2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-5-ഭൂമി സൂര്യനെ ചുറ്റുമ്പോള്‍

അഞ്ച്

ഭൂമി  സൂര്യനെ  ചുറ്റുമ്പോള്‍

മനോഹരിയായ ചൂര്‍ണ്ണി തീരത്ത് തമ്പടിച്ചിരിക്കയാണ് കടമ്പ് ഗോത്രക്കാര്‍. കടമ്പ് വൃക്ഷങ്ങള്‍ക്ക് വെള്ളമൊഴിച്ചും പ്രാര്‍ത്ഥിച്ചും അവര്‍ ദിവസമാരംഭിച്ചു. ഈറ്റകള്‍ കാട്ടുവള്ളികൊണ്ട് കെട്ടി പുഴയിലിട്ട് അതിനുമുകളില്‍ ഇരിക്കയാണ് രണ്ട് പ്രേമഭാജനങ്ങള്‍. അവര്‍ പരസ്പരം വെള്ളം തേകിയൊഴിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും രസിക്കയാണ്. അവരുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. പൌര്‍ണ്ണമി നാളില്‍ നടത്തമെന്നാണ് മൂപ്പന്‍ പറഞ്ഞിട്ടുള്ളത്. ചന്ദ്രന്‍ അര്‍ദ്ധാകൃതിയിലായിട്ടേയുള്ളു, ഇനി എന്ന് ?
അവര്‍ ഓരോ രാത്രിയിലും ചന്ദ്രന്‍റെ വളര്‍ച്ച നോക്കി നെടുവീര്‍പ്പിട്ടു. അവള്‍ തലയില്‍ ചൂടിയിരുന്ന കാട്ടുപൂവ് മണപ്പിച്ച് സുഖാലസ്യത്തിലിരിക്കെ ദൂരെ നിന്ന് ഒരു കരച്ചില്‍ കേട്ടു. എന്തോ അപകടം പറ്റിയിട്ടുണ്ട്. അവര്‍ വേഗം തുഴഞ്ഞ് കരയിലെത്തി. ഈറ്റവഞ്ചി മരത്തില്‍ കെട്ടിയിട്ട് ഒച്ചകേട്ടിടത്തേക്ക് ഓടി.
വേട്ടയ്ക്ക് പോയവരെല്ലാം തിരിച്ചെത്തി കൂട്ടം കൂടി നില്ക്കുന്നു. ഗോത്രാംഗങ്ങളെല്ലാം എത്തിയിട്ടുണ്ട്. അവര്‍ അലമുറയിടുന്നു. എന്താകും കാര്യം? അവര്‍ ഓടിവന്ന് ഗോത്രക്കൂട്ടത്തിലേക്ക് തള്ളിക്കയറി. അവന് ആ കാഴ്ച സഹിക്കാന്‍ കഴിയാത്തതായിരുന്നു. അവന്‍റെ ജ്യേഷ്ടന്‍ ചോരയില്‍ മുങ്ങിക്കിടക്കുന്നു,അനക്കമില്ല. കടുവ കടിച്ചു പറിച്ചതാണ്. തുടയിലും കവിളിലും മാംസമില്ല. നെഞ്ച് കീറിപ്പറിഞ്ഞിട്ടുണ്ട്. അവന്‍ അലറി വിളിച്ച് ആ ദേഹത്തേക്ക് വീണു. ബോധരഹിതനായ അവനെ ആളുകള്‍ വെള്ളം തളിച്ച് ഉണര്‍ത്തി.
മൂപ്പന്‍ കര്‍മ്മങ്ങള്‍ നിശ്ചയിച്ചു. സഹോദരിയുടെ മകനാണ് കര്‍മ്മങ്ങള്‍ ചെയ്തത്. അടക്കം കവിഞ്ഞിടത്ത് മൂപ്പന്‍ കടമ്പ് നട്ടു. സൂര്യാസ്തമനത്തിന് മുന്‍പുതന്നെ സഭ കൂടി. അനുജന്‍ അവിവാഹിതനാണ്, മരിച്ച ജ്യേഷ്ടന്‍റെ ഭാര്യയേയും കുട്ടികളേയും ഇനി അവന്‍ നോക്കണം. അതാണ് ഗോത്രനടപ്പ്. നേരത്തെ നിശ്ചയിച്ച ബന്ധം വേണ്ടെന്നത് ദൈവവിധിയാണ്. അത് നമ്മള്‍ പാലിക്കണം, മൂപ്പനും സഭയും വിധിയെഴുതി.
പെണ്ണിന്‍റെയും ചെറുക്കന്‍റെയും നെഞ്ചില്‍ ഇടിവാള്‍ വീശി. എതിര്‍ക്കാന്‍ കഴിയാത്ത ഗോത്രനടപ്പാണ്. ഇനി അവര്‍ തമ്മില്‍ ഒരു ബന്ധവും പാടില്ല. ഈറ്റപുറത്തിരുന്നു കണ്ട സ്വപ്നങ്ങള്‍ , എല്ലാം നഷ്ടമായിരിക്കുന്നു, വിസ്മൃതിയിലായിരിക്കുന്നു. ഓര്‍മ്മയിലെ ഇന്നലെകള്‍ മരിച്ചു, സ്വപ്നത്തിലെ നാളെകളും മരിക്കുകയാണ്. അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ ഓടി കുടിലില്‍ കയറിയിരുന്ന് പൊട്ടിക്കരഞ്ഞു. അവളെ അവളുടെ അമ്മ ആശ്വസിപ്പിച്ചു, ദൈവവിധി!! ദൈവവിധി!!
അന്നുതന്നെ അവന്‍ ചടങ്ങുകളില്ലാതെ ,കര്‍മ്മങ്ങളില്ലാതെ, ഭര്‍ത്താവായി. ജന്മം കൊടുക്കാത്ത മക്കളുടെ അച്ഛനായി. ഇന്നലെ വരെ ബഹുമാനിച്ചിരുന്ന ഏടത്തിയുടെ ഭര്‍ത്താവ്. ഇനി അവന്‍ കാമുകനല്ല, ഉത്തരവാദിത്വമുള്ള തികഞ്ഞ പുരുഷന്‍.
ദുഖവും സന്തോഷവുമെല്ലാം നൈമിഷികമാവുകയാണ്. പൂക്കള്‍ വിരിഞ്ഞുകൊഴിയും പോലെ മനുഷ്യരും വളരുന്നു, കൊഴിയുന്നു.മൊട്ടിനെ ഏവരും ശ്രദ്ധിക്കും, വിടര്‍ന്നു ശോഭപരത്തുമ്പോള്‍ ശ്രദ്ധ കൂടും. പുതിയ വിത്ത് വളര്‍ന്നുവരുമ്പോള്‍ അതീവ ശ്രദ്ധയുണ്ടാവും. പിന്നെയും പലവട്ടം പുഷ്പിക്കും. ഒടുവില്‍ കരിഞ്ഞുപോവുകയോ ആന ചവിട്ടുകയോ കടുവ കടിച്ചുകീറുകയോ പാമ്പ് കൊത്തി കൊല്ലുകയോ ചെയ്യും. പിന്നെ ഒരു നിലവിളി, ഒരു പുലകുടി.അതോടെ കഴിഞ്ഞു.
കാലം എല്ലാം മായ്ച്ചെഴുതി.ഭൂമി സൂര്യനെ ഒരു വട്ടം കൂടി ചുറ്റി. ഒരു ദിവസം വേട്ട കഴിഞ്ഞു വന്ന അവന്‍റെ ചെവിയില്‍ ഏട്ടന്‍റെ ഭാര്യ എന്തോ മന്ത്രിച്ചു. അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. ചുണ്ടില്‍ ചിരി വിടര്‍ന്നു. അയാള്‍ മൂപ്പന്‍റെ അടുത്തേക്ക് ഓടി. മൂപ്പന്‍റെ കാതില്‍ അയാള്‍ ആ സന്ദേശം പകര്‍ന്നു. മൂപ്പനും ചിരിച്ചു. പിന്നെ ആ ചിരി പടര്‍ന്ന് ഗോത്രമാകെ സന്തോഷച്ചിരിയില്‍ ആറാടി. പുത്രി ഋതുവായ സന്തോഷം. പെണ്‍കുട്ടി രക്തം കണ്ട് ഭയന്നു നില്ക്കയാണ്. അവള്‍ ഭയപ്പാടോടെ നോക്കുമ്പോള്‍ എല്ലാവരുടെ മുഖത്തും സന്തോഷം മാത്രം. അവള്‍ക്കവരോട് ദേഷ്യം തോന്നി.
       കൊട്ടും കുരവയുമായി സ്ത്രീകള്‍ വന്നു. അവളെ അവര്‍ പാട്ടുപുരയിലേക്ക് കൊണ്ടുപോയി. ഗോത്രസ്ഥലിയില്‍ നിന്നും കണ്ണെത്തും ദൂരത്തായിരുന്നു ഈ തീണ്ടാരിപ്പുര. അവളെ അതിനുള്ളിലാക്കി സ്ത്രീകള്‍ സന്തോഷനൃത്തം വച്ചു. ഒരുവള്‍ തേന്‍ കൊണ്ടുവന്നു നല്‍കി. മറ്റൊരുവള്‍ പഴുത്തചക്ക കൊണ്ടുവന്നു. വേറൊരാള്‍ ആഞ്ഞിലിച്ചക്ക കൊണ്ടുവന്നു. സ്ത്രീകള്‍ രാപകല്‍ വന്നും പോയുമിരുന്നു. നല്ല ഭക്ഷണം അവള്‍ക്ക് മതിയാവോളം കിട്ടി. അതവളെ സന്തുഷ്ടയാക്കി.
പുരുഷന്മാരാരും ആ വഴി സഞ്ചരിക്കാന്‍ പാടില്ലെന്നാണ് നിയമം. അവര്‍ അകന്നുനിന്നു. ചെറുപ്പക്കാര്‍ക്ക് അവളെ കാണാന്‍ വ്യഗ്രതയുണ്ടായിരുന്നു. എങ്കിലും ഗോത്രമര്യാദ ഭയന്ന് അവര്‍ ചന്ദ്രനെ നോക്കികിടന്നു. അവളെ ചന്ദ്രനില്‍ ദര്‍ശിക്കാന്‍ ശ്രമിച്ചു. കൂട്ടുകാരില്‍ നിന്നകന്ന് പാട്ടുപുരയിലിരുന്ന് അവള്‍ പലവട്ടം സൂര്യചന്ദ്രന്മാരെ കണ്ടു. ഒടുവില്‍ ആ ദിവസം സമാഗതമായി. സ്ത്രീകള്‍ അവളെ കാട്ടുമഞ്ഞള്‍ ദേഹത്ത് തേച്ചുമിനുക്കി,പൂക്കള്‍ കൊണ്ടൊരുക്കി.പാട്ടുപുരയില്‍ നിന്നും പാട്ടും മേളവും തുള്ളലുമായി സ്ത്രീകള്‍ അവളെ ഗോത്രക്കൂട്ടത്തിലേക്ക് കൊണ്ടുവന്നു. മൂപ്പന്‍ തുകല്‍ വീപ്പയില്‍ താളമിട്ടു. ചെറുപ്പക്കാര്‍ നൃത്തച്ചുവടുകള്‍ വച്ചു. അവള്‍ നാണമാര്‍ന്ന മുഖം കുനിച്ചിരുന്ന് കടക്കണ്ണുകൊണ്ട് നൃത്തമാസ്വദിച്ചു.
ഇനി വിവാഹിതയാകും വരെ സമൂഹത്തിന്‍റെ ആകര്‍ഷണം അവളിലാണ്, അവളുടെ ചലനങ്ങളിലാണ്. വേട്ടയാടാന്‍ പോകുന്ന ചെറുപ്പക്കാര്‍ അവള്‍ക്ക് നല്കാന്‍ കഴിയുന്ന സമ്മാനങ്ങളെക്കുറിച്ചാണ് ചിന്തിക്കുക. ആകാശം നോക്കി കിടക്കുമ്പോള്‍ ചന്ദ്രനിലും നക്ഷത്രങ്ങളിലും അവള്‍ നിന്നു തിളങ്ങി.അവള്‍ക്കൊപ്പം കാട്ടില്‍ പോകാനും കുളിക്കടവില്‍ കൂട്ടിരിക്കാനും ചെറുപ്പക്കാര്‍ മത്സരിച്ചു. അവള്‍ ഓരോരുത്തരെയായി വിലയിരുത്തി. ശരീരകാന്തി,മുഖകാന്തി,സ്നേഹം,പെരുമാറ്റം,കലാഭിരുചി ഒക്കെ അവള്‍ അളന്നെടുത്തു.
അവള്‍ ആവശ്യപ്പെടുന്ന മരത്തില്‍ നിന്നും കാട്ടുതേനെടുത്ത് നല്കാനും കിളിയെ പിടിക്കാനും പൂ പറിക്കാനുമൊക്കെ അവര്‍ മത്സരിച്ചു. കാട്ടിലെ ഏറ്റവും വലിയ ആഞ്ഞിലിമരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന കൊമ്പില്‍ ഇലയില്ലാതെ പറ്റിവളരുന്ന പൂവ് പറിച്ചുനല്കിയ ചെറുപ്പക്കാരന്‍ അവളുടെ മനസ്സില്‍ ഇടം കണ്ടെത്തി. രാത്രി ഉറക്കം വരാതെ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണടയ്ക്കുമ്പോള്‍ ആ മുഖം മനസ്സില്‍ തെളിയുകയാണ്. നേരം പുലര്‍ന്നു. അവള്‍ ആ പൂവും ചൂടി അവന്‍റടുത്ത് ചെന്നു. അന്നുമുഴുവന്‍ അവര്‍ ഒരുമിച്ചായിരുന്നു. രാത്രിയില്‍ ഒന്നിച്ചുറങ്ങി. അതുവരെയുണ്ടാകാത്ത അനുഭവങ്ങള്‍ പങ്കിട്ടു. അവര്‍ ഒന്നായി. ചന്ദ്രനും നക്ഷത്രങ്ങളും സാക്ഷിയായി. പ്രകൃതിയുടെ ശബ്ദവും വെളിച്ചവും കൂട്ടായി. അടുത്ത ദിവസം പ്രഭാതമായിട്ടും അവര്‍ ഉണര്‍ന്നില്ല. ആ കാഴ്ച കണ്ടവര്‍ ആഹ്ലാദം മറ്റുള്ളവരുമായി പങ്കിട്ടു. അത് മൂപ്പന്‍റെ ചെവിയിലുമെത്തി.
      മൂപ്പന്‍ തോല്‍വീപ്പയില്‍ താളമിട്ടു. താളം മുറുകി. അവര്‍ ഞെട്ടിയുണര്‍ന്നു. നാണം കൊണ്ടുതുടുത്ത മുഖവുമായി  അവര്‍ പുഴയിലേക്കോടി നീരാടി. ആഹ്ലാദഭരിതരായ ഗോത്രസമൂഹം പലതായി പിരിഞ്ഞു. ഒരു കൂട്ടര്‍ വേട്ടയ്ക്ക് പോയി. മറ്റൊരു കൂട്ടര്‍ വിലവെടുക്കാനായി നീങ്ങി. ഒരു കൂട്ടര്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ മറ്റൊരു കൂട്ടര്‍ അലങ്കാരങ്ങള്‍ തുടങ്ങി.
വൈകുന്നേരമായപ്പോഴേക്കും ആഹ്ലാദത്തിന്‍റെ മൂര്‍ദ്ധന്യമായി. സദ്യയും നൃത്തവും തകര്‍ത്തു. കഞ്ചാവ് ചെടിയുടെ നീരുകുടിച്ച് അവര്‍ ആടിപ്പാടി. കടമ്പിന്‍റെ ഇലകള്‍ കോര്‍ത്ത മാല പരസ്പ്പരം കഴുത്തിലിട്ട്  അവര്‍ വിവാഹിതരായി. ചന്ദ്രനെ മേഘം മൂടി. ആകാശം ഇരുട്ടിലേക്ക് വീണപ്പോള്‍ അവന്‍ അവളെയും കൊണ്ട് തന്‍റെ മാളത്തിലേക്ക് പോയി. മറ്റുള്ളവര്‍ അവിടെത്തന്നെ ഇണ ചേര്‍ന്നു. ലഹരിയുടെ മൂപ്പില്‍ ഇണകള്‍ മാറിയിട്ടുണ്ടാകാം. ആ ദിവസം അതംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. മൂപ്പന്‍റെ മൌനാനുവാദമുള്ള ഒരു രതിക്രീഡ. പിന്നീടൊരവസരത്തിന് മറ്റൊരു മംഗല്ല്യമോ ഉത്സവമോ ഗോത്രത്തില്‍ അരങ്ങേറണം. പ്രഹ്ളദാ,ഇത്തരം ഇണചേരലുകളുടെ വന്യമായ ചിന്തകള്‍ ഇന്നും മനുഷ്യരിലുണ്ട്. അവസരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഗോത്രരീതികള്‍, സ്വാതന്ത്യം പ്രഖ്യാപിക്കാനുള്ള അഭിവാഞ്ച.”
                      
ചാന്ദ്രദിനത്തില്‍ ആഘോഷങ്ങള്‍ കൊഴുത്തു. അവര്‍ ഇലയും പൂവും തോലും ഉപയോഗിച്ച് പലവിധ വേഷങ്ങള്‍ കെട്ടി നൃത്തമാടി. കാട്ടില്‍ നിന്നും കിട്ടിയ ലഹരിയുള്ള കറകള്‍ കഴിച്ച് അവര്‍ കൂത്താടി. മൂപ്പന്‍ ധ്യാനനിരതനായിരുന്ന് അരിയും പൂവും കായും ഇലയുമൊക്കെ തീയിലേക്ക് ജപിച്ചെറിഞ്ഞു. അന്ന് ക്ഷീണാധിക്യത്തില്‍ മൂപ്പനും നന്നായുറങ്ങി.
ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു. വേനല്‍ക്കാലം വരവായി. വെയില്‍ച്ചൂട് കടുത്തു. നാളിതുവരെയില്ലാത്ത ചൂട്. കൃഷിയൊക്കെ കരിഞ്ഞു. പുഴയില്‍ വെള്ളം കുറഞ്ഞു. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടായി. കാട്ടുകിഴങ്ങും ഫലങ്ങളും  മാത്രമേയുള്ളു, മത്സ്യങ്ങളില്ല.മൃഗങ്ങളും ആ പ്രദേശം വിട്ടുപോയിരുന്നു. വിശപ്പും ദാഹവുംകൊണ്ട് ആളുകള്‍ പൊറുതിമുട്ടി. കുട്ടികളുടെ കരച്ചിലേ കേള്‍ക്കാനുള്ളു.എന്തുചെയ്യണമെന്നറിയാതെ മൂപ്പന്‍ വിഷമിച്ചു. ദൈവങ്ങളെ വിളിച്ചുപ്രാര്‍ത്ഥിച്ചു, പട്ടിണി കിടന്നു. ഒരു ഫലവുമുണ്ടായില്ല. അങ്ങിനെയിരിക്കെ ഒരു രാത്രിയില്‍ മൂപ്പനൊരു സ്വപ്നം കണ്ടു.
ആകാശത്തുനിന്നും ആരൂപികളായ ഒരുപാടുപേര്‍ ഭൂമിയിലേക്ക് വന്നു. മരത്തില്‍ നിന്നും പൂക്കള്‍ വീഴുന്ന ലാഘവത്തോടെ അവര്‍ മണ്ണില്‍ പറന്നിറങ്ങി. ഉണവാര്‍ന്ന ഭൂമിയില്‍ അവര്‍ നൃത്തം വച്ചു. ഒടുവില്‍ കൈക്കുമ്പിളിലെ ദ്രാവകം അവര്‍ മോന്തി. അത് ചോരയായിരുന്നു. അവരുടെ ചുണ്ടുകളിലൂടെ ചോര ഇറ്റിറ്റുവീണു. കൈകളില്‍ പടര്‍ന്ന ചുവപ്പ് ആകാശത്തോളം വ്യാപിച്ചു. കണ്ണിനുമുന്നില്‍ ചോപ്പുനിറം മാത്രം. അടുത്തുകിടക്കുന്ന ശരീരം എലിയുടെ രൂപം പൂണ്ടു. അതിന്‍റെ ചങ്ക് നഷ്ടപ്പെട്ടിരിക്കുന്നത് മൂപ്പന്‍ കണ്ടു. മൂപ്പന്‍ നിലവിളിച്ച് ഞെട്ടിയുണര്‍ന്നു. വാവലുകള്‍ ചിറകടിച്ച് പറന്നു. അരൂപികള്‍ പ്രകൃതിയില്‍ ലയിച്ചു. മണ്ണിന് ചോരയുടെ നിറം. ഭൂമിയുടെ നനവിനും ചോപ്പുനിറം. മൂപ്പന്‍റെ വിളികേട്ട് ഗോത്രം ഞെട്ടിയുണര്‍ന്നു. അവര്‍ മൂപ്പന്‍റെ മുന്നിലെത്തി. അരണ്ട നിലാവെളിച്ചത്തില്‍ മൂപ്പന്‍ താന്‍ കണ്ട കാഴ്ച വിവരിച്ചു. എല്ലാം കേട്ട് ഗോത്രക്കാര്‍ മൌനരായി. ഏറെ സമയം കടന്നുപോയി. കൂട്ടത്തിലൊരുവന്‍ തുള്ളിയുറഞ്ഞ് മുന്നോട്ടുവന്നു. അവന്‍റെ നാവില്‍ പുതിയ ഭാഷ ജനിച്ചു.
പിതൃക്കള്‍ കോപിച്ചിരിക്കുന്നു.അവര്‍ ദാഹാര്‍ത്തരാണ്.അവര്‍ക്ക് ബലി വേണം,നരബലി.മൂഷികഗോത്രത്തിലെ ഒരുവനെ ജീവനോടെ പിടിച്ച് ബലിയര്‍പ്പിക്കണം, ഇല്ലെങ്കില്‍ ഭൂമി മരിക്കും,നമ്മള്‍ മരിക്കും, അതു തന്നെയാണീയറയിപ്പ്.
മൂപ്പന് ആ വാദങ്ങള്‍ നന്നെ ബോധിച്ചു. നമ്മുടെ ദാരിദ്ര്യം മാറാന്‍ നരബലി തന്നെ കര്‍മ്മം.ഒരുവനെ ജീവനോടെ പിടിക്കുക നമ്മുടെ ധര്‍മ്മം.പൂജയ്ക്ക് വേണ്ട അരി,പഴങ്ങള്‍,കൊമ്പ്,വാള്‍ ഒക്കെ തയ്യാര്‍ ചെയ്യണം.പൂവ്,ഇല,കതിര്‍ എന്നിവ കണ്ടെത്തണം. കര്‍മ്മസമയം സായന്തനമാകണം.രാത്രിയില്‍ പിതൃക്കള്‍ക്ക് ഭക്ഷണം കുശാലാകണം.അവര്‍ പ്രസാദിച്ചാല്‍ എല്ലാമായി.
 കേട്ടപാതി കേള്‍ക്കാത്തപാതി, അവര്‍ ഇരയെതേടിയിറങ്ങി. മൂഷികഗോത്രം തമ്പടിച്ചിരിക്കുന്ന ഇടം തേടിയുള്ള യാത്ര.മറ്റൊരു ലക്ഷ്യവുമില്ല.മുന്നില്‍ വന്നുപെടുന്ന കാട്ടുമുയലിനെയും മാനിനെയും ഗൌനിക്കാതെ,ഒരേയൊരു ലക്ഷ്യത്തിലെത്താനായി,അവര്‍ യാത്ര തുടര്‍ന്നു. കാടിന്‍റെ അതിര്‍ത്തിക്കപ്പുറം ആളനക്കമുണ്ടെന്ന് ബോദ്ധ്യമായി.അവര്‍ മണ്ണിലേക്ക് പതിഞ്ഞ് ശബ്ദമുണ്ടാക്കാതെ അവിടെ കിടന്നു, പിന്നെ മെല്ലെ ഇഴഞ്ഞു.തങ്ങളെപോലെ കണ്ണും കാതും തുറന്നവരാണ് എതിരാളികളെന്ന് അവര്‍ക്കറിയാമായിരുന്നു. മാത്രമല്ല,യുദ്ധതന്ത്രങ്ങളല്ല ഇവിടെ ആവശ്യം.എതിരാളിയെ കെണിയില്‍ കുടുക്കി പരിക്കേല്ക്കാതെ പിടിച്ചുകൊണ്ടുപോവുകയാണ് ഉദ്ദേശം. കടന്നുപോയ പിതൃക്കളേയും മലമുത്തപ്പനേയും ധ്യാനിച്ച് , ഓരോ ചലനവും ശ്രദ്ധിച്ച്,അവര്‍ മെല്ലെ നീങ്ങി.തറയിലൂടെ പാഞ്ഞുപോവുന്ന ഇഴജന്തുക്കളും കുതിച്ചുപായുന്ന ഹിംസ്രജന്തുക്കളും അവരെ ഭയപ്പെടുത്തിയില്ല. മനുഷ്യരുടെ ചലനങ്ങള്‍ കാണാവുന്നിടത്ത് അവര്‍ എത്തി. ഇരുട്ട് പരക്കുകയാണ്. ഇനി ഇന്നൊന്നും നടക്കുകയില്ല. വിശപ്പും ദാഹവും ക്ഷീണവും വകവയ്ക്കാതെ അവര്‍ അവിടെത്തന്നെ നിശബ്ദരായിരുന്നു. രാത്രിയില്‍ പാമ്പുകളും തേളുകളും പലവിധ ചെറുജീവികളും ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി. അവര്‍ അനങ്ങിയില്ല.
പ്രഭാതരശ്മികളുടെ ഊര്‍ജ്ജം ആവാഹിച്ച് അവര്‍ ഉന്മേഷവാന്മാരായി.ആളുകള്‍ തിരക്കിട്ട് അവരവരുടെ ദിനചര്യകളില്‍ ഏര്‍പ്പെടവെ, കാട്ടിലേക്ക് തേനെടുക്കാന്‍ ഒറ്റയ്ക്ക് നീങ്ങുന്ന മൂഷികഗോത്രക്കാരനെ അവര്‍ നോട്ടമിട്ടു. അവന്‍ കാടിന്‍റെ ഉള്ളറകളിലേക്ക് നീങ്ങുന്നതനുസരിച്ച് അവര്‍ ചിതറിമാറി വലയം സൃഷ്ടിച്ചു. ചലനങ്ങള്‍ മൃഗങ്ങളുടേതാകാം എന്നേ അവന്‍ കരുതിയുള്ളു.
ഒരു പ്രത്യേക ശബ്ദത്തോടെ ചുറ്റിലും നിന്ന് കടമ്പ് ഗോത്രക്കാര്‍ ചാടിവീണപ്പോള്‍ അമ്പെയ്യാന്‍ പോലും മൂഷിക ഗോത്രക്കാരന് കഴിഞ്ഞില്ല. അവന് ഒന്നു നിലവിളിക്കാന്‍ പോലും അവസരം കൊടുക്കാതെ, കാട്ടുവള്ളികള്‍ കൊണ്ടുവരിഞ്ഞ് ഒറ്റ കെട്ടാക്കി ചുമന്നുകൊണ്ട് അവര്‍ പിന്‍യാത്ര തുടങ്ങി. ആര്‍ക്കും ക്ഷീണമുണ്ടായിരുന്നില്ല. ഒരു യുദ്ധം ജയിച്ച വീര്യമായിരുന്നു അവര്‍ക്ക്. മൂപ്പനും ഗോത്രത്തിലെ മറ്റ് അംഗങ്ങളും അഭിനന്ദിക്കുമെന്ന് തീര്‍ച്ച. സ്ത്രീകള്‍ക്കുമുന്നില്‍ വീരന്മാരാകാന്‍ കഴിയുന്നതിന്‍റെ സന്തോഷം മറ്റൊരറ്റത്ത്.അതുവഴി നടപ്പാകുന്ന നൃത്തോല്‍സവവും കാമകേളികളും നെഞ്ചിന്‍റെ മിടിപ്പ് കൂട്ടി.ഇനി ഉത്സവനാളുകളാണ്. ബലിക്ക് സമയം നിശ്ചയിക്കുകയേ വേണ്ടൂ.
ദൂരെനിന്നുതന്നെ ആരവം കേട്ട് സ്ത്രീകള്‍ കുരവയിട്ടു. കുട്ടികള്‍ കാട്ടുപടക്കങ്ങള്‍ പൊട്ടിച്ചു. മൂപ്പന്‍ തോല്‍പ്പെട്ടിയില്‍ താളമിട്ടു. മുളങ്കുഴലില്‍ പുതുതായുണ്ടാക്കിയ ഉപകരണത്തില്‍ സംഗീതമുതിര്‍ക്കുകയായിരുന്നു മറ്റൊരുവന്‍. കാട്ടുവള്ളിയില്‍ കെട്ടിയ മൂഷികഗോത്രക്കാരനെ മൂപ്പനുമുന്നില്‍ കൊണ്ടുവന്നു കിടത്തി. അവന്‍റെ കണ്ണുകളിലെ ദൈന്യത,അവന്‍റെ നിസ്സഹായത,ഒന്നും തന്നെ മൂപ്പനെ വിഷമിപ്പിച്ചില്ല.പൂര്‍വ്വികരുടെ ദാഹം തീര്‍ക്കുക എന്നതുമാത്രമായിരുന്നു മനസ്സില്‍.മൂപ്പന്‍ കടമ്പുമരക്കൊമ്പുമായി ഒറ്റക്കാലില്‍ നൃത്തം വച്ചു. അയാളുടെ നീണ്ടുമെലിഞ്ഞ താടിരോമങ്ങളും ഒപ്പം നൃത്തമാടി. ചെറിയ കണ്ണുകള്‍ തീഷ്ണങ്ങളായി. ചുണ്ടുകള്‍ നനച്ചുകൊണ്ട് അയാള്‍ എന്തൊക്കെയോ പുലമ്പി.ഇനി ബലിനഷ്ടപ്പെടാതെ നോക്കണം എന്നാവാം.
മൂഷികവംശകനെ അപ്പോള്‍തന്നെ കടമ്പുമരത്തില്‍ കെട്ടിയിട്ടു. കാവലിന് മാറിമാറി ആളിനെ നിര്‍ത്തി. നല്ല ഭക്ഷണം നല്കാനും പ്രത്യേകം ശ്രദ്ധിച്ചു. താന്‍ ബലിയാണെന്ന് അവനറിയില്ലായിരുന്നു. മന്ത്രവാദിയായി മാറിയ കടമ്പുഗോത്രക്കാരന്‍ ഇലകളും പൂക്കളും ജപിച്ച് അവനുനേരെ എറിഞ്ഞു. ഇലച്ചാറുകള്‍ പിഴിഞ്ഞും കല്ലുകള്‍ പൊടിച്ചുചാലിച്ചും അവന്‍റെ ദേഹത്ത് പുരട്ടി. കാട്ടുപന്നിയുടെ കൊഴുപ്പ്  കൈകാലുകളില്‍ തേച്ചു. കഞ്ചാവുചെടികള്‍ ഹോമകുണ്ഡത്തിലേക്ക് ആഞ്ഞെറിഞ്ഞു. അവയുടെ പുക അന്തരീക്ഷത്തെ ഉന്മത്തമാക്കി. അയാള്‍ മരച്ചാറുകളുടെ ലഹരി എല്ലാവര്‍ക്കും പകര്‍ന്നുനല്കി. ലഹരിക്കുളിരില്‍ അവര്‍ ഉന്മത്തരായി. രാത്രിയില്‍ ഇഷ്ടം പോലെ ഇണചേര്‍ന്ന് പ്രഭാതത്തെ വരവേറ്റു. ഇങ്ങനെ പൂജയും മന്ത്രവുമായി ഒരാഴ്ച കടന്നുപോയി.
ബലിദിനമായി. എല്ലാവരും കുളിച്ചു വന്നു. സൂര്യന്‍ കനല്‍ പോലെ കത്തുകയാണ്. എത്ര ദിനമായി ഈ വരള്‍ച്ച തുടങ്ങിയിട്ട്. കൃഷിയിടങ്ങള്‍ വരണ്ടുകിടക്കുകയാണ്. ഒരു മാറ്റം,നരബലിയിലൂടെ ഒരു മാറ്റം,അതാണ് പ്രതീക്ഷ. മൂഷികഗോത്രക്കാരന്‍ നിരാശയാലും ദുഖത്താലും ക്ഷീണിച്ച് തളര്‍ന്നിരിക്കുന്നു. അവനെ അവര്‍ കുളിപ്പിച്ച് മാലചാര്‍ത്തി കൊണ്ടുവന്നു. മന്ത്രവാദി ലഹരിയുടെ പാരമ്യതയിലായിരുന്നു. മൂപ്പനും നന്നായി ലഹരി ഉപയോഗിച്ചിരുന്നു. ഗോത്രം മുഴുവന്‍ ലഹരിയിലമര്‍ന്ന് നൃത്തം വച്ചു. മൂഷിക ഗോത്രക്കാരനെ ബലിക്കല്ലില്‍ കിടത്തി. അക്ഷരങ്ങളും വാക്കുകളുമില്ലാത്ത ചില ശബ്ദങ്ങളിലൂടെ മന്ത്രവാദി പൂര്‍വ്വികരുമായി സംവദിച്ചു,ദേവതകളെ ഉണര്‍ത്തി. ആകാശം ഇരുണ്ട് കറുത്തു. മിന്നല്‍ പിണരുകള്‍ പാളി. അരിക് കൂര്‍ത്ത പാറകൊണ്ടുള്ള കത്തി ആകാശത്തേക്ക് ഉയര്‍ന്നുതാണു. ഒരു നിലവിളി, അത് ഗോത്രനാദങ്ങളില്‍ അമര്‍ന്നു.
വീണ്ടും!
വീണ്ടും!!
ദൈന്യത ചുഴികുത്തിയാളി.
എല്ലാം നിലച്ചു.
പക്ഷികളും ഇലകളും അനങ്ങാതെ നിന്നു.
കഴുത്തിലെ വേര്‍പാടുകളിലൂടെ ചോര ഭൂമിയുടെ ആഴത്തിലേക്ക് പാഞ്ഞു. മിന്നലുകള്‍ക്ക് ആക്കം കൂടി. ഇലകള്‍ ഞെട്ടിവിറച്ച് ആടാന്‍ തുടങ്ങി.പക്ഷികള്‍ ഭയപ്പാടോടെ ചിറകടിച്ചു പറന്നു.ഒരു തുള്ളി ജലം മൂപ്പന്‍റെ ദേഹത്ത് വീണു. പിന്നൊരുതുള്ളി മന്ത്രവാദിയുടെ ചുണ്ടില്‍ പതിച്ചു.പിന്നത്തേത് മൂഷികഗോത്രക്കാരന്‍റെ കഴുത്തിലെ വേര്‍പാടില്‍ വീണു.
തുള്ളികള്‍ പെരുകുകയാണ്.എണ്ണാന്‍ കഴിയാത്തവിധം മഴത്തുള്ളികള്‍ വീണ് വലിയ മഴയായി. ആ മഴയില്‍ ചോര ഇളം നിറമായി പരന്നൊഴുകി.ഭൂമിക്ക് ദാഹം തീര്‍ന്നു.നദികളുടെ വയര്‍ നിറഞ്ഞു. കടമ്പുഗോത്രക്കാര്‍ മന്ത്രവാദിയെ വണങ്ങി,മൂപ്പനെ വണങ്ങി,മഴയായ് പെയ്തിറങ്ങിയ ബലിയെ വണങ്ങി.ഓര്‍മ്മത്തെറ്റുകള്‍ വരാത്തവണ്ണം കടമ്പുമരം അത് കുറിച്ചിട്ടു. ആ പ്രദേശത്തെ ആദ്യ നരബലി. ദൈവം ബലി സ്വീകരിച്ച് ഭക്തന്മാരില്‍ സംപ്രീതനായിരിക്കുന്നു.അന്ന് മഴ പെയ്തുകൊണ്ടേയിരുന്നു. തോരാത്ത മഴയില്‍ ബലി ഒലിച്ചുപോയി. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. കുടിലുകള്‍ നിലംപൊത്തി. മരങ്ങള്‍ ഇളകി വീണു.നദി സംഹാരമൂര്‍ത്തിയായി തിട്ടകള്‍ ഇടിച്ച് മുന്നേറി. ബലിയില്‍ പ്രതിഷേധിച്ചാണോ ആഹ്ലാദിച്ചാണോ?മൂപ്പന് ഒന്നും മനസ്സിലായില്ല. ഈ കാഴ്ച കണ്ട് മൂപ്പന്‍ പകച്ചു നിന്നു.

                                      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ