2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-26-കൂര്‍മ്മബുദ്ധികള്‍ പിറക്കുന്ന കാലം

ഇരുപത്തിയാറ്
കൂര്‍മ്മബുദ്ധികള്‍  പിറക്കുന്ന കാലം
ഗുരോ,മറ്റു ജാതികളുടെ ഉത്ഭവം കൂടി ഒന്നു പറയാമൊ?”,പ്രഹ്ളാദന്‍ ചോദിച്ചു.
കേട്ടോളു, പ്രഹ്ളാദ,ഏതാണ്ട് സംഘകാലം മുതലെ ഗണത്തിന്‍റെയും തൊഴിലിന്‍റെയും അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടവരായിരുന്നു അവര്‍. വിശാലമായ നിലങ്ങളില്‍ ജോലി ചെയ്തിരുന്നവരായിരുന്നു പുലയര്‍. കുന്നിന്‍ മേടുകളില്‍ താമസിച്ചിരുന്ന പൊറൈയന്മാര്‍ പറയരായിതീര്‍ന്നു. വേട്ടുവര്‍ വേടന്‍ തന്നെ. മത്സ്യബന്ധനക്കാരായ പരതവര്‍ അരയരായിതീര്‍ന്നു. വലവീശി മീന്‍പിടിച്ചിരുന്നവരാണ് വാലന്മാര്‍.ആശാരിപ്പണി ചെയ്തിരുന്നവര്‍ തച്ചന്മാരും ഇരിമ്പായുധങ്ങള്‍  നിര്‍മ്മിച്ചിരുന്നവര്‍ കൊല്ലന്മാരുമായി. ബ്രാഹ്മണാധിപത്യം സ്ഥാപിക്കുന്നതിന് കൂട്ടുനില്ക്കാതെ മാറിനിന്നതുകൊണ്ട് ഇവരെയെല്ലാം അവര്‍ണ്ണരായി തരംതാഴ്ത്തി. അവര്‍ ബ്രാഹ്മണമതം അംഗീകരിക്കാന്‍ എടുത്ത കാലതാമസവും അവരുടെ സാമ്പത്തികമായ സ്ഥിതിഭേദവും അനുസരിച്ച് അവര്‍ തമ്മില്‍ ഉയര്‍ച്ചതാഴ്ചയും നിശ്ചയിച്ചു. അങ്ങിനെ ഏറ്റവും ദരിദ്രമായി ജീവിച്ചിരുന്ന പുലയനും പറയനും സമൂഹത്തിലെ ഏറ്റവുമധികം താഴ്ത്തപ്പെട്ട വിഭാഗമായി പരിണമിച്ചു.
ഗുരോ, എത്ര സങ്കടകരമാണ് ഈ അടിമത്തവും അതിന്‍റെ ദുരന്തങ്ങളും. അനേക തലമുറകള്‍ അക്ഷരമറിയാതെയും അറിവ് കിട്ടാതെയും വെറും മൃഗങ്ങളെപോലെ വിശപ്പിനെയും കാമത്തെയും മാത്രമറിഞ്ഞ് , ആര്‍ത്തിപൂണ്ട് ........... ഹൊ, സങ്കടകരം. ഇന്നിപ്പോള്‍ അനേകം ജനിതകങ്ങള്‍ പിന്നിട്ട തലമുറകള്‍ക്കാണ് അല്പ്പമെങ്കിലും ആശ്വാസം ലഭിച്ചത്. എന്നാലിപ്പോള്‍ അവരിലും ഉന്നതരും താണവരും ഉണ്ടാകുന്നു. സമ്പത്തും പദവിയും കൈക്കലാക്കിയവര്‍ അവരുടെ കുലത്തില്‍പെട്ട പാവങ്ങളെ എന്നും പാവങ്ങളായി നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. അവന്‍റെ ശബ്ദം പാവപ്പെട്ടവന്‍റെ ശബ്ദത്തെ കീഴടക്കുന്നു.”
വളരെ ശരിയാണ് പ്രഹ്ളാദ, അന്ന് ബ്രാഹ്മണരായിരുന്നു തത്പ്പരകക്ഷികളെങ്കില്‍ ഇന്നിപ്പോള്‍ അധികാരമേറുന്നവരും അവരുടെ പിണിയാളുകളുമാണ് എന്നുമാത്രം. ഒരു കാര്യം സത്യമാണ് പ്രഹ്ളാദ, കേരളത്തിലെ ജാതിവ്യവസ്ഥ ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ സ്ഥാപിതമായ ജാതിവ്യവസ്ഥയേക്കാള്‍ ക്രൂരവും സമ്പൂര്‍ണ്ണവുമായിരുന്നു. ഓരോ ജാതിക്കാരനും ബ്രാഹ്മണനില്‍ നിന്നും ഇത്രദൂരം മാറിനില്ക്കണം എന്ന ചട്ടമുണ്ടാവുകയും അത് കര്‍ശനമായി പാലിക്കപ്പെടുകയും ചെയ്തു. ബ്രാഹ്മണന് ദാസ്യം വഹിച്ച ഒരു രാജാധികാരമാണ് ഇവിടെയുണ്ടായിരുന്നത്. ബ്രാഹ്മണന്മാര്‍ രാജാക്കന്മാര്‍ക്ക് പിഴ ചുമത്തിയ സംഭവങ്ങള്‍ പോലുമുണ്ടായി “,ഗുരു എന്തോ ഓര്‍ത്ത് ചിരിച്ചു.പൊരുളറിയുന്നപോലെ പ്രഹ്ളാദനിലും പുഞ്ചിരി പടര്‍ന്നു.
പ്രഹാളാദ,വര്‍ഗ്ഗമര്‍ദ്ദനത്തേക്കാള്‍ ക്രൂരവും സര്‍വ്വംകഷവുമായ ഒന്നാണ് ജാതിമര്‍ദ്ദനം. ഇതില്‍ സാമ്പത്തിക ചൂഷണവും രാഷ്ട്രീയമര്‍ദ്ദനവും മാത്രമല്ല വംശപരമായ അകറ്റിനിര്‍ത്തലും ഉള്‍ചേരുന്നു. ഉയര്‍ന്ന വിജ്ഞാനത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തുക വഴി ബുദ്ധിപരമായ മര്‍ദ്ദനവും അവര്‍ നേരിടേണ്ടിവന്നു.ഹിന്ദുക്കളുടെ കര്‍മ്മസിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ , മതത്തിന്‍റെ അധികാര ശക്തിയുടെ പിന്തുണയോടെ , മതചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടായിരുന്നു ഈ ക്രിയകളൊക്കെയും എന്നോര്‍ക്കുക. ശരിക്കും മര്‍ദ്ദിതന്‍ താന്‍ മര്‍ദ്ദനത്തിന് വിധേയനാണ് എന്ന ബോധം പോലും ഉണ്ടാകാത്തവിധം അനുഗ്രഹീതമായ അജ്ഞാനത്തിലാണ് കഴിഞ്ഞത്. മര്‍ദ്ദകനാകട്ടെ താന്‍ ഇതെല്ലാം ചെയ്യുന്നത് ഈശ്വരഹിതമനുസരിച്ചാണ് എന്നും കരുതിയിരുന്നു. സര്‍വ്വശക്തമായ നമ്പൂതിരി മേധാവിത്വത്തിന്‍ കീഴില്‍ വളര്‍ന്ന ജാതിയിലമര്‍ന്ന ജന്മിത്വത്തിന്‍റെ നീചരൂപമായിരുന്നു എത്രയോ നൂറ്റാണ്ട് ആടിത്തിമിര്‍ത്ത ഈ ഭീകരാവസ്ഥ.  
ഗുരോ,മറ്റു മതക്കാര്‍ക്ക്  ഈ ചതിക്കുഴികള്‍ ബാധകമായിരുന്നില്ലല്ലോ,എന്നിട്ടും എന്തുകൊണ്ടാണ് ഈ പാവങ്ങള്‍ മറ്റു മതങ്ങളിലേക്ക് ചേക്കാറാതിരുന്നത്, പ്രഹ്ളാദന്‍ ചോദിച്ചു.
പ്രഹ്ളാദ,ആറാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യത്തിന്‍റെ സമുദ്രാധിപത്യം അവസാനിച്ചപ്പോഴാണ് അറബികള്‍ പൌരസ്ത്യ രാജ്യങ്ങളുമായുള്ള കപ്പല്‍ വ്യാപാര മേഖലയില്‍ പ്രവേശിക്കുന്നത്. സംസ്ക്കാരങ്ങളുടെ വ്യാപനം പ്രധാനമായും വ്യാപാരത്തില്‍ കൂടിയാണ് നടക്കുന്നതെന്ന് നിനക്കറിയാമല്ലോ. അങ്ങിനെ എട്ടാം നൂറ്റാണ്ടില്‍ അറബിക്കച്ചവടക്കാരിലൂടെയാണ് ഇസ്ലാംമതം കേരളത്തിലെത്തിയത്. ഇന്ത്യയില്‍ ഇസ്ലാം മതത്തിന്‍റെ സന്ദേശം ആദ്യമായി കടന്നുവന്നത് മലബാര്‍ തീരത്താണ്. ബുദ്ധ-ജൈനമതങ്ങള്‍ ക്ഷയിക്കുകയും ശൈവ-വൈഷ്ണവമതക്കാര്‍ തമ്മിലടിക്കുകയും ചെയ്ത ആ കാലത്ത് ചേരമാന്‍ പെരുമാള്‍ ഉള്‍പ്പെടെ കുറെ ആളുകള്‍ മനുഷ്യസാഹോദര്യത്തിന്‍റെയും ഏക ദൈവത്തിന്‍റെയും സന്ദേശം പരത്തിയ ഇസ്ലാംമതം സ്വീകരിച്ചു.ചേരമാന്‍ പെരുമാളുടെ മെക്ക സന്ദര്‍ശനത്തെ തുടര്‍ന്ന് മാലിക് ബിന്‍ ദീനാര്‍ കേരളത്തില്‍ വരുകയും രാജാക്കന്മാരുടെ സഹായത്തോടെ മതപ്രചരണം തുടങ്ങുകയും ചെയ്തു. തിരുവിതാംകൂര്‍ രാജ്ഞിയുടെ മകനും ചേരമാന്‍ പെരുമാളുടെ മരുമകനുമായ  കോഹിനൂര്‍ രാജകുമാരനും ഈ കൂട്ടത്തിലുണ്ടായിരുന്നു. മതപരിവര്‍ത്തനം ചെയ്ത് അയാള്‍ സെയ്ഫുദ്ദീന്‍ മുഹമ്മദാലിയായി. മുഹമ്മദാലി കണ്ണൂരില്‍ താമസമാക്കി അറക്കല്‍ രാജവംശമുണ്ടാക്കി. മാലിക് ബിന്‍ ദീനാര്‍ കൊടുങ്ങല്ലൂരില്‍ വരികയും ചേരമാന്‍ പെരുമാളുടെ എഴുത്ത്, രാജാവിനെ ഏല്പ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, രാജാവ്, അവിടെ ഒഴിഞ്ഞുകിടന്ന  ഒരു ബുദ്ധക്ഷേത്രം പള്ളിയായി ഉപയോഗിക്കുന്നതിന് വിട്ടുകൊടുക്കുകയും ചെയ്തു. പ്രഹ്ളാദ,എട്ടാം നൂറ്റാണ്ടിലെ കഥകളാണിതൊക്കെയെന്ന് നീ ഓര്‍ക്കണം. പെരുമാളുടെ മരണശേഷം ശറഫുബ്നു മാലിക്,മാലിക് ഇബ്നു ദീനാര്‍,അദ്ദേഹത്തിന്‍റെ മരുമകന്‍ മാലിക് ഇബ്നു ഹബീബ് എന്നിവര്‍ കുടുംബത്തോടെ അറേബ്യയില്‍ നിന്നും മലബാറിലേക്ക് വന്നു. കൊടുങ്ങല്ലൂര്‍ രാജാവ് അവര്‍ക്ക് ഭവനവും തോട്ടങ്ങളും നല്കി. അവിടെ താമസിച്ചുകൊണ്ട് ആരാധനയ്ക്കായി അവര്‍ ഒരു പള്ളി പണിയിച്ചു. ബുദ്ധക്ഷേത്രം പള്ളിയാക്കിയതിന് പുറമെ മലബാറില്‍ പണിത ആദ്യ പള്ളിയായിരുന്നു പ്രഹ്ളാദ അത്. അതിനുശേഷം മാലിക് ഇബ്നു ഹബീബ് കുടുംബസമേതം കൊല്ലത്തേക്ക് താമസം മാറ്റി അവിടെയും പള്ളി പണിതു. പിന്നീടദ്ദേഹം ഫാക്കനൂരും മംഗലാപുരത്തും കാസര്‍ഗോട്ടും ഹേലിയിലും ശ്രീകണ്ഠപുരത്തും ധര്‍മ്മടത്തും പന്തലായിനിയിലും ചാലിയത്തും പള്ളികള്‍ നിര്‍മ്മിച്ചു. തിരികെ കൊടുങ്ങല്ലൂര്‍ വന്ന് പിതൃവ്യനായ മാലിക് ഇബ്നു ദീനാരെയും കൂട്ടി പള്ളികളായ പള്ളികളൊക്കെ കണ്ട് ഒടുവില്‍ കൊല്ലത്തെത്തി. കുടുംബത്തെ അവിടെത്തന്നെ  പാര്‍പ്പിച്ച ശേഷം രണ്ടുപേരും അറേബ്യയിലേക്ക് തിരിച്ചുപോയി. അവിടെ ചേരമാന്‍റെ കബര്‍ സന്ദര്‍ശിച്ചു. അതിനുശേഷം മാലിക് ഇബ്നു ദീനാര്‍ ഖുറാസാനിലേക്കും മാലിക് ഇബ്നു ഹബീബ് മലബാറിലേക്കും പുറപ്പെട്ടു. അദ്ദേഹം കൊടുങ്ങല്ലൂരിലെത്തിയപ്പോഴേക്കും കുടുംബവും കൊല്ലത്തു നിന്നും അവിടെയെത്തി കൊടുങ്ങല്ലൂരില്‍ താമസമാക്കി. തന്‍റെ മക്കളെ അദ്ദേഹം മറ്റു പള്ളികളുടെ സംരക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തു.
പ്രഹ്ളാദ, ഈ ചരിത്രമൊക്കെ പറഞ്ഞാലെ നിന്‍റെ ചോദ്യത്തിന് ഉത്തരമാകൂ.എഡി ഒന്‍പതാം നൂറ്റാണ്ട് ആയപ്പോഴേക്കും ഇസ്ലാംമതം കേരളത്തില്‍ വ്യാപകമായി പ്രചരിച്ചു. സാമൂതിരി കുടുംബത്തില്‍ നിന്നുപോലും ഒരാള്‍ ഇസ്ലാം മതം സ്വീകരിച്ചു.പതിനാലാം നൂറ്റാണ്ടില്‍ കോലത്തിരി രാജവംശത്തിലും ഒരാള്‍ ഇസ്ലാമായി.കണ്ണൂര്‍,ധര്‍മ്മടം,പന്തലായിനി,കോഴിക്കോട്,കൊടുങ്ങല്ലൂര്‍,കൊല്ലം എന്നീ തുറമുഖങ്ങള്‍ വഴി കച്ചവടം നടത്തിയിരുന്ന അറബികള്‍,ബ്രാഹ്മണ മതത്തില്‍ ഉള്ളതും അല്ലാത്തതുമായ പല സ്ത്രീകളെയും വിവാഹം കഴിച്ച് നാട്ടില്‍ താമസമാക്കി. സമ്പന്നരായ അറബികളുടെ പ്രഭാവത്തില്‍പെട്ട ആ കുടുംബങ്ങളൊക്കെ ഇസ്ലാം മതക്കാരായി. പീഢനങ്ങള്‍ ഏറ്റിട്ടും മറ്റു ചിലര് മതം മാറാന്‍ കൂട്ടാക്കിയില്ല. ഇനി ഞാന്‍ പരയുന്നതാണ് പ്രഹ്ളാദ, നിന്‍റെ ചോദ്യത്തിനുള്ള ഉത്തരം.അതിനെ വര്‍ത്തമാന കാല സമസ്യകളുമായി ഇണക്കി ഇങ്ങനെ വായിക്കാം. ഇപ്പോള്‍ പല പാര്‍ട്ടികളില്‍ വിശ്വസിച്ച് മനുഷ്യന്‍ നില്ക്കുന്നില്ലെ, പാര്‍ട്ടി നേതൃത്വം തെറ്റുചെയ്താലും വിമര്‍ശിക്കാതെ, പാര്‍ട്ടി വിട്ടുപോകാതെ-, അതുപോലെ ബ്രാഹ്മണരുടെ തെറ്റുകള്‍ സഹിച്ച്  കുറേപേര്‍ ആ മതത്തില്‍ തന്നെ ഉറച്ചു നിന്നു.എന്നുമാത്രമല്ല,തീരദേശത്തിനപ്പുറം ഇസ്ലാമും കൃസ്ത്യനും വ്യാപിച്ചിട്ടുമുണ്ടായിരുന്നില്ല.
പ്രഹ്ളാദ,ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടില്ലെ, നിന്‍റെ രക്തബന്ധക്കാര്‍ വിവിധ മതങ്ങളിലും ജാതികളിലുമായി പടര്‍ന്നുകിടക്കയാണെന്ന്.അതിലൊരു കണ്ണിമാത്രമാണ് ഇസ്ലാം.ഏതായാലും അറബികളും ഇസ്ലാമായവരും ചേര്‍ന്ന കോളനികള്‍ തുറമുഖ പ്രദേശത്ത് ധാരാളമായുണ്ടായി.അറബികളുടെ മതപ്രചരണം സമാധാനപരമായിരുന്നു. കച്ചവടതാത്പ്പര്യം സംരക്ഷിക്കുന്നവര്‍ എന്ന നിലയില്‍ രാജാക്കന്മാര്‍ അവര്‍ക്ക് പ്രത്യേക പരിഗണനയും നല്കിയിരുന്നു.
പ്രഹ്ളാദ,തോമാശ്ലീഹയുടെ വരവും തുടര്‍ന്നുള്ള മതപരിവര്‍ത്തനവുമൊക്കെ നമ്മള്‍ നേരത്തെ പറഞ്ഞിരുന്നത് ഓര്‍ക്കുമല്ലോ. കച്ചവടക്കാരായ കൃസ്ത്യാനികള്‍ കൂടുതലായും കൊല്ലം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്താണുരവിയുടെ ഭരണകാലത്ത് വേണാട് വാണ അയ്യനടികള്‍ തിരുവടി കുരക്കേണി കൊല്ലത്ത് തരിസാപ്പള്ളിക്ക് ഭൂമിയും എഴുപത്തിരണ്ട് സ്ഥാനമാനങ്ങളും നല്കിയിരുന്നു. കൊല്ലം നഗരത്തിന്‍റെ വ്യാപാര അഭിവൃദ്ധിയില്‍ കൃസ്ത്യാനികള്‍ നിര്‍വ്വഹിച്ച സ്തുത്യര്‍ഹമായ സേവനത്തിനായിരുന്നു ആ പാരിതോഷികം. മരുവന്‍ സപീര്‍ ഈസോവിന് , നാടുവാഴികള്‍ക്ക് നല്കിവന്ന എല്ലാ അധികാരവും അവകാശവും നല്കിയിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ രാജസിംഹനും പതിമൂന്നാം നൂറ്റാണ്ടില്‍ വീരരാഘവ ചക്രവര്‍ത്തിയും അനേകം ആനുകൂല്യങ്ങള്‍ കൃസ്ത്യാനികള്‍ക്ക് നല്കുകയുണ്ടായി.ആദ്യകാലങ്ങളില്‍ കേരളത്തില്‍ സിറിയന്‍ കൃസ്ത്യാനികളാണുണ്ടായിരുന്നത്. അവര്‍ കേരളീയ ആചാരരീതികള്‍ പിന്‍തുടരുകയും ചെയ്തു. ബ്രാഹ്മണമതത്തെപോലെ ജാതിവ്യത്യാസവും അയിത്തവും അവരും പാലിച്ചു. ലോകത്തെ മറ്റു കൃസ്ത്യാനികളില്‍ നിന്നും ഒറ്റപ്പെട്ട് ജീവിച്ചതുകൊണ്ട് ഹൈന്ദവ ആചാരങ്ങള്‍ പലതും അവര്‍ നിലനിര്‍ത്തിവന്നു. എഡി തൊള്ളായിരത്തി എണ്‍പത്തിയഞ്ചില്‍ തയ്യാറാക്കിയ ചട്ടങ്ങളാണ് മതകാര്യങ്ങളില്‍ ഇപ്പോഴും നിര്‍ണ്ണായകം. യാഥാസ്ഥിതിക മതമായ ബ്രാഹ്മണ മതത്തിന്‍റെ അതേ സ്വരൂപം. അന്ത്യോക്യയുമായുള്ള ബന്ധം മുറിഞ്ഞതിനെ തുടര്‍ന്ന് അവരുടെ മെത്രാപ്പൊലിത്തയാണ് മതകാര്യങ്ങളില്‍ പരമാധികാരിയായത്. അതും മരുമക്കത്തായ രീതിയില്‍. പ്രഹ്ളാദ, ശരിക്കും കൃസ്തുമതത്തിന്‍റെ ഒരു കേരളീയ ശാഖയായി മാത്രമാണ് ഇവിടെ കൃസ്തുമതം പ്രചരിച്ചത്.
ഗുരോ,പിന്നീട് വന്ന പല വിദേശ ശക്തികളും തുടര്‍ന്ന് മതപ്രചരണം നടത്തുകയും പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്തു,അല്ലെ.
പ്രഹ്ളാദ,അതും ചെറിയ തോതിലായിരുന്നില്ല, വലിയ അളവില്‍ തന്നെയായിരുന്നു. പക്ഷെ ഒന്നുണ്ട്,പ്രഹ്ളാദ, പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്കൊക്കെ മാന്യതയും വിദ്യാഭ്യാസവും നല്ല ജിവിതസൌകര്യങ്ങളും കിട്ടി.
പ്രഹ്ളാദ, കൃസ്ത്വബ്ധം ഒന്നാം നൂറ്റാണ്ടില്‍തന്നെ ജൂതന്മാരും കേരളത്തില്‍ കുടിയേറിപ്പാര്‍ത്തിരുന്നു. അവരില്‍ ഭൂരിഭാഗവും കൊടുങ്ങല്ലൂരിലാണ് താമസിച്ചത്. എഡി മുന്നൂറ്റിഅറുപത്തിയൊന്‍പതില്‍ കുറെ ജൂതന്മാര്‍ മയോര്‍ക്കയില്‍ നിന്നും കൊടുങ്ങല്ലൂരിലെത്തി. നാനൂറ്റി തൊണ്ണൂറില്‍ വീണ്ടും കുറെപേര്‍ വന്നു. നാനൂറ്റി എണ്‍പത്തിയാറില്‍ മെസൊപൊട്ടാമിയായില്‍ നിന്നും ഫിറൂസിന്‍റെ നേതൃത്വത്തില്‍ കുറെപ്പേര്‍ മലബാര്‍ തീരത്തെത്തി. സിംഗ്ലി,ഫ്ളന്താറിന,മറവേല്‍ എന്നിവയായിരുന്നു പ്രധാന ജൂതകേന്ദ്രങ്ങള്‍. വ്യാപാരികളും യോദ്ധാക്കളുമായ ജൂതന്മാരെ കേരള രാജാക്കന്മാര്‍ എല്ലാ സൌകര്യങ്ങളും കൊടുത്ത് പാര്‍പ്പിച്ചു. അവര്‍ കേരള രാജാക്കന്മാരോട് കൂറുപുലര്‍ത്തുകയും ചെയ്തു. ചോളന്മാര്‍ ആക്രമണം അഴിച്ചുവിട്ട സമയം ഭാസ്ക്കര രവിവര്‍മ്മന്‍ യഹൂദ നേതാവായ ജോസഫ് റബ്ബാത്തിന് അപൂര്‍വ്വ ബഹുമതികളും അവകാശങ്ങളും നല്കി യോദ്ധാക്കളുടെ സേവനം പ്രയോജനപ്പെടുത്തി. മുയിരിക്കോടുവച്ച് എഴുതിയ ചെപ്പേട് പ്രകാരം അഞ്ചുവണ്ണസ്ഥാനവും പകല്‍വിളക്ക്,പാവാട,മേനാവ്,കുട,പെരുമ്പറ,കാഹളം,കൊട്ടിയമ്പലം ,തോരണം,തോരണവിതാനം ,ആയുധം തുടങ്ങി എഴുപത്തിരണ്ട് സ്ഥാനമാനങ്ങളാണ് റബ്ബാത്തിന് നല്കിയത്. വേണാട്ടിലെ ഗോവര്‍ദ്ധന മാര്‍ത്താണ്ഡന്‍, വെണ്‍പൊലി നാട്ടിലെ കോത ചിരികണ്ടന്‍,ഏറാള്‍ നാട്ടിലെ മാനവേപല മാനവീയന്‍, വള്ളുവനാട്ടിലെ ഇരായരന്‍ ചാത്തന്‍ ,നെടും പുയൂര്‍ നാട്ടിലെ കോതരവി എന്നീ നാടുവാഴികളും പടയുടെ ഉപനായകനായ മൂര്‍ക്കന്‍ ചാത്തനും സാക്ഷികളായിരുന്നു. അതോടെ റബ്ബാനും നാടുവാഴികളുടെയും പട്ടാളമേധാവിയുടെയും പദവിയുള്ളവനായി. മറ്റു നാടുവഴികള്‍ അതംഗീകരിക്കുകയും ചെയ്തു. അഞ്ചുവണ്ണം എന്ന വ്യാപാരസംഘടനയില്‍ അംഗമാക്കപ്പെട്ട ജോസഫ് റബ്ബാന്‍റെ മക്കള്‍ക്കും മരുമക്കള്‍ക്കും സന്തതി പരമ്പരകള്‍ക്കും അഞ്ചുവണ്ണസ്ഥാനം പരമ്പരയായി ലഭിക്കാനും അനുമതി നല്കി. അഞ്ചുവണ്ണത്തിലും അതുപോലെ വ്യാപാര സംഘടനയായിരുന്ന മണിഗ്രാമത്തിലും അംഗങ്ങള്‍ കൃസ്ത്യാനികളും ജൂതന്മാരുമായിരുന്നു. അതുകൊണ്ടുതന്നെയാണ്, ചാതുര്‍വര്‍ണ്ണ്യത്തില്‍ പറയുന്ന വൈശ്യജാതി കേരളത്തില്‍ ഉണ്ടാകാതെയിരുന്നതും,“ ഗുരു പറഞ്ഞു നിര്‍ത്തി.
ഗുരോ,അപ്പോള്‍ വ്യാപാരം കൈയ്യടക്കിയിരുന്നവര്‍ ഇസ്ലാം,കൃസ്ത്യന്‍,ജൂതവര്‍ഗ്ഗക്കാരായിരുന്നു-ല്ലെ. അതുകൊണ്ടുതന്നെയാകാം ഇപ്പോഴും കച്ചവടത്തിനുള്ള ത്വര അവരില്‍ മുന്തി നില്ക്കുന്നത്.
പ്രഹ്ളാദ, വ്യാപാരം അവര്‍ സ്വന്തമാക്കിയ അതേ കാലത്തുതന്നെ ക്ഷേത്രങ്ങള്‍ ഭരണ സാമ്പത്തിക കേന്ദ്രങ്ങളായും മാറി. ബ്രാഹ്മണര്‍ രാജാക്കന്മാരുടെയും നാടുവാഴികളുടെയും സഹായത്തോടെ നിരവധി ക്ഷേത്രങ്ങള്‍ പണിതു. രാജാക്കന്മാരും ജനങ്ങളും ക്ഷേത്രങ്ങള്‍ക്ക് ധാരാളം ഭൂസ്വത്ത് ദാനമായി നല്കി. ഹിന്ദുമത വിശ്വാസികളുടെ കലാവിനോദങ്ങള്‍ ,വാര്‍ഷികോത്സവങ്ങള്‍, ദിനംപ്രതിയുള്ള ദൈവാരാധന,വിദ്യാഭ്യാസം തുടങ്ങി എല്ലാം ക്ഷേത്രത്തെ ചുറ്റിപ്പറ്റിയായി. വലിയ ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമായി നഗരങ്ങളുണ്ടായി. മഹാതേവര്‍ ക്ഷേത്രപരിസരത്ത് മഹോദയപുരമുണ്ടായി. പാര്‍ത്ഥിവപുരവും കാന്തളൂരും കണ്ടിയൂരും തിരുവല്ലവും തിരുക്കടിത്താനവും തിരുക്കാന്‍ക്കരൈയും തിരുനെല്ലിയും ഇത്തരത്തില്‍ രൂപം കൊണ്ട നഗരങ്ങളായിരുന്നു.
ഗുരോ,അപ്പോള്‍ നമ്പൂതിരിമാരുടെ പ്രാധാന്യം വര്‍ദ്ധിച്ചിട്ടുണ്ടാവും –ല്ലെ.”
തീര്‍ച്ചയായും. ക്ഷേത്രങ്ങളിലെ പൂജാരിയും ഭരണാധികാരിയും എല്ലാം നമ്പൂതിരിയായി. ദൈവങ്ങളുടെ പ്രീതി സമ്പാദിച്ചു തരുന്നയാള്‍ എന്ന നിലയില്‍ അവര്‍ ആരാധ്യരായി. വിജ്ഞാനത്തിന്‍റെ കലവറയായ വേദവും അവര്‍ക്ക് സ്വന്തം. നമ്പൂതിരിമാര്‍ സവര്‍ണ്ണര്‍ക്ക് കണ്‍കണ്ട ദൈവമായി. അവര്‍ പെരുമക്കളായി, മറ്റ് സവര്‍ണ്ണര്‍ ദൈവമക്കളും. അവര്‍ണ്ണര്‍ അപ്പോഴും സാമൂഹ്യജീവിതത്തിന് പുറത്തായിരുന്നു. ഈ ക്ഷേത്രസംസ്ക്കാരത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ അയിത്താചാരം ഉത്ഭവിച്ചത്.ബ്രാഹ്മണമേധാവിത്വ കാലത്തിനുമുന്‍പ് കാവുകളിലും ബുദ്ധ-ജൈന ദേവാലയങ്ങളിലും ഹിന്ദുക്ഷേത്രങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ ബ്രാഹ്മണര്‍ ക്രമേണ ഹിന്ദുമത വിശ്വാസികളല്ലാത്തവരെ ക്ഷേത്രത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ തുടങ്ങി. അങ്ങിനെ അകറ്റി നിര്‍ത്തപ്പെട്ട ബൌദ്ധന്മാര്‍ പിന്നീട് ഹിന്ദുമതത്തിലേക്ക് വന്നെങ്കിലും അവരെ അവര്‍ണ്ണരായി അകറ്റി നിര്‍ത്തി. ഇങ്ങനെ ആരംഭിച്ച അയിത്തത്തിന്‍റെ ദൂരം നീണ്ടുനീണ്ടുവന്നു. ക്രമേണ ക്ഷേത്രങ്ങള്‍ക്ക് ബാധകമായിരുന്ന അയിത്തം ബ്രാഹ്മണരും പിന്‍തുടരാന്‍ തുടങ്ങി. ഇതിനെ മറ്റ് സവര്‍ണ്ണരും അനുകരിച്ചു. അങ്ങിനെ ബ്രാഹ്മണനില്‍ നിന്നും പതിനാറടി അകലെ നായരും നായരില്‍ നിന്നും പതിനാറടി അകലെ ഈഴവരും ഈഴവരില്‍ നിന്നും മുപ്പത്തിരണ്ടടി അകലെ പുലയനും പുലയനില്‍ നിന്നും മുപ്പത്തിരണ്ടടി അകലെ നായാടിയും മാറിനില്ക്കണമെന്ന വ്യവസ്ഥ വന്നു. ഈ വ്യവസ്ഥകള്‍ക്ക് മാമാങ്കത്തിന്‍റെ അനുമതി നേടിയെടുത്ത് രാജ്യത്തിലെ അലംഘനീയ നിയമമാക്കി അതിനെ മാറ്റി.
ഗുരോ,സമ്പത്തിന്‍റെ അധിപനായി തീര്‍ന്ന നമ്പൂതിരിയുടെ ജീവിതക്രമത്തിലും ക്രമേണ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാവുമല്ലോ? “
പ്രഹ്ളാദ, അവര്‍ കൂര്‍മ്മബുദ്ധികളായിരുന്നു. ഭൂവുടമകളായിതീര്‍ന്ന നമ്പൂതിരിമാര്‍ ഭൂസ്വത്ത് ചിഹ്നഭിന്നമാകാതിരിക്കാന്‍ കണ്ടെത്തിയ ഉപായമാണ് മൂത്തപുത്രനുമാത്രം വേളി എന്നത്. കനിഷ്ഠപുത്രന്മാര്‍ നായര്‍ സ്ത്രീകളെ സംബ്ബന്ധം ചെയ്യുകയായിരുന്നു. കേരളത്തിലെ ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന അറുപത്തിരണ്ട് അനാചാരങ്ങളില്‍ ഒന്നായി ഈ സമ്പ്രദായത്തെ ഉള്‍പ്പെടുത്തുകയും ചെയ്തു. ബ്രാഹ്മണസാമീപ്യം പുണ്യകരമായി കരുതിയ നായര്‍ സമുദായം ഈ സമ്പ്രദായത്തെ സ്വാഗതം ചെയ്തു. നമ്പൂതിരിമാര്‍ തുടങ്ങിവച്ച ഈ സംബ്ബന്ധരീതി പിന്നീട് നായര്‍ സമുദായത്തിനകത്തും നിലവില്‍ വന്നു. നായര്‍ പുരുഷന്‍ നായര്‍ സ്ത്രീയെ സംബ്ബന്ധം ചെയ്യുക എന്ന രീതി സമുദായം അംഗീകരിച്ചു. യുദ്ധോപജീവികളായ നായന്മാര്‍ക്ക് ഭാര്യപുത്രാദികളെ സംരക്ഷിക്കാന്‍ സമയമോ സൌകര്യമോ ലഭിക്കാത്തതിനാല്‌‍ അവളെ വധൂഗൃഹത്തില്‍ തന്നെ നിര്‍ത്തുകയും ഇടയ്ക്കെല്ലാം വന്ന് വൈവാഹിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇങ്ങനെ പിറക്കുന്ന കുട്ടികള്‍ അമ്മവീട്ടിലാണ് വളരുക.അവര്‍ക്ക് അച്ഛന്‍റെ വീട്ടില്‍ യാതൊരവകാശവും ഉണ്ടായിരുന്നില്ല. അച്ഛന്‍റെ സ്വത്ത് അദ്ദേഹത്തിന്‍റെ സഹോദരിമാരുടെ മക്കള്‍ക്കാണ് നല്കിയിരുന്നത്. അയാളുടെ മരണം സംഭവിക്കുമ്പോള്‍ കര്‍മ്മങ്ങള്‍ നടത്തിയിരുന്നതുപോലും ഈ മരുമക്കളായിരുന്നു. പ്രഹ്ളാദ,മനുഷ്യന്‍ കൂട്ടുകുടുംബമായ കാലംതൊട്ടേ പല ഗോത്രങ്ങളിലും ഈ രീതി നിലനിന്നിരുന്നു. അവ തലമുറ കൈമാറി നായര്‍ സമുദായത്തിലും  എത്തിയതാണ്.
ദക്ഷിണ കേരളത്തിലും ഉത്തര കേരളത്തിലുമുള്ള ഈഴവ തീയ്യ സമുദായക്കാരും നായന്മാരുടെ ഈ സമ്പ്രദായം അനുകരിക്കുകയുണ്ടായി. എന്നാല്‍ അയിത്തക്കാരായി അധഃപതിച്ച മദ്ധ്യകേരളത്തിലെ ഈഴവന്‍ മക്കത്തായമാണ് തുടര്‍ന്നുവന്നത്. ദക്ഷിണകേരളത്തില്‍ പകുതി സ്വത്ത് മക്കള്‍ക്കും പകുതി മരുമക്കള്‍ക്കും എന്ന നിലയും തുടര്‍ന്നിരുന്നു. സാമൂഹിക സാഹചര്യങ്ങളും പഴയ ഗോത്രാചാരങ്ങളും ഒത്തിണങ്ങിയപ്പോഴാണ് മരുമക്കത്തായം നിലവില്‍ വന്നത്. ഉത്തരമലബാറില്‍ തുടക്കമിട്ട് ക്രമേണ ദക്ഷിണദേശത്തേക്ക് വ്യാപിച്ച ഒരു സാമൂഹ്യ ക്രമമായി ഇതിനെ കാണാന്‍ കഴിയും.
പ്രഹ്ളാദ, ആ കാലത്തെ മറ്റൊരു ക്രൂരതയായിരുന്നു ദേവദാസി സമ്പ്രദായം. ക്ഷേത്രസംസ്ക്കാരത്തിന്‍റെ ഭാഗം തന്നെയായിരുന്നു ഈ ദേവദാസി സമ്പ്രദായവും. എഡി ഏഴാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയിലാണ് ഇത് തുടങ്ങിയത്. കുലശേഖര ആഴ്വര്‍ അദ്ദേഹത്തിന്‍റെ പുത്രിയെ ശ്രീരംഗത്ത് ദേവകളത്രമാക്കിയിരുന്നു. അക്കാലത്ത് ദേവദാസികള്‍ക്ക് സംപൂജ്യസ്ഥാനമായിരുന്നു. സംഗീതം,നൃത്തം ആദിയായ കലകളില്‍കൂടി ദേവനെ ആരാധിക്കുകയും ഭക്തജനങ്ങളെ പ്രീതിപ്പെടുത്തുകയും ചെയ്യുക എന്ന പാവന കൃത്യമാണ് ദേവദാസികള്‍ നിര്‍വ്വഹിച്ചിരുന്നത്. ദേവദാസികളായി സ്ത്രീകളെ ക്ഷേത്രങ്ങളില്‍ ഏല്പ്പിക്കുന്നതോടൊപ്പം അവരുടെ ചിലവിനായി ഭൂമിയും ദാനം ചെയ്യുമായിരുന്നു. തെങ്ങനാട്ട് കിഴവന്‍റെ മകള്‍ ആയ്കുല മഹാദേവിയായ മരുമകന്‍ ചേന്തിയെ തിരുവടി ചാര്‍ത്താന്‍ മുപ്പത്തിരണ്ട് കലം വിത്തുപ്പാട് പാര്‍ത്ഥിവ ശേഖരപുരത്തെ പെരുമക്കളുടെ മേല്‍നോട്ടത്തില്‍ ഏല്പ്പിച്ചതായി തിരുനന്തിക്കര ചേപ്പേടില്‍ രേഖപ്പെടുത്തിയിട്ടുണ്ട് പ്രഹ്ളാദ.
നല്ലൊരു പെണ്‍കുഞ്ഞ് ജനിക്കയാണെങ്കില്‍ ദൈവത്തിനായി അര്‍പ്പിച്ചേക്കാമെന്ന് ചില സ്ത്രീകള്‍ അക്കാലത്ത് പ്രതിജ്ഞയെടുക്കുമായിരുന്നു. സുന്ദരിയായ മകളെ ദേവദാസിയായി ക്ഷേത്രത്തില്‍ അര്‍പ്പിക്കുകയും അവള്‍ യുവതിയാകുന്നതോടെ ചന്തസ്ഥലത്ത് വീടെടുത്ത് താമസിപ്പിക്കുകയും ചെയ്യും. ആ യുവതിക്ക് വേശ്യാവൃത്തിയില്‍ നിന്നും ലഭിക്കുന്ന പണം ക്ഷേത്രത്തിന്‍റെ ചിലവിലേക്കായി പുരോഹിതന്മാരെ ഏല്പ്പിക്കുകയും ചെയ്തിരുന്നു. ബ്രാഹ്മണാധിപത്യം സ്ഥാപിതമായതോടെ ദേവദാസി സമ്പ്രദായം വേശ്യാവൃത്തിയായും ബ്രാഹ്മണരുടെ ഭോഗലാലസതയ്ക്കുള്ള ഉപകരണമായും പരിണമിച്ചു.
എല്ലാ സുഖങ്ങളും ഇത്രയേറെ അനുഭവിച്ച  ഒരു മേധാശക്തി മറ്റെവിടെയും ഉണ്ടായിട്ടുണ്ടാവില്ല ,-ല്ലെ ഗുരോ
അതെ,ഭാഷയുടെയും സാഹിത്യത്തിന്‍റെയും അറിവിന്‍റെയും അധികാരത്തിന്‍റെയും ചെങ്കോല്‍, ഒരു വിഷമതയും കൂടാതെ കൈയ്യടക്കി വയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ഭാഷയെന്നാല്‍ സംസ്കൃതം എന്ന നില ഉണ്ടായിരിക്കെ മലയാളം ഉത്ഭവിച്ച കഥകൂടി ഒന്നു പറയാമോ ഗുരോ?”
പറയാം പ്രഹ്ളാദ, നമ്മുടെ ഭാഷ അതിപുരാതനമായ കൊടും തമിഴില്‍ നിന്നും ഉത്ഭവിച്ചതാണ്.സംഘകാലത്തൊക്കെ നമ്മള്‍ കൊടുന്തമിഴാണ് ഉപയോഗിച്ചിരുനന്ത്. സാഹിത്യ രചനയ്ക്കൊക്കെ ഉപയോഗിച്ചിരുന്ന ചെന്തമിഴില്‍ നിന്നും വ്യത്യസ്ഥമായ ഭാഷ. തീരത്തണഞ്ഞവരും കുന്നിറങ്ങിയവരുമൊക്കെ ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തൊരു ഭാഷയെന്നു പറയാം. ആശയവിനിമയത്തിനുള്ള ഒരു സംസാരഭാഷ. കൊല്ലവര്‍ഷം ആദിശതകങ്ങളിലൊക്കെ ശാസനകള്‍ എഴുതാനും ഈ ഭാഷ ഉപയോഗിച്ചിരുന്നു. എഡി ഒന്‍പതാം നൂറ്റാണ്ടില്‍ ആരംഭിച്ച് എഡി പതിനൊന്നാം നൂറ്റാണ്ടില്‍ എത്തുമ്പോഴേക്കും കൊടും തമിഴില്‍ നിന്നും വേര്‍പെട്ട് മലയാള ഭാഷ രൂപം പ്രാപിച്ചു എന്നുപറയാം. എന്നാല്‍ സാഹിത്യകൃതികള്‍ രൂപം കൊള്ളുന്നത് പന്ത്രണ്ടാം ശതകത്തിലാണ്. കൌടലീയവും രാമചരിതവും പുറത്തുവന്നതോടെ ഭാഷാപുഷ്പം വിടര്‍ന്നു എന്നുപറയാം. എന്നാല്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഭാഷയായി ഇത് മാറാന്‍ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അനുവദിച്ചില്ല പ്രഹ്ളാദ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ