി ക്ഷേത്രത്തില്‍ കുഷ്ടരോഗികള്‍ക്കും ചികിത്സ നിശ്ചയിച്ച് നല്കുന്നതും പഴയകാല ബൌദ്ധരീതികളുടെ ബാക്കിപത്രമാണ്.ക്ഷേത്രങ്ങളില്‍ ചികിത്സ നല്കുക ഹൈന്ദവ ആചാരക്രമമല്ലതന്നെ. കിളിരൂരും ശാസ്താംകോട്ടയും നാഗര്‍കോവിലുമൊക്കെ ബുദ്ധവിഹാരങ്ങളായിരുന്നു. ബുദ്ധമതം ക്ഷയിച്ചപ്പോള്‍ അവയെല്ലാം ഹിന്ദുക്ഷേത്രങ്ങളായി മാറി.
ബുദ്ധമതം പോലെ തന്നെ ഏഴും എട്ടും നൂറ്റാണ്ടുകളില്‍ ജൈനമതവും കേരളത്തില്‍ പ്രചരിപ്പിച്ചിരുന്നു. കന്യാകുമാരിയിലെ തിരുച്ചാണത്തുമലയില്‍ നീ പോയിട്ടില്ലെ പ്രഹ്ളാദ. ഇപ്പോള്‍ ഭഗവതിയമ്പലമായി മാറിയ ഈ ചിതറാല്‍ ക്ഷേത്രത്തിലെ പ്രധാനഗുഹയില്‍ ഒരു മണ്ഡപവും ഒരു ശ്രീകോവിലും ഒരു മടപ്പള്ളിയും ഒരു വരാന്തയും നീ കണ്ടുകാണും. ഇവിടെ മഹാവീരതീര്‍ത്ഥങ്കരന്‍റെയും പരമാവതി ദേവിയുടെയും പാര്‍ശ്വനാഥന്‍റെയും വിഗ്രഹങ്ങളും കണ്ടതോര്‍ക്കുമല്ലോ.തിരുച്ചാണത്ത് ഭട്ടാരിയാര്‍ എന്ന പേരില്‍ സുവിദിതയായിരുന്ന പത്മാവതീദേവിയുടെ ക്ഷേത്രമായിരുന്നു ഇതെന്നത് ഇപ്പോള്‍ ഒരു പഴങ്കഥയാണ്. നാഗര്‍കോവിലിലെ നാഗരാജസ്വാമി ക്ഷേത്രവും ഒരു ജൈനക്ഷേത്രമായിരുന്നു പ്രഹ്ളാദ.പെരുമ്പാവൂരിനടുത്ത് കല്ലില്‍ എന്ന ഇടത്തും ജൈനഗുഹാക്ഷേത്രമുണ്ട്.തൃശൂരിലെ പരുവാശ്ശേരി ദുര്‍ഗ്ഗാക്ഷേത്രവും ജൈനരുടേതായിരുന്നു പ്രഹ്ളാദ. വയനാട്ടിലും ജൈനര്‍ വളരെ സജീവമായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ ശൈവ-വൈഷ്ണവ മതക്കാര്‍ തമിഴ്നാട്ടിലെ ജൈനരെ പൂര്‍ണ്ണമായി നശിപ്പിക്കുകയോ കേരളത്തിലേക്ക് ഓടിക്കുകയോ ചെയ്തശേഷവും പതിമൂന്നാം നൂറ്റാണ്ടുവരെ അവര്‍ ഇവിടെ പിടിച്ചുനിന്നു എന്നു പറയാം. മതതീവ്രവാദത്തെ അന്നും ഇന്നും മനുഷ്യര്‍ പരമാവധി പ്രതിരോധിക്കുന്നുണ്ട് എന്നതൊരു വാസ്തവമാണ് പ്രഹ്ളാദ, ഗുരു പറഞ്ഞുനിര്‍ത്തി.
പ്രഹ്ളാദന്‍ കൂടുതല്‍ കേള്‍വിക്കായി കാതോര്‍ത്തു. പ്രഹ്ളാദ,കേരളത്തിലെത്തിയ നമ്പൂതിരിമാര്‍ ഒരു നിമിഷവും വെറുതെ ഇരിക്കാതെ സ്വന്തം സാമ്രാജ്യം വിപുലീകരിക്കാനുള്ള തത്രപ്പാടിലായിരുന്നു. ആയുധമെടുക്കാന്‍ കഴിവില്ലായിരുന്നെങ്കിലും ബുദ്ധികൊണ്ട് ആയുധാഭ്യാസികളുടെ നേതാക്കളെ കൈയ്യിലെടുക്കുകയോ വരുതിയില്‍ വരാത്തവരെ നശിപ്പിക്കുകയോ ചെയ്യുകയെന്ന തന്ത്രമായിരുന്നു അവരുടേത്. ബുദ്ധമതത്തിന് സുഘടിതവും സുവ്യാപ്തവുമായ ഒരു ദര്‍ശനമുള്ളതിനാല്‍ വേഗം പിഴുതെറിയുക പ്രയാസമാണെന്ന് അവര്‍ക്കറിയാമായിരുന്നു. ബുദ്ധമതത്തെ നിഷ്കാസനം ചെയ്യണമെങ്കില്‍ ബൌദ്ധദര്‍ശനത്തെ പരാജയപ്പെടുത്തണമെന്ന് നമ്പൂതിരിമാര്‍ മനസ്സിലാക്കി. അതിനായി ദൂരെദേശങ്ങളില്‍ നിന്നും ഭട്ടന്മാരെ കൊണ്ടുവന്ന് ബൌദ്ധാചാര്യന്മാരുമായി ദാര്‍ശനിക ഏറ്റുമുട്ടലുകള്‍ നടത്തിച്ചു. ഇങ്ങനെ പുറമെനിന്നു വരുത്തിയ ഭട്ടന്മാരില്‍ പ്രധാനിയായിരുന്നു കുമാരിലഭട്ടന്‍. അദ്ദേഹത്തിന്‍റെ ശിഷ്യനായ പ്രഭാകരമിത്രനെക്കുറിച്ച് നീ കേട്ടിട്ടുണ്ടാകുമല്ലോ പ്രഹ്ളാദ.
കുലശേഖര ആഴ്വര്‍ കമ്പളയില്‍ സ്ഥാപിച്ച വേദപാഠശാലയുടെ അദ്ധ്യക്ഷനായിരുന്നല്ലോ പ്രഭാകരന്‍.അയാള്‍ ഒരു മീമാംസ പണ്ഡിതനായിരുന്നു. ശബരഭാഷ്യത്തിന് വിവരണമെന്നും നിബന്ധനമെന്നും രണ്ട് വ്യാഖ്യാനങ്ങള്‍ പ്രഭാകരന്‍ രചിച്ചിട്ടുണ്ട്. അദ്ദേഹമാണ് ഗുരുമതം സ്ഥാപിച്ചത്. കുമാരിലഭട്ടന്‍റെ ഭാട്ടമതവും പ്രഭാകരന്‍റെ ഗുരുമതവും ജൈനരേയും ബൌദ്ധരേയും ദാര്‍ശനികമായി നേരിട്ട ദര്‍ശനങ്ങളായിരുന്നു. ജൈമിനിയുടെ പൂര്‍വ്വമീമാംസയെ രണ്ടുപേരും അംഗീകരിച്ചിരുന്നു. ജീവിത സൌഖ്യത്തിനും ജീവിതാനന്തര സൌഖ്യത്തിനും യാഗങ്ങള്‍ നടത്തുക എന്ന തത്വമാണ് പൂര്‍വ്വമീമാംസയില്‍ അന്തര്‍ഹിതമായിട്ടുള്ളത്. ജൈമിനി മനുഷ്യാത്മാവിനെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. ജൈമിനിയുടെ സൂക്തങ്ങള്‍ക്ക് ഭാഷ്യമെഴുതിയ ശബരസ്വാമി ആത്മവാദത്തെ മീമാംസയുമായി ഘടിപ്പിച്ചു.ഈ ശബരഭാഷ്യത്തെയാണ് പ്രഭാകരന്‍ വ്യാഖ്യാനിച്ചത്. മനുഷ്യശരീരത്തില്‍ നിന്നും ഇന്ദ്രിയങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരാത്മാവുണ്ടെന്നും ഈ ആത്മാവ് ഓരോ മനുഷ്യനിലും ഓരോന്നാണെന്നും പ്രഭാകരന്‍ വ്യാഖ്യാനിച്ചു. ഓരോ മനുഷ്യാത്മാവിനും ജീവിതകാലത്തോ ജീവിതാനന്തരമോ സൌഖ്യം ലഭിക്കുന്നതിനുവേണ്ടിയാണ് യാഗങ്ങള്‍ നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ മതം. ജ്ഞാതാവ്,ജ്ഞേയവസ്തു,ജ്ഞാനം എന്ന പ്രപഞ്ച ത്രിപുടയില്‍ ജ്ഞാതാവിനാണ് പ്രാധാന്യമെന്ന് പ്രഭാകരന്‍ വിശ്വസിച്ചു.ഒരു വസ്തുവിനെ ഒരിക്കല്‍ സംവേദിച്ചാല്‍ വീണ്ടും അതിനെ കാണുമ്പോള്‍ തിരിച്ചറിയുന്നത് സ്ഥിരമായ ഒരു ജ്ഞാതാവ് ഉള്ളതുകൊണ്ടാണെന്നും ഈ ജ്ഞാതാവ് അനശ്വരമായ ആത്മാവാണെന്നും ഗുരുമതം പ്രചരിപ്പിച്ചു.
പ്രഹ്ളാദ, ഇത്തരം ചര്‍ച്ചകള്‍ അന്ന് വളരെ സജീവമായിരുന്നു. പ്രപഞ്ചം അനാദ്യന്തമാണെന്നും അതിനാല്‍ സൃഷ്ടിയോ സമ്പൂര്‍ണ്ണ നാശമോ അതിനെ സംബ്ബന്ധിച്ച് അസംഗതമാണെന്നും ജൈമിനി മഹര്‍ഷി അഭിപ്രായപ്പെട്ടിരുന്നു.വേദത്തിനുപരിയായി മറ്റൊരു ശക്തിയേയും സങ്കല്പ്പിക്കാന്‍ ജൈമിനി തയ്യാറായിരുന്നില്ല. എന്നാല്‍ കുമരിലഭട്ടനും പ്രഭാകരനും വേദത്തിനുമുകളില്‍ ദൈവത്തെ സങ്കല്പ്പിക്കുന്നതിന് എതിരുനിന്നില്ല. എന്നാല്‍ വേദത്തിന്‍റെ പരമമായ പ്രാമാണ്യം അംഗീകരിക്കണമെന്ന് അവര്‍ക്കും നിര്‍ബ്ബന്ധമുണ്ടായിരുന്നു. പ്രപഞ്ചം ആദ്യാന്തഹീനമാണെന്ന് പ്രഭാകരനും വിശ്വസിച്ചു. എന്നാല്‍ പ്രപഞ്ചത്തിന്‍റെ ഓരോ ഘടകത്തിനും ആദിയും അന്ത്യവുമുണ്ടെന്നും അദ്ദേഹം വാദിച്ചു.സുചേതനവും അചേതനവുമായ വസ്തുക്കളുടെ സൃഷ്ടിയില്‍ ദൈവത്തിന് യാതൊരു പങ്കുമില്ലെന്ന ധീരനിലപാടായിരുന്നു പ്രഭാകരന്‍റേത്.
പ്രഹ്ളാദ, നിന്‍റെ ചരിത്രരചനയില്‍ ഇവര്‍ക്കുള്ള പങ്ക് എന്താണ് എന്നു നീ ചിന്തിക്കുന്നുണ്ടാകും.
ഉവ്വ് ഗുരോ”
നിന്‍റെ തലമുറകളില്‍ തീക്ഷ്ണമായി മുറ്റിനിന്ന വിപ്ലവാശയങ്ങളുടെ ആദിബിന്ദുക്കള്‍ ഞാന്‍ നിന്നെ പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് വിശ്വാസികളും അവിശ്വാസികളുമായി ഒരുപാട് തലമുറകള്‍ വന്നുപോയി.ഇപ്പൊ ആ വൃക്ഷത്തിന്‍റെ വിത്തുകള്‍                                       തീവ്രകമ്മ്യൂണിസ്റ്റും നിരീശ്വരവാദിയും സന്ന്യാസിയുമൊക്കെയായി വളര്‍ന്നുവികസിച്ചിട്ടുണ്ട് പ്രഹ്ളാദ.
സമൂഹത്തില്‍ ദൈവസങ്കല്പ്പം വേരിറക്കിയത് –“
പില്ക്കാലത്ത് വന്ന മീമാംസകന്മാരാണ് അതിന് ഈടുറപ്പ് കൊടുത്തത്.അവര്‍ പ്രപഞ്ചത്തിന്‍റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും ഈശ്വരനില്‍ സങ്കല്പ്പിച്ചു. യാഗമാണല്ലോ മീമാംസകമതത്തിന്‍റെ കര്‍മ്മാംശം.യാഗം ഒരു ത്യാഗമാണെന്നും ഈ ത്യാഗത്തിലൂടെ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ കഴിയുമെന്നും ദൈവങ്ങള്‍ മനുഷ്യരെ അനുഗ്രഹിക്കുമെന്നും അവര്‍ പ്രചരിപ്പിച്ചു. ഒന്നിലധികം ദൈവങ്ങളില്‍ അവര്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തു. ജൈമിനിയും ശബരസ്വാമിയും പ്രഭാകരനുമൊന്നും മോക്ഷത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല.എന്നാല്‍ പുനര്‍ജന്മത്തില്‍ നിന്നുള്ള മോചനമായി മോക്ഷത്തെ കുമരിലഭട്ടന്‍ വ്യാഖ്യാനിച്ചിരുന്നു. മോക്ഷപ്രാപ്തിക്ക് ആഗ്രഹിക്കുന്നവന്‍ ജീവിതസൌഖ്യത്തിനുവേണ്ടിയോ ജീവിതാനന്തര സൌഖ്യത്തിനുവേണ്ടിയോ ഒന്നും ചെയ്യരുതെന്നും നിത്യനൈമിത്തിക കര്‍മ്മങ്ങള്‍ മാത്രം അനുഷ്ടിച്ച് ജീവിക്കണമെന്നും കുമരിലന്‍ ഉപദേശിച്ചു. വേദത്തിന്‍റെ സര്‍വ്വാതിശായിയായ മഹത്വം സ്ഥാപിക്കുവാനും വേദവിധിപ്രകാരമുള്ള കര്‍മ്മങ്ങള്‍ പ്രചരിപ്പിക്കുവാനും പ്രഭാകരന്‍ അവിശ്രമം പരിശ്രമിച്ചു. ഇത് ബുദ്ധമതത്തെ പിറകോട്ടടിച്ചെങ്കിലും ഉജ്ജ്വലമായ ബൌദ്ധദര്‍ശനങ്ങളെ പാടെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. ശങ്കരന്‍റെ അത്യുജ്ജ്വല പ്രതിഭയാണ് ആ കര്‍മ്മം നിറവേറ്റിയത്.
പ്രഹ്ളാദ,ഇന്നു നമ്മള്‍ കാണുന്ന ആ ഹൈന്ദവ ജാതി വ്യവസ്ഥിതി കേരളത്തില്‍ ഉറപ്പിച്ചത് ശ്രീ ശങ്കരനാണ്.എഡി എണ്ണൂറ്റി അഞ്ചില്‍ ജനിച്ച് എണ്ണൂറ്റി മുപ്പത്തിയേഴില്‍ മരിച്ചുവെങ്കിലും ആ ഹ്രസ്വജീവിതം അതിശക്തമായിരുന്നു. കാലടിയില്‍ കൈപ്പള്ളി ഇല്ലത്ത് ശിവഗുരു എന്ന ബ്രാഹ്മണന്‍റെയും ആര്യ അന്തര്‍ജ്ജനത്തിന്‍റെയും പുത്രനായിട്ടാണ് ശങ്കരന്‍ ജനിച്ചത്. ശങ്കരന് മൂന്ന് വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. ഹൌഡപാദന്‍റെ ശിഷ്യനായ ഗോവിന്ദ ഭഗവല്‍പാദരായിരുന്നു ശങ്കരന്‍റെ പ്രധാന ഗുരു. നര്‍മ്മദ തീരത്തായിരുന്നു ഗോവിന്ദാശ്രമം. ശങ്കരന്‍ അദ്വൈത വേദാന്തം പഠിച്ചത് ഗോവിന്ദാചാര്യനില്‍ നിന്നായിരുന്നു. തുടര്‍ന്ന് കാശിയില്‍ പോയി ബ്രഹ്മനിഷ്ടയോടെ ജീവിക്കുന്ന കാലത്താണ് സനന്ദനന്‍ ശങ്കരന്‍റെ ആദ്യ ശിഷ്യനാകുന്നത്. പിന്നീട് ദ്വിഗ്വിജയത്തിന് പുറപ്പെട്ട ശങ്കരന്‍ മാഹിഷ്മതി നഗരത്തില്‍ വച്ച് മണ്ഡനമിശ്രനെ വാദത്തില്‍ തോല്‍പ്പിക്കുകയും സുരേശ്വരന്‍ എന്ന പേരില്‍ അയാളെ ശിഷ്യനാക്കുകയും ചെയ്തു. തുടര്‍ന്ന് ശ്രൃംഗേരിയിലെത്തിയ ശങ്കരന്‍ അവിടെ ശാരദദേവി പ്രതിമ സ്ഥാപിച്ച് ഒരു മഠം തുടങ്ങുകയും സുരേശ്വരനെ മഠാധിപതിയാക്കുകയും ചെയ്തു. പിന്നീട് പല ദേശങ്ങളിലും പര്യടനം നടത്തി ശാക്തന്മാര്‍,കാപാലികന്മാര്‍,പഞ്ചരാത്രന്മാര്‍,ശൈവന്മാര്‍,ആര്‍ഹതന്മാര്‍ മുതലായ കൂട്ടരെ വാദത്തില്‍ തോല്പ്പിച്ചത് ഒടുവില്‍ കാശ്മീരിലെത്തി സകല ശാസ്ത്രവാദികളെയും ജയിച്ച് സര്‍വ്വജ്ഞപീഠം കയറി. തൃശ്ശൂരില്‍ വച്ചായിരുന്നു ശങ്കരന്‍റെ മരണം.

പ്രഹ്ളാദ, അവസാനകാലം ഒരാശ്രിതനെപോലെ നിന്‍റെ കുലത്തിലെ ഒരംഗം അദ്ദേഹത്തോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. ഹൈന്ദവ വിശ്വാസത്തേക്കാളുപരി ആ വ്യക്തിത്തോടുള്ള ആരാധനയായിരുന്നു അയാളെ ശിഷ്യനാക്കി മാറ്റിയത്.ഗൌഡപാദന്‍റെ മാണ്ഡൂക്യ കാരികയ്ക്കും പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുകള്‍ക്കും ബാദരായണന്‍റെ വേദാന്തസൂത്രങ്ങള്‍ക്കും ഭഗവത്ഗീതയ്ക്കും ശങ്കരന്‍ പറഞ്ഞുകൊടുത്ത ഭാഷ്യങ്ങള്‍ എഴുതിയെടുത്തതിന്‍റെ ധന്യത അങ്ങേര്‍ക്കുണ്ടായി. ഈ ഭാഷ്യങ്ങളിലൂടെയാണ് ശങ്കരന്‍ തന്‍റെ അദ്വൈതദര്‍ശനം ആവിഷ്ക്കരിച്ചത്. മാണ്ഡൂക്യകാരികയുടെ ഭാഷ്യത്തിലാണ് ആത്മാവും ബ്രഹ്മാവും ഒന്നാണെന്ന അദ്വൈതചിന്തയുടെ അടിസ്ഥാന തത്വം ആദ്യമായി ശങ്കരന്‍ ഉപപാദിച്ചത്. ഗൌഡപാദന്‍റെ കാരികയില്‍ ബൌദ്ധദര്‍ശനങ്ങള്‍ ശക്തിയായി സ്വാധീനം ചെലുത്തിയിരുന്നു. ഗൌഡപാദന്‍ ബുദ്ധദര്‍ശനത്തിലെ അദ്വയവാദവും അംഗീകരിച്ചിരുന്നു. ആ സിദ്ധാന്തം അദ്വൈതവുമായി സാദൃശ്യം വഹിക്കുന്നുണ്ടെന്ന് ശങ്കരന്‍ പറഞ്ഞു. എന്നാല്‍ വേദാന്തചിന്തയുടെ കാതലായ കേവലവാദവുമായി ഇത് പൊരുത്തപ്പെടുന്നതുമില്ല. ചലനാത്മകമായ പ്രപഞ്ചത്തിന്‍റെ മായാസ്വരൂപത്തെ സംബ്ബന്ധിച്ച് ബൌദ്ധദര്‍ശനത്തില്‍ നല്കിയിട്ടുള്ള വ്യാഖ്യാനവും ശങ്കരന്‍ അംഗീകരിച്ചിരുന്നു. പക്ഷെ മായാത്മകമായ പ്രപഞ്ചത്തിന് ആധാരമായി ശാശ്വതമായ ഒരു സത്യമുണ്ടായിരിക്കണമെന്നും ആ പരമമായ സത്യമാണ് ബ്രഹ്മമെന്നും ശങ്കരന്‍ വാദിച്ചു. അങ്ങിനെ ബൌദ്ധദര്‍ശനങ്ങളുടെ സത്ത മുഴുവന്‍ അംഗീകരിക്കുന്നതോടൊപ്പം ഉപനിഷത് പ്രതിപാദിതമായ ബ്രഹ്മത്തെ പരമസത്യമായി എടുത്തുകാട്ടുകയും ചെയ്തു. പ്രപഞ്ചത്തിന്‍റെ നശ്വരതയെ പ്രതിപാദിക്കുന്ന ശൂന്യവാദം ശങ്കരന്‍ അംഗീകരിച്ചിരുന്നു. ഈ നശ്വരതയുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അനശ്വരതയെ അത് സമീക്ഷിക്കുന്നില്ലെന്ന് ശങ്കരന്‍ വിമര്‍ശിച്ചു. ഈ വിമര്‍ശനമാണ് ബൌദ്ധദര്‍ശനത്തെ പരാജയപ്പെടുത്താന്‍ ശങ്കരനെ സഹായിച്ച യുക്തിവിചാരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ