2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter--29-ലഹരിയും ശാപവുമായി മാറുന്ന അധികാരം

ഇരുപത്തിയൊന്‍പത്
ലഹരിയും ശാപവുമായി മാറുന്ന  അധികാരം
ഗുരോ,ഒന്നോര്‍ത്താല്‍ ഈ അധികാരം ഒരു ഭാരം തന്നെയാണ് –ല്ലെ.എന്നിട്ടും അതിലേറാനും പിന്നീടത് കൈവിടാതിരിക്കാനുമായി മനുഷ്യന്‍ കാട്ടുന്ന പെടാപ്പാട്.
ഗുരു ചിരിച്ചു.അധികാരത്തിന്‍റെ കൈപ്പും മധുരവും അധികാരം തുടങ്ങിയ കാലം മുതലെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് പ്രഹ്ളാദ.അധികാരത്തിന്‍റെ ആഗ്രഹങ്ങളില്‍ നിന്നും മോചിതരായ മനുഷ്യര്‍ വളരെ കുറവാണ്.കുടുംബാധികാരം,പഠന കേന്ദ്രത്തിലെ അധികാരം,ആരാധനാലയത്തിലെ അധികാരം,മതാധികാരം,ഭരണാധികാരം ഇങ്ങനെ വളരെ വിപുലമാണ് അധികാരശ്രേണി. പണ്ടൊക്കെ അധികാരത്തിനായി പോരാടി മരിക്കുകയായിരുന്നു. ജനാധിപത്യത്തില്‍ അതൊഴിവായി എന്നു മാത്രം. ഇന്നിപ്പോള്‍ രാജ്യത്തിനകത്ത് ആയുധാധികാര മത്സരം കുറവാണ്, രാജ്യങ്ങള്‍ തമ്മില്‍ ഇടയ്ക്കൊക്കെ ഉണ്ടാകാറുണ്ടെങ്കിലും.
ഗുരോ,റാണി ഡച്ചുകാര്‍ക്കൊപ്പം ചേര്‍ന്നശേഷം ചരിത്രം എങ്ങിനെ മുന്നോട്ടു പോയി.
പ്രഹ്ളാദ,ഡച്ചുകാര്‍ സിലോണില്‍ നിന്നും സായുധസേനയെ വരുത്തി കൊളച്ചല്‍ കേന്ദ്രമാക്കി യുദ്ധമാരംഭിച്ചു. കൊളച്ചലിനും കോട്ടാറിനുമിടയ്ക്കുള്ള പ്രദേശങ്ങള്‍ അവര്‍ സ്വന്തമാക്കി. തിരുവിതാംകൂറിന്‍റെ തലസ്ഥാനമായ കല്‍ക്കുളമായിരുന്നു അവരുടെ ലക്ഷ്യം. ഇതിനിടെ മാര്‍ത്താണ്ഡവര്‍മ്മ വടക്കന്‍ ദിക്കില്‍ നിന്നും തിരിച്ചെത്തുകയും കൊളച്ചലില്‍ വച്ച് ഡച്ചുകാരുമായി ഏറ്റുമുട്ടുകയും ചെയ്തു.എഡി ആയിരത്തി എഴുനൂറ്റി നാല്പ്പത്തി ഒന്ന് ആഗസ്റ്റ് പത്തിന് നടന്ന പ്രസിദ്ധമായ കൊളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ അമ്പേ പരാജയപ്പെട്ടു. അവര്‍ കോട്ട ഉപേക്ഷിച്ച് കപ്പലിലേക്ക് മടങ്ങി. ഡച്ചുനാവികമേധാവി  ഡിലനോയ് ഉള്‍പ്പെടെയുള്ളവരെ വര്‍മ്മ തടവിലാക്കി. ഡിലനോയിയുടെ സാഹസികതയും യുദ്ധപ്രാവീണ്യവും നേരിട്ടറിഞ്ഞ വര്‍മ്മ അയാളെ തടവിലിടുകയോ കൊല്ലുകയോ ചെയ്യുന്നതിനു പകരം തന്‍റെ സേനാനായകനായി നിയമിക്കുകയാണ് ചെയ്തത്. അതാണ് മാര്‍ത്താണ്ഡവര്‍മ്മയുടെ യുദ്ധതന്ത്രജ്ഞത. ഡിലനോയിയുടെ നേതൃത്വത്തില്‍ പിന്നീട് പല യുദ്ധവിജയങ്ങളും വര്‍മ്മയ്ക്കുണ്ടാവുകയും ചെയ്തു.
കൊളച്ചല്‍ യുദ്ധത്തോടെ ഡച്ചുകാരുടെ സാമ്രാജ്യത്വമോഹം അവസാനിച്ചു. മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്നോട്ടുള്ള ഗതിക്ക് പിന്നീട് അധികം പ്രതിബന്ധങ്ങള്‍ ഉണ്ടായതുമില്ല. എങ്കിലും ഡച്ചുകാര്‍ അവസാനശ്രമമെന്ന നിലയില്‍ കൊല്ലം കേന്ദ്രീകരിച്ച് ഒരാക്രമണത്തിനുകൂടി കോപ്പുകൂട്ടി. കായംകുളം സേന ഡച്ചുസേനയെ സഹായിച്ചു. വര്‍മ്മ കൊല്ലത്തെ ഡച്ചുകോട്ട ആക്രമിച്ചെങ്കിലും തോറ്റ് പിന്മാറേണ്ടി വന്നു. കായംകുളം സൈന്യം മുന്നോട്ടു നീങ്ങി അയിരത്തി എഴുനൂറ്റി നാല്പ്പത്തി രണ്ടില്‍ കിളിമാനൂര്‍ പിടിച്ചു. മാര്‍ത്താണ്ഡവര്‍മ്മ തിരുനെല്‍വേലിയില്‍ നിന്നും കുതിരപ്പട്ടാളത്തെ കൂടി വരുത്തി മൂന്നു കോണുകളില്‍ നിന്നായി കായംകുളം സേനയെ ആക്രമിച്ചു.അവര്‍ പരാജയപ്പെട്ടതോടെ വര്‍മ്മയുടെ സേന കായംകുളത്തേക്ക് മാര്‍ച്ച് ചെയ്തു. പ്രതിരോധത്തിന് സാദ്ധ്യതയില്ലെന്നു കണ്ട കായംകുളം രാജാവ് സമാധാനത്തിനുവേണ്ടി അപേക്ഷിച്ചു.തുടര്‍ന്നുണ്ടായ സന്ധി പ്രകാരം കായംകുളത്തിന്‍റെ പകുതി ഭാഗങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് വിട്ടുകൊടുക്കുകയും തിരുവിതാംകൂറിന്‍റെ സാമന്തപദവി കായംകുളം അംഗീകരിക്കുകയും ചെയ്തു.
പൊതുശത്രുവിനെ തുരത്താന്‍ ആരുമായും കൂട്ടുകൂടുക എന്നതും തോല്‍വി ഉറപ്പായാല്‍ മാപ്പപേക്ഷിക്കലുമൊക്കെ മനുഷ്യനുകിട്ടിയ പ്രത്യേക സിദ്ധിതന്നെ അല്ലെ ഗുരോ
പരിണാമത്തിലൂടെ അവനാര്‍ജ്ജിച്ച ചില ദുര്‍ബ്ബല തന്ത്രങ്ങള്‍. പ്രഹ്ളാദ,വര്‍മ്മയുടെ രാജ്യവ്യാപനം അവിടെയും തീര്‍ന്നില്ല. തെക്കുംകൂറും വടക്കുംകൂറും ചെമ്പകശ്ശേരിയും അതിവേഗം കീഴടക്കുവാന്‍  വര്‍മ്മയ്ക്ക് കഴിഞ്ഞു. ആയിരത്തി എഴുനൂറ്റി അന്‍പത്തിമൂന്നില്‍ ഡച്ചുകാരുമായി ഒരുടമ്പടിയും ഉണ്ടാക്കി. മേവേലിക്കര ഉടമ്പടി എന്നു പേര്.ഇത് പ്രകാരം ഡച്ചുകാര്‍ ര്ഷ്ട്രീയ കിടമത്സരങ്ങളില്‍ പക്ഷംപിടിക്കുന്നതല്ലെന്നും ആത്മരക്ഷയ്ക്കുവേണ്ടിയല്ലാതെ ബലം പ്രയോഗിക്കില്ലെന്നും സമ്മതിച്ചു. ആയിരത്തി എഴുനൂറ്റി അന്‍പത്തിയേഴില്‍ കൊച്ചിയുമായും ഉടമ്പടിയുണ്ടാക്കി. സാമൂതിരിക്കെതിരെ കൊച്ചിയെ സഹായിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ആ ഉടമ്പടി. ആലങ്ങാടും പറവൂരും പിടിച്ചെടുത്താല്‍ തിരുവിതാംകൂറിന് വിട്ടുകൊടുക്കാമെന്നും അതില്‍ വ്.വസ്ഥ ചെയ്തു. ചുരുക്കത്തില്‍ വേണാട് വികസിച്ച് കൊച്ചിവരെ എത്തുകയും തിരുവിതാംകൂര്‍ രാജ്യമായി മാറുകയും ചെയ്തു.
ഗുരോ,ഇങ്ങനെ യുദ്ധം ചെയ്ത് നടക്കുന്നതിനിടയില്‍ രാജ്യഭരണം താറുമാറായിട്ടുണ്ടാകും-ല്ലെ.
ഇല്ല പ്രഹ്ളാഹ,മിടുക്കരായ സഹായികളെ വച്ച് മികച്ച ഭരണം നടത്താനും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കഴിഞ്ഞു. കാര്യപ്രാപ്തനായ ഒരു ഭരണാധിപനായിരുന്നു അദ്ദേഹം.രാമയ്യന്‍ ദളവയുടെ നേതൃത്വത്തില്‍ അദ്ദേഹം ഭരണയന്ത്രം നവീകരിച്ചു. ഡിലനോയിയുടെ സഹായത്തോടെ പട്ടാളത്തെ നവീനരീതിയില്‍ സജ്ജീകരിച്ചു.പത്മനാഭപുരം കൊട്ടാരത്തിനു ചുറ്റും കരിങ്കല്‍ കോട്ട നിര്‍മ്മിച്ചു.പന്മനയില്‍ അണ കെട്ടി ദക്ഷിണ തിരുവിതാംകൂറില്‍ ജലസേചനം ഏര്‍പ്പെടുത്തി, കാര്‍ഷിക പുരോഗതിക്ക് യത്നിച്ചു. ദേവസ്വം,ബ്രഹ്മസ്വം ഭൂമികള്‍ക്ക് ഭൂനികുതി സമ്പ്രദായം തിരികെ കൊണ്ടുവന്നു. ഭൂഉടമസ്ഥര്‍ക്ക് ഭൂനികുതിയുടെ അടിസ്ഥാനത്തില്‍ പട്ടയം നല്‍കി. ആയിരത്തി എഴുനൂറ്റി അന്‍പത്തിയൊന്നില്‍ രാമയ്യന്‍ ദളവ നടപ്പാക്കിയ റവന്യൂ സെറ്റില്‍മെന്‍റിന്‍റെ അടിസ്ഥാനത്തിലാണ് പട്ടയം നല്കിയത്. വാണിജ്യ വകുപ്പ് ഫലപ്രദമായ നിലയില്‍ സംഘടിപ്പിച്ചു. കുരുമുളക്,പുകയില,അടയ്ക്ക തുടങ്ങിയ വസ്തുക്കളുടെ വ്യാപാരം സര്‍ക്കാരിന്‍റെ കുത്തകയാക്കി. ചൌക്കികള്‍ ഏര്‍പ്പെടുത്തി ചുങ്കം പിരിവ് ഊര്‍ജ്ജിതമാക്കി. വില്ലേജുകളെ ഭരണത്തിന്‍റെ അടിസ്ഥാന ഘടകങ്ങളാക്കി സംഘടിപ്പിക്കുകയും ഓരോ വില്ലേജിലും പ്രവൃത്തിയാരെ നിയമിക്കുകയും ചെയ്തു. ദേവസ്വങ്ങളുടെ മേല്‍നോട്ടം, ക്രിമിനല്‍ അധികാരങ്ങള്‍ എന്നിവയുള്‍പ്പെടെ പല അധികാരങ്ങളും പ്രവൃത്തിയാരില്‍ നിക്ഷിപ്തമായി. പ്രവൃത്തിയാരുടെ മേല്‍ കാര്യക്കാരെ നിയമിച്ചു. ഈ പ്രവൃത്തികളുലൂടെ ഭരണ വ്യവസ്ഥ ക്രമീകരിക്കുവാനും സുസംഘടിതമായ നിലയില്‍ കേന്ദ്രീകരിക്കുവാനും സാധിച്ചു. പതിവ് കണക്ക് എന്ന പേരില്‍ ബജറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയതും മാര്‍ത്താണ്ഡവര്‍മ്മയാണ്. ശരിക്കും ആധുനിക ഭരണസംവിധാനം കേരളത്തില്‍ കൊണ്ടുവന്നത് വര്‍മ്മയാണ്.
ഗുരോ,അദ്ദേഹത്തിന് അടിതെറ്റിയത് എവിടെയാണ്? “
പ്രഹ്ളാദ, അധികാരം നേടാനും നിലനിര്‍ത്താനുമായി ചെയ്തുകൂട്ടേണ്ടിവന്ന കൊലകളും ചോരയുടെ നിറവും പ്രായം ചെല്ലുന്തോറും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. തനിക്കും വരുംതലമുറകള്‍ക്കും മരണശേഷവും ഇതൊക്കെ ശാപമായി തുടരും എന്ന ഭീതി ഉണര്‍ത്തിവിടാന്‍ ബ്രാഹ്മണര്‍ക്ക് കഴിഞ്ഞു. അവരുടെ  ഉപദേശപ്രകാരം അദ്ദേഹം രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. അയിരത്തി എഴുനൂറ്റി നല്പ്പത്തിയൊന്‍പതിലായിരുന്നു ആ സംഭവം. താനും അനന്തര തലമുറകളും പത്മനാഭ ദാസന്മാരായിരിക്കുമെന്നും ശ്രീപത്മനാഭനുവേണ്ടിയാകും ഭരണം നടത്തുകയെന്നും പ്രഖ്യാപിച്ചു. കേരളത്തിലെ ഗ്രാമങ്ങളില്‍ നിലനിന്ന ബ്രാഹ്മണമേധാവിത്വം ഇതോടെ പൂര്‍ണ്ണരൂപം പ്രാപിച്ചു. ഭദ്രദീപം,മുറജപം തുടങ്ങിയ ആഘോഷങ്ങള്‍ അദ്ദേഹം ഏര്‍പ്പെടുത്തി.ബ്രാഹ്മണര്‍ക്ക് നിത്യഭോജനത്തിനുള്ള അനേകം ഊട്ടുപുരകള്‍ സ്ഥാപിച്ചു. ബ്രാഹ്മണര്‍ക്ക് ദാനം നിര്‍വ്വഹിക്കുന്നതില്‍ അത്യുദാരനടപടികള്‍ സ്വീകരിച്ചു. അതോടെ ബ്രാഹ്മണാധിപത്യം കൊടികുത്തി വാഴുന്ന ഒരു ഹിന്ദുരാഷ്ട്രമായി തിരുവിതാംകൂറ്‍ മാറി. കാലാ സാംസ്ക്കാരിക രംഗത്ത് വര്‍മ്മയുടെ കാലം പുരോഗതിയുണ്ടായി. കുഞ്ചന്‍ നമ്പ്യാര്,രാമപുരത്ത് വാര്യര്‍ തുടങ്ങിയ പ്രതിഭാധനരായ കവികള്‍ അന്ന് ജീവിച്ചിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പുരാണകഥകളുടെ ചുമര്‍ചിത്രങ്ങള്‍ എഴുതിപ്പിച്ചു. പത്മനാഭപുരം കൊട്ടാരത്തില്‍ ശ്രീരാമകഥ ആലേഖനം ചെയ്തു. മുറജപക്കാലത്ത് അരങ്ങേറാനായി രാമപാണിവാദന്‍റെ സേതുരാഘവം നിര്‍മ്മിച്ചു. കൂത്ത്,പാഠകം,കഥകളി,തൂള്ളല്‍ തുടങ്ങിയ കലകള്‍ക്കെല്ലാം അദ്ദേഹം നല്ല പ്രോത്സാഹനം നല്‍കി.
ഗുരോ,തുടര്‍ന്നു വന്ന രാജാവ് ധര്‍മ്മരാജയല്ലെ.
അതെ,പ്രഹ്ളാദ. അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് രാമവര്‍മ്മ എന്നായിരുന്നു. ആയിരത്തി എഴുനൂറ്റി അന്‍പത്തിയെട്ട് മുതല്‍ ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റിയെട്ടു വരെയാണ് അദ്ദേഹം രാജ്യം ഭരിച്ചത്. മാതുലന്‍റെ ഉപദേശപ്രകാരം ബ്രിട്ടീഷുകാരുമായും കൊച്ചി രാജാവുമായും അദ്ദേഹം നല്ല സൌഹൃദം സൂക്ഷിച്ചു. കൊച്ചി രാജാവായിരുന്ന വീരകേരള വര്‍മ്മ തിരുവിതാംകൂര്‍ സന്ദര്‍ശിക്കുകയും തിരുവിതാംകൂറിനെതിരായ യാതൊരു നടപടിയിലും ഏര്‍പ്പെടുന്നതല്ലെന്ന് ശുചീന്ദ്രം ക്ഷേത്രത്തില്‍ വച്ച് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ധര്‍മ്മരാജയുടെ ഭരണകാലത്ത് തിരുവിതാംകൂറിന്‍റെ അധീനതയിലുണ്ടായിരുന്ന തിരുനല്‍വേലി പ്രദേശങ്ങളില്‍ കര്‍ണ്ണാടക നവാബിന്‍റെ ഗവര്‍ണ്ണറായിരുന്ന മാഫിസ്ഖാന്‍ ആക്രമണം നടത്തി. കളക്കാട് പിടിച്ചതിന് ശേഷം അയാള്‍ ആരുവാമൊഴി കോട്ടയിലേക്ക് പ്രവേശിച്ചു. തിരുവിതാംകൂര്‍ സേന മാഫിസിനെ അവിടെ നിന്നും ഓടിച്ചെങ്കിലും കളക്കാട് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.ഇതിനിടെ മാഫിസ് ചെങ്കോട്ടയും പിടിച്ചു. ഇതേ സമയത്തുതന്നെ മാഫിസും കര്‍ണ്ണാടക നവാബും തമ്മില്‍ തെറ്റുകയും അയാള്‍ക്ക് പകരം യൂസുഫ്ഖാന്‍ ഗവര്‍ണ്ണറായി വരുകയും ചെയ്തു. ഇംഗ്ലീഷുകാരുടെ ഉപദേശപ്രകാരം യൂസുഫ്ഖാന്‍ കളയ്ക്കാട് തിരുവിതാംകൂറിന് വിട്ടുകൊടുത്തു. പക്ഷെ അധികം താമസിയാതെ യൂസുഫ് തിരുവിതാംകൂറിനെ ആക്രമിച്ചു.ഇംഗ്ലീഷുകാര്‍ തിരുവിതാംകൂറിന്‍റെ സഹായത്തിനെത്തി. ഇംഗ്ലീഷ് സൈന്യം യൂസഫിന്‍റെ തലസ്ഥാനമായ മധുര വളഞ്ഞു.മധുരയുടെ പ്രതിരോധത്തെ തകര്‍ക്കാന്‍ ഇംഗ്ലീഷ് സൈന്യത്തിന് കഴിഞ്ഞില്ലെങ്കിലും യൂസഫിനെ കെണിയില്‍പെടുത്തി തടവുകാരനാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.ആയിരത്തി എഴുനൂറ്റി അറുപത്തിരണ്ടില്‍ അവര്‍ അയാളെ തൂക്കിക്കൊന്നു. ആയിരത്തി എഴുനൂറ്റി അറുപത്തിനാലില്‍ കര്‍ണ്ണാടക നവാബ് തിരുനെല്‍വേലി സന്ദര്‍ശിച്ചപ്പോള്‍ കളക്കാടില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ തിരുവിതാംകൂറിനോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരുടെ ഉപദേശപ്രകാരം ധര്‍മ്മരാജ അത് അനുസരിക്കുകയും സൈന്യം തോവാളയിലേക്ക് പിന്മാറുകയും ചെയ്തു. തുടര്‍ന്നുനടന്ന സന്ധിസംഭാഷണത്തില്‍ കളക്കാടിന്‍റെ മേലുള്ള അവകാശം തിരുവിതാംകൂര്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു.ചെങ്കോട്ടയും കന്യാകുമാരി ക്ഷേത്രവും വാര്‍ഷിക പ്രതിഫലത്തിന്മേലാണ് വിട്ടുകൊടുത്തത്. രണ്ടുലക്ഷം രൂപ നവാബിന് നഷ്ടപരിഹാരവും നല്കി. നവാബിന്‍റെ സാമന്തപദവി കൂടി സ്വീകരിക്കേണ്ട ഗതികേട് അദ്ദേഹത്തിന് വന്നു ചേര്‍ന്നു.ഈ ദുര്‍ബ്ബലാവസ്ഥയെ ബ്രിട്ടീഷുകാരും ചൂഷണം ചെയ്തു. ആയുധങ്ങള്‍ക്കുവേണ്ടി ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ചുരുങ്ങിയവിലയ്ക്ക് കുരുമുളക് നല്‍കേണ്ടിവന്നു. ആയിരത്തി എഴുനൂറ്റി അറുപത്തിനാലില്‍ വിഴിഞ്ഞത്ത് ബ്രിട്ടീഷ് കൊടിയുയര്‍ത്താനും അനുമതി നല്‍കി.ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റിയഞ്ചില്‍ ബ്രിട്ടീഷുകാരുമായി ഒരു സ്ഥിരം സന്ധിയില്‍ ഏര്‍പ്പെടേണ്ടതായും വന്നു. നേരത്തെ സാമൂതിരിയുടെ ആക്രമണം ചെറുക്കാന്‍ ഡിലനോയിയുടെ നിര്‍ദ്ദേശപ്രകാരം കൊച്ചിയുമായി ചേര്‍ന്ന് ആനമല മുതല്‍ വൈപ്പിന്‍ വരെ കിഴക്ക് പടിഞ്ഞാറായി ഒരു നെടുംകോട്ട പണിയിച്ചിരുന്നു. മുപ്പത് മൈല്‍ നീളമുണ്ടായിരുന്നു ഇതിന്. ഇതിനുപുറമെ പതിനാറടി വീതിയും ഇരുപതടി ആഴവുമുള്ള ഒരു കിടങ്ങും നിര്‍മ്മിച്ചു. സാമൂതിരിയുടെ ആക്രമണത്തേക്കാള്‍ ടിപ്പുവിന്‍റെ പടയോട്ടത്തെ പ്രതിരോധിക്കാനാണ് ഇത് ഉപകാരപ്പെട്ടത്. ആയിരത്തി എഴുനൂറ്റി എണ്‍പത്തൊന്‍പത് ഡിസംബറിലാണ് ഏഴായിരം പട്ടാളക്കാര്‍ക്കൊപ്പം ടിപ്പു നെടുങ്കോട്ട ആക്രമിച്ചത്. മലയോട് ചേര്‍ന്നുകിടക്കുന്ന ഒരു ഭാഗം പൊളിക്കാനും മൂന്നു നാഴിക നീളത്തില്‍ കോട്ട അധീനപ്പെടുത്താനും ടിപ്പുവിന് കഴിഞ്ഞു. എന്നാല്‍ ഇടത്തുനിന്നും വലത്തുനിന്നും തിരുവിതാംകൂര്‍ സൈന്യം ടിപ്പുവിന്‍റെ സേനയെ ആക്രമിക്കുകയും ടിപ്പു യുദ്ധത്തില്‍ പരാജയപ്പെടുകയും ചെയ്തു. ജനുവരിയിലായിരുന്നു ആ സംഭവം. കൂടുതല്‍ സേനയെ വരുത്തി ആയിരത്തി എഴുനൂറ്റി തൊണ്ണൂറ് മാര്‍ച്ചില്‍ ടിപ്പു ആക്രമണം പുനഃരാരംഭിച്ചു.നെടുങ്കോട്ട ഉപരോധിക്കാന്‍ ഒരുമാസമെടുത്തു. ഏപ്രില്‍ പതിനഞ്ചിന് ടിപ്പു നെടുങ്കോട്ട പിടിക്കുകയും ഏതാനും ദിവസത്തിനുള്ളില്‍ അത് തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ആക്രമിച്ച് അഴിക്കോട്ടയും കുര്യാപ്പള്ളി കോട്ടയും പിടിച്ചു. മുന്നോട്ടു നീങ്ങി പറവൂരും ആലങ്ങാടും പിടിച്ച്  ടിപ്പു ആലുവയിലെത്തി ക്യാമ്പുചെയ്തു. ഈ സമയം ആലുവ പുഴയില്‍ വെള്ളപ്പൊക്കമുണ്ടായി.ഇംഗ്ലീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിക്കുകയും ചെയ്തു. തലസ്ഥാനം സംരക്ഷിക്കാനായി സൈന്യത്തോടൊപ്പം തിരിച്ചുപോയ ടിപ്പു പിന്നീടൊരിക്കലും മടങ്ങിവന്നില്ല.ടിപ്പുവിന്‍റെ മലബാര്‍ ആക്രമണ കാലത്ത് മലബാറില്‍ നിന്നും ധാരാളം ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ തിരുവനന്തപുരത്ത് അഭയം തേടിയിരുന്നു. കോലത്തിരിയും സാമൂതിരിയും കൊച്ചി രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെ ധാരാളം ക്ഷത്രിയന്മാര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും നായന്മാര്‍ക്കും രാമവര്‍മ്മ അഭയം നല്‍കിയിരുന്നു. അതോടെയാണ് അദ്ദേഹം ധര്‍മ്മരാജ എന്നറിയപ്പെടാന്‍ തുടങ്ങിയത്.
പട്ടാളമേധാവിയായ ഡിലനോയിക്ക് പുറമെ അയ്യപ്പന്‍ മാര്‍ത്താണ്ഡന്‍ പിള്ള എന്ന ദളവയും രാജാ കേശവദാസന്‍ എന്ന മറ്റൊരു ദളവയും രാമവര്‍മ്മയെ ഭരണകാര്യത്തില്‍ സഹായിച്ചു.തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയതും രാമവര്‍മ്മയാണ്. കുഞ്ചന്‍ നമ്പ്യാര്‍,ഉണ്ണായിവാര്യര്‍ തുടങ്ങിയ പ്രഗത്ഭ കവികള്‍ രാജസദസ്സിലെ അംഗങ്ങളായിരുന്നു. കഥകളി,സംഗീതം,സാഹിത്യം എന്നിവയ്ക്ക് രാമവര്‍മ്മ പ്രോത്സാഹനം നല്‍കി.
പ്രഹ്ളാദ, തേജസ്സുറ്റ ഒരു നാടിന്‍റെ പതന കാലമാണ് ഇനി പറയാനുള്ളത്. രാമവര്‍മ്മയ്ക്ക് ശേഷം അധികാരമേറ്റ ബാലരാമവര്‍മ്മ തീരെ ദുര്‍ബ്ബലനായിരുന്നു.ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി എന്ന ദുഷ്ടനായ ദളവയും ശങ്കരനാരായണന്‍ ചെട്ടി,മാത്തൂത്തരകന്‍ എന്നീ സുഹൃത്തുക്കളും ചേര്‍ന്ന് നാട് കൊള്ളയടിക്കുകയായിരുന്നു. പ്രഭുക്കന്മാരില്‍ നിന്നും ധാരാളം പണം ഈടാക്കുകയും നല്‍കാത്തവരെ ചാട്ടവാറുകൊണ്ടടിക്കുകയും തടവിലിടുകയുമൊക്കെയായിരുന്നു ദളവയുടെ വിനോദങ്ങള്‍. ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റി ഒന്‍പതില്‍ തലക്കുളത്ത് കാര്യക്കാരായിരുന്ന വേലുത്തമ്പിയോട് ഇരുപതിനായിരം പണം ദളവ ആവശ്യപ്പെട്ടു.ഏകദേശം മൂവായിരം രൂപയ്ക്ക് തുല്യം. പണം അടയ്ക്കുന്നതിന് തമ്പി സമയം ചോദിച്ചു. എന്നിട്ട് നാട്ടില്‍പോയി ജനങ്ങളെ വിളിച്ചുകൂട്ടി രാജാവിന്‍റെയും ദളവയുടെയും ദുഷ്ചെയ്തികള്‍ക്കെതിരെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്തു.ജനക്കൂട്ടം തിരുവനന്തപുരത്തെത്തി  കോട്ടയുടെ വെളിയില്‍ തമ്പടിച്ച് പ്രക്ഷോഭം നടത്തി. തിരുവിതാംകൂര്‍ ചരിത്രത്തിലെ ആദ്യത്തെ ജനകീയ പ്രക്ഷോഭമായിരുന്നു അത്. ഭയചകിതനായ രാജാവ് വേലുത്തമ്പിയെ ചര്‍ച്ചയ്ക്ക് വിളിക്കുകയും അദ്ദേഹത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ജയന്തന്‍ നമ്പൂതിരിയെ ദളവസ്ഥാനത്തു നിന്നും നീക്കുകയും ശങ്കരനാരായണനെയും മാത്തൂത്തരകനെയും കഠിനമായി ശിക്ഷിക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് ദോഷകരമായ ഉപ്പുനികുതി ഉള്‍പ്പെടെ പല നികുതികളും പിന്‍വലിച്ചു. അധികം താമസിയാതെ ജനകീയ പ്രക്ഷോഭത്തിന്‍റെ നേതാക്കളായിരുന്ന ചെമ്പകരാമന്‍ പിള്ളയെ വലിയ സര്‍വ്വാധികാരക്കാരായും വേലുത്തമ്പിയെ മുളകുമടിശ്ശീല സര്‍വ്വാധികാര്യക്കാരായും നിയമിച്ചു. അവിടെ വേലുത്തമ്പിയുടെ അധികാര മോഹം ഉണര്‍ന്നു. അദ്ദേഹം റസിഡന്‍റായിരുന്ന കേണല്‍ മെക്കാളെയുടെ സഹായത്തോടെ ചെമ്പകരാമന്‍ പിള്ളയെ പിന്‍തള്ളി ആയിരത്തി എണ്ണൂറ്റി ഒന്നില്‍ ദലവയായി. തമ്പി സമര്‍ത്ഥനും ഒപ്പം നിര്‍ദ്ദയനുമായ ഭരണാധികാരിയായിരുന്നു. അതുകൊണ്ടുതന്നെ പല സഹപ്രവര്‍ത്തകരും ശത്രക്കളായി മാറി. അവര്‍ രാജാവിനെ സ്വാധീനിച്ച് തമ്പിയെ അറസ്റ്റ് ചെയ്യിക്കാനും വധിക്കാനും പദ്ധതിയിട്ടു. എന്നാല്‍ മെക്കാളെയുമായുള്ള സൌഹൃദം കൊണ്ട് ഗൂഢാലോചന പൊളിക്കാനും ഗൂഢാലോചനക്കാരെ ശിക്ഷിക്കാനും തമ്പിക്ക് കഴിഞ്ഞു. തിരുവിതാംകൂര്‍ പട്ടാളത്തിന്‍റെ അലവന്‍സ് വെട്ടിക്കുറച്ചതിനാല്‍ അവരുടെ ഇടയിലും അസ്വാസ്ഥ്യം വ്യാപകമായി. പട്ടാളലഹളയമര്‍ത്താന്‍ വേലുത്തമ്പി ബ്രിട്ടീഷ് പട്ടാളത്തിന്‍റെ സഹായം തേടി. ബ്രിട്ടീഷുകാരുടെ ചൂണ്ടലില്‍ കൊളുത്തിടപ്പെട്ട ഇരയായി മാറുകയായിരുന്നു വേലുത്തമ്പി. ഈസ്റ്റിന്ത്യാ കമ്പനിയും തിരുവിതാംകൂറുമായി ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ഈ പട്ടാളകലാപം ഇടയാക്കി. ഈ ഉടമ്പടി പ്രകാരം തിരുവിതാംകൂറിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഈസ്റ്റിന്ത്യാ കമ്പനിക്ക് അധികാരം ലഭിക്കുകയും ചെയ്തു. ഇതോടെ തിരുവിതാംകൂര്‍ കമ്പനിയുടെ സാമന്തപദവിയിലേക്ക് അധഃപതിച്ചു. കൂടാതെ കമ്പനിക്ക് തിരുവിതാംകൂര്‍ നല്‍കേണ്ട വാര്‍‍ഷിക കപ്പം എണ്‍പതിനായിരം രൂപയായി ഉയര്‍ത്തുകയും ചെയ്തു. ചുരുക്കത്തില്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ കീഴിലുള്ള ഒരടിമരാജ്യമായി തിരുവിതാംകൂര്‍ മാറി.
ആയിരത്തി എണ്ണൂറ്റിയഞ്ചില്‍ തന്നെ വേലുത്തമ്പിക്ക് ഉടമ്പടിയുടെ കയ്പ്പ് അറിയേണ്ടിവന്നു. തമ്പിയുടെ ഉത്തരവുകളില്‍ ചിലത് റസിഡന്‍റ് റദ്ദാക്കി. മത്തൂത്തരകന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി അതിലൊന്നായിരുന്നു. തമ്പി പ്രതിഷേധിച്ചപ്പോള്‍ കപ്പം തീര്‍ത്തടയ്ക്കാന്‍ മെക്കാളെ ആവശ്യപ്പെട്ടു. കുപിതനായ വേലുത്തമ്പി മെക്കാളെയുമായി അസുഖത്തിലായിരുന്ന കൊച്ചിയിലെ പാലിയത്തച്ചനുമായി ആലോചിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതാന്‍ തീരുമാനിച്ചു. കുണ്ടറയില്‍ വച്ച് ബ്രിട്ടീഷ് രാജാവിനെ വെല്ലുവിളിക്കുന്ന വിളംബരമിറക്കി. ആയിരത്തി എണ്ണൂറ്റി ഒന്‍പത് ജനുവരിയിലായിരുന്നു ഇത്. ജനം പലയിടത്തും ഇളകി വശായി. കൊല്ലത്തു വച്ച് ബ്രിട്ടീഷ് പട്ടാളവും തിരുവിതാംകൂര്‍ സേനയും ഏറ്റുമുട്ടി, തിരുവിതാംകൂര്‍ തോറ്റു.കൊച്ചിയിലും ബ്രിട്ടീഷുകാര്‍ ചില നേട്ടങ്ങള്‍ കൊയ്തു. ഇതോടെ പാലിയത്തച്ചന്‍ ചേരിമാറി. ബ്രിട്ടീഷുകാര്‍ അവരുടെ ആക്രമണം തിരുവിതാംകൂറില്‍ കേന്ദ്രീകരിച്ചു. ആരുവാമൊഴി വഴി അവര്‍ ആക്രമണം നടത്തി. പത്മനാഭപുരം കോട്ട പിടിച്ചശേഷം ബ്രിട്ടീഷ് പട്ടാളം തിരുവനന്തപുരത്തേക്ക് നീങ്ങി. ഇതിനിടെ ബാലരാമവര്‍മ്മ വേലുത്തമ്പിയെ ദളവ സ്ഥാനത്തുനിന്നും നീക്കി ഉമ്മിണിത്തമ്പിയെ ദളവയായി നിയമിച്ചു. പുതിയ ദളവ ബ്രിട്ടീഷുകാരുമായി കൂടിയാലോചന നടത്തുകയും തിരുവിതാംകൂര്‍ പട്ടാളത്തെ പിരിച്ചുവിടുകയും ചെയ്തു. വേലുത്തമ്പിയെ കണ്ടെത്താന്‍ തിരുവിതാംകൂര്‍ സര്‍ക്കാരും ബ്രിട്ടീഷുകാര്‍ക്കൊപ്പം കൂടി. തമ്പിയെ കാണിച്ചുകൊടുക്കുന്നവര്‍ക്ക് അന്‍പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടു എന്നു ബോദ്ധ്യപ്പെട്ട വേലുത്തമ്പി കിളിമാനൂര്‍ കോയിത്തമ്പുരാനെ സന്ദര്‍ശിച്ച് തന്‍റെ വാള്‍ അദ്ദേഹത്തിന് സമ്മാനിച്ചശേഷം മണ്ണടിയില്‍ ഒരു പോറ്റിയുടെ വീട്ടില്‍ അഭയം പ്രാപിച്ചു. ശത്രുക്കള്‍ വിവരം ഗ്രഹിച്ചതായി മനസ്സിലാക്കിയ വേലുത്തമ്പി ആത്മഹത്യ ചെയ്തു. എന്നിട്ടും കലിയടങ്ങാത്ത ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ കൊണ്ടുവന്ന് പ്രദര്‍ശനത്തിനുവച്ചു. തമ്പിയുടെ എതിര്‍പ്പ് ഇങ്ങനെ അവസാനിച്ചെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി ഇന്ത്യയില്‍ നടന്ന ആദ്യകാല കലാപങ്ങളില്‍ ഒന്നായി അത് അംഗീകരിക്കപ്പെട്ടു. തമ്പി രാജ്യസ്നേഹത്തിന്‍റെ പ്രതീകമായും മാറി. പ്രഹ്ളാദ,നീ എന്താണ് ചിന്തിക്കുന്നത്? “, ഗുരു ചോദിച്ചു.
    അധികാരത്തിനെതിരായ പോരാട്ടവും അധികാരം കൈയ്യെത്തുമ്പോഴുണ്ടാകുന്ന അടങ്ങാത്ത  ആഗ്രഹങ്ങളുടെയുമൊക്കെ പ്രതീകമായിരുന്നെങ്കിലും തമ്പിയുടെ പ്രതിഷേധത്തിന്‍റെ ശക്തി എന്നെ ആവേശം കൊള്ളിക്കുന്ന ഒന്നാണ് ഗുരോ.
ആ യുദ്ധവീര്യത്തിനുകൂട്ടായി നിന്‍റെ ആളുകളുമുണ്ടായിരുന്നു പ്രഹ്ളാദ.ദുഃഖകരമെന്തെന്നാല്‍ ഒറ്റുകാരിലും സ്വന്തക്കാരുണ്ടായിരുന്നു. തമ്പിയെപ്പോലെ കനപ്പെട്ട എതിര്‍പ്പുകാര്‍ ഇന്ന് തീരെ ഇല്ലാതെയായി എന്നതാണ് സങ്കടകരം. മനുഷ്യരുടെ ഉള്ളില്‍ പ്രതികരണ ശേഷി തീയായി നീറി ലാവ പോലെ ഒഴുകണം; എങ്കിലെ അതിന് ശക്തിയുണ്ടാവൂ. തിരുവിതാംകൂറിന്‍റെ സ്വാതന്ത്യവും ശക്തിയും തമ്പിയുടെ തിരോധാനത്തോടെ ഇല്ലാതായി. ബ്രിട്ടീഷ് ഹിതമനുസരിച്ചായി ഭരണം. തുടര്‍ന്ന് ബ്രിട്ടന്‍റെ ഒരടിമ രാജ്യമായി മാത്രമെ തിരുവിതാംകൂറിന് ഭരണം നടത്താന്‍ കഴിഞ്ഞുള്ളു. ഇവരുടെ കൂട്ടത്തില്‍ ശക്തനല്ലെങ്കിലും കലാകാരന്‍ എന്ന നിലയില്‍ അറിയപ്പെടുന്നത് സ്വാതിതിരുനാള്‍ മാത്രം. ആയിരത്തി എണ്ണൂറ്റി ഇരുപത്തിയൊന്‍പത് നാല്പ്പത്തിയേഴ് കാലഘട്ടത്തില്‍ നാടുഭരിച്ച സ്വാതി നിരവധി ഭാഷകളില്‍ അവഗാഹം സിദ്ധിച്ച ഒരു മഹാപണ്ഡിതനായിരുന്നു. സംസ്കൃതം,മലയാളം,തമിഴ്,തെലുങ്ക്,മറാഠി,ഹിന്ദുസ്ഥാനി,പഴ്സ്യന്‍,ഇംഗ്ലീഷ് എന്നിവയില്‍ അദ്ദേഹം വൈദൂഷ്യം നേടിയിരുന്നു. കര്‍ണ്ണാടക സംഗീതത്തിലെ ഉജ്ജ്വല പ്രതിഭയായ അദ്ദേഹം തെലുങ്ക്,മറാഠി.ഹിന്ദുസ്ഥാനി തുടങ്ങിയ ഭാഷകളിലും ഗാനങ്ങള്‍ രചിച്ചു. ഇംഗ്ലീഷ് ഭാഷാഭ്യസനത്തിനും നീതിന്യായ പരിഷ്ക്കരണത്തിനും മരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പ്രോത്സാഹനം നല്കിയിരുന്ന കാര്യം പ്രഹ്ളാദന് അറിയാമല്ലൊ. തുടര്‍ന്ന് ഒരു നൂറ്റാണ്ടിലേറെ ഭരണം നടത്തിയ ഭരണാധിപന്മാരില്‍ അവസാനത്തെ കണ്ണിയായിരുന്നു ചിത്തിര തിരുനാള്‍ ബലരാമ വര്‍മ്മ. ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്നില്‍ ഭരണമേറ്റ അദ്ദേഹം ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തിയൊന്‍പതിലെ തിരുക്കൊച്ചി സംയോജനത്തെ തുടര്‍ന്ന് ഏഴുവര്‍ഷത്തോളം രാജപ്രമുഖന്‍റെ പദവി അലങ്കരിച്ചു. ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയാറ് നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ ബാലരാമവര്‍മ്മ ആ സ്ഥാനത്തു നിന്നും വിരമിക്കുകയും വേണാട് രാജവംശം അസ്തമിക്കുകയും ചെയ്തു. പിന്നത്തെ ചരിത്രം നിനക്കറിയാമല്ലൊ പ്രഹ്ളാദ.
അവന്‍ അറിയാമെന്ന് തലയാട്ടി.
പ്രഹ്ളാദ, വേണാട് പോലെതന്നെ പ്രബലമായിരുന്നു ഏഴിമലയും. ഏലിമല നാടെന്നും മൂഷിക രാജ്യമെന്നും ഇതിനെ വിളിച്ചുവന്നു. ഒടുവില്‍ കോലത്തുനാടെന്ന പേര് സ്ഥിരപ്പെട്ടു.കോലത്തുനാട് വാണിരുന്നവര്‍ കോലത്തിരിമാരായി. കോലത്തിരിമാര്‍ക്ക് വേണാട് രാജവംശവുമായി അടുത്തബന്ധമുണ്ടായിരുന്നു. വേണാട് കോലത്തിരി ദേശത്തുനിന്നും പലപ്പോഴും ദത്തെടുത്തിരുന്നു. വേണാട് രാജവംശത്തിലെ ഒരു സ്ത്രീയെ ചേരമാന്‍ പെരുമാള്‍ വിവാഹം കഴിക്കുകയും അതിലുണ്ടായ പുത്രന്‍ കോലത്തിരി വംശസ്ഥാപകനാവുകയും ചെയ്തതാണ് ഈ കുടുംബ ബന്ധത്തിന് നിദാനം. എഡി പന്ത്രണ്ടാം ശതകത്തില്‍ മൂഷിക രാജ്യം വാണിരുന്നത് ശ്രീകണ്ഠനാണ്. രാമഘടന്‍ എന്ന രാജാവില്‍ നിന്നാണ് മൂഷിക വംശം തുടങ്ങുന്നത്. ആറാമത്തെ രാജാവാണ് ഉഗ്രാശ്വന്‍. അദ്ദേഹത്തെ കേരള രാജാവ് ഒരിക്കല്‍ തോല്പ്പിച്ചു. തുടര്‍ന്നു വന്ന വിനയവര്‍മ്മന്‍ ബുദ്ധമത വിശ്വാസിയായിരുന്നു. അദ്ദേഹത്തിന്‍റെ പിന്‍ഗാമി വിരോചനന്‍ പല്ലവരെ തോല്പ്പിക്കുകയും രാജപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നെയും അനേക തലമുറകള്‍ക്ക് ശേഷമാണ് ഈശാനവര്‍മ്മന്‍റെ ഭരണം. അതിനുശേഷം മകന്‍ കുന്ദവര്‍മ്മന്‍ ഭരണം നടത്തി. കുന്ദവര്‍മ്മന്‍റെ മകളെ കേരള രാജാവായ ജയരാഗന്‍ വിവാഹം ചെയ്തു. കുരുവര്‍മ്മന്‍റെ മകന്‍ ഈശാനവര്‍മ്മന്‍ ചേദി രാജകുമാരിയെ വിവാഹം ചെയ്തു. സ്ഥാനഭൃഷ്ടനാക്കപ്പെട്ട തന്‍റെ ശ്വശുരന് ഈശാനവര്‍മ്മന്‍ രാജാധികാരം വീണ്ടെടുത്ത് കൊടുത്തു. എന്നാല്‍ ഇതേ സമയം സ്യാലനായ ജയരാഗന്‍ മൂഷികരാജ്യം ആക്രമിച്ചു. ഈശാനവര്‍മ്മന്‍ കേരള സൈന്യത്തെ പരുഷ്ണീ നദീതീരത്ത് നേരിട്ടു. ജയരാഗന്‍റെ മകന്‍ ഗോദവര്‍മ്മന്‍ ഇടപെടുകയും ബന്ധുക്കളുടെ യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ജയരാഗന്‍ മൂഷികരാജാവിന്‍റെ അതിഥിയായി കുറച്ചുനാള്‍ താമസിക്കുകയും ചെയ്തു.

  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ