2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-21-തനിയാവര്‍ത്തനങ്ങള്‍

ഇരുപത്തിയൊന്ന്

തനിയാവര്‍ത്തനങ്ങള്‍

പ്രഹാളാദ,ഇനി നമുക്ക് ആയ് രാജ്യത്തിന്‍റെ കഥ നോക്കാം. അറുനൂറ്റി എണ്‍പതിലാണ് ആയ് രാജ്യം കേരള രാജാക്കന്മാരില്‍ നിന്നും സ്വതന്ത്രയായത്. എന്നാല്‍ അറുനൂറ്റി തൊണ്ണൂറ്റിയഞ്ചില്‍ പാണ്ഡ്യര്‍ ആയ് രാജ്യത്തിനെ ആക്രമിച്ചു. മാമലര്‍ അയിനെ അരി കേസരി മാറവര്‍മ്മന്‍ മരുതൂരില്‍ വച്ചാണ് തോല്‍പ്പിച്ചത്. അനേക തലമുറ നീണ്ട യുദ്ധങ്ങള്‍ക്കൊടുവില്‍ എഴുനൂറ്റി എണ്‍പത്തിയെട്ടില്‍ പാണ്ഡ്യരാജാവായ നെടുംചടയന്‍ അരുവിയൂര്‍ കോട്ട പിടിച്ചു. എന്നിട്ടും ആയ് രാജ്യം കീഴടങ്ങാതെ പൊരുതി നിന്നു.എന്നാല്‍ എണ്ണൂറ്റി പത്തില്‍ പാണ്ഡ്യ രാജാവായ വരശുന്ന മഹാരാജ ആയ് രാജ്യം ആക്രമിച്ച് ചടയന്‍ കരനന്ദനെ തോല്പ്പിച്ച് തലസ്ഥാനമായ വിഴിഞ്ഞം കീഴടക്കി. കരനന്ദനന് താമസിയാതെ വിഴിഞ്ഞം വീണ്ടെടുത്തെങ്കിലും ശ്രീരാമ ശ്രീവല്ലഭന്‍ എന്ന പാണ്ഡ്യ രാജാവ് എണ്ണൂറ്റി ഇരുപത്തിനാലില്‍ വീണ്ടും ആയ് രാജ്യത്തെ ആക്രമിച്ചു. കുറച്ച് ക്ഷീണം തട്ടിയെങ്കിലും എണ്ണൂറ്റി മുപ്പതോടെ ആയ് രാജ്യം വീണ്ടും പുഷ്ടിപ്പെട്ടു. പാണ്ഡ്യന്മാര്‍ വേണാടിനെയും നോട്ടമിട്ടിരുന്നതിനാല്‍ ഭദ്രമായ തലസ്ഥാനം വേണമെന്ന കണക്കുകൂട്ടലിലാണ് ഉദയമാര്‍ത്താണ്ഡ വര്‍മ്മന്‍ എന്ന വേണാട് രാജാവ് ജോതിഷയോഗ പ്രകാരം കൊല്ലം സ്ഥാപിച്ചത്. ആദ്യം അത്ര ശ്രദ്ധേയമായ കാര്യമായില്ല അത് എങ്കിലും പതിനൊന്നാം നൂറ്റാണ്ടില്‍ വേണാട്ടു രാജാക്കന്മാര്‍ പ്രബലരായപ്പോള്‍ കൊല്ല വര്‍ഷത്തിനും പ്രാധാന്യം വര്‍ദ്ധിച്ചു.
എണ്ണൂറ്റി നാല്പ്പത്തി നാലില്‍ അറബി സഞ്ചാരി ഇബ്ന് ഖുര്‍ ദാധ്ബെ ,എണ്ണൂറ്റി എഴുപത്തിയഞ്ചില്‍ യാക്കൂബി, തൊള്ളായിരത്തി രണ്ടില്‍ ഈബ്നുല്‍ ഫക്കി ,തൊള്ളായിരത്തി മൂന്നില്‍ ഇബ്ന്റുസ്ത,തൊള്ളായിരത്തി അന്‍പതില്‍ അബുസെയ്ദ് എന്നിവര്‍ ആയ് രാജ്യം സന്ദര്‍ശിക്കയുണ്ടായി. എണ്ണൂറ്റി അറുപത്തിയേഴില്‍ അധികാരമേറ്റ കരുനന്ദടക്കന്‍റെ കാലം വടക്ക് തൃപ്പാപ്പൂര്‍ മുതല്‍ തെക്ക് കന്യാകുമാരി വരെ അദ്ദേഹം അടക്കി ഭരിച്ചു. ശ്രീ വല്ലഭന്‍  എന്നും കരനന്ദടക്കന് പേരുണ്ടായിരുന്നു. അദ്ദേഹം പാര്‍ത്ഥിവ ശേഖരപുരം വിഷണു ക്ഷേത്രം നിര്‍മ്മിക്കുകയും അവിടെ തൊണ്ണൂറ്റിയഞ്ച് ചട്ടന്മാര്‍ക്ക് വേദാധ്യയനത്തിനും ആയുധ പരിശീലനത്തിനും ഏര്‍പ്പാടാക്കുകയും ചെയ്തു. തുടര്‍ന്നുവന്ന വിക്രമാദിത്യ വരഗുണന്‍റെ കാലത്ത ചോളന്മാര്‍ ആയ് നാട് ആക്രമിച്ചു. അവര്‍ നാഞ്ചിനാട് കൈവശപ്പെടുത്തുകയും ചെയ്തു. തിരുമൂല പാദം എന്ന ബുദ്ധവിഹാരത്തിന് ധാരാളം ഭൂസ്വത്ത് വരഗുണന‍്‍ ദാനമായി നല്കിയിരുന്നു. അദ്ദേഹത്തിന്‍റെ ഭരണകാലത്താണ് ആയ് രാജ്യത്തിന്‍റെ സ്വതന്ത്ര പദവി അസ്തമിച്ചതും.
    പ്രഹ്ളാദ,നീ വിചാരിക്കുന്നുണ്ടാകും നിന്‍റെ മുന്‍ഗാമികളുടെ കഥ പറയാതെ ഈ രാജാക്കന്മാരുടെ കഥ എന്തിനാണ് നിന്നോടു പറയുന്നതെന്ന്”, ഗുരു തുടര്‍ന്നു, ചരിത്രം എപ്പോഴും ഭരണാധികാരികളെയും അവരുടെ ശത്രുക്കളെയും ചുറ്റിപ്പറ്റിയാണ് വളരുക.അവിടെ ഒരു പട്ടാളമേധാവിക്കോ കലാകാരനോ വേണ്ടത്ര പ്രസക്തിയില്ല. എന്നുമാത്രമല്ല,അത് തലമുറകളുടെ ജീവിതത്തിന്‍റെ തനിയാവര്‍ത്തനവുമാണ്. രാജാക്കന്മാരുടെ യുദ്ധങ്ങളും സുഖലോലുപതയുമൊക്കെ തന്നെ ഒരു തരം ആവര്‍ത്തനമാണ്. അതുകൊണ്ടാണ് അവയ്ക്ക് പോലും വിശദീകരണം ആവശ്യമാകാത്തത്.
ഈ ചരിത്രകേള്‍വിക്കിടയില്‍ ഞാന്‍ അവരെ കാണുന്നുണ്ട് ഗുരോ”, പ്രഹ്ളാദന്‍ പറഞ്ഞു.
ഗംഗാരാജാവായ ദുര്‍വിനീതന്‍റെ കാലത്ത് കൊങ്ങു നാട്ടിലെ മലൈനാട് ,ചേരന്മാരുടെ ആധിപത്യത്തില്‍ നിന്നും വിട്ടുപോയി, പാണ്ഡ്യന്മാരുടെ അധീനതയിലായി. പിന്നീട് ചേരന്മാര്‍ തിരികെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പത്താം നൂറ്റാണ്ടില്‍ കോയമ്പത്തൂര്‍ ജില്ലയുടെ ചില ഭാഗങ്ങള്‍ തിരികെ കിട്ടി. അവിടെ കൊങ്ങുചേരന്മാര്‍ ഭരണം നടത്തി. ഇത്രയും പറഞ്ഞ് ഗുരു ചിരിച്ചു.
ഇതാണ് പ്രഹ്ളാദ,അധികാരത്തിന്‍റെ ഒരു ലഹരി.ആഗ്രഹിച്ചതെല്ലാം കിട്ടിയില്ലെങ്കില്‍ ഉള്ളതെങ്കിലും മതി,ഭരണം നടത്താന്‍ കുറച്ചു ജനത്തെ കിട്ടണം എന്നുമാത്രം
എണ്ണൂറ്റി തൊണ്ണൂറ്റിയാറില്‍ കൊങ്ങുദേശക്കാരായ ചില കച്ചവടക്കാര്‍ ചേരരാജ്യത്തേക്ക് വ്യാപാരസാമഗ്രികളുമായി പോരുമ്പോള്‍ തദ്ദേശീയര്‍ അവരെ കവര്‍ച്ച ചെയ്തു.തുടര്‍ന്ന് വാളയാര്‍ വച്ച് ഇരുരാജ്യക്കാരും ഏറ്റുമുട്ടി.അതില്‍ ചേരന്മാര്‍ ജയിച്ചു. എന്നാല്‍ പാലക്കാട് ചുരം വഴിയും അമരാവതി വഴിയും പലവട്ടം കൊങ്ങുദേശക്കാര്‍ ആക്രമണം തുടര്‍ന്നു. കോതരവിയുടെ കാലത്ത് കൊങ്ങന്‍ പട കേരളത്തെ ആക്രമിച്ചു. എന്നാല്‍ പാലക്കാട്,വള്ളുവനാട്,കോഴിക്കോട് നാടുവാഴികളുടെ സഹായത്തോടെ കേരളരാജാവ് കൊങ്ങന്‍ പടയെ തിരിച്ചോടിച്ചു. തൊള്ളായിരത്തി പത്തില്‍ ഗംഗന്മാരും ചേരന്മാരും തമ്മിലും യുദ്ധം നടന്നു. അവിടെയും വിജയം ചേരന്മാര്‍ക്കായിരുന്നു. അതോടെ കൊങ്ങുനാട്ടിലെ ചില പ്രദേശങ്ങളില്‍ ചേരന്മാര്‍ക്ക് ആധിപത്യം ലഭിച്ചു. കൊങ്ങുചേരര്‍ കുലശേഖരന്മാര്‍ എന്ന ബിരുദവും ഉപയോഗിച്ചിരുന്നു. കോയമ്പത്തൂരും പരിസരങ്ങളും ഇവരുടെ അധീനതയിലായിരുന്നു. അവിടം വീരകേരളനല്ലൂര്‍ എന്ന് അറിയപ്പെട്ടിരുന്നു. വീരകേരളന്‍ എന്ന കൊങ്ങുരാജാവിനെ രാജാധിരാജന്‍ എന്ന ചോളരാജാവ് തോല്പ്പിക്കുകയും ആനയെക്കൊണ്ട് ചവിട്ടിച്ച് കൊല്ലുകയും ചെയ്തത് മറ്റൊരു ക്രൂരതയായിരുന്നു. അതോടെ ഒരു നൂറ്റാണ്ടു നീണ്ട കൊങ്ങു ഭരണം അവസാനിച്ചു.
ഏഴാം നൂറ്റാണ്ടില്‍ പല്ലവരും കദംബരും ചാലൂക്യരും പാണ്ഡ്യരും ചേരന്മാരും പ്രതാപശാലികളായെങ്കില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ഈ ശക്തികള്‍ ക്ഷയിക്കുകയും ചോളന്മാര്‍ പ്രബലരാവുകയും ചെയ്തു. ചേരന്മാര്‍ ദുര്‍ബലരായപ്പോള്‍ സാമന്തമുഖ്യന്മാര്‍ സ്വതന്ത്ര ഭരണാധികാരികളെ പോലെ പെരുമാറാന്‍ തുടങ്ങി.ഇത് മനസ്സിലാക്കിയ കുലശേഖര ആഴ്വര്‍ മുഖ്യന്മാര്‍ക്ക് വ്യവസ്ഥാപിത രീതിയില്‍ ചില അധികാരങ്ങള്‍ നല്കി ശിഥിലീകരണ പ്രവണത തടഞ്ഞു. അഞ്ച് ക്ഷത്രിയ കുടുംബങ്ങള്‍ക്കും എട്ട് സാമന്തന്മാര്‍ക്കും കുലശേഖരന്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങള്‍ പങ്കിട്ടുകൊടുത്തു. കുലശേഖരന് ശേഷം കേന്ദ്ര ഭരണം വീണ്ടും ദുര്‍ബ്ബലമായി. എട്ടാം നൂറ്റാണ്ടിന്‍റെ പ്രഥമാര്‍ദ്ധത്തില്‍ കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ പതിനേഴ് നാടുകളായി കേരളത്തെ പകുത്തു. അല്പ്പം ചില കാര്യങ്ങള്‍ കേന്ദ്ര ഭരണത്തില്‍ നിര്‍ത്തി മറ്റെല്ലാം മുഖ്യന്മാരെ ഏല്പ്പിച്ചു. കോയിലധികാരി സ്ഥാനം രാജാവ് നിലനിര്‍ത്തി. രാജ്യരക്ഷയ്ക്ക് ഭടന്മാരെ നിര്‍ത്തുന്ന അധികാരം പോലും ഉപേക്ഷിച്ചു. പകരം ഓരോ മുഖ്യനും ക്ലിപ്തസംഖ്യ യോദ്ധാക്കളെ പരിശീലിപ്പിച്ചു നിര്‍ത്താന്‍ വ്യവസ്ഥ ചെയ്തു.രാജ്യരക്ഷ അപകടത്തിലായാല്‍ നിശ്ചിതഭടന്മാരെ അവര്‍ അയയ്ക്കണം എന്നായിരുന്നു നിയമം.
വേണാടു മുഖ്യനായ അയ്യനടികള്‍ തിരുവടി, തരിസാപ്പള്ളിക്ക് പലവിധ അവകാശങ്ങളോടുകൂടി ഭൂമി ദാനാധാരം ചെയ്ത് കൊടുക്കുകയും പള്ളിക്കാര്‍ക്ക് രാജകീയ പ്രഭാവങ്ങള്‍ക്ക് തുല്യമായ എഴുപത്തിരണ്ട് വിടുപേറ് അനുവദിച്ചു കൊടുക്കുകയും ചെയ്തത് കൃസ്തുമത പ്രചരണത്തിന് ആക്കം കൂട്ടി. അങ്ങിനെ ദാനം ചെയ്യാനുള്ള ആഭ്യന്തര സ്വയം ഭരണാവകാശം വേണാട് മുഖ്യനുണ്ടായിരുന്നു. ദുര്‍ബ്ബലരായ രാജാക്കന്മാരുടെ അപ്രാപ്തി കാരണമാണ് പ്രഹ്ളാദ,നാടിന് ശിഥിലീകരണമുണ്ടായത്. തരിസാപ്പള്ളിക്ക് അധികാര അവകാശങ്ങള്‍ നീര്‍ വാര്‍ത്ത് നല്കിയപ്പോള്‍ രാജാവിന്‍റെ പ്രതിനിധിയായി കോയിലധികാരികളും ഇളംകൂര്‍ രാജാവും സന്നിഹിതനായിരുന്നു. മണിഗ്രാമം,അഞ്ചുവണ്ണം എന്നീ വാണിജ്യ സംഘടനകള്‍ക്കും പലവിധ അധികാര അവകാശങ്ങള്‍ നല്കിയിരുന്നു.
ചേരമാന്‍ ഏര്‍പ്പെടുത്തിയ ഈ വ്യവസ്ഥ കുലശേഖരന്മാരുടെ കാലത്തും തുടര്‍ന്നു. അവര്‍ പ്രബലരായപ്പോള്‍ മുഖ്യന്മാരെ നിശ്ചയിക്കാനുള്ള അധികാരം രാജാവില്‍ നിക്ഷിപ്തമായി. പക്ഷെ,സാധാരണ ഗതിയില്‍ പാരമ്പര്യ വഴിക്കാണ് മുഖ്യന്മാര്‍ സ്ഥാനാരോഹണം ചെയ്തിരുന്നത്. ഇവരെ ഉടയവര്‍ എന്ന് വിളിച്ചുവന്നു. പിന്നീടാണ് നാടുവാഴികളായി മാറിയത്. പതിനൊന്നാം നൂറ്റാണ്ടിലെ ചേര-ചോള യുദ്ധത്തോടെ കേന്ദ്രഭരണം കൂടുതല്‍ ദുര്‍ബ്ബലമായി. അതോടെ നാടുവാഴികള്‍ തികച്ചും സ്വതന്ത്രരായി. പതിനേഴ് സ്വരൂപികള്‍ ഭരിക്കുന്ന നാടുകളായി കേരളം പിരിഞ്ഞു. കൂട്ടത്തില്‍ പ്രമാണി വേണാട് നാടുവാഴിയായി. ഇവര്‍ രാജാക്കന്മാരായി അറിയപ്പെട്ടു തുടങ്ങി. വേണാട് രാജാവ് ചോളന്മാരെ കേരളത്തില്‍ നിന്നും തുരത്തി. കുലശേഖരന്മാരുടെ കാലത്തെ സ്ഥിരം പട്ടാളം എന്ന കേന്ദ്രീകൃതരീതി മാറി കേന്ദ്രഭരണമില്ലാത്ത സ്ഥിതി വന്നുചേര്‍ന്നു.

പ്രഹ്ളാദ,നിന്‍റെ രക്തത്തിലുള്ളവര്‍ പോരാട്ടങ്ങളില്‍ എന്നും മുന്നില്‍ തന്നെയുണ്ടായിരുന്നു. അവരില്‍ കലാകാരന്മാരെയും ഞാന്‍ തിരിച്ചറിയുന്നു. വീണ്ടും ചില പഴയ കാഴ്ചകള്‍ മങ്ങല്‍ മാറി മുന്നില്‍ തെളിയുന്നുണ്ട് പ്രഹ്ളാദ. പരശു രാമന്‍റെ കാലത്ത് നമ്പൂതിരിമാര്‍ വന്ന കഥ ഞാന്‍ പറഞ്ഞത് നീ ഓര്‍ക്കുന്നുണ്ടാകുമല്ലോ. നാലാം നൂറ്റാണ്ടിലാണ് നമ്പൂതിരിമാര്‍ പയ്യന്നൂര്‍,പെരിഞ്ചെല്ലൂര്‍,ഈശാനമംഗലം,തൃപ്പനഞ്ചി,കരിക്കാട്,ആലത്തൂര്‍,പന്നിയൂര്‍,ശുകപുരം,തൃശിവപേരൂര്‍,പെരുവനം,ചെമ്മണ്ട,ഇരിങ്ങാലക്കുട,ആവട്ടിപുത്തൂര്‍,അടൂര്‍,കുഴൂര്‍,ഐരാണിക്കുളം,മൂഴിക്കുളം,ചെക്കുമനാട്,തഴുതനാട്,പറവൂര്‍,ഉളിയന്നൂര്‍,ഇളിഭ്യം,കാടുകുറ്റി,ഏറ്റുമാനൂര്‍,കിടങ്ങൂര്‍,കുമാരനല്ലൂര്‍,തിരുവല്ല,കവിയൂര്‍,ചെങ്ങന്നൂര്‍,ആറന്മുള,വെണ്‍മണി,നീര്‍മണ്ണ എന്നീ മുപ്പത്തിരണ്ട് ഗ്രാമങ്ങളിലായി താമസമാക്കിയത്. ഈ ഗ്രാമങ്ങളെ നാല് കഴകങ്ങളായി തിരിച്ചിരുന്നു.പയ്യന്നൂര്‍,പന്നിയൂര്‍,പറവൂര്‍,ചെങ്ങന്നൂര്‍ എന്നിവയായിരുന്നു കഴകങ്ങള്‍. ചന്ദ്രഗിരിപുഴ വരെയായിരുന്നു പയ്യന്നൂര്‍ കഴകം.തുടര്‍ന്ന് കോരപ്പുഴ വരെ പന്നിയൂര്‍ കഴകവും കരവന്നൂര്‍ പുഴ മുതല്‍ കുമാരനല്ലൂര്‍ പുഴ വരെ പറവൂര്‍ കഴകവും കുമാരനല്ലൂര്‍ പുഴ മുതല്‍ കന്യാകുമാരി വരെ ചെങ്ങന്നൂര്‍ കഴകവുമായിരുന്നു. പാലം വരും മുന്‍പ് ഓരോ പുഴയും ഒരതിര്‍ത്തിയായിരുന്നല്ലോ പ്രഹ്ളാദ.ഈ കഴകങ്ങള്‍ ആഭ്യന്തര കാര്യങ്ങള്‍ ചിട്ടയോടെ നടത്തിവന്നു. പന്തീരാണ്ട് കൂടുമ്പോള്‍ ഗ്രാമ പൊതുസഭ കൂടി സമുദായ കാര്യങ്ങള്‍ പര്യാലോചിച്ചിരുന്നു. ജൈന-ബൌദ്ധ പ്രൌഢകാലത്ത് രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ ഇടപെട്ടില്ല. അവര്‍ക്കതിന് കഴിയുകയുമില്ലായിരുന്നു.നിന്‍റെ കുലത്തിലെ കൃതിവര്‍ണ്ണന്‍റെ പ്രധാന വിനോദം നമ്പൂതിരിമാരെ തര്‍ക്കത്തില്‍ തോല്പ്പിക്കയായിരുന്നു. പിന്നെ അധികകാലം കഴിയും മുന്‍പെ പിന്‍തലമുറയ്ക്ക് അവരുടെ അടിമകളാകേണ്ടി വന്നു എന്നത് മറ്റൊരു വ്യവസ്ഥ.സംഘടിത സമുദായം എന്ന നിലയില്‍ നമ്പൂതിരിമാരുടെ രാഷ്ട്രീയാഭിപ്രായവും സംഘടിതമായിരുന്നു.  

1 അഭിപ്രായം:

  1. മുകളില ലേഖനത്തിൽ ആദി കാല ബ്രാഹ്മണ കഴകങ്ങളെക്കുറിച്ചു ചൂണ്ടിയതിൽ ഒരു സംശയം ചോദിക്കുവാനുണ്ട്. പഴയ കേരളോൽപ്പത്തികളിൽ നാലു കഴകങ്ങളെക്കുറിച്ചു പറയുന്നിടത്ത് - പയ്യന്നൂർ, പെരിഞ്ചെല്ലൂർ, പറപ്പൂർ, ചെങ്ങന്നിയൂർ എന്നും പിന്നീട് പയ്യന്നൂർ ഒഴിവാക്കുകയും പന്നിയൂർ കടന്നുവരുകയും ചെയ്യുന്നതും അതിനു ശേഷം പറപ്പൂർ എന്നതിനു പകരം പറവൂർ എന്നായി മാറുന്നതും കാണുന്നു. എന്തായിരിക്കാം പൂർവ്വാധുനീക കാലഘട്ടത്തിനു മുമ്പ് ഇത്തരത്തിലൊരു പരിവർത്തനം കാണുന്നത്?

    ഇവിടെ തൃശ്ശൂർ പട്ടണത്തിനു പടിഞ്ഞാറു ഭാഗത്ത് പറപ്പൂർ എന്ന കരയും അവിടെ പെരിഞ്ചാല ശിവ ക്ഷത്രവും നിലനിൽക്കുന്നുണ്ട്. എന്നാൽ ബ്രാഹ്മണ കുടുംബങ്ങളെ കാണുവാനും കഴിയുന്നില്ല. ഈ ക്ഷേത്രത്തിൽ ശൈവ-വൈഷ്ണവ സങ്കല്പവും പ്രതിഷ്ഠകളും കാണാം. അതായത് ഏതോ അജ്ഞാത കാരണവശാൽ ബ്രാഹ്മണർ ഈ പ്രദേശം വിട്ട് പലായനം ചെയ്തരിക്കാം. അതിനു കാരണം കുറുമത്സരമായിരിക്കാൻ സാധ്യത തള്ളിക്കളയുവാൻ കഴിയുമൊ?

    വിശദമായതും വിശ്വസനീയമായതും ആയ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. മുകുന്ദൻ കുറുപ്പ് ,

    മറുപടിഇല്ലാതാക്കൂ