2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-35- ഫ്യൂഡല്‍ ആഭാസങ്ങളുടെ കാലം

മുപ്പത്തിയഞ്ച്
ഫ്യൂഡല്‍ ആഭാസങ്ങളുടെ കാലം
ഇന്ന് ചരിത്രം ഒരു തിരുത്തിയെഴുത്തിലാണ് പ്രഹ്ളാദ.സാമൂഹികസ്ഥിതി ഓരോ കാലത്തും ഓരോ വിധമാണല്ലൊ.അധികാരം കൈമറിയുന്നത് കാണാന്‍ ഒരു രസം തന്നെയാണ്.ബൌദ്ധമതത്തിന്‍റെ തകര്‍ച്ചയ്ക്ക് ശേഷം പന്ത്രണ്ട് മുതല്‍ പതിനഞ്ച് വരെ നൂറ്റാണ്ടുകളില്‍ കറതീര്‍ന്ന നമ്പൂതിരി മേധാവിത്തമായിരുന്നല്ലൊ.അവരുമായി സഹകരിച്ചു നിന്ന നായര്‍ സമുദായം പോലും അക്കാലത്ത് പരതന്ത്രരായിരുന്നു.അസുഖകരമായ ഈ അന്തരീക്ഷത്തില്‍ നിന്നും മോചനം നേടാന്‍ ഭക്തിപ്രസ്ഥാനം അവരെ സഹായിച്ചു.തുടര്‍ന്ന് നമ്പൂതിരി നായര്‍ സമുദായങ്ങളുടെ കൂട്ടായ മേധാവിത്തം പുലരാന്‍ തുടങ്ങി.പത്തൊന്‍പതാം നൂറ്റാണ്ട് വരെ അത് തുടരുകയും ചെയ്തു.
പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തന്നെ രാജാവിനെ നമ്പൂതിരിമാര്‍ നിയന്ത്രിച്ചിരുന്നു.കേരളീയ ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും ഈ കാലത്ത് അദ്ധ്യക്ഷപദവി അലങ്കരിച്ചിരുന്നത് ബ്രാഹ്മണരാണ്. അന്നത്തെ സാമൂഹിക ജീവിതം ക്ഷേത്രങ്ങളെ വലംവച്ചാണ് മുന്നോട്ടുപോയത്. കലയും കാമിനിയും ക്ഷേത്രങ്ങളുടെ തൃക്കോവിലുകളില്‍ വിടുപണി ചെയ്തിരുന്നു.ക്ഷേത്രത്തിന്‍റെ ഗര്‍ഭഗൃഹവും ഭണ്ഡാരവും നമ്പൂതിരിമാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു.  അതിനാല്‍ ജീവിതത്തിന്‍റെ ഓരോ സ്പന്ദനവും നമ്പൂതിരിയുടെ ഇച്ഛയ്ക്ക് വിധേയമായിരുന്നു.കൂത്തും കൂടിയാട്ടവും ദേവദാസിയും ഭാഷയും സാഹിത്യവും സാമ്പത്തിക സംവിധാനവും രാഷ്ട്രീയ നയോപായങ്ങളും എല്ലാം നമ്പൂതിരിമാരുടെ കൈക്കരുത്തില്‍ ഒതുങ്ങി നിന്നു.ഭൌതിക ജീവിത മണ്ഡലത്തില്‍ എന്നപോലെ ആത്മീയ മേഖലകളിലും നമ്പൂതിരിക്ക് തന്നെയായിരുന്നു ആധിപത്യം.ഇങ്ങനെ സര്‍വ്വാധിപത്യം വഹിച്ച ഒരു വര്‍ഗ്ഗമോ വംശമോ മതവിഭാഗമോ ഭൂമിയില്‍ ഉണ്ടായിട്ടില്ല.ഋഃഗ്വേദകാലം മുതല്‍ ബ്രാഹ്മണര്‍ സ്വപ്നം കണ്ടിരുന്ന ഭൂദേവസ്ഥാനം ശരിക്കും അന്നത്തെ കേരളമായിരുന്നു പ്രഹ്ളാദ.
ഗുരോ,ഭരണം നേരിട്ട് ഏല്ക്കാതെ , അധികാരത്തിന്‍റെ വിഹ്വലതകളില്ലാതെ,എല്ലാം സ്വന്തമാക്കിയ സമൂഹം-ല്ലെ ഗുരോ.
ശരിക്കും അതുതന്നെ. നീ അത് ശരിക്കും മനസ്സിലാക്കിയിരിക്കുന്നു.പ്രഹ്ളാദ,മനുസ്മൃതിയിലെ ശാസനകളാണ് അവര്‍ നടപ്പിലാക്കിയത്.അറുപത്തിനാല് അനാചാരങ്ങള്‍ അവര്‍ വ്യവസ്ഥ ചെയ്തിരുന്നു.ഇല്ലത്തിലെ ജ്യേഷ്ടപുത്രന്‍ മാത്രം സ്വസമുദായത്തില്‍ നിന്നു വിവാഹം കഴിക്കുക,കനിഷ്ടപുത്രന്മാരെല്ലാം നായര്‍ സ്ത്രീകളെ സംബ്ബന്ധം ചെയ്യുക,തീണ്ടല്‍,തൊടീല്‍ തുടങ്ങിയ ആചാരങ്ങള്‍ കര്‍ശനമായി പാലിക്കുക,ക്ഷത്രിയരും നായന്മാരും മരുമക്കാത്തായം സ്വീകരിക്കുക തുടങ്ങി അനാചാരങ്ങള്‍ അനേകമായിരുന്നു.നമ്പൂതിരിമാരുമായി സഹകരിക്കാത്തവരെല്ലാം താണജാതിക്കാരും അയിത്തക്കാരുമായി.അയിത്തജാതിക്കാരന്‍ നിശ്ചിതദൂരത്തിനിപ്പുറം വന്നാല്‍ ഉയര്‍ന്ന ജാതിക്കാരന്‍ അശുദ്ധനാകുന്നു.അവന്‍ ബ്രാഹ്മണനെ തൊട്ടാലും അശുദ്ധമാണ്.അശുദ്ധി തീരാന്‍ കുളിക്കണം.ബ്രാഹ്മണന്‍റെ കുളിക്കടവിന് സമീപം അയിത്തജാതിക്കാരന്‍ വന്നാലും കുളം അശുദ്ധമാവും.അത് ശുദ്ധമാകാന്‍ പുണ്യാഹം കഴിക്കണം.നമ്പൂതിരിമാരുമായി സഹകരിച്ച നായന്മാരും ആത്മാഭിമാനം പണയപ്പെടുത്തിയാണ് അവര്‍ക്കൊപ്പം നിന്നത്.നമ്പൂതിരിമാരില്‍ മൂത്ത സഹോദരന്‍ മാത്രം വേളി കഴിക്കയും ബാക്കിയുള്ളവര്‍ നായര്‍ സ്ത്രീകളെ പ്രാപിക്കുകയും ചെയ്യുന്ന രീതി സമുദായത്തിന് അംഗീകരിക്കേണ്ടിവന്നു.സ്വകുടുംബത്തില്‍ അവകാശികള്‍ അധികരിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയും നായര്‍ വീടുകളില്‍ സൃഷ്ടിനടത്തുകയും ചെയ്ത ബ്രാഹ്മണതന്ത്രം അഭിമാനമായി കരുതാനെ നായര്‍ക്ക് കഴിഞ്ഞുള്ളു.ആ കുട്ടികള്‍ക്ക് അച്ഛന്‍റെ സ്വത്തില്‍ ഒരവകാശവും ഉണ്ടായിരുന്നുമില്ല.നായര്‍ സ്ത്രീകള്‍ പാഞ്ചാലിയെപ്പോലെ ഊഴമിട്ട് ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്ന രീതിയും നിലനിന്നിരുന്നു.അതുവഴി നായര്‍ സ്ത്രീകള്‍ കുടുംബത്തില്‍ മേല്ക്കോയ്മയും നേടി.ജനിക്കുന്ന കുട്ടിയുടെ അച്ഛനെ നിശ്ചയിക്കുന്നതും സ്ത്രീയായിരുന്നു.അവള്‍ പറയുന്ന പുരുഷന്‍ കുട്ടിയുടെ വിദ്യാഭ്യാസ-വളര്‍ത്തു ചിലവുകള്‍ നോക്കും.പക്ഷെ സ്വത്ത് അയാളുടെ സഹോദരിമാര്‍ക്ക് മാത്രമെ കൊടുത്തിരുന്നുള്ളു.
ഒന്നാലോചിച്ചാല്‍ നായര്സ്ത്രീകളുടെ കാര്യം കുറച്ച് കഷ്ടമായിരുന്നു പ്രഹ്ളാദ.എന്തും നിയമമാക്കാന്‍ കഴിവുള്ള നമ്പൂതിരി ഭാര്‍ഗ്ഗവ ഭൂമിയില്‍ പിറന്ന സ്ത്രീകള്‍ക്ക് പാതിവ്രത്യം പാടില്ലെന്നും അരുളിച്ചെയ്തിരുന്നു.ബ്രാഹ്മണബീജത്തില്‍ മാത്രമെ നല്ല സന്താനങ്ങള്‍ ജനിക്കുകയുള്ളു എന്നും അവര്‍ ജനത്തെ വിശ്വസിപ്പിച്ചു.സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സ്ത്രീകള്‍ സന്മാര്‍ഗ്ഗഹീനകളാണെന്നും അവരെ ഉടന്‍ വധിക്കേണ്ടതാണെന്നും വിളംബരം ചെയ്ത ബെട്ടിമന നാടുവാഴികളേപ്പോലുള്ള വിഡ്ഢികളുടെ കാലമായിരുന്നു പ്രഹ്ളാദ അത്.ഇത്തരം ഇണചേരലിലൂടെയും ജൈവപരിണാമത്തിലൂടെയും നായര്‍ സമുദായാംഗങ്ങള്‍ക്ക് ദ്രാവിഡഛായയില്‍ ആര്യരേഖകള്‍കൂടി ചാര്‍ത്തപ്പെടുകയും അവര്‍ ആര്യ ദ്രാവിഡ സങ്കരത്തിലൂടെ കുറേക്കൂടി കാന്തിയുള്ളവരായി തീരുകയും ചെയ്തു.യഥാര്‍ത്ഥത്തില്‍ ക്ഷത്രിയരെപോലെ യുദ്ധം പ്രധാന തൊഴിലാക്കിയിട്ടും ശൂദ്രനെന്ന് മുദ്രകുത്തി അവരെ അക്ഷരഹീനരാക്കി നിര്‍ത്തുകയും അടിമകളാക്കി കൊണ്ടുനടക്കുകയുമാണ് നമ്പൂതിരിമാര്‍ ചെയ്തത്.
നായര്‍ സമുദായം യഥാര്‍ത്ഥത്തിലുള്ള അതിന്‍റെ ശക്തി മനസ്സിലാക്കിയില്ല എന്നതാണോ ഗുരോ ഇത് ബോദ്ധ്യമാക്കുന്നത്.
 അതെ പ്രഹ്ളാദ,അവര്‍ ചിന്താരഹിതരായി ബ്രഹ്മണര്‍ക്ക് പിന്നലെ കൂടി.പകരം ബ്രാഹ്മണ മതത്തെ എതിര്‍ത്തിരുന്നെങ്കില്‍ മുഴുവന്‍ ദ്രാവിഡരുടെയും നേതാക്കളായി അവര്‍ മാറുമായിരുന്നു.ശരിക്കും ജാതി സമ്പ്രദായത്തിന്‍റെ വൃത്തികെട്ട കുരുക്കില്‍ പെട്ടതോടെയാണ് ഭാരതം പിറകോട്ടടിക്കാന്‍ തുടങ്ങിയത്.മധ്യയുഗത്തിലെ വികസോന്മുഖമായ ഭാവം നഷ്ടമാവുകയും പകരം ആചാരാനുഷ്ടാനങ്ങളിലും തത്വവിചിന്തനങ്ങളിലുമൊക്കെ കാര്‍ക്കശ്യം കാട്ടുന്ന ഒരു സമൂഹമായി നാം അധഃപതിക്കുകയും ചെയ്തത് ജാതിസമ്പ്രദായം മൂലമാണ് പ്രഹ്ളാദ.വിവിധ ജീവിത രീതികളെയും ആചാര സമ്പ്രദായങ്ങളെയും ഒരേ ചരടില്‍ കോര്‍ത്തിണക്കി വര്‍ണ്ണശബളമായ ഒരു സാമൂഹികക്രമം സൃഷ്ടിക്കാന്‍ ആദ്യകാലങ്ങളിലെ വര്‍ണ്ണസമ്പ്രദായത്തിന് കഴിഞ്ഞുവെങ്കിലും ക്രമേണ ജാതിവ്യവസ്ഥയില്‍ അത് തരംതാഴുകയും പുരോഗതിക്ക് പ്രതിബന്ധമാവുകയുമാണുണ്ടായത്.ജാതിവ്യവസ്ഥയുടെ ഊരാക്കുടുക്കില്‍ പെട്ട വ്യക്തികള്‍ സങ്കുചിതവും ചെറുതും പ്രായോഗികവുമായ ഒരു വീക്ഷണഗതിയിലേക്ക് ഒതുങ്ങി.വിദ്യാഭ്യാസവും വളരുവാനുള്ള സന്ദര്‍ഭങ്ങളും താഴ്ന്ന ജാതിക്കാര്‍ക്ക് നിഷേധിക്കപ്പെട്ടു.സാമൂഹിക സോപാനത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്ക് കീഴ്പ്പെട്ട് ജീവിക്കുക എന്നതായിരുന്നു അവര്‍ക്ക് നല്‍കിയിരുന്ന അഭ്യാസം.അഭിവൃദ്ധിപ്പെട്ട ഒരു നാഗരിക സമ്പദ് വ്യവസ്ഥയും വ്യവസായങ്ങളും ഉണ്ടായിരുന്നെങ്കില്‍പോലും ഭരണകൂടം തികച്ചും ഫ്യൂഡല്‍ പ്രഭുത്വത്തിന്‍റേതായിരുന്നു.യുദ്ധസമ്പ്രദായത്തില്‍ പോലും ഭാരതം പുറകോട്ടടിച്ചു.സാമൂഹ്യഘടനയില്‍ പരിവര്‍ത്തനം വരുത്തുകയും ബുദ്ധിയുടെയും ഊര്‍ജ്ജസ്വലതയുടെയും പുതിയ ഉറവിടങ്ങള്‍ തുറന്നു വിടുകയും ചെയ്തല്ലാതെ ഗണ്യമായ യാതൊരു പുരോഗതിക്കും സാധ്യമാകാത്ത അവസ്ഥ. അത്തരമൊരു മാറ്റത്തിന് വിഘാതമായി നിന്നത് പ്രധാനമായും ജാതിവ്യവസ്ഥയായിരുന്നു പ്രഹ്ളാദ.വര്‍ണ്ണ വ്യവസ്ഥ നല്കിയ നന്മയും ദാര്‍ഢ്യവും ഇല്ലാതാക്കി നാശത്തിന്‍റെ വിത്തുവിതയ്ക്കാനെ ജാതിസമ്പ്രദായത്തിന് കഴിഞ്ഞുള്ളു.
ഈ സാഹചര്യം ഭക്തി പ്രസ്ഥാനത്തിന് വളാരാന്‍ ഇടനല്കിയിട്ടുണ്ടാകും –ല്ലെ ഗുരോ.
അതെ പ്രഹ്ളാദ. മധ്യ യുഗത്തില്‍ ഭാരതത്തിലേക്ക് കടന്നുവന്ന ഇസ്ലാമിക സംസ്ക്കാരവും ഇവിടെ നിലനിന്നിരുന്ന ഭാരത സംസ്ക്കാരവും പരസ്പ്പരം ഉള്‍ക്കൊള്ളാന്‍ കഴിയാതെ മാറിനില്‍ക്കുകയായിരുന്നു.ഈ ഒരു സാഹചര്യത്തിലാണ് ഒരിണക്കുകണ്ണിപോലെ ഭക്തിപ്രസ്ഥാനം ഉറവയാകുന്നത്.ജ്ഞാനമാര്‍ഗ്ഗമോ കര്‍മ്മമാര്‍ഗ്ഗമോ യോഗമാര്‍ഗ്ഗമോ അവലംബിക്കാതെ ഭക്തി ഒന്നുകൊണ്ടു മാത്രം ഈശ്വരസാക്ഷാത്ക്കാരം നേടണമെന്ന് ഭക്തിസിദ്ധാന്തം അനുശാസിക്കുന്നു.ഹിന്ദുമതത്തിലെ മേലേക്കിടയിലുള്ളവര്‍ മാത്രമല്ല ചെരുപ്പുകുത്തിയും നെയ്ത്തുകാരനും തൂപ്പുകാരനും ചക്കാലനും ഈ പ്രസ്ഥാനത്തിലേക്ക് വന്നു.സാധാരണക്കാരന്‍റെ ഭാഷയില്‍ ഗാനങ്ങള്‍ രചിക്കുകയും പാടുകയും ചെയ്തപ്പോള്‍ പ്രസ്ഥാനത്തില്‍ താത്പ്പര്യമുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചു. ഭക്തിപ്രസ്ഥാനം ശരിക്കും മതത്തിന്‍റെ ഔപചാരികമായ ഘടകത്തിനും ആരാധനയുടെ ബാഹ്യസ്വാഭാവത്തിനും എതിരായ പ്രതിഷേധമായിരുന്നു. മനുഷ്യചേതനയും ആത്മാവും പൂര്‍ണ്ണമായി ബന്ധപ്പെട്ട ഒരേര്‍പ്പാടാണ് മതമെന്നും ആചാരങ്ങളും ആഘോഷങ്ങളും തത്വസിദ്ധാന്തങ്ങളും ആദര്‍ശസംഹിതകളുമല്ല അതില്‍ പ്രാധാന്യമര്‍ഹിക്കുന്നതെന്ന സത്യത്തിലേക്ക് മനുഷ്യനെ തിരികെ കൊണ്ടുവരാനും ഭക്തിപ്രസ്ഥാനം ശ്രമം നടത്തി.സ്നേഹവും സേവനവും മുഖമുദ്രയാക്കിയ ഭക്തിപ്രസ്ഥാനം ഹിന്ദു മുസ്ലിം ഐക്യത്തിനുള്ള ആത്മാര്‍ത്ഥമായ ഒരു ശ്രമം കൂടിയായിരുന്നു. ലിംഗായ മതത്തിന്‍റെ പ്രണേതാവായ ബസവന്‍,സിദ്ധന്മാര്‍,ശൈവ-വൈഷ്ണവാചാര്യന്മാര്‍ ,കബീര്‍,നാനാക്ക്,ചൈതന്യന്‍,തുക്കാറാം തുടങ്ങിയ അനേകം നേതാക്കള്‍ ഭക്തിപ്രസ്ഥാനത്തിനുണ്ടായി. ഉപാധിരഹിതനായ പരമപുരുഷനെയും രാമന്‍,കൃഷ്ണന്‍ തുടങ്ങിയ അവതാരങ്ങളെയുമൊക്കെ അവര്‍ ആരാധിച്ചു.അവരെല്ലാം അദ്വൈതികള്‍ അഥവാ ഏകദൈവവിശ്വാസികള്‍ ആയിരുന്നു.അവരുടെ ഭക്തിയും വിശ്വാസവും വികാരനിര്‍ഭരമായിരുന്നു.ഹൃദയത്തിന്‍റെയും ഭൌതികമായ എല്ലാ ആഗ്രഹങ്ങളുടെയും സംശുദ്ധീകരണത്തിലും മനുഷ്യന്‍റെ ഇച്ഛാശക്തിയെ ഈശ്വരേച്ഛയ്ക്ക് വിധേയമാക്കുന്നതിലും അവര്‍ വിശ്വസിച്ചു.ആത്മസാക്ഷാത്ക്കാരത്തിന്‍റെ വിഷമമാര്‍ഗ്ഗത്തിലൂടെ ഭക്തരെ നയിക്കുവാന്‍ ഒരു ഗുരു വേണമെന്ന തത്ത്വം എല്ലാവരും അംഗീകരിച്ചു.വേദഗ്രന്ഥങ്ങളും മതപുരോഹിതന്മാരും ആചാരവിധികളും അവര്‍ക്ക് അനാവശ്യമായിരുന്നു.ഉപവാസം,തീര്‍ത്ഥയാത്ര,വിഗ്രഹാരാധന,മറ്റ് ആരാധനാ സമ്പദായങ്ങള്‍ എന്നിവ അവര്‍ തിരസ്ക്കരിച്ചു.സാമൂഹ്യകാര്യങ്ങളില്‍ മനുഷ്യര്‍ തമ്മിലുള്ള കാതലായ സമത്വത്തില്‍ ഊന്നുകയും ജാതിസമ്പ്രദായത്തെ നിഷേധിക്കുകയും ചെയ്തു.തീര്‍ത്തും പുരോഗമനപരമായിരുന്നു അവരുടെ നിലപാടുകള്‍.
സൂഫിസവും വേദാന്തവും അവിടെ സംയോജിക്കപ്പെട്ടു.ശുഷ്ക്കമായ വരട്ടുവാദങ്ങളെ ഉപേക്ഷിക്കുകയും പ്രയോജനരഹിതമെന്നും പ്രകോപനപരമെന്നും തോന്നിയ എല്ലാ ആചാരങ്ങളെയും അധിക്ഷേപിക്കുകയും ചെയ്തു.ഈശ്വരനെയും മനുഷ്യനേയും സ്നേഹിക്കുക എന്ന ലളിതമായ വിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു അവരുടെ മതം.ആ മതവും സമര്‍പ്പണ ബുദ്ധിയോടുകൂടിയ അവരുടെ ജീവിതവും ഒരു പൊതു ഭാരതീയ സംസ്ക്കാരത്തിന് അടിത്തറ പാകിയ ജീവിതസിദ്ധാന്തം ആവിഷ്ക്കരിക്കുകയും ഉയര്‍ന്ന ചിന്തയ്ക്കും ലളിതമായ ജീവിതത്തിനും മാതൃക സൃഷ്ടിക്കുകയും ചെയ്തു.
പ്രഹ്ളാദ,കേരളത്തിലെ അതിഹീനമായ ജാതിസമ്പ്രദായത്താല്‍ പീഡിപ്പിക്കപ്പെട്ട  അനേകമാളുകള്‍ ഇസ്ലാം മതം സ്വീകരിക്കുന്നത് കണ്ട് അതിനെ പ്രതിരോധിക്കാനും ബ്രാഹ്മണ മത മേധാവിത്തത്തോട് കലഹിക്കാനുമാണ് ഭക്തിപ്രസ്ഥാനം ആരംഭിച്ചത്.എഴുത്തച്ഛന്‍ അതിന്‍റെ നേതാക്കന്മാരില്‍ പ്രമുഖനായിരുന്നു.ജീര്‍ണ്ണമായിതീര്‍ന്ന ഹൈന്ദവസംസ്ക്കാരം അതിന്‍റെ പുറംതൊണ്ട് ഭേദിച്ച് പുറത്തുവരുകയായിരുന്നു ഭക്തിപ്രസ്ഥാനത്തിലൂടെ.കേരളീയ സമൂഹത്തില്‍ നിസ്സാരങ്ങളല്ലാത്ത പല പരിവര്‍ത്തനങ്ങള്‍ക്കും കാരണമാകുവാന്‍ ഭക്തിപ്രസ്ഥാനത്തിന് കഴിഞ്ഞു. ഇടുങ്ങിയ ജാതിവ്യവസ്ഥയുടെ നാലതിരുകളില്‍ കുടുങ്ങി ചേതന മരവിച്ചുപോയ കേരളീയ സമൂഹത്തെ പിടിച്ചുലയ്ക്കാന്‍ പ്രസ്ഥാനത്തിന് കഴിഞ്ഞു.വിപുലമായ സംസ്കൃത പാണ്ഡിത്യത്തില്‍ കൂടിയും വേദാന്തജ്ഞാനത്തില്‍ കൂടിയും മാത്രം പ്രാപ്യമാകുമായിരുന്ന ഈശ്വരബോധോദയം ഭക്തിയുടെ ലളിതമാര്‍ഗ്ഗത്തില്‍ കൂടി ലഭ്യമാക്കാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു.എഴുത്തച്ഛനും ശിഷ്യന്മാരും സ്ഥാപിച്ച ഗുരുമഠങ്ങളില്‍ പുതുതായി വിദ്യാഭ്യാസത്തിനെത്തിയ നായന്മാര്‍ ഇതോടെ കേരളീയ ജീവിതത്തിന്‍റെ ഉയര്‍ന്ന മേഖലയിലേക്ക് പ്രവേശിച്ചു. ഇതോടെ അവരുടെ ബുദ്ധിപരമായ ഊഷരാവസ്ഥ അവസാനിച്ചു.ജനതയെ ഉയര്‍ത്താന്‍ ഭക്തിപ്രസ്ഥാനത്തിന് കഴിഞ്ഞെങ്കിലും സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയിലെ പൊരുത്തക്കേടുകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുവാനോ മനുഷ്യയാതനകള്‍ക്ക് മൌലികമായ പരിഹാരം നിര്‍ദ്ദേശിക്കുവാനോ അതിന് കഴിഞ്ഞില്ല. ഫ്യൂഡല്‍ സ്വേച്ഛാധിപത്യത്തിനും പൌരോഹിത്യത്തിന്‍റെ അന്ധവിശ്വസങ്ങള്‍ക്കും എതിരായി ജനങ്ങളെ ഏകോപിപ്പിച്ച ഭക്തിപ്രസ്ഥാനം അയവില്ലാത്ത വിഭാഗീയതയില്‍ ചെന്നവസാനിച്ചതിന്‍റെ മുഖ്യകാരണവും ഇതായിരുന്നു.
പ്രഹ്ളാദ,ഫ്യൂഡല്‍ വ്യവസ്ഥയുടെ ചട്ടക്കൂട് പൊളിക്കാന്‍ ഭക്തിപ്രസ്ഥാനത്തിന് കഴിഞ്ഞില്ല എന്നു തന്നെ പറയാം. എന്നാല്‍ അതിനെ ഒരു പരിധിവരെ പുനഃസംവിധാനം ചെയ്യാന്‍ കഴിഞ്ഞു.കേരളത്തില്‍ ബ്രാഹ്മണമേധാവിത്തം എന്ന കേന്ദ്രീകരണ ഫ്യൂഡലിസം സവര്‍ണ്ണ മേധാവിത്തം എന്ന വികേന്ദ്രീകൃത രീതിയിലേക്ക് മാറി.നായര്‍ സമുദായത്തില്‍ നിന്ന് പല നാടുവാഴികളും പുതുതായി ഉയര്‍ന്നുവന്നു.നായര്‍ സ്ത്രീകളെ സംബന്ധം ചെയ്ത രാജാക്കന്മാര്‍ അവരുടെ കുടുംബക്കാര്‍ക്ക് രാജ്യഭാഗങ്ങള്‍ ചാര്‍ത്തിക്കൊടുക്കുകയും അവര്‍ കാലക്രമേണ ആ പ്രദേശത്തെ അധികാര ശക്തിയായി ഉയരുകയുമാണുണ്ടായത്.
പ്രഹ്ളാദ,ഇതോടെ പ്രാദേശിക ശക്തികള്‍ തമ്മിലുള്ള നിരന്തരപോരാട്ടവും ആരംഭിച്ചു.വിവിധ സമുദായങ്ങള്‍ തങ്ങളുടെ സ്വത്തുക്കള്‍ നികുതിയില്‍ നിന്നും ഒഴിവായി കിട്ടാനായി ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും നല്‍കിയിരുന്ന ഭൂമിയെല്ലാം ക്രമേണ നായരുടേതായി തീര്‍ന്നു.കേരളത്തിലെ പ്രധാന കാണാക്കുടിയാന്‍ വിഭാഗവും നാടുവാഴിത്ത വ്യവസ്ഥയുടെ നെടുംതൂണുമായി നായന്മാര്‍ മാറി. എന്നുമാത്രമല്ല, പുതുതായി വിദ്യഭ്യാസം നേടിയ നായര്‍ സമുദായം സാംസ്ക്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ തുടങ്ങി.
പ്രഹ്ളാദ,ഇതൊക്കെയുണ്ടെങ്കിലും കേരളത്തിലെ ഭരണവും മതവും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സമസ്യയായിരുന്നു.ആയിരക്കണക്കിന് ക്ഷേത്രങ്ങളും ദൈവങ്ങളും അവയ്ക്കായി ചിലവഴിക്കുന്ന സ്വത്തും ചേര്‍ന്ന ഒരു സമാന്തര സാമ്പത്തിക രംഗം ശക്തമായിരുന്നു.ഇന്നും ശക്തമാണുതാനും.അതിഥികള്‍,പ്രത്യേകിച്ചും ബ്രാഹ്മണര്‍ക്കായി ഊട്ടുപുരകള്‍ തയ്യാറാക്കി അവരെ സത്ക്കരിച്ച് ധര്‍മ്മസംസ്ഥാനം എന്ന പേര് നേടിയ ഇടമാണ് തിരുവിതാംകൂര്‍.രാജ്യത്ത് അദ്ധ്വാനിക്കുന്നവന്‍ പട്ടിണികിടന്ന് വിളയിച്ചെടുക്കുന്ന ഭക്ഷണം സുഖലോലുപരെ തീറ്റിമേയ്ക്കാന്‍ ചിലവിട്ട ഒരുതരം സംവിധാനം രാജ്യത്ത് നിലനിന്നിരുന്നു.
ഗുരോ,ഇന്നിപ്പോള്‍ നടക്കുന്ന സെമിനാറുകളും പഠനകളരികളുമൊക്കെ പുത്തന്‍ ബ്രാഹ്മണര്‍ക്കുള്ള സദ്യവട്ടമായി കണ്ടുകൂടെ.
പ്രഹ്ളാദ,വര്‍ത്തമാനകാല ചരിത്രം വിലയിരുത്താന്‍ എന്നെക്കാള്‍ മിടുക്കന്‍ നീയാണ്.അത് നീ തന്നെ നിര്‍വ്വഹിച്ചോളൂ.
പ്രഹ്ളാദന്‍ ചിരിച്ചു.
അന്ധവിശ്വാസികളായ സമൂഹത്തെ ആ ദൌര്‍ബ്ബല്യചങ്ങലയില്‍ കെട്ടിയിട്ട് എല്ലാ സുഖഭോഗങ്ങളും കൈക്കലാക്കി ആധിപത്യം നിലനിര്‍ത്താന്‍ കഴിയുന്ന തന്ത്രങ്ങളാണ് ബ്രാഹ്മണര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.അവര്‍ ദേവതുല്യരാണെന്നും അവര്‍ക്ക് നല്കുന്നതെന്തും പുണ്യകര്‍മ്മമായി മാറുമെന്നും ജനങ്ങള്‍ ധരിച്ചുവശായി.അതനുസരിച്ച് ജീവിക്കുകയും ചെയ്തു.എന്നാല്‍ ബ്രാഹ്മണസമുദായത്തില്‍ തികഞ്ഞ പുരുഷമേധാവിത്വവും നമ്പൂതിരിയുടെ അതിരില്ലാത്ത സ്വാര്‍ത്ഥവുമാണ് നിലനിന്നത്.നമ്പൂതിരിസ്ത്രീയുടെ ചാരിത്ര്യം പരപുരുഷന്‍റെ ദര്‍ശനത്താല്‍ പോലും കളങ്കപ്പെടുമെന്ന് അവര്‍ വിശ്വസിച്ചു.അടുത്ത ബന്ധുക്കളില്‍ നിന്നുപോലും നമ്പൂതിരി സ്ത്രീയെ അകറ്റി നിര്‍ത്തിയിരുന്നു.സഹോദരീസഹോദരന്മാരെപോലും ചെറുപ്പത്തിലേ പരസ്പ്പരം കാണാത്തമട്ടില്‍ വേര്‍തിരിച്ചു. അടുത്ത ക്ഷേത്രത്തിലോ മറ്റോ പോകുമ്പോള്‍ പോലും തുണിയില്‍ കെട്ടിപ്പൊതിഞ്ഞ് , വട്ടക്കുടകൊണ്ട് ദര്‍ശനം മറച്ച് മുമ്പില്‍ വൃഷളിയായി ഒരു നായര്‍ സ്ത്രീയെ അകമ്പടി നടത്തിയാണ് അവര്‍ പുറത്തിറങ്ങിയിരുന്നത്.ഒരു നമ്പൂതിരി സ്ത്രീ പിഴച്ചതായി കണ്ടാല്‍ അവളെ സ്മാര്‍ത്തവിചാരത്തിന് വിധേയയാക്കിയിരുന്നു.വൃഷളിയില്‍ നിന്നാണ് ആദ്യം കുറ്റാരോപണമുണ്ടാവുക.അതോടെ ബ്രാഹ്മണ സ്ത്രീയെ ഒരൊറ്റപ്പെട്ട വീട്ടിലാക്കി വൃഷളി കാവല്‍ നില്ക്കും.നാടുവാഴി സ്മാര്‍ത്തവിചാരത്തിന് അനുമതി നല്കണം എന്നുണ്ട്.കുറ്റാരോപണം ചെയ്യപ്പെട്ട നമ്പൂതിരി സ്ത്രീയെ സാധനം എന്നാണ് വിളിക്കുക.നാടുവാഴിയുടെ അനുമതി കിട്ടിക്കഴിഞ്ഞാല്‍ സ്മാര്‍ത്തനും മീമാംസകരും ചേര്‍ന്ന് സാധനത്തിന്‍റെ താമസസ്ഥലത്തെത്തി വൃഷളി വഴി ചോദ്യങ്ങള്‍ ആരംഭിക്കും.പിഴച്ചവളാണെന്ന് സംശയിക്കുന്നതിനാലാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നതെന്ന് അവര്‍    ആദ്യം സമ്മതിക്കണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിചാരണ നടക്കും.ഈ വിചാരണയിലൂടെ കുറ്റസമ്മതം ചെയ്യിക്കുകയാണ് പതിവ്.ഇതിന് വര്‍ഷങ്ങള്‍തന്നെയെടുക്കും.നമ്മുടെ കോടതിയിലെ കേസ്സുകള്‍പോലെ.വിചാരണ കഴിയുന്നതുവരെ സാധനത്തിന്‍റെ ഇല്ലക്കാര്‍ക്ക് മറ്റു നമ്പൂതിരിമാരോടൊപ്പം സ്ഥാനം അനുവദിക്കാറില്ല.ഈ ദഃസ്ഥിതിയില്‍ നിന്നും രക്ഷനേടാന്‍ സ്വന്തം ഇല്ലക്കാര്‍ തന്നെ കുറ്റസമ്മതത്തിന് നമ്പൂതിരി സ്ത്രീയെ പ്രേരിപ്പിക്കാറുണ്ട്.കുറ്റക്കാരിയല്ലെന്ന വിധിയും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്.കുറ്റക്കാരിയെന്ന് വിധിക്കപ്പെട്ടാല്‍ ഒരു നായര്‍ ചെന്ന് വട്ടക്കുട പിടിച്ചുവാങ്ങുകയും മറ്റെല്ലാവരും ചേര്‍ന്ന് അവളെ കൈകൊട്ടി പുറത്താക്കുകയും ചെയ്യും .അവളുടെ ഇല്ലക്കാര്‍ വിധിപ്രകാരമുള്ള പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ ചെയ്ത് സദ്യ നടത്തിക്കഴിഞ്ഞാല്‍ മറ്റു നമ്പൂതിരിമാരോടൊപ്പം അവകാശങ്ങള്‍ക്ക് അര്‍ഹരായിത്തീരും.പുറത്താക്കപ്പെട്ട നമ്പൂതിരി സ്ത്രീ അഗതിയായി അലഞ്ഞുതിരിയുകയും അന്യമതസ്ഥരായ താണജാതിക്കാര്‍ അവളെ വെപ്പാട്ടിയായി സ്വീകരിക്കുകയും ചെയ്തിരുന്നു
ക്രൂരമാണല്ലൊ ഗുരോ ഈ സമീപനം.
ക്രൂരമെന്ന് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തീരാത്ത നീചപ്രവര്‍ത്തിയാണ് പ്രഹ്ളാദ.അതേസമയം പുരുഷന്‍ സകല വൃത്തികേടുകളുടെയും കേദാരമായി മാറുകയും ചെയ്യുന്നു എന്നതാണ് ഈ കപട സദാചാരത്തിന്‍റെ മറ്റൊരു വശം.അഴിഞ്ഞ ലൈംഗിക ജീവിതമായിരിന്നു നമ്പൂതിരിയുടേത്.അമ്പലത്തില്‍ തൊഴില്‍ ചെയ്യുന്ന നായര്‍സ്ത്രീകളായിരുന്നു അവരുടെ ഇരകള്‍.ബ്രാഹ്മണന്‍റെ ഭോഗലാലസതകള്‍ക്ക് ഒരു വിസമ്മതവുമില്ലാതെ അവര്‍ വഴങ്ങിക്കൊടുത്തു.
അധികാരമുള്ളവന്‍ അടിമകളോട് കാട്ടുന്ന ദ്വിത്തമാണ് ഇതെന്ന് പറയാം- ല്ലെ ഗുരോ.
അതെ പ്രഹ്ളാദ,മാത്രമല്ല ഇക്കാലത്ത് നായര്‍ സമുദായത്തില്‍ സ്ത്രീകളും പുരുഷന്മാരെപ്പോലെ സ്വതന്ത്രകളുമായിരുന്നു.മരുമക്കത്തായം നിലനിന്ന കുടുംബങ്ങളില്‍ ലൈംഗിക ബന്ധം ആകെ കെട്ടഴിഞ്ഞൊരു സംവിധാനമായിരുന്നു.സംബന്ധവും സ്ത്രീ മേധാവിത്വവും മൂലം ചങ്ങലകളില്ലാത്ത ഒരു സ്വതന്ത്ര സമൂഹമായി അവര്‍ കഴിഞ്ഞു.ഇതിനൊരു മാറ്റമുണ്ടാകുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആദ്യകാലങ്ങളിലാണ്.നിയമപരമായ വിവാഹ രീതി മലബാറില്‍ ആരംഭിക്കുന്നതുതന്നെ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയാറിലാണ്.
ഗുരോ,നായന്മാരുടെ സ്ഥിതി ഇതായിരുന്നെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥയോ
പ്രഹ്ളാദ,അത് പറയാതിരിക്കയാണ് ഭേദം.ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വളരെയധികമായിരുന്നു.ജാതിമര്‍ദ്ദനമാണെങ്കില്‍ ചിന്താധീനവും.പൊതു നിരത്തുകളിലൂടെ നടക്കുവാന്‍ അവര്‍ണ്ണനെ അനുവദിച്ചിരുന്നില്ല.ഒരു നായരെ അയിത്തമാക്കുന്നത്ര ദൂരത്തില്‍ കൂടി ഒരു അവര്‍ണ്ണന്‍ സഞ്ചരിച്ചാല്‍ അവനെ ഉടന്‍ വെട്ടിനുറുക്കിയിരുന്നു.അവര്‍ണ്ണരെ തിരിച്ചറിയാനായി അരയ്ക്ക് മേല്‍ വസ്ത്രവും വിലപിടിച്ച ആഭരണങ്ങളും അവര്‍ക്ക് നിഷിദ്ധമാക്കിയിരുന്നു.ശക്തിയായി മഴപെയ്യുമ്പോള്‍ പോലും ബ്രാഹ്മണനൊഴികെ മറ്റെല്ലാ ജാതിക്കാരും പൊതുആഘോഷങ്ങളില്‍ കുട ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.ഉയര്‍ന്ന ജാതിക്കാരോട് ബഹുമാനം കാട്ടാനായി താണജാതിയിലെ സ്ത്രീകള്‍ മാറുമറക്കുന്ന വസ്ത്രം എടുത്ത് മാറ്റണമായിരുന്നു.
വല്ലാത്ത നിയമങ്ങള്‍ തന്നെ ഗുരോ
ഒരു സ്വേച്ഛാധിപത്യ സമൂഹത്തില്‍ നിന്നും ഇതിലധികമൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല പ്രഹ്ളാദ.എന്നുമാത്രമല്ല താണജാതിക്കാര്‍ പോലും ദേശവ്യത്യാസമനുസരിച്ച് പരസ്പ്പരം അനിഷ്ടം കാട്ടിയിരുന്നു എന്നതാണ് സത്യം.താണജാതികളില്‍ മുന്നിട്ടുനിന്ന ഈഴവരില്‍ തന്നെ തീയ്യന്‍,ചോവന്‍ എന്നൊക്കെ പ്രാദേശിക പേരുകള്‍ നിലനിന്നിരുന്നു. മലബാറിലെ തീയ്യര്‍ക്ക് ഈഴവരോട് പുച്ഛമായിരുന്നു.എന്നാല്‍ സാമൂതിരി,ബ്രാഹ്മമ ജന്മി,നായര്‍ ജന്മി എന്നിവരില്‍ നിന്നും ഭൂമി പാട്ടത്തിന് കിട്ടാന്‍ ഈഴവ എന്ന് പേരിനൊപ്പം ചേര്‍ക്കണ്ട സാഹചര്യവും നിലനിന്നിരുന്നു.തീയ്യര്‍ അതംഗീകരിക്കേണ്ടതായി വന്നു. തിരുവിതാംകൂറില്‍ കീഴ്ക്കുടിയാന്മാരായിരുന്ന ഈഴവര്‍ക്ക് പാട്ടകൃഷിയില്‍ നിന്നും കാര്യമായൊന്നും കിട്ടിയില്ലെങ്കിലും അവര്‍ കൃഷി തുടര്‍ന്നു.പുലയരെ കന്നുകാലികളേക്കാള്‍ നീചമായ നിലയിലാണ് കാണുകയും പെരുമാറുകയും ചെയ്തിരുന്നത്.ഉടമസ്ഥരായ ജന്മിമാര്‍ ഇവരെ അടിക്കുകയും ബന്ധനത്തിലിടുകയും അംഗഭംഗം വരുത്തുകയും ചിലപ്പോള്‍ കൊല്ലുകയും ചെയ്തിരുന്നു.പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യകാലത്ത് പോലും ജീവന്‍ നിലനില്ക്കാനുള്ള ഭക്ഷണമെ ഇവര്‍ക്ക് നല്കിയിരുന്നുള്ളു.ദിവസക്കൂലി മൂന്നും നാലും പൈസയായിരുന്നു.മറ്റു കൂലിക്കാര്‍ക്ക് ഒരണയില് അധികവും ആശാരിമാര്‍ക്കും മറ്റ് കൈത്തൊഴിലാളികള്‍ക്കും രണ്ടണയും മൂന്നു പൈസയും ചേര്‍ന്ന നാലുചക്രവും കൂലി ലഭിച്ചിരുന്നു.പുലയര്‍ക്ക് കൂലി ധാന്യമായാണ് നല്കിയിരുന്നത്.
ശരിക്കും ഭയം തോന്നുന്ന അവസ്ഥ
അതെ പ്രഹ്ളാദ,അവരില്‍ ഒരാളായി നിന്ന് ചിന്തിച്ചാല്‍ ആ നിസ്സഹായാവസ്ഥ നമ്മെ ഭയപ്പെടുത്തും.എന്നാല്‍ പുലയര്‍ കെട്ടുറപ്പുള്ള കുടുംബരീതി നിലനിര്‍ത്തിയിരുന്നു.ബഹുഭര്‍തൃത്വം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ ഈ പാണ്ഡവാചാരം ഈഴവരിലും കമ്മാളരിലും സാധാരണമായിരുന്നു. മൂത്ത സഹോദരനാണ് വിവാഹം കഴിക്കുക.വരന്‍റെ സഹോദരി വധുവിന് പുടവ കൊടുക്കും.ആ പുടവ ഉടുത്തു വരുന്ന വധുവിനെ വരന്‍ താലികെട്ടി സ്വീകരിക്കും.പ്രഹ്ളാദ,ഇതിനുമുന്‍പ് വിവാഹപ്രായമാകും മുന്‍പുള്ള താലികെട്ട് എന്ന ആചാരം ആഘോഷപൂര്‍വ്വം നടത്തിയിരുന്നു.വന്‍തുക ചിലവാക്കിയാണ് താലികെട്ട് നടത്തിയിരുന്നത്.പെണ്‍കുട്ടികള്‍ തിരളും മുന്‍പാണ് ഈ ചടങ്ങ്.താലികെട്ടിനു മുന്‍പ് തിരണ്ടാല്‍ നാണക്കേടാവും എന്നതുകൊണ്ട് കൈക്കുഞ്ഞുങ്ങളെ പോലും പിടിച്ച് കെട്ടിക്കുമായിരുന്നു.മച്ചമ്പിയാണ് മാപ്പിളയായി പരുക.മുഹൂര്‍ത്തത്തിന്‍റെ തലേദിവസം വൈകിട്ട് കലതിക്കല്യാണമുണ്ട്.അന്ന് പെണ്‍കുട്ടികളെ കുളിപ്പിച്ച് അണിയിച്ച് പന്തലില്‍ കൊണ്ടുവരും.ആറ് കൂമ്പുള്ള അരഞ്ഞാണമിട്ടാണ് കലതിക്കുളിക്ക് പോവുക.കുളികഴിഞ്ഞുവന്നാല്‍ തെക്ക് വടക്ക് ഒരുവരിയായി പന്തലിന്‍റെ പടിഞ്ഞാറെ അറ്റത്ത് പലകയിട്ട്, പുടവ വിരിച്ച് പെണ്‍കുട്ടികളെ നിരത്തിയിരുത്തും.കന്നുമ്മ പന്തലില്‍ ഒരു പീഠത്തില്‍ പച്ചരി,കരിക്ക്,കവുങ്ങും പൂക്കുല,വിളക്ക് എന്നിവ ഒരുക്കി വയ്ക്കും.രാത്രി ഏഴെട്ട് നാഴികയാവുമ്പോള്‍ വാത്തിച്ചി അമ്മാനയാടി പാട്ടുതുടങ്ങും.രുഗ്മിണീ സ്വയംവരവും സുന്ദരീ സ്വയംവരവും ഒക്കെയാണ് പാടുക.വെളുക്കുവോളം പാട്ട് തുടരും.വാത്തിച്ചി ഒടുവില്‍ ഒരു പൊലിപ്പാട്ട് പാടും.പൊലിവ് വാത്തിച്ചിക്ക് സ്വന്തമാണ്,പുറമെ പല വിധ സമ്മാനങ്ങളും.

പെണ്ണുകെട്ടിനുള്ള മാപ്പിളവരവും വലിയ ഘോഷമായിട്ടാണ് നടത്തിയിരുന്നത്.മുഖം മിനുക്കി,മന്ത്രകോടിയും കഴുത്തില്‍ ചുറ്റി, ഐവര്‍കളിക്കാരുടെ വേഷത്തില്‍,ദൂരെ ഒരു വീട്ടില്‍ നിന്നാകും പുറപ്പെട്ടു വരുക.ധനാഢ്യരാണെങ്കില്‍ ആനപ്പുറത്തും കുതിരപ്പുറത്തുമൊക്കെ വരാറുണ്ട്.മണവാളന്മാര്‍ പന്തല്‍വാതുക്കല്‍ വന്നുനില്ക്കും.വര്യോല നോക്കി അവരെ അകത്തേക്ക് പ്രവേശിപ്പിക്കും.ആള് മാറിപ്പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.മാപ്പിള വരാറാകുമ്പോള്‍ പെണ്‍കുട്ടികള്‍ വെറ്റകൊണ്ട് മുഖം പൊത്തി ശങ്കിച്ചു നില്ക്കണം.ഇതിനുള്ള നിര്‍ദ്ദേശം നേരത്തെ നല്കും.ഓരോ പെണ്‍കുട്ടിയുടെ മുന്നിലും ഒരു ചങ്ങലവിളക്കുണ്ടാകും.മണവാളന്‍ പെണ്ണിന്‍റെ വലതുവശത്താണ് ഇരിക്കുക.മാപ്പിളമാരെ നിരത്തിയശേഷം അഷ്ടമംഗല്യത്തില്‍ നിന്നും ചരടും നിരത്തും.ഒരു മിന്നിന് പതിനൊന്ന് ചക്രമാണ് തട്ടാന് നല്കുക.മുഹൂര്‍ത്തമായി എന്ന് കണിയാന്‍ അറിയിക്കുന്നതോടെ താലികെട്ട് നടക്കും.കെട്ടുകഴിഞ്ഞാല്‍ മണവറ വാതില്‍പോക്കും വാതില്‍തുറപ്പാട്ടുമുണ്ടാവും.മണവാളന്മാര്‍ അമ്മാവിച്ചോറുണ്ട് നാലുദിവസം മണവറയില്‍ ഇരിക്കും.ആ ദിവസങ്ങളില്‍ ഗംഭീരസദ്യയുമുണ്ടാകും.അയണിവയ്പ്പും മുട്ടിച്ചക്കര ഉടുപ്പും നെയ്യാണ്ടിക്കളിയും ഒക്കെ ഈ ദിവസങ്ങളില്‍ നടന്നിരുന്നു.രാത്രിയില്‍ കഥകളിയുമുണ്ടാകും.നാലാം ദിവസമാണ് നീരാട്ട്. അതോടെ ചടങ്ങുകള്‍ അവസാനിക്കും.മണവാളന്മാര്‍ക്ക് വേഷം കെട്ടിയതിന്‍റെ കൂലി കിട്ടുക അന്നാണ്.രണ്ട് ചക്രവും ഒരു അമ്പലപ്പുഴ കോണകവുമാണ് കൂലിയായി കിട്ടുക.മന്ത്രകോടി തിരികെ കൊടുത്ത് അതോടെ അവന്‍ യാത്രയാകും.

1 അഭിപ്രായം:

  1. അപ്രിയ സത്യങ്ങളും അർദ്ധ സത്യങ്ങളും നിറഞ്ഞ് നിൽക്കുന്ന ഒരു കൃതി എന്ന് വിശേഷിപ്പിക്കാം

    മറുപടിഇല്ലാതാക്കൂ