2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-28-കയറ്റിറക്കങ്ങളുടെ ചാക്രിക ഗമനം

ഇരുപത്തിയെട്ട്
കയറ്റിറക്കങ്ങളുടെ  ചാക്രിക  ഗമനം
ജനാധിപത്യത്തില്‍ മുഖ്യമന്ത്രിമാരെ വച്ച് കാലമളക്കുന്നപോലെയാണ് പ്രഹ്ളാദ, അന്ന് രാജാക്കന്മാരെ വച്ചുള്ള കണക്കെടുപ്പും.വീരകേരള വര്‍മ്മയെ തുടര്‍ന്ന് കോതകേരള വര്‍മ്മ രാജാവായി. എഡി ആയിരത്തി ഒരുനൂറ്റി നല്പ്പത് –ആയിരത്തി ഒരുനൂറ്റി അന്‍പത്തിയഞ്ച് കാലത്താണ് അദ്ദേഹം ഭരണം നടത്തിയത്. ആ കാലത്ത് ശുചീന്ദ്രമുള്‍പ്പെടെ പല ക്ഷേത്രങ്ങള്‍ക്കും അദ്ദേഹം ഭൂദാനം നടത്തിയിരുന്നു. പ്രഹ്ളാദ,ഭൂദാനമെന്നാല്‍ ഭൂമി മൊത്തമായി നല്കുകയല്ല,അതിന്‍റെ അവകാശികളില്‍ നിന്നും രാജാവിന് കിട്ടേണ്ട നികുതി അദ്ദേഹം ക്ഷേത്രത്തിന് നല്കി എന്നെ അര്‍ത്ഥമുള്ളു.കര്‍ഷകന്‍ ആദായനികുതി രാജാവിന് കൊടുക്കുന്നതിനു പകരം ക്ഷേത്രത്തിന് നല്കുന്നു എന്നു മാത്രം.
ഗുരോ,ഇത്തരത്തില്‍ ദേവസ്വം സ്വത്തുക്കള്‍ വര്‍ദ്ധിക്കുന്നതോടെ സ്ഥലത്തെ നമ്പൂതിരിയും സമ്പന്നനാകും –ല്ലെ.”
അതുതന്നെ പ്രഹ്ളാദ.അങ്ങിനെ ഓരോ ഗ്രാമത്തിലും നായര്‍ പ്രമാണിമാരും നമ്പൂതിരി പ്രമാണിമാരും ഉണ്ടാകാന്‍ തുടങ്ങി.പക്ഷെ ഇക്കാലത്തും യുദ്ധങ്ങള്‍ക്ക് അറുതിയുണ്ടായില്ല. പതിമൂന്നാം നൂറ്റാണ്ടില്‍ പാണ്ഡ്യന്മാര്‍ വേണാടിനെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. എഡി ആയിരത്തിഇരുനൂറ്റി അന്‍പത്തിയൊന്നില്‍ പാണ്ഡ്യരാജാവായി തീര്‍ന്ന ജാതവര്‍മ്മ സുന്ദരപാണ്ഡ്യന്‍ വേണാടിന്‍റെ മേല്‍ പരമാധികാരം നേടി.തികഞ്ഞ ആക്രമകാരിയായിരുന്ന ജാതവര്‍മ്മന്‍ കാഞ്ചീപുരം മുതല്‍ സിലോണ്‍ വരെയുള്ള സാമ്രാജ്യത്തിന്‍റെ ഉടമയായിരുന്നു.വേണാട് രാജാവ് വീരരവി ഉദയമാര്‍ത്താണ്ഡവര്‍മ്മനെയാണ് അയാള്‍ യുദ്ധത്തില്‍ വധിച്ചത്. മലനാട് കൊള്ളയടിക്കുകയും ചെയ്തു.ശിവഭക്തനായ ജാതവര്‍മ്മന്‍ ഇടയ്ക്കിടെ ചിദംബരത്തുപോയി തുലാഭാരം കഴിക്കുകയും ചെയ്തിരുന്നു.വേണാട് രാജാവിന് പുറമെ കാകതീയ രാജാവിനോടും, മുതുഗൂരില്‍ വച്ച് തെലുങ്ക്സേനയോടും ജാതവര്‍മ്മന്‍ ഏറ്റുമുട്ടി.തുടര്‍ന്ന് നെല്ലൂരില്‍ വച്ച് വീരാഭിഷേകവും നടത്തി.
വേണാട് അടിമത്തം അംഗീകരിക്കാതെ ഇടയ്ക്കിടെ പ്രതിരോധിച്ചുകൊണ്ടിരുന്നു.ജാതവര്‍മ്മനു ശേഷം എഡി ആയിരത്തി ഇരുനൂറ്റി അറുപത്തിയെട്ടില്‍ പാണ്ഡ്യരാജാവായ മാറവര്‍മ്മന്‍ കുലശേഖരനും വോണാടിന്‍റെ ആധിപത്യം നിലനിര്‍ത്താന്‍ ചിലപ്പോഴൊക്കെ യുദ്ധം ചെയ്യേണ്ടി വന്നിരുന്നു. ആ കാലത്തെ പ്രശസ്തനായ മറ്റൊരു രാജാവ് ജയസിംഹനായിരുന്നു.ഇദ്ദേഹത്തിന്‍റെ കാലത്താണ് മാര്‍ക്കോപോളോ കൊല്ലം സന്ദര്‍ശിച്ചത്. പ്രഹ്ളാദ, ഈ ജയസിംഹന്‍റെ പേരുമായി ബന്ധപ്പെട്ട് വേണാടിനെ ജയസിംഹനാട് എന്നും ദേശിങ്ങനാട് എന്നും വിളിച്ചിരുന്നു. ജയസിംഹന്‍റെ പുത്രന്‍ രവിവര്‍മ്മ കുലശേഖരനും പ്രതാപവാനായ രാജാവായിരുന്നു.ആയിരത്തി ഇരുനൂറ്റി തൊണ്ണൂറ്റൊമ്പതില്‍ രവിവര്‍മ്മ സിംഹാസനാരൂഢനാകുമ്പോഴേക്കും മാറവര്‍മ്മന്‍ കുലശേഖരന്‍ അദ്ദേഹത്തിന്‍റെ അടുത്ത മിത്രമായി മാറിയിരുന്നു.തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ജാമാതാവുകയും ആയിരത്തി മുന്നൂറ്റിപത്തില്‍ മാറവര്‍മ്മന്‍ മരിക്കും വരെയും നല്ല സൌഹൃദത്തില്‍ കഴിയുകയും ചെയ്തു. പ്രഹ്ളാദ,അധികാര കസേര മനുഷ്യനെ അന്ധനാക്കും, ബന്ധുത്വം മറക്കും എന്നൊക്കെ അനുഭവമുള്ളതല്ലെ.പാണ്ഡ്യരാജ്യത്തും അതുണ്ടായി.മാറവര്‍മ്മന്‍റെ കാലശേഷം പാണ്ഡ്യസിംഹാസനത്തിന് വേണ്ടി അദ്ദേഹത്തിന്‍റെ രണ്ട് പുത്രന്മാരായ സുന്ദരപാണ്ഡ്യനും വീരപാണ്ഡ്യനും തമ്മില്‍ മത്സരം ആരംഭിച്ചു.ഈ അവസരത്തില്‍ ദല്‍ഹി സുല്‍ത്താന്‍റെ പടനായകനായ മാലിക് കഫൂര്‍ വീരപാണ്ഡ്യന്‍റെ തലസ്ഥാനമായ ബിര്‍ധൂലും തുടര്‍ന്ന് സുന്ദരപാണ്ഡ്യന്‍റെ തലസ്ഥാനമായ മധുരയും ആക്രമിച്ചു.രണ്ട് പാണ്ഡ്യന്മാരും പരാജയഭീതിയോടെ ഒളിച്ചോടി.മാലിക് വന്‍പിച്ച കൊള്ളമുതലുമായി ദല്‍ഹിക്ക് തിരിച്ചുപോയി. ഈ അരാജകത്വം നിറഞ്ഞ കാലാവസ്ഥയില്‍ രവിവര്‍മ്മ പാണ്ഡ്യരാജ്യം ആക്രമിച്ച് കീഴ്പ്പെടുത്തി.വടക്കോട്ടുള്ള ആക്രമണം തുടരുകയും ആയിരത്തി മുന്നൂറ്റി പതിനാലില്‍ കാഞ്ചീപുരം പിടിച്ചെടക്കുകയും ചെയ്തു. തമിഴ്നാട് വെട്ടിപ്പിടിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കുന്ന സുശക്തമായ ഒരു ദക്ഷിണേന്ത്യന്‍ ഭരണകൂടം സ്ഥാപിക്കുന്നതിലായിരുന്നു രവിവര്‍മ്മന്‍റെ ശ്രദ്ധ മുഴുവനും. സംഗ്രാമധീരന്‍ എന്നും രവിവര്‍മ്മന്‍ അറിയപ്പെട്ടിരുന്നു.സംഗീത സാഹിത്യാദി കലകളില്‍ തത്പ്പരനായിരുന്ന രവിവര്‍മ്മന്‍ അധൃഷ്യനായ ഒരു പടയാളിയും അസാമാന്യനായ കലോപാസകനും ഉജ്ജ്വലനായ ഭരണകര്‍ത്താവും ഉത്സാഹശാലിയായ ഹിന്ദുമത ഭക്തനുമായിരുന്നു.
പ്രഹ്ളാദ,വീരശൂര പരാക്രമിയായിട്ടും അദ്ദേഹത്തിന് സ്വന്തം തട്ടകം നഷ്ടമായി. അച്ഛന്‍ പെങ്ങളുടെ മക്കളുമായി അധികാര വടംവലി നടത്തിയായിരുന്നു രവിവര്‍മ്മന്‍ രാജാവായത്. അദ്ദേഹം അധികനാള്‍ മാറിനിന്ന തക്കം നോക്കി പാണ്ഡ്യരാജകുടുംബവുമായി വിവാഹബന്ധമുണ്ടായിരുന്ന ജയസിംഹ മരുമകന്മാര്‍ പാണ്ഡ്യസേനയുടെ സഹായത്തോടെ വേണാടിന്‍റെ അധികാരം പിടിച്ചെടുത്തു.തിരികെ വന്ന് അവരെ ആക്രമിച്ച് കീഴ്പ്പെടുത്തുക ശ്രമകരമാണെന്നുറപ്പുണ്ടായിരുന്ന വീരവര്‍മ്മന്‍ കാഞ്ചീപുരത്ത് ഉറച്ചു. ഉദയ മാര്‍ത്താണ്ഡ വര്‍മ്മ വീരപാണ്ഡ്യദേവര്‍ വേണാടിന്‍റെ രാജാവായി.
പ്രഹ്ളാദ,രവിവര്‍മ്മയുടെ കാലത്തോടെ വേണാട്ടില്‍ മക്കത്തായം അവസാനിച്ചു.രവിവര്‍മ്മയ്ക്ക് ശേഷം ഇവിടെ മരുമക്കത്തായ പിന്‍തുടര്‍ച്ച പ്രാബല്യത്തില്‍ വന്നു.ഉദയമാര്‍ത്താണ്ഡനു ശേഷം പല രാജാക്കന്മാര്‍ അധികാരമേറ്റെങ്കിലും ആയിരത്തി മുന്നൂറ്റി എഴുപത്തിയാറില്‍ അധികാരമേറ്റ ആദിത്യവര്‍മ്മ സര്‍വാംഗനാഥനാണ് പ്രബലനായി അറിയപ്പെടുന്നത്. ഒരു കവിയും പണ്ഡിതനും സംഗീതവിദ്വാനുമായിരുന്നു അദ്ദേഹം.തെക്കോട്ടുള്ള മുസ്ലിം ആക്രമണത്തെ ചെറുത്തു നില്ക്കുന്നതില്‍ അദ്ദേഹം ഗണനീയമായ പങ്ക് വഹിച്ചിരുന്നു.വ്യാകരണം,തര്‍ക്കം,അര്‍ത്ഥശാസ്ത്രം,ആത്മശാസ്ത്രം,സ്മൃതി,പുരാണം മുതലായവയില്‍ അഗാധമായ അറിവും സംഗീതരചനയില്‍ നൈപുണ്യവും പുലര്‍ത്തിയിരുന്നു. പിന്നെയും ഒരു നൂറ്റാണ്ട് കഴിയുമ്പോഴാണ് മറ്റൊരു ശ്രദ്ധേയനായ രാജാവിനെ നാം കണ്ടെത്തുന്നത്. ആയിരത്തി നനൂറ്റി എണ്‍പത്തിനാലില്‍ ഭരണമേറ്റ രവി രവിവര്‍മ്മനാണ് അദ്ദേഹം. വിജയനഗര സാമ്രാജ്യത്തിന്‍റെ തെക്കോട്ടുള്ള വ്യാപനത്തെ രവി രവിവര്‍മ്മനാണ് തടുത്തുനിര്‍ത്തിയത്. വിജയനഗരം വാണ നരസിംഹരാജന്‍റെ ശക്തമായ കുതിരപ്പട്ടാളത്തെയും കാലാള്‍പ്പടയെയും ആറായിരം വില്ലാളികളോടുകൂടി ആക്രമിച്ച് തോല്പ്പിക്കാന്‍ രവി രവിവര്‍മ്മന് കഴിഞ്ഞു.അദ്ദേഹത്തിന്‍റെ കാലത്ത് പോര്‍ച്ചുഗീസുകാര്‍ കൊല്ലത്ത് കുരുമുളക് വ്യാപാരത്തിന് വന്നെങ്കിലും മുസ്ലിം കച്ചവടക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥിരം വ്യാപാരക്കരാറുണ്ടാക്കാതെ രവി രവിവര്‍മ്മന്‍ പിന്മാറി. പ്രഹ്ളാദ,രസകരമായ ഒരു കാര്യം അന്നത്തെ പത്മനാഭസ്വാമിക്ഷേത്ര യോഗക്കാരുടെ പ്രതാപമാണ്. രാജാവിന് പിഴയിടത്തക്ക ശക്തി അവര്‍ക്കുണ്ടായിരുന്നു. ഭരണകാര്യങ്ങളില്‍ ഇടപെടുന്ന യോഗക്കാരുമായി രാജാവിന് അസ്വാരസ്യമുണ്ടായിരുന്നു. യോഗക്കാരുടെ അനുയായികളുമായി ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് പ്രായശ്ചിത്തമായി രാജാവ് പന്ത്രണ്ട് രജതകുംഭങ്ങളും ഏതാനും ഭൂമിയും ക്ഷേത്രത്തിലേക്ക് നല്കേണ്ടിവന്നു. നോക്കണെ, രാജാവിനും ശിക്ഷ വിധിക്കുന്ന ഒരു കോടതിയായി അന്നേ യോഗക്കാര് വളര്‍ന്നിരുന്നു. ആയിരത്തി അഞ്ഞൂറ്റി പന്ത്രണ്ടില്‍ രവി രവിവര്‍മ്മന്‍  നിര്യാതനാവുകയും രവി കേരളവര്‍മ്മ രാജാവാകുകയും ചെയ്തു.
പ്രഹ്ളാദ,ഈ കാലത്തൊക്കെ സവര്‍ണ്ണ അവര്‍ണ്ണ വേറുകൃത്യം വളരുകയായിരുന്നു. ബുദ്ധമതം വിട്ടുമാറാന്‍ മടിച്ചവര്‍ പേരില്‍ അവര്‍ണ്ണരെങ്കിലും ശക്തരായിരുന്നു.അതുകൊണ്ടുതന്നെ ചെറുത്തുനില്പ്പ് രൂക്ഷമായിരുന്നു. ഉയര്‍ന്ന ജാതിക്കാരുടെ അതിരുകവിഞ്ഞ പ്രകോപനങ്ങളെ തടയാന്‍ രാജാവും ശ്രമിച്ചിരുന്നു. ആയിരത്തി അഞ്ഞൂറ്റി പതിനാലില്‍ രാജാവായ ജയസിംഹ വീരകേരളവര്‍മ്മന്‍ ഇത്തരത്തിലൊരു സാമൂഹിക പരിഷ്ക്കര്‍ത്താവായിരുന്നു.ബ്രാഹ്മണരും പിള്ളമാരും അധഃകൃതവര്‍ഗ്ഗക്കാരുടെ ആരാധനാസമ്പ്രദായങ്ങളില്‍ ഇടപെട്ടുകൂടെന്നും പൊതു കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും അധഃകൃതര്‍ വെള്ളമെടുക്കുന്നത് തടയരുതെന്നും ഉയര്‍ന്ന ജാതിക്കാര്‍ താണജാതിക്കാരുടെ സാമൂഹ്യ ജീവിതത്തില്‍ ഇടപെടുന്നതായാല്‍ രാജാവിന്‍റെ അപ്രീതിക്ക് പാത്രീഭവിക്കേണ്ടിവരുമെന്നും കോട്ടാര്‍ പരശുരാമ പെരും തെരുവിലെ സ്തംഭലിഖിതത്തില്‍ അദ്ദേഹം രേഖപ്പെടുത്തി.ക്ഷേത്രപ്രവേശന വിളംബരത്തിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായ ഈ ലിഖിതം നമ്മെ കൂടുതല്‍ വിനയവാന്‍മാരാക്കേണ്ടതാണ് പ്രഹ്ളാദ.ഇത്തരത്തില്‍ അറിയപ്പെടാത്ത  ഒരുപാട് സംഭവങ്ങള്‍ ചരിത്രത്തിന് നഷ്ടമായിട്ടുണ്ട് എന്നും നീ അറിയണം. ആയിരത്തി അഞ്ഞൂറ്റി പതിനാറിലാണ് വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മന്‍ രാജാവായത്. വേതുമണ്‍ കൊണ്ട ഭൂതലവീരന്‍ എന്ന പേരില്‍ പ്രസിദ്ധനായിരുന്നു അദ്ദേഹം.കളക്കാട് പുതിയൊരു കൊട്ടാരം പണികഴിപ്പിച്ച് അദ്ദേഹം ആസ്ഥാനം അവിടേക്ക് മാറ്റി. തിരുനല്‍വേലി ജില്ലയില്‍ നല്ലൊരു ഭാഗം അദ്ദേഹത്തിന്‍റെ അധീനതയിലായിരുന്നു.വീരപ്പുലി അണ എന്നപേരില്‍ ഒരണക്കെട്ടും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.ശുചീന്ദ്രം ക്ഷേത്രമുള്‍പ്പെടെ പല ക്ഷേത്രങ്ങള്‍ക്കും അദ്ദേഹം ഭൂമി വാഗ്ദാനം ചെയ്തിരുന്നു.മതസഹിഷ്ണുത പുലര്‍ത്തിയിരുന്ന വിശാലമനസ്ക്കനായിരുന്നു ഉദയ മാര്‍ത്താണ്ഡവര്‍മ്മന്‍. കുമാരി മുറ്റത്തെ കൃസ്ത്യാനികളായ പരവന്മാര്‍ക്ക് ദുസ്സഹങ്ങളായ ചില നികുതികളില്‍ നിന്ന് ഒഴിവ് നല്കിയതും അദ്ദേഹമായിരുന്നു.വിജയ നഗര സാമ്രാജ്യവുമായി താമ്രപര്‍ണ്ണി തീരത്തുവച്ചുണ്ടായ യുദ്ധമാണ് അദ്ദേഹത്തെ തകര്‍ത്തുകളഞ്ഞത്. തിരുനല്‍വേലി നഷ്ടമായ അച്യുതന്‍ എന്ന പാണ്ഡ്യരാജാവാണ് വിജയനഗരത്തിന്‍റെ സഹായം തേടി ചെന്നത്. അച്ചുതരായരായിരുന്നു സൈന്യത്തെ നയിച്ചിരുന്നത്. വിജയ നഗര ചക്രവര്‍ത്തിയുടെ എതിരാളിയായ വീരനരസിംഹന്‍ എന്ന ചെല്ലപ്പയ്ക്ക് വേണാട് രാജാവ് രാഷ്ട്രീയ അഭയം നല്കിയതിന്‍റെ ചൊരുക്കലിലിരിക്കെയാണ് പാണ്ഡ്യരാജാവിന്‍റെ അഭ്യര്‍ത്ഥന.ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിരണ്ടിലായിരുന്നു ഏറ്റുമുട്ടല്‍.വേണാടിന് കനത്ത പരാജയം നേരിട്ടു എന്നു മാത്രമല്ല വിജയനഗരത്തിന്‍റെ സാമന്തപദവി അംഗീകരിക്കേണ്ടതായും വന്നു.അയിരത്തി അഞ്ഞൂറ്റി മുപ്പത്തിയഞ്ചില്‍ ഉദയ മാര്‍ത്താണ്ഡന്‍ കളക്കാട് താമസിക്കവെ നിര്യാതനാവുകയും ചെയ്തു.
ഗുരോ,ശരിക്കും ഈ അധികാരം ഒരു കയറ്റിറക്കത്തിന്‍റെ ചാക്രിക ഗമനമാണെന്നും പറയാം,-ല്ലെ.”
തീര്‍ച്ചയായും. ഒരു രാജാവിന്‍റെ കാലം നേട്ടം കൊയ്യുമ്പോള്‍ മറ്റൊന്ന് തകര്‍ന്നടിയും.വീണ്ടും കയറ്റം,പിന്നെയും ഇറക്കം,എല്ലായിടത്തും ഇതിങ്ങനെതന്നെയാണ് പ്രഹ്ളാദ “, ഗുരു അകലേക്ക് നോക്കി നിന്നു, കാറ്റിന്‍റെ ഗതിക്കൊപ്പം പാറിപ്പറന്ന മുടിയൊതുക്കി വീണ്ടും പറഞ്ഞു തുടങ്ങി,”പിന്നീട് കുറച്ചെങ്കിലും ശ്രദ്ധേയനായ ഒരു രാജാവുണ്ടാകുന്നത് ആയിരത്തി അഞ്ഞൂറ്റി നാല്പ്പത്തിനാലിലാണ്. വീരകേരള വര്‍മ്മയ്ക്ക് വിജയനഗരവുമായി ഒരിക്കല്‍ കൂടി ഏറ്റുമുട്ടേണ്ടിവന്നു. വിജയനഗരവും വേണാടും ഒരുപോലെ അവകാശം ഉന്നയിച്ചിരുന്ന തിരുനല്‍വേലി പ്രദേശത്തെ പരവന്മാര്‍ വന്‍തോതില്‍ കൃസ്തീയ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും പോര്‍ച്ചുഗീസുകാരോട് കൂറുപ്രഖ്യാപിക്കുകയും ചെയ്ത കാലമായിരുന്നു. ഈ സ്ഥിതിയില്‍ മാറ്റം വരുത്തുവാനും മുടങ്ങിക്കിടക്കുന്ന കപ്പം ഈടാക്കുവാനുമായി വിജയനഗര സേന രാമരായവിംലയുടെ നേതൃത്വത്തില്‍ കോട്ടാറില്‍വച്ചാണ് വേണാടുമായി ഏറ്റുമുട്ടിയത്. പരാജപ്പെട്ട വേണാട് സാമന്ത പദവിയില്‍ തന്നെ തുടര്‍ന്നു.ആയിരത്തി അഞ്ഞൂറ്റി അന്‍പത്തിയെട്ടില്‍ ഉണ്ണി കേരള വര്‍മ്മയുടെ ഭരണകാലം വരെ സാമന്തന്മാര്‍ ഭരിച്ചു. ഉണ്ണി കേരള വര്‍മ്മ വിംലയുമായി ഏറ്റുമുട്ടി. ആ യുദ്ധത്തില്‍ വിംല മരിച്ചു. വേണാടിന് മോചനവും കിട്ടി. തുടര്‍ന്ന് ആയിരത്തി അറുനൂറ്റി മുപ്പത്തിനാല് വരെ സമാധാനത്തിന്‍റെ കാലമായിരുന്നു. മുപ്പത്തിനാലില്‍ മധുരയിലെ തിരുമല നായ്ക്കനാണ് നാഞ്ചിനാടിനെ ആക്രമിച്ചത്.അരനൂറ്റാണ്ടുകാലം ആക്രമണവും പ്രതിരോധവും നടന്നു.ധനധാന്യങ്ങളുടെ കൊള്ളയടി പതിവായിരുന്നു.രവിവര്‍മ്മയുടെ പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ള നായ്ക്കന്മാരുടെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച നേതാവായിരുന്നു.അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന ഗാനമാണ് ഇരവിക്കുട്ടിപ്പിള്ളപാട്ട്. ആയിരത്തി അറുനൂറ്റി നാല്പ്പത്തിനാലില്‍ ബ്രിട്ടീഷുകാര്‍ക്ക് വിഴിഞ്ഞത്ത് ഫാക്ടറി സ്ഥാപിക്കാനുള്ള അനുമതി നല്കിയത് രവിവര്‍മ്മയായിരുന്നു.
പ്രഹ്ളാദ,ഇതൊക്കെയാണെങ്കിലും വേണാടിന്‍റെ ചരിത്രത്തിലെ സുപ്രധാന കാലഘട്ടം ഉമയമ്മറാണിയുടേതായിരുന്നു എന്നത് നീ മറക്കരുത്. ആയിരത്തി അറുനൂറ്റി എഴുപത്തിയേഴില്‍ ആദിത്യവര്‍മ്മ ചരമം പ്രാപിച്ചപ്പോള്‍ അനന്തരാവകാശി രവിവര്‍മ്മയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ട് ആയിരത്തി അറുനൂറ്റി എണ്‍പത്തിനാല് വരെ ഉമയമ്മ റാണി റീജന്‍റായി ഭരണം നടത്തി. ഓരോ ഫ്യൂഡല്‍ പ്രഭുവും തന്‍റെ അധികാര സീമയ്ക്കുള്ളില്‍ സ്വേച്ഛാധിപതിയെപോലെ വാണിരുന്ന കാലമായിരുന്നു അത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണാധികാരികളായിരുന്ന എട്ടരയോഗക്കാരും പ്രതാപശാലികളായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരും ആദിത്യവര്‍മ്മയുടെ കാലത്തുതന്നെ രാജാധികാരത്തെ ചോദ്യം ചെയ്തു തുടങ്ങിയിരുന്നു. ഈ ഫ്യൂഡല്‍ പ്രഭുക്കളെ നിലയ്ക്കുനിര്‍ത്താന്‍ ഉമയമ്മറാണിക്ക് വളരെ പാടുപെടേണ്ടി വന്നു. എട്ടരയോഗക്കാര്‍ പത്മനാഭ സ്വാമി ക്ഷേത്രം വക സ്വത്തുക്കള്‍ വിനിയോഗം ചെയ്യുന്നത് റാണി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി.ആദായത്തില്‍ വരുന്ന കുറവ് യോഗക്കാരായ പോറ്റിമാരില്‍ നിന്ന് ഈടാക്കുകയും ചെയ്തു. എട്ടുവീട്ടില്‍ പിള്ളമാരുടെ സ്വേച്ഛാധികാരവും അവര്‍ അനുവദിച്ചു കൊടുത്തില്ല. നിശ്ചയ ദാര്‍ഢ്യത്തോടുകൂടിയ ഈ വക പ്രവൃത്തികള്‍ ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ക്ക് അസുഖകരമായിരുന്നു. കോലത്തുനാട്ടില്‍ നിന്നും ഒരു രാജകുമാരനെയും രണ്ട് രാജകുമാരിമാരെയും ദത്തെടുക്കാന്‍ രാജ്ഞി തീരുമാനിച്ചത് പേരകത്താവഴിയിലെ കേരളവര്‍മ്മത്തമ്പുരാന് ഇഷ്ടപ്പെടാതെ വന്നതിനാല്‍ അദ്ദേഹവും റാണിയും പിണങ്ങുക കൂടി ചെയ്തതോടെ ശത്രക്കളുടെ എണ്ണവും കൂടി. കൊട്ടാരക്കരത്തമ്പുരാന്‍റെ സഹായത്തോടെ കേരളവര്‍മ്മ തിരുവനന്തപുരം ആക്രമിക്കാന്‍ പുറപ്പെട്ടു. ആയിരത്തി അറുനൂറ്റി എഴുപത്തിയേഴില്‍ രണ്ടി താവഴികളുടെയും സേനകള്‍ കരമന എത്തി കൂടാരമടിച്ചപ്പോള്‍ ഉമയമ്മറാണി രവിവര്‍മ്മയേയും കൂട്ടി വര്‍ക്കലയിലേക്ക് താമസം മാറ്റി. ആറ്റിങ്ങല്‍ മൂത്തറാണി ഇടപെട്ട് സന്ധിസംഭാഷണം നടത്തിയെങ്കിലും വിജയിച്ചില്ല.വേണാടിന്‍റെ തലസ്ഥാനമായ കല്‍ക്കുളം പിടിച്ചെടുക്കുക എന്നതായിരുന്നു കേരളവര്‍മ്മയുടെ ലക്ഷ്യം. കല്‍ക്കുളത്തും എടയ്ക്കോടും സൈന്യങ്ങള്‍ ഏറ്റുമുട്ടി. ഈ സമയം കേരളവര്‍മ്മയുടെ ആസ്ഥാനമായ നെടുമങ്ങാട് പിടിക്കാന്‍ ഉമയമ്മറാണി തയ്യാറെടുക്കുകയാണ് എന്ന സന്ദേശം ആറ്റിങ്ങലുള്ള രണ്ട് പ്രഭുക്കന്മാര്‍ കേരളവര്‍മ്മയ്ക്ക് നല്കി. അതോടെ സ്വന്തം നാട് രക്ഷിക്കാനായി അദ്ദേഹം സ്വദേശത്തേക്ക് മടങ്ങി.തുടര്‍ന്ന് നടന്ന സന്ധിസംഭാഷണത്തില്‍ റാണി നടത്തിയ ദത്തെടുക്കലുകല്‍ കേരള വര്‍മ്മ അംഗീകരിക്കുകയും വേണാട് സിംഹാസനത്തിനു വേണ്ടിയുള്ള അവകാശവാദം ഉപേക്ഷിക്കുകയും ചെയ്തു. വേണാടിനു നേരെയുള്ള വെല്ലുവിളി അവിടെ അവസാനിച്ചില്ല. ആയിരത്തി അറുനൂറ്റി എണ്‍പതില്‍ ഒരു മുഗള്‍ സര്‍ദാര്‍ ദക്ഷിണ തിരുവിതാംകൂറിനെ ആക്രമിച്ചു. തോവാള മുതല്‍ എടവ വരെയുള്ള പ്രദേശങ്ങള്‍ മുകിലന്‍ കൈവശപ്പെടുത്തി. സ്ത്രീകള്‍ മാറുമറച്ച് നടക്കണമെന്ന് ഉത്തരവിറക്കിയത് ഈ മുകിലനാണ്. നാടൊട്ടുക്ക് ആക്രമണം നടത്തി കൊള്ള ചെയ്യാന്‍ മുകിലസേന താത്പ്പര്യം കാട്ടി. വടക്കന്‍ കോട്ടയത്തിലെ കേരള വര്‍മ്മയുടെ  സഹായത്തോടെയായിരുന്നു പ്രതിരോധം. യുദ്ധം മുറുകി ഒടുവില്‍ തിരുവട്ടാര്‍ വച്ച് മുകിലപ്പടയെ തോല്പ്പിച്ചു. സര്‍ദാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അപ്പോഴും ഉമയമ്മയ്ക്ക് സമാധാനമുണ്ടായില്ല. അധികാരമോഹിയായിത്തീര്‍ന്ന കേരളവര്‍മ്മ  റാണിയുമായി തെറ്റി. ഈ സമയം സ്ഥലത്തെ പ്രഭുക്കന്മാര്‍ കേരളവര്‍മ്മയെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും ആയിരത്തി അറുനൂറ്റി തൊണ്ണൂറ്റാറില്‍ അദ്ദേഹത്തെ കൊല്ലുകയും ചെയ്തു. മണ്ണാപ്പേടി,പുലപ്പേടി തുടങ്ങിയ ഹീന സമ്പ്രദായങ്ങള്‍ അവസാനിപ്പിച്ചത് കേരളവര്‍മ്മയായിരുന്നു.
ബ്രിട്ടീഷുകാര്‍ക്ക് വേണാട്ടില്‍ ശക്തമായി വേരുറപ്പിക്കാന്‍ കഴിഞ്ഞതും ഉമയമ്മയുടെ കാലത്താണ്. ആയിരത്തി അറുനൂറ്റി എണ്‍പത്തിനാലില്‍ തന്നെ ആറ്റിങ്ങല്‍ റാണിയില്‍ നിന്നും അഞ്ചുതെങ്ങില്‍ ഫാക്ടറി സ്ഥാപിക്കാന്‍ കുറച്ചുസ്ഥലം അവര്‍ സമ്പാദിച്ചിരുന്നു. കുരുമുളക് വ്യാപാരം ഉള്‍പ്പെടെ പല വിഷയങ്ങളിലും അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉമയമ്മറാണി നല്കുകയുണ്ടായി. ആയിരത്തി അറുനൂറ്റി തൊണ്ണൂറ്റിയഞ്ചില്‍ രവിവര്‍മ്മയുടെ കാലത്ത് അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂര്‍ത്തിയാക്കി. ഇംഗ്ലീഷുകാര്‍ക്ക് കുരുമുളക് വ്യാപാരത്തില്‍ സമ്പൂര്‍ണ്ണമായ കുത്താകാവകാശം തന്നെ ഇക്കാലത്ത് നല്കപ്പെട്ടു. ഇംഗ്ലീഷുകാര്‍ക്ക് നല്കിയ അമിതമായ ആനുകൂല്യങ്ങള്‍ ജനങ്ങളെ അസംതൃപ്തരാക്കി.മധുരനായ്ക്കന്മാരുടെ ആക്രമണവും കൃഷിനശിച്ച നാട്ടുകാരില്‍ നിന്നും നികുതി പിരിക്കാനുള്ള രാജകിങ്കരന്മാരുടെ നിര്‍ദ്ദയനടപടികളും കൂടിയായപ്പോള്‍ ജനങ്ങള്‍ കൂട്ടായ പ്രതിഷേധത്തിന് തയ്യാറായി. നാഞ്ചിനാട് പ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധസൂചകമായി നാടുവിട്ടുപോകാന്‍ തീരുമാനിച്ചു. പ്രഹ്ളാദ,ശരിക്കും നിസ്സഹകരണം എന്ന രാഷ്ടീയായുധം ഈ പ്രദേശത്ത് ആദ്യം എടുത്ത് പ്രയോഗിച്ചത് നാഞ്ചിനാട്ടുകാരാണെന്നു പറയാം.
ഗുരോ,അന്ന് അവര്‍ ചെയ്തത് അളമുട്ടിയാണെന്നു മാത്രം.ഇന്നതല്ലല്ലോ സ്ഥിതി.
ഗുരു ഇന്നിലേക്കിറങ്ങി മധുരമായി ചിരിച്ചു.
പ്രഹ്ളാദ,ശരിക്കും മര്‍മ്മജ്ഞനായ രാജാവ് മാര്‍ത്താണ്ഡ വര്‍മ്മതന്നെയായിരുന്നു. ആയിരത്തി എഴുനൂറ്റി ഇരുപത്തിയൊന്‍പതില്‍ ഇരുപത്തിമൂന്നാം വയസ്സിലാണ് അദ്ദേഹം രാജാവായി അധികാരമേറ്റത്. ആ കാലത്ത് പ്രദേശികമായ തന്‍പ്രമാണിത്തവും കേന്ദ്രീകൃതമായ അഴിമതിക്കൂട്ടവുമൊക്കെയായി വേണാട് നശിച്ചുകൊണ്ടിരിക്കയായിരുന്നു. പിള്ളമാരും യോഗക്കാരും മാടമ്പിമാരും അവരുടെ സ്വേച്ഛാധിപത്യം നടത്തിവന്ന കാലം.ഫ്യൂഡല്‍ പ്രഭുക്കന്മാരെ അടിച്ചമര്‍ത്താതെ നല്ലഭരണം നടത്താന്‍ കഴിയില്ലെന്ന് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അറിയാമായിരുന്നു.ഈ സന്ദര്‍ഭത്തില്‍ മുന്‍ മഹാരാജാവിന്‍റെ പുത്രന്മാരായ പത്മനാഭന്‍ തമ്പിയും രാമന്‍ തമ്പിയും പിള്ളമാരുമായി ചേര്‍ന്ന് രാജാധികാരം തന്നെ കൈവശപ്പെടുത്താന്‍ ശ്രമിച്ചു. അവര്‍ മധുരനായ്ക്കന്മാരുടെ സഹായവും ഇതിനായി തേടിയിരുന്നു.നയജ്ഞനായ വര്‍മ്മ മധുരപ്പട്ടാളത്തിന്‍റെ തലവനെ കൈക്കൂലി കൊടുത്ത് വശത്താക്കി. മധുരപ്പട്ടാളത്തിന്‍റെ ഒരു വിഭാഗത്തെ മാര്‍ത്താണ്ഡവര്‍മ്മയുടെ സഹായത്തിനായി വിട്ടുകൊടുക്കുകയും തമ്പിമാരെ സഹായിക്കാതെ അയാള്‍ തിരിച്ചു പോവുകയും ചെയ്തു. ആയിരത്തി എഴുനൂറ്റി മുപ്പതില്‍ തമ്പിമാരെ പിടിച്ചു കെട്ടി വിചാരണ ചെയ്യുകയും തുടര്‍ന്ന് വധിക്കുകയും ചെയ്തു. ഗൂഢാലോചനയില്‍ പെട്ടിരുന്ന പിള്ളമാരെ വധിക്കുകയും നാല് പോറ്റിമാരെ നാടുകടത്തുകയും ചെയ്തു. എല്ലാവരുടെയും സ്വത്തുക്കള്‍ പൊതുഖജനാവിലേക്ക് കണ്ടുകെട്ടുകയും പിള്ളമാരുടെയും ചില യോഗക്കാരുടെയും ഭവനങ്ങള്‍ ഇടിച്ചുപൊളിക്കുകയും ചെയ്തു.അവരുടെ സ്ത്രീകളെയും കുട്ടികളെയും മുക്കുവന്മാര്‍ക്ക് വിറ്റു.അദ്ദേഹത്തിന്‍റെ പകവീട്ടല്‍ ക്രൂരവും നിര്‍ദ്ദയവുമായിരുന്നെങ്കിലും ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ ഞെട്ടി വിറച്ചു. ആ വിറയലില്‍ നിന്നാണ് സുശക്തമായ തിരുവിതാംകൂര്‍ കെട്ടിപ്പടുത്തത്.
എങ്കിലും ഗുരോ കുറച്ചേറെ ക്രൂരമായിരുന്നില്ലെ ആ നടപടികള്‍.
പ്രഹാളാദ,അല്ലെങ്കില്‍ അതിലേറെ കൊല്ലും കൊലയും അവിടെ നടന്നേനെ.തിരുവിതാംകൂര്‍ തന്നെ ഉണ്ടാകില്ലായിരുന്നു. നിനക്ക് അന്നത്തെ ഭൂമിശാസ്ത്രം കൂടി ഞാന്‍ പറഞ്ഞു തരാം. ആറ്റിങ്ങല്‍ മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന ഒരു ചെറിയ രാജ്യമായിരുന്നു വേണാട്. ആറ്റിങ്ങല്‍ പ്രദേശം ആറ്റിങ്ങല്‍ റാണിയുടെ ആധീനതയിലും നെടുമങ്ങാട്,പേരകത്താവഴിയുടെ കൈയ്യിലുമായിരുന്നു. കൊട്ടാരക്കര,എളയടത്ത് സ്വരൂപത്തിന്‍റെയും ആറ്റിങ്ങലിന് വടക്കുള്ള ഭാഗം ദേശിങ്ങനാട് സ്വരൂപത്തിന്‍റെയും അധികാര സീമയിലായിരുന്നു. കരനാഗപ്പള്ളിയും വെണ്മണിയും രണ്ട് ചെറിയ നാടുവാഴികള്‍ക്ക് കീഴിലുമായിരുന്നു. കായംകുളം, പുറക്കാട്,തെക്കുംകൂര്‍,പന്തളം എന്നിവയും ഓരോ രാജ്യങ്ങളായിരുന്നു. തൃക്കുന്നപ്പുഴ ,ഇടപ്പള്ളി രാജായുടെ കൈവശമായിരുന്നു.കൊച്ചിയും വടക്കുംകൂറും പ്രത്യേക രാജ്യങ്ങള്‍ തന്നെയായിരുന്നു. കൊച്ചി രാജാവിന്‍റെ പ്രമാണിത്തം അംഗീകരിച്ച നാടുവാഴികളായിരുന്നു പുറക്കാടും ആലങ്ങാടും പറവൂരും കൊടുങ്ങല്ലൂരും. വടക്കന്‍ പ്രദേശത്തെ പ്രബല രാജാക്കന്മാര്‍ സാമൂതിരിയും കോലത്തിരിയുമായിരുന്നു. ആ പ്രദേശങ്ങളിലെ ചെറുകിട നാടുവാഴികള്‍ ഇവരുടെ പരമാധികാരം അംഗീകരിച്ചിരുന്നു. പാലക്കാട്,കോട്ടയം രാജാക്കന്മാര്‍ ഇവരില്‍ പ്രബലരുമായിരുന്നു.
വേണാട് ചെറിയൊരു പ്രദേശമായിരുന്നതുകൊണ്ടു തന്നെ മാര്‍ത്താണ്ഡവര്‍മ്മ തന്‍റെ രാജ്യം വികസിപ്പിക്കുവാനും സുശക്തമായ ഒരു ഭരണകൂടം സ്ഥാപിക്കുവാനും തീര്‍ച്ചയാക്കി.ആദ്യമായി അദ്ദേഹം ആറ്റിങ്ങല്‍ പ്രദേശം റാണിയുടെ ഭരണത്തില്‍ നിന്നേറ്റെടുത്തു. കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദേശിങ്ങനാടായിരുന്നു അടുത്ത ലക്ഷ്യം. അവിടം ഭരിക്കുന്നത് അമ്മാവനായ ഉണ്ണിക്കേരള വര്‍മ്മയും. ഉണ്ണിക്കേരളവര്‍മ്മ മാര്‍ത്താണ്ഡനെ പ്രതിരോധിക്കാനായി കായംകുളവുമായി സ്നേഹബന്ധം സ്ഥാപിക്കുകയും അവിടെ നിന്നും ഒരു രാജകുമാരിയെ ദത്തെടുക്കുകയും ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയുടെ അധീനത്തിലുള്ള കല്ലട കൈക്കലാക്കുവാനും അമ്മാവന്‍ മറന്നില്ല.ഒടുവില്‍ യുദ്ധമായി. കല്ലട ഒഴിഞ്ഞുപോകാനും കൊല്ലം കോട്ട ഇടിച്ചു നിരത്താനുമുള്ള മാര്‍ത്താണ്ഡവര്‍മ്മയുടെ ആഹ്വാനം അമ്മാവന്‍ ചെവിക്കൊണ്ടില്ല, യുദ്ധമായി.ഒടുവില്‍ യുദ്ധത്തില്‍ തോറ്റ അമ്മാവനെ വലിയകോയിക്കല്‍ കൊട്ടാരത്തില്‍ തടവുകാരനായി താമസിപ്പിച്ചു.
മാര്‍ത്താണ്ഡവര്‍മ്മയുടെ സാമ്രാജ്യമോഹം മനസ്സിലാക്കിയ കായംകുളം രാജാവ് പുറക്കാട്,വടക്കുംകൂര്‍,കൊച്ചി എന്നീ രാജ്യങ്ങളുമായുള്ള സഖ്യം ബലപ്പെടുത്തുകയും ഉണ്ണിക്കേരളവര്‍മ്മയെ രഹസ്യമായി മോചിപ്പിച്ച് കൊല്ലം കേന്ദ്രമാക്കി മാര്‍ത്താണ്ഡവര്‍മ്മയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്തു. കൊല്ലത്ത് പുതിയ കോട്ടകള്‍ പടുത്തുയര്‍ത്തി. ഡച്ചുകാരും അവരെ സഹായിച്ചിരുന്നു.മാര്‍ത്താണ്ഡവര്‍മ്മ തന്‍റെ വിശ്വസ്തനായ സേനാനായകന്‍ രാമയ്യനെ കൊല്ലം ഉപരോധിക്കാന്‍ അയച്ചു.രാമയ്യന് സംയുക്തസേനയുടെ മുന്നില്‍ പിന്തിരിയേണ്ടിവന്നു. മാര്‍ത്താണ്ഡവര്‍മ്മ അഞ്ചുതെങ്ങിലുള്ള ബ്രിട്ടീഷുകാരില്‍ നിന്നും മാഹിയിലുള്ള ഫ്രഞ്ചുകാരില്‍ നിന്നും ആയുധം വാങ്ങി വീണ്ടും ആക്രമണത്തിന് ഒരുമ്പെട്ടു. ഒരു വിഭാഗം സേനയെ കൊല്ലത്തേക്കും മറ്റൊരു വിഭാഗത്തെ കായംകുളത്തേക്കുമയച്ചു. നേരിട്ട് സൈന്യം നയിച്ച കായംകുളം രാജാവ് ആയിരത്തി എഴുനൂറ്റി മുപ്പത്തിനാലിലെ യുദ്ധത്തില്‍ മരിച്ചുവീണെങ്കിലും അദ്ദേഹത്തിന്‍റെ അനുജന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി യുദ്ധം തുടര്‍ന്നു. ഒടുവില്‍ പരാജയം സമ്മതിച്ച് മാര്‍ത്താണ്ഡ സേന പിന്മാറി.
അതോടെ വര്‍മ്മ ഒന്നടങ്ങിയോ ഗുരോ”, പ്രഹ്ളാദന്‍ ചോദിച്ചു.

അങ്ങിനെ അടങ്ങുന്ന ജനുസ്സല്ല പ്രഹ്ളാദ,ഈ വര്‍മ്മ. അദ്ദേഹം യുദ്ധം എളയടത്ത് സ്വരൂപത്തിന് നേരെയാക്കി. രാജാവിനെ വേഗം തന്നെ തടങ്ങലിലാക്കി.ആയിരത്തി എഴുനൂറ്റി മുപ്പത്തിയാറില്‍ അദ്ദേഹം നിര്യാതനായി. എളയടത്ത് റാണി തെക്കുംകൂറിലേക്ക് രക്ഷ പ്രാപിച്ചു. ഡച്ചുകാര്‍ ഈ മാറ്റങ്ങളൊക്കെ വീക്ഷിച്ചുവരികയായിരുന്നു.വര്‍മ്മയുടെ വളര്‍ച്ചയില്‍ അവര്‍ ആശങ്കപ്പെട്ടു. ഇന്തോനേഷ്യയിലെ ഡച്ച് തലസ്ഥാനമായ ബറ്റേവിയയിലെ ഡച്ച് അധികാരികള്‍ സിലോണിലെ ഡച്ച് ഗവര്‍ണ്ണറായ വാന്‍ ഉംഹൂഫിനെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനായി കേരളത്തിലേക്ക് അയച്ചു. കൊല്ലം,ഇളയിടത്ത് സ്വരൂപം, കായംകുളം എന്നീ രാജ്യങ്ങളെ ആക്രമിച്ചതിലുള്ള പ്രതിഷേധം അയാള്‍ വര്‍മ്മയെ അറിയിച്ചു. എളയടത്ത് റാണിയെ എത്രയും വേഗം പുനരവരോധിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. വര്‍മ്മ അത് നിഷേധിച്ചതിലൂടെ ഡച്ചുകാരുമായി പിണങ്ങി.ആയിരത്തി എഴുനൂറ്റി നാല്പ്പത്തി ഒന്നില്‍ റാണിയെ അധികാരത്തില്‍ അവരോധിച്ചതായി വാന്‍ ഉംഹൂബ് പ്രഖ്യാപിച്ചു.ഡച്ചുസേനയും സംയുക്തസേനയും ചേര്‍ന്ന് വേണാടിനെ ആക്രമിക്കുകയും ചെയ്തു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സേന അവരെ തുരത്തി. ഇളയടത്ത് സ്വരൂപം വേണാടിന്‍റെ ഭാഗമായി മാറി. റാണി കൊച്ചിയിലെ ഡച്ചുകോട്ടയിലേക്ക് ഓടി രക്ഷപെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ