2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-20-അസംതൃപ്തിയും പരസ്പ്പര വിശ്വാസമില്ലായ്മയും


ഇരുപത്

അസംതൃപ്തിയും പരസ്പ്പര വിശ്വാസമില്ലായ്മയും

അനേക നൂറ്റാണ്ടുകളായി കൊങ്ങുനാട് ഭരിച്ചിരുന്നത് രാട്ടന്മാരായിരുന്നു.അവര്‍ കളഭ്രര്‍ക്ക് തിറ നല്കി ഭരണം നടത്തി. രാട്ടന്മാര്‍ ജൈനമതക്കാരായിരുന്നു.മുന്നൂറ്റി എണ്‍പത്തിയഞ്ചില്‍ ഒടുവിലത്തെ രാട്ടരാജാവായിരുന്ന തിരുവിക്രമന്‍ ശൈവമതം സ്വീകരിച്ച് ദക്ഷിണദേശം കീഴടക്കാന്‍ പുറപ്പെട്ടു.ചോള-പാണ്ഡ്യ-കേരള രാജ്യങ്ങള്‍ അദ്ദേഹം കീഴടക്കി.വിധേയന്മാരായി മാറിയ നാട്ടുരാജാക്കന്മാര്‍ക്ക് കേരളത്തില്‍ ചെറുപ്രമാണികളായി നാടുഭരിക്കാന്‍ അനുമതിയും നല്കി.
പ്രഹ്ളാദ,ചേരളം എന്ന നാമം മാറി കേരളമായത് നീ ശ്രദ്ധിച്ചിട്ടുണ്ടാകുല്ലോ. ഇത് കാതലായൊരു മാറ്റമാണ്. ഒരു നാടിന് അതിന്‍റെ നവനിര്‍മ്മാണത്തിന് തുടക്കമായ സംഭവം.അത് എന്ന് എപ്പോള്‍ സംഭവിച്ചു എന്നുപറയാന്‍ കഴിയില്ല.ഒരു മുഹൂര്‍ത്തമോ നാഴിക വിനാഴികയോ പറയാന്‍ കഴിയാത്ത ഒരു ബിന്ദു ,അതല്ലെങ്കില്‍ ഒരുപാട് ബിന്ദുക്കള്‍.
 ഈ കാലത്ത് വംഗദേശം ഭരിച്ചിരുന്ന ചേരരാജക്കന്മാര്‍ പാണ്ഡ്യരുമായി നല്ല ബന്ധത്തിലായിരുന്നു.എന്നാല്‍ കളഭ്രര്‍ മേല്ക്കൈ നേടിയ കാലത്തൊക്കെ അവര്‍ക്ക് തിറ നല്കി സ്വാതന്ത്യം നിലനിര്‍ത്തിപോന്നു. മുന്നൂറ്റി നാല്പ്പത്തിയഞ്ചില്‍ ചേരമാന്‍ പെരുമാള്‍ നാടുവാണ കാലം കാനായിലെ തോമസ് നാനൂറ്റി എഴുപത്തിരണ്ട് കുടുംബക്കാര്‍ക്കൊപ്പം കൊടുങ്ങല്ലൂരില്‍ വന്നിറങ്ങി. അവര്‍ക്ക് രാജാവ് അഭയവും നല്കി. ആ കാലത്ത് കൃസ്തീയ വിശ്വാസികളായി എട്ട് കുടുംബക്കാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.ഇവരുടെമേല്‍ നാമമാത്രമായ അധികാരം വഹിച്ചിരുന്ന അന്ത്യോക്യായിലെ പാത്രിയാര്‍ക്കീസാണ്  ധനികവണിഗ്വരനായ കാനായ് തോമയുടെ മാര്‍ഗ്ഗദര്‍ശിത്വത്തില്‍ ഒരു ബിഷപ്പിനെയും ഏതാനും പാതിരിമാരെയും നാനൂറ്റി എഴുപത്തിരണ്ട് കുടുംബങ്ങളേയും കേരളത്തിലേക്ക് അയച്ചത്. മലങ്കരയില്‍ മാര്‍ത്തോമ സ്ഥാപിച്ച ക്രിസ്തീയസഭയെ പുനരുദ്ധരിക്കുക,വ്യാപാരം ശക്തമാക്കുക എന്നിവയായിരുന്നു ലക്ഷ്യം. ചേരമാന്‍ പെരുമാളിനെ തുടര്‍ന്ന് ഭരണമേറ്റ കോക്കരു ഇരവിവര്‍മ്മന്‍ ,കാനായി തോമയ്ക്ക് എഴിപത്തിരണ്ട് പദവികളും അവകാശങ്ങളും അനുവദിച്ചു നല്കിയിരുന്നു. അറപ്പുര,അമ്പാരി,ആര്‍പ്പ്,ആലവട്ടം,ആനസവാരി,കങ്കണം,കല്‍ത്തള,കുരവ,കുതിരസവാരി,കഴല്‍,കൊടി,തഴക്കുട,ചെണ്ട,തമ്പേറ്,പട്ടുമുണ്ട്,പകല്‍വിളക്ക്,പടിപ്പുര,പല്ലക്ക്,പഞ്ചവാദ്യം,മെതിയടി,രാജഭോഗം,തൊങ്ങല്‍,തോരണം,നായാട്ട് എന്നിവ അതില്‍ പ്രധാനങ്ങളായിരുന്നു.ഇവര്‍ വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ട നാട്ടുകാരെ ക്രിസ്തീയ മതത്തില്‍ ചേര്‍ക്കുകയും വിവാഹബന്ധങ്ങള്‍ നടത്തുകയും ചെയ്തു.
പ്രഹ്ളാദ,നിന്‍റെ മുന്‍ഗാമികളില്‍ ചിലര്‍ കൃസ്തുദേവനില്‍ ആകൃഷ്ടരായി ക്രിസ്തീയമതം സ്വീകരിച്ചു എന്നതും നീയറിയുക. അവരുടെ കുടുംബത്തിലെ മറ്റുള്ളവര്‍ ബുദ്ധമതത്തിലും ശൈവമതത്തിലും വൈഷ്ണവ മതത്തിലും വിശ്വാസം തുടര്‍ന്നു.
ചൈനയുമായുള്ള നമ്മുടെ ബന്ധം ദൃഢമാകുന്നത് അഞ്ഞൂറ്റിരണ്ടിലാണ്. അന്നാണ് കേരളരാജന്‍ കുരുമുളക്,ഇഞ്ചി,പഞ്ചസാര,ചന്ദനം,ആമത്തോട് തുടങ്ങിയ പാരിതോഷികങ്ങളുമായാണ് ഒരു കപ്പലില്‍ തന്‍റെ പ്രതിപുരുഷനെ ചൈനക്കയച്ചത്.
പ്രഹ്ളാദ,അത് നിന്‍റെ താവഴിയില് പെട്ട ഒരംഗമായിരുന്നു.അദ്ദേഹം ചൈനയില്‍ ഒരു മംഗോളിയ യുവതിയെ വിവാഹം ചെയ്ത് അവിടെ തന്‍റെ വേരുറപ്പിക്കുകയാണുണ്ടായത്. ഇന്ന് നമ്മള്‍ കാണുന്ന ചൈനയല്ല പ്രഹ്ളാദ,അത്.രാജഭരണം ശക്തമായിരുന്ന കാലമായിരുന്നു അത്. ആ ചരിത്രം നമുക്കിപ്പോള്‍ പരിശോധിക്കേണ്ട.നിനക്കൊരു ജനിതക ബന്ധുത്വം അവടെയുണ്ടെന്നുമാത്രം അറിഞ്ഞാല്‍ മതി.
ചേര രാജാക്കന്മാര്‍ ഗണിത ശാസ്ത്ര പണ്ഡിതന്മാരെ പ്രോത്സാഹിപ്പിച്ചിരുന്നു.രാജാവിന്‍റെ ഭരണസഹായ സമിതിയായ ഐം പെരും കഴുവില്‍          മന്ത്രി,ചാരപ്രമുഖന്‍,സൈന്യാധിപന്‍,ധര്‍മ്മോപദേഷ്ടാവ്,ആസ്ഥാന കവി എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. ആ കാലത്ത് ബൈസാന്‍റിയന്‍ ചക്രവര്‍ത്തിയുടെ കീഴിലുള്ള റോമാ സാമ്രാജ്യത്തില്‍ നിന്നും കച്ചവടത്തിനായി കപ്പലുകള്‍ വന്നുകൊണ്ടിരുന്നു.വിദേശവ്യാപാരത്തിലൂടെ നാട് നാള്‍ക്കുനാള്‍ സമ്പന്നമായിക്കൊണ്ടിരുന്നു. എവിടെയും ഉത്സവപ്രതീതി തന്നെ. ക്ഷേത്രങ്ങളും തെരുവുകളും വര്‍ഷംതോറും അടിച്ചുവൃത്തിയാക്കി  വര്‍ണ്ണപകിട്ടോടെ അലങ്കരിച്ച് നൃത്തവും പാട്ടുമായി ആഘോഷങ്ങള്‍ കൊണ്ടാടിയിരുന്നു.ഈ സന്ദര്‍ഭത്തില്‍ വ്യത്യസ്തമതങ്ങളിലെ ആചാര്യന്മാര്‍ തങ്ങളുടെ മതത്തിന്‍റെ ആദര്‍ശങ്ങള്‍ ജനമദ്ധ്യത്തില്‍ പ്രഭാഷണം നടത്തിയിരുന്നു.എല്ലാ ആചാര്യന്മാരെയും ജനം ആദരിച്ചിരുന്നു. ലോകായതം,സാംഖ്യം,ന്യായം,വൈശേഷികം,പൂര്‍വ്വ മീമാംസ,ബൌദ്ധം എന്നീ ഷഡ്ദര്‍ശനങ്ങളുടെയും ആചാര്യന്മാര്‍ വഞ്ചിനാട്ടിലുണ്ടായിരുന്നു.മതസഹിഷ്ണുത ശക്തമായി നിലനിന്നിരുന്നു.വേട്ടുവര്‍ പ്രാകൃതദൈവമായ കൊറ്റവൈയും ആയര്‍ കണ്ണനെയും കുറവര്‍ മുരുകനെയും ആരാധിച്ചിരുന്നു.ഇതെല്ലാമുണ്ടെങ്കിലും വഞ്ചിയിലെ പ്രധാനമതം ബുദ്ധമതമായിരുന്നു.
ബുദ്ധചൈത്യങ്ങളും വിഹാരങ്ങളും പുകാര്‍ നഗരത്തിലെ ഐന്ദ്രവിഹാരങ്ങളോട് കിടപിടിച്ചു.മണിമേഖലയുടെ സഖിയായ സുധാമതി ജൈന-ബുദ്ധാശ്രമങ്ങളില്‍ താമസിച്ചിരുന്നതായി  നീ വായിച്ചിട്ടില്ലെ. സുധാമതിയുടെ പിതാവിനെ പശുകുത്തി മുറിവേല്പ്പിച്ചപ്പോള്‍ സംഘധര്‍മ്മന്‍ എന്ന ഭിക്ഷു തന്‍റെ ആശ്രമത്തില്‍ ശുശ്രൂഷിച്ച കഥയും നിനക്കറിയാമല്ലോ.അന്നൊക്കെ ദാര്‍ശനിക ചിന്ത ഉച്ചകോടിയിലായിരുന്നു. സ്വന്തം സത്കര്‍മ്മങ്ങള്‍ കൊണ്ടല്ലാതെ ദുഷ്കര്‍മ്മത്തിന് പ്രതിവിധിയാകുമോ എന്ന മണിമേഖലയുടെ ചോദ്യത്തിന് വേദവാദി നല്കിയ മറുപടി ശരിയാണോ എന്നത് ഇന്നും തര്‍ക്കവിഷയമാണ്.ബ്രഹ്മത്തിന്‍റെ കൃപാകടാക്ഷത്താല്‍ ദുഷ്കര്‍മ്മങ്ങള്‍ പരിഹൃദമാകും എന്നാണ് വേദവാദി പറഞ്ഞത്.ഇത് ദുഷ്കര്‍മ്മികള്‍ക്ക് ദുഷ്കര്‍മ്മം ചെയ്യാന്‍ പ്രേരണ നല്കുകയല്ലേ ചെയ്യുന്നത് എന്നു ഞാന്‍ സംശയിക്കുന്നു.എല്ലാ മതവിശ്വാസികളിലും ഇത്തരം പ്രേരണകളുണ്ട് പ്രഹ്ളാദ. എന്തും ചെയ്തുകൊള്ളൂ,ഒടുവില്‍ ദൈവത്തിനു മുന്നില്‍ കുറ്റമേറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചാല്‍ മതി എന്ന സങ്കല്പ്പം ഒട്ടും ആശാസ്യമല്ല തന്നെ.
അതെ ഗുരോ,അങ്ങ് പറഞ്ഞതാണ് ശരി”, പ്രഹ്ളാദന്‍ ശരിവച്ചു.
ബുദ്ധന്‍ തനിക്ക് നിര്‍വ്വാണം നല്കുമോ എന്ന് മണിമേഖല അരവണ അടികളോട് ചോദിച്ചതും നീ ഓര്‍ക്കുന്നുണ്ടാവും.ബൌദ്ധാചാര്യത്തിന്‍റെ മറുപടി എത്ര ശ്രദ്ധേയമായിരുന്നു എന്നും നീ ഓര്‍ക്കുക. അതില്‍ കാപട്യമില്ല.ദുഷ്കര്‍മ്മങ്ങള്‍ക്ക് ഉത്തരവാദികള്‍ നാം തന്നെയാണ്.നാം തന്നെ വേദനകളും അനുഭവിക്കുന്നു.നമ്മുടെ സത്കര്‍മ്മങ്ങളിലൂടെയാണ് നാം പരിശുദ്ധി പ്രാപിക്കുന്നതും. ചുരുക്കത്തില്‍ നമുക്ക് രക്ഷ നാം തന്നെയാണ്. മറ്റൊരാള്‍ നമ്മെ രക്ഷിക്കുകയില്ല,രക്ഷിക്കാന്‍ ശ്രമിച്ചാലും അത് കഴിയില്ല തന്നെ. ജീവിത മാര്‍ഗ്ഗത്തിലൂടെ നാം തന്നെയാണ് നമ്മെ നടത്തുന്നത്. ബുദ്ധന്മാര്‍ മാര്‍ഗ്ഗദീപം കാണിക്കുകയേയുള്ളു.
പ്രഹ്ളാദ,ഇങ്ങനെയൊക്കെയായിട്ടും ബുദ്ധമതത്തിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉറവകൂടി.അധികാരം,സ്വത്ത് എന്നിവ സന്ന്യാസിമാരെയും മലിനപ്പെടുത്തുമെന്ന് നാം കണ്ടുകൊണ്ടിരിക്കയാണല്ലോ.അത് സിലോണിലും സംഭവിച്ചു.എഡി മുന്നൂറ്റിപത്തില്‍ സിലോണില്‍ ഗോദകദയന്‍ നാടുഭരിച്ച കാലത്ത് ബുദ്ധമതത്തില്‍ പിളര്‍പ്പുണ്ടായി. അഭയഗിരി വിഹാരത്തില്‍ നിന്നും മാഹായാനക്കാരായ അറുപത് ഭിക്ഷുക്കളെ മറുകരയിലേക്ക് നാടുകടത്തി.അധികാര വടംവലികള്‍ തുടരുക തന്നെ ചെയ്തു.
ആ കാലം വണികരും കൃഷിക്കാരും സമൃദ്ധിയില്‍ കഴിയുകയായിരുന്നു. നൃത്തവിദഗ്ധകളായ വേശ്യാസ്ത്രീകള്‍ക്ക് ആദരണീയ സ്ഥാനമണ്ടായിരുന്നു. ധനികര്‍ കുടുംബജീവിതത്തിനൊപ്പം വേശ്യാസ്ത്രീകളെയും പ്രാപിച്ചു.അത് സമൂഹം അംഗീകരിച്ചിരുന്നെങ്കിലും പൊതുവെ സ്ത്രീയുടെ ചാരിത്ര്യത്തിന് വലിയ പ്രാധാന്യം നല്കിയിരുന്നു. പക്ഷെ സംഘകാലത്ത് സ്ത്രീക്ക് ലഭിച്ചിരുന്ന സ്വാതന്ത്യം കുറഞ്ഞു വരുകയായിരുന്നു. കുടുംബത്തിലുള്ളവര്‍ ചര്‍ച്ച ചെയ്ത് വിവാഹം നിശ്ചയിക്കുന്ന രീതി നിലവില്‍ വന്നതോടെ പ്രേമവിവാഹവും കുറഞ്ഞു. ഇതെല്ലാം ചാക്രിക ഗമനമാണ് പ്രഹ്ളാദ. നാം ഇന്ന് കാണുന്നതും ഇതൊക്കെതന്നെയാണല്ലോ.മണിമേഖലയോട് പുരുഷവേഷം ധരിച്ച് മതതത്വങ്ങള്‍ ആരായാന്‍ അരവണ അടികള്‍ പറഞ്ഞതായി നീ കേട്ടിട്ടില്ലെ.ആ കാലം സ്ത്രീകള്‍ക്ക് മതപഠനം നിഷേധിക്കുന്ന മനുസ്മൃതി പ്രചരിച്ചിരുന്നു എന്നും ഓര്‍ക്കുക.
സ്വകാര്യ സ്വത്ത് വര്‍ദ്ധിച്ചതോടെയാണ് പുരുഷമേധാവിത്വം തുടങ്ങിയത്. സ്വത്തുള്ളവര്‍ അടിയാളരുടെ മേലുള്ള അധികാരശക്തിയും വര്‍ദ്ധിപ്പിച്ചു.ഭൂസ്വത്തിനൊപ്പം അടിയാളരേയും കൈമാറുന്ന രീതി വന്നു.അടിയാളരുടെ വില്പ്പന പോലും നടന്നിരുന്നു. എന്നാല്‍ ബുദ്ധമതം പ്രചരിച്ചതോടെ അടിയാളരോടുള്ള പെരുമാറ്റം ആര്‍ദ്രമായി.കുറച്ചു നൂറ്റാണ്ടുകള്‍ അത് നീണ്ടുനിന്നെങ്കിലും വീണ്ടും ആര്‍ദ്രത ഇല്ലാതാകുന്നതും നാം കണ്ടു.
ബ്രാഹ്മണര്‍ അവിടവിടെ കുടിയേറിയെങ്കിലും കാര്യമായ സ്വാധീനം ചെലുത്താന്‍ അന്നവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ തിരക്കുകൂട്ടാതെ നല്ല അവസരങ്ങള്‍ ചൂഷണം ചെയ്ത് അവര്‍ ശക്തി വര്‍ദ്ധിപ്പിച്ചു. തങ്ങളുടെ വിദ്യത്വം കൊണ്ടും യുക്തിവിചാരപാടവം കൊണ്ടും പല രാജാക്കന്മാരെയും സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ചിലരെ സ്വന്തം മതത്തിലേക്ക് ചേര്‍ക്കാനും അവര്‍ക്ക് കഴിഞ്ഞു. കൊങ്ങുനാട്ടിലെ തിരുവിക്രമന്‍,ചോളനാട്ടിലെ ചെങ്കണാന്‍ മയൂരവര്‍മ്മന്‍ എന്നിവര്‍ ബ്രാഹ്മണര്‍ ക്ഷത്രിയരേക്കാള്‍ ഉയര്‍ന്നവരാണ് എന്നു കരുതി ആദരിച്ചിരുന്നു. പക്ഷെ സാധാരണക്കാര്‍ക്കിടയില്‍ ബുദ്ധ-ജൈന മതങ്ങള്‍ ആഴത്തില്‍ ചെലുത്തിയ സ്വാധീനം ഉടയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നുമാത്രമല്ല,തുടര്‍ച്ചക്കാരായി വന്ന പല രാജാക്കന്മാരിലും ഇവര്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ സാദ്ധ്യമായില്ല.തിരുവിക്രമനുശേഷം വന്ന കൊങ്ങിണിവര്‍മ്മന്‍ ജൈനവിശ്വാസിയായിരുന്നു.അദ്ദേഹത്തെ അധികാരത്തില്‍ വാഴിച്ചത് സിംഹനന്ദി എന്ന ജൈനാചാര്യനാണ്.
നീ പ്രതിജ്ഞ ചെയ്ത കാര്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ ,ജൈനശാസനകള്‍ പുലര്‍ത്തുന്നില്ലെങ്കില്‍,അപരന്‍റെ ഭാര്യയെ പ്രാപിക്കുന്നുവെങ്കില്‍,മദ്യമാംസങ്ങളില്‍ മുഴുകി ജീവിക്കുന്നുവെങ്കില്‍,താണവരുമായി ബന്ധം പുലര്‍ത്തുന്നുവെങ്കില്‍, അര്‍ത്ഥികള്‍ക്ക് സമ്പത്ത് ദാനം ചെയ്യുന്നില്ലെങ്കില്‍,യുദ്ധത്തില്‍ നിന്നും പിന്‍തിരിഞ്ഞ് ഓടുന്നുവെങ്കില്‍, നിന്‍റെ വംശം നശിക്കും എന്നാണ് വാഴിക്കുമ്പോള്‍ സിംഹനന്ദി ചൊല്ലിയ മൊഴികള്.
മയൂര വര്‍മ്മനും മകന്‍ ചന്ദ്രാംഗതനും അനേകം ബ്രാഹ്മണരെ നാട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. മയൂരവര്‍മ്മന്‍റെ സമകാലികനായിരുന്ന പരശുരാമന്‍ എഡി മുന്നൂറ്റി നാല്പ്പത്തിയെട്ടില്‍ വന്‍തോതില്‍ ബ്രാഹ്മണരെ വടക്കുനിന്നും കൊണ്ടുവന്ന് കുടിയേറ്റം നടത്തി.ഇതിനായി മുപ്പത്തിരണ്ട് ഗ്രാമങ്ങള്‍ കണ്ടെത്തുകയും ബംഗാള്‍,ഒറീസ്സ തുടങ്ങിയ ഇടങ്ങളില്‍ നിന്നും ബ്രാഹ്മണരെ കൂട്ടി വരുകയും ചെയ്തു. എന്നാല്‍ പരശുരാമന്‍ പ്രതീക്ഷിച്ചത്ര ബ്രാഹ്മണര് കൂടെ വരാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ വരുംവഴി ഗോവയില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും ചിലരെ യജ്ഞോപവീതം നല്‍കി ബ്രാഹ്മണരാക്കി ഒപ്പം കൊണ്ടുവന്നു.ഓത്തന്മാരെന്നും  ഓത്തില്ലാത്തവരെന്നും രണ്ടുകൂട്ടരായി ഇവര്‍ മാറി . പുതിയ മാര്‍ഗ്ഗം സ്വീകരിച്ച മാന്യന്‍ എന്ന നിലയില്‍ ഗോവയില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വന്നവരെ നമ്പൂതിരി എന്നു നാമകരണം ചെയ്തു. ജീവിതസൌഖ്യത്തിനും മോക്ഷത്തിനും യാഗങ്ങള്‍ നടത്തുക എന്ന മീമാംസാസിദ്ധാന്തം അവര്‍ പ്രചരിപ്പിച്ചു. ആദ്യമൊക്കെ പ്രതികരണം മോശമായിരുന്നെങ്കിലും ക്രമേണ നില മെച്ചപ്പെട്ടു. അറുനൂറുകളില്‍ ഇതിന് നല്ല പ്രചാരവും കിട്ടി.
സാംസ്ക്കാരികമായും നല്ല പുരോഗതിയുണ്ടായ കാലമായിരുന്നു പ്രഹ്ളാദ അത്.നാടെങ്ങും സായാഹ്നങ്ങള്‍ സംഗീതസാന്ദ്രമായിരുന്നു.യാഴ്,എടക്കൈ,ഉടുക്കൈ,തിമിലൈ,മദ്ദളം,ചെണ്ട,മിഴാവ് എന്നിവയുടെ മനോഹരതാളം അന്തരീക്ഷത്തെ ഭക്തിപ്രേമമയമാക്കി.ഇരുപത്തിയൊന്നു തന്ത്രികളുള്ള പേരിയാഴും പ്രസിദ്ധമായിരുന്നു.പ്രഭാതങ്ങളില്‍ മണ്ണാന്‍റെ നന്തുണിപ്പാട്ടു കേട്ടാണ് ആളുകള്‍ ഉറക്കമുണര്‍ന്നത്. കുരവക്കൂത്തും കൈകൊട്ടിക്കളിയും കുറത്തിയാട്ടവും നാടന്‍കളികളായിരുന്നു.ചിലങ്കകെട്ടി,കണ്ണെഴുതി,കമനീയ വേഷമണിഞ്ഞ്,ഭാവവ്യഞ്ജകമായി നൃത്തം ചവിട്ടുന്ന വിദഗ്ധരും അന്നുണ്ടായിരുന്നു.ഭരതന്‍റെ നാട്യശാസ്ത്രം നാട്യാചാര്യന്മാര്‍ക്ക് സ്വായത്തമായിരുന്നു.കൂത്തിനായിരുന്നു കൂടുതല്‍ പ്രസിദ്ധി.അന്നൊക്കെ ആഘോഷങ്ങളുടെ അവസാനം ദേശീയഗാനവും ആലപിച്ചിരുന്നു.
വിദ്യാഭ്യാസ പ്രചരണത്തില്‍ ബൌദ്ധര്‍ക്ക് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു.കുടിപ്പള്ളിക്കുടത്തില്‍ കുട്ടികള്‍ നാനം മോനം പഠിക്കാന്‍ പോയിരുന്നു.ന മോത്തു ചിനതം എന്ന മംഗളാചരണത്തോടെയാണ് പഠനം തുടങ്ങിയിരുന്നത്. പാലി ഭാഷയിലായിരുന്നു പഠനം. ബുദ്ധദേവാലയങ്ങള്‍ക്ക് പള്ളി എന്നാണല്ലോ പറഞ്ഞിരുന്നത്.പള്ളികളോട് ചേര്‍ന്നാണ് പള്ളിക്കൂടങ്ങള്‍ ആരംഭിച്ചത് എന്നത് ഞാന്‍ പറയാതെ നിനക്കറിയാമല്ലോ പ്രഹ്ളാദ.
വഞ്ചി നഗരത്തിലെ വിദ്യാകേന്ദ്രങ്ങളില്‍ അന്യനാടുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വന്നു പഠിക്കുകയും പണ്ഡിതര്‍ പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു.വ്യത്യസ്ത ദര്‍ശനങ്ങളും ശാസ്ത്ര വിഷയങ്ങളും അവര്‍ അഭ്യസിച്ചിരുന്നു.ശില്പി തന്ത്രവും കരകൌശലവും അക്കാലത്ത് പരിപുഷ്ടിപ്പെട്ടു. യവനരാണ് തച്ചുശാസ്ത്രം മികച്ചതാക്കിയത്. മരത്തടികളില്‍ അവര്‍ മനോഹര ശില്പ്പങ്ങള്‍ തീര്‍ത്തു. ഓട്ടുവിളക്കും യവനരുടെ സംഭാവനയാണ് പ്രഹ്ളാദ. ശില്പ്പ തന്ത്രം പഠിച്ച കേരളീയര്‍ മരംകൊണ്ട് കോട്ടകളും കെട്ടിടങ്ങളുമുണ്ടാക്കി.എന്നാല്‍ നമ്മുടെ കാലാവസ്ഥ അവയുടെ നിലനില്പ്പിന് അനുകൂലമായിരുന്നില്ല.കനത്ത മഴയില്‍ കാലക്രമേണ അവ നശിച്ചു പോയി.നിന്‍റെ തായ് വഴിയിലും തച്ചുശാസ്ത്രക്കാരുണ്ടായിരുന്നു പ്രഹ്ളാദ.
പ്രഹ്ളാദന്‍ ആളിനെ മുന്നില്‍ കണ്ടെന്ന വിധം പുഞ്ചിരിച്ചു.
ഗുരു കഥ തുടര്‍ന്നു.
ഏഴാം നൂറ്റാണ്ടില്‍ എഡി അറുനൂറ്റിയഞ്ചു മുതല്‍ പല്ലവ രാജാവ് മഹേന്ദ്ര വര്‍മ്മനും അറുനൂറ്റി ഇരുപതില്‍ പുലികേശി രണ്ടാമനും അറുനൂറ്റി മുപ്പത്തിയഞ്ചില്‍ നരസിംഹവര്‍മ്മനും കേരളത്തില്‍ ആധിപത്യം പുലര്‍ത്തി. ചെറുത്തുനില്പ്പിന്‍റെ ആ കാലത്ത് നിന്‍റെ രണ്ടുകുലങ്ങളിലും വന്‍ നാശങ്ങള്‍ സംഭവിച്ചു പ്രഹ്ളാദ. ആ കാലത്താണ് കവിയൂരില്‍ പല്ലവ ശില്പ്പികള്‍ വന്ന് ശിലാക്ഷേത്രം നിര്‍മ്മിച്ചത്.
നീ അവിടെ പോയിട്ടുണ്ടോ പ്രഹ്ളാദ, ഗുരു ചോദിച്ചു.  
ഉവ്വ്,ഗുരോ,ഒരുദിവസം ചിലവഴിച്ചിട്ടുണ്ട്.
അറുനൂറ്റി അന്‍പത് മുതല്‍ അറുനൂറ്റി അറുപത്തിയെട്ടുവരെ പതിനെട്ടു വര്‍ഷക്കാലം കൊല്ലിക്കാവലന്‍ കൂടല്‍നായകന്‍ കോഴിക്കോടന്‍ കുല ചേകരന്‍ ഭരണം നടത്തി.പാരകിലം തനിച്ചെങ്കോര്‍ കേരളന്‍ എന്നും അദ്ദേഹം പുകഴ്ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിനു ശേഷം ചാലൂക്യരാജാവായ വിനയാദിത്യന്‍ രാജ്യം പിടിച്ചു. അറുനൂറ്റി തൊണ്ണൂറ്റി രണ്ടില്‍ പാണ്ഡ്യരാജാവായ അരി കേസരി മാറവര്‍മ്മന്‍ അധികാരം കൈയ്യടക്കി. എഴുനൂറില്‍ ചാലൂക്യ രാജാവായ കീര്‍ത്തി വര്‍മ്മന്‍ കേരള-ചോള-പാണ്ഡ്യ രാജാക്കന്മാരെ തോല്പ്പിച്ചു. എഴുനൂറ്റിപ്പത്ത്-എഴുനൂറ്റി നാല്പ്പത്തിയാറ് കാലത്ത് ചേരമന്‍ പെരുമാള്‍ പാണ്ഡ്യ ചോളന്മാരുമായി നല്ല ബന്ധത്തിലായി. എന്നാല്‍ എഴുനൂറ്റി അന്‍പത്തി നാലില്‍ രാഷ്ട്രകൂട രാജാവായ ദന്തി ദുര്‍ഗ്ഗന്‍ ചാലൂക്യരെ തോല്പ്പിച്ചു. തുടര്‍ന്ന് അധികാരത്തില്‍ വന്ന മാറവര്‍മ്മന്‍ രാജസിംഹന്‍ എന്ന പാണ്ഡ്യ രാജാവ് കൂടല്‍-വഞ്ചി-കോഴി നഗരങ്ങള്‍ പുതുക്കി പണിതു. പിന്നീടുവന്ന പാണ്ഡ്യ രാജാവ് ജടിപ പരാന്തക നെടുംചടയന്‍ കേരളത്തെ പലവട്ടം ആക്രമിച്ചു.ജടിപ പരാന്തകനോടു തോറ്റ പള്ളിവാണര്‍ കടുത്ത ബുദ്ധ മതാനുയായിയായിരുന്നു.തോല്‍വിയെ തുടര്‍ന്ന് ഇദ്ദേഹം ബുദ്ധഭക്തനായി നിലംപേരൂരില്‍ കഴിഞ്ഞു.അവിടെയുണ്ടായിരുന്ന ബൌദ്ധക്ഷേത്രത്തില്‍ തൊഴുതും പ്രാര്‍ത്ഥിച്ചും അവിടെത്തന്നെ മരിക്കുകയും ചെയ്തു.
പ്രഹ്ളാദ,നിന്‍റെ കാഴ്ചയില്‍ ഒരാള്‍ എപ്പോഴും രാജാവിനൊപ്പം നടക്കുന്നത് കാണുന്നില്ലെ,അത് നിന്‍റെ തന്തൈകുലവഴിയാണ്.
ആ മുഖത്തെ സ്വാത്തിക ഭാവം എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു ഗുരോ.”
ഓരോ തലമുറ കൊഴിയുമ്പോഴും ആ ഭാവം നഷ്ടപ്പെടുകയാണ് പ്രഹ്ളാദ.അസംതൃപ്തിയും പരസ്പ്പരവിശ്വാസമില്ലായ്മയും പഴിപറച്ചിലുമാണ് എവിടെയും. അത് മറ്റൊരു വിഷയമാണ് പ്രഹ്ളാദ,നമുക്ക് ചരിത്രത്തിലേക്ക് മടങ്ങിവരാം.
എഴുനൂറ്റി എഴുപതില്‍ നാടുവാണിരുന്ന പള്ളിവാണപ്പെരുമാളിനെ സ്ഥാനഭ്രഷ്ടനാക്കിയത് പന്തീരാണ്ട് സഭയുടെ അഭിപ്രായമനുസരിച്ചായിരുന്നു. പ്രഹ്ളാദ,നീ ഇത് ശ്രദ്ധിക്കുക,ബ്രാഹ്മണര്‍ അധികാര രുചി അറിഞ്ഞുവരുന്ന കാലമായിരുന്നു അത്. ഭരണമാകുന്ന മരത്തില്‍ ഇത്തിള്‍ പോലെ കയറിപ്പറ്റി പതുക്കെ കൈയ്യടക്കുന്ന തന്ത്രം അവര്‍ ചാണക്യനില്‍ നിന്നും ആര്‍ജ്ജിച്ചതായിരുന്നു. എഴുനൂറ്റി എഴുപത്തിയഞ്ച്-എണ്ണൂറ്റി ഇരുപത് കാലത്ത് ജീവിച്ച കുലശേഖര വര്‍മ്മയുടെ സുഹൃത്തായ തോലനാണ് കൂടിയാട്ടം പരിഷ്ക്കരിച്ചത്. സുഭദ്ര ധനഞ്ജയം,തപതി സംവരണം,വിച്ഛിന്നാഭിഷേകം എന്നീ നാടകങ്ങളും ആശ്ചര്യ മഞ്ജരി എന്ന ഗദ്യവും കുലശേഖരവര്‍മ്മയാണ് രചിച്ചത്. സംസ്കൃത പണ്ഡിതനും നാട്യകലാ വിദഗ്ദ്ധനുമായിരുന്നു അദ്ദേഹം.പ്രഹ്ളാദ,ആ സഭയില്‍ നിന്‍റെ തായ്കുല പ്രാധാന്യം ഞാന്‍ കാണുന്നു.കൂടിയാട്ടം നിനക്കിപ്പോഴും ഒരാവേശമാണല്ലോ. തലമുറകള്‍ കഴിഞ്ഞാലും നഷ്ടമാകാത്ത കലയുടെ വീര്യം.കുലശേഖരന്‍റെ കാലശേഷം ശിവഭക്തനായ രാജശേഖരന്‍ എണ്ണൂറ്റി ഇരുപതില്‍ ഭരണമേറ്റു. വാഴപ്പിള്ളി ശാസനത്തിന്‍റെ കര്‍ത്താവാണ് രാജശേഖരന്‍.അശോക ചക്രവര്‍ത്തിയെപോലെ ചരിത്രരേഖകള്‍ വഴിയില്‍ എഴുതിവയ്ക്കുന്ന ഒരു രീതിയാണ് ശാസനമെന്ന് നിനക്കറിയാമല്ലോ. എണ്ണൂറ്റി നാല്പ്പത്തിനാലിലാണ് സ്താണുരവി അധികാരമേറ്റത്. ഇദ്ദേഹത്തിന്‍റെ കാലത്താണ് വേണാട്ടിലെ അയ്യന്‍ അടികള്‍ തിരുവടികള്‍, മറുവന്‍ ഈശോ സപീര്‍ എന്ന ക്രിസ്ത്യന്‍ വണിഗ്വരന് തരിസാപ്പള്ളി ശാസനം എഴുതിക്കൊടുത്തത്. അപ്പോഴേക്കും കേരളം പല നാടുകളായി തിരിഞ്ഞിരുന്നു. ഓരോ നാടിന്‍റെയും ഉടൈയവര്‍ രാജാവിന്‍റെ പരമാധികാരത്തിന്‍ കീഴില്‍ നാടുഭരിച്ചു. എണ്ണൂറ്റി നാല്പ്പത്തിനാലില്‍ മഹോദയപുരത്തെ നക്ഷത്രബംഗ്ലാവിന്‍റെ മേനോക്കിയായി ശങ്കരനാരായണന്‍ എന്ന ഗണിത ശാസ്ത്രജ്ഞന്‍ നിയമിതനായി.കലയും ശാസ്ത്രവുമൊക്കെ തലമുറകളിലൂടെ കയറിയിറങ്ങുന്ന കാഴ്ച രസകരം തന്നെ,-ല്ലെ പ്രഹ്ളാദ, പക്ഷേ,കണക്കെന്നുകേട്ടാല്‍ നിനക്ക് അഹിതമാണല്ലോ-ല്ലെ.
പ്രഹ്ളാദന്‍ ചിരിച്ചു.
സ്താണു രവിയുടെ ജാമാതാവ് വിജയരാഗദേവന്‍ എണ്ണൂറ്റി എണ്‍പത്തഞ്ചിലാണ് ഭരണമേറ്റത്. എണ്ണൂറ്റി തൊണ്ണൂറില്‍ രാമവര്‍മ്മ കുലശേഖരന്‍ തുടര്‍ന്ന് അധികാരത്തിലെത്തി. അദ്ദേഹത്തിന്‍റെ സദസ്സിലുണ്ടായിരുന്ന വാസുഭട്ടതിരി യുധിഷ്ഠിര വിജയവും ത്രിപുര ദഹനവും എഴുതിയത് ആ കാലത്താണ്. കൃഷ്ണകര്‍ണ്ണാമൃത കര്‍ത്താവ് ലീലാ ശുകന്‍ വാസുഭട്ടതിരിയുടെ ശിഷ്യനാണ്. പാണ്ഡ്യരുമായി രാമവര്‍മ്മ നല്ല  സൌഹൃദം സൂക്ഷിച്ചു. പാണ്ഡ്യരാജന്‍ പരാന്തക വീരനാരായണന്‍റെ പത്നി ശ്രീവാനവന്‍ മഹാദേവി ചേരകുടുംബാംഗമായിരുന്നു.സുന്ദരിയായ ഇവരുടെ പേരില്‍ തിരുനെല്‍വേലിയില്‍ ചേരന്‍ മഹാദേവി എന്നൊരു ഗ്രാമം തന്നെയുണ്ട് പ്രഹ്ളാദ. റാണിക്കൊപ്പം ഇവിടെനിന്നും പാണ്ഡ്യ രാജ്യത്തിലേക്ക് പോയവരുടെ കൂട്ടത്തിലും നിന്‍റെ രക്തമുണ്ട് പ്രഹ്ളാദ. അവരുടെ അനന്തര തലമുറ അവിടെ ഏതോ ജാതിപ്പേരില്‍ കഴിയുന്നുണ്ടാകാം.
തൊള്ളായിരത്തി പതിനേഴിലാണ് കോതരവി അധികാരമേറ്റത്. ആ കാലത്ത് പരാന്തക ചോളന്‍ പാണ്ഡ്യരാജ്യം ആക്രമിച്ചു. തോറ്റ് പലായനം ചെയ്ത മാലര്‍മ്മന്‍ രാജസിംഹന് കോതരവി അഭയം നല്കി. ഇത് ചോളരുടെ ശത്രുതയ്ക്ക് ഇടയാക്കി. ഇടയ്ക്കൊക്കെ ചെറിയ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. തൊള്ളായിരത്തി നല്പ്പത്തിയേഴില്‍ ഇന്ദു കോതവര്‍മ്മയുടെ കാലത്ത് കടുത്ത സംഘട്ടനമായി. തൊള്ളായിരത്തി അന്‍പത്തിയഞ്ചില്‍ പരാന്തക ചോളന്‍ മരിച്ചതോടെ സംഘട്ടനം ഒന്നു ശമിച്ചെങ്കിലും തൊള്ളായിരത്തി എണ്‍പത്തിയഞ്ചില്‍ രാജരാജന്‍റെ ഭരണത്തോടെ പോരാട്ടം ഉഗ്രമായി.തൊള്ളായിരത്തി അറുപത്തിരണ്ടില്‍ ഭരണം തുടങ്ങിയ ചേര രാജാവായ ഭാസ്ക്കര രവിവര്‍മ്മന് കേരളത്തിലെ മൊത്തം നാടുവാഴികളുടെ മേലും അധീശാധികാരമുണ്ടായിരുന്നു. അന്യ മതസ്ഥരോട് സ്നേഹവും ബഹുമാനവും പുലര്‍ത്തിവന്ന ഭാസ്ക്കര രവിവര്‍മ്മന്‍ ജൂതര്‍ക്ക് പട്ടയവും നല്കിയിരുന്നു.

ഈ കാലം രാജരാജ ചോഴന്‍ പാണ്ഡ്യ ചേര രാജ്യങ്ങള്‍ ആക്രമിച്ചു. മലൈനാട്ടില്‍ സംയുക്ത സേന തോറ്റു. തുടര്‍ന്ന് കാന്തളൂര്‍ ശാലയും വിഴിഞ്ഞവും ആയിരത്തിയഞ്ചില്‍ കൊല്ലവും ചോളന്മാര്‍ ആക്രമിച്ചു. എങ്കിലും പൂര്‍ണ്ണമായും കേരളത്തെ പിടിച്ചടക്കാന്‍ ചോളന് കഴിഞ്ഞില്ല. ആയിരത്തി പന്ത്രണ്ടില്‍ രാജേന്ദ്ര ചോളന്‍ ഭരണമേറ്റതോടെ ആക്രമണം വര്‍ദ്ധിച്ചു. ആയിരത്തി പതിനെട്ടില്‍ വളരെ വിശേഷപ്പെട്ട ചേര കിരീടത്തിനായി നടന്ന യുദ്ധവും ജയിച്ചില്ല. ആയിരത്തി പത്തൊന്‍പതില്‍ കിരീടം സൂക്ഷിച്ചിരുന്ന ശാന്തിമത്തീവ് ചോളര്‍ കീഴടക്കി. അതോടെ കേരളം പരാജയം സമ്മതിച്ചു. എന്നാല്‍ ആയിരത്തി ഇരുപത്തൊന്നുവരെ ചേര രാജന്‍ ജീവിച്ചു. തുടര്‍ന്ന് ചോള സാമന്തന്മാര്‍ കേരളം ഭരിച്ചു തുടങ്ങി. ആയിരത്തി മുപ്പത്തിയാറില്‍ ഭരിച്ച രാജസിംഹനാണ് കൂട്ടത്തില്‍ ശ്രദ്ധേയന്‍. ചേരന്മാര്‍ ചില എതിര്‍പ്പുകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. അങ്ങിനെ ചേര രാജവംശം അസ്തമിച്ചു. ആയിരത്തി ഒരുനൂറ്റി രണ്ടില്‍ കൊല്ലം ഭരിച്ച രാമര്‍ തിരുവടി ചേരകുലക്കാരനാണ് എന്ന് വേണമെങ്കില്‍ പറയാം എന്നു മാത്രം. പ്രഹ്ളാദ,നീ മേനോക്കി ശങ്കരനാരായണന്‍റെ കുടുംബക്കാരനാണ് എന്നു പറയുന്നപോലെ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ