2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-15-മണ്ണിന്‍റെ ദാഹം

പതിനഞ്ച്

മണ്ണിന്‍റെ  ദാഹം

ഉതിയന്‍ ചേരലാതന്‍റെ കാലത്ത് അറബികള്‍ക്കും ഗ്രീക്കുകാര്‍ക്കും പുറമെ ഈജിപ്ത്,ചൈന തുടങ്ങിയ ദേശങ്ങളില്‍ നിന്നും വിദേശികള്‍ കേരളത്തില്‍ വന്ന് കുരുമുളക് വാങ്ങിയിരുന്നു. കൊട്ടനാരയായിരുന്നു പ്രധാന തുറമുഖം.ക്രിസ്തുമത പ്രചരണത്തിന് സെന്‍റ് തോമസ്സ് വന്നതും ചേരലാതന്‍റെ കാലത്താണ്. ജറുസലേം പള്ളി നശിച്ചതിനെ തുടര്‍ന്ന് ലോകത്തിന്‍റെ നാനാ ദിക്കുകളിലേക്ക് യാത്രയായ ജൂതന്മാര്‍ കേരളത്തിലെത്തിയതും ഈ കാലത്താണ്. എല്ലാ മതങ്ങളേയും ആശയങ്ങളേയും അദ്ദേഹം സഹര്‍ഷം സ്വാഗതം ചെയ്തു. എല്ലാവര്‍ക്കും അവരുടെ മതത്തിന്‍റെ മഹത്വം അവതരിപ്പിക്കാന്‍ അവസരം നല്കി.ആര്‍ക്കും ഏത് മതം സ്വീകരിക്കാനും തടസ്സമുണ്ടായില്ല.ഈ കാരണങ്ങളാല്‍ അദ്ദേഹം ആതന്‍ എന്നും വാനവര്‍ അമ്പന്‍ എന്നും അറിയപ്പെട്ടു.
പ്രഹ്ളാദ,നിന്‍റെ ബന്ധുക്കളുടെ ശാഖോപശാഖകള്‍ വിവിധ മതങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ച നീ കാണുന്നുണ്ടോ? അതിന്‍റെ വേരുകള്‍ വിവിധ മണ്ണുകളില്‍ ആഴത്തിലിറങ്ങുമ്പോള്‍ അത് ഒരിക്കലും ശത്രുതയിലോ അകല്‍ച്ചയിലോ ചെന്നെത്തുമെന്ന് ആരും കരുതിയിരുന്നില്ല. ഇപ്പോള്‍ എന്തിനെന്നറിയാതെ ആ സഹോദരന്മാര്‍ തമ്മിലടിക്കയാണ്.കുരങ്ങന്മാര്‍ക്ക് വഴക്കടിക്കാന്‍ കാരണം വേണമോ എന്നു ചോദിക്കും വിധം.
അതെ ഗുരോ,നന്മയുടെ അംശങ്ങള്‍ മറന്ന് തിന്മ മാത്രം ഉള്‍ക്കൊള്ളാന്‍ എങ്ങിനെ മനുഷ്യനുകഴിയുന്നു എന്നാണ് എനിക്ക് മനസ്സിലാകാത്തത്.
നമുക്കൊന്നും മനസ്സിലാകില്ല,പ്രഹ്ളാദ,നമ്മള്‍ സംവേദന കേന്ദ്രങ്ങളെ കൊട്ടിയടച്ചിരിക്കയാണ്.അവ മനഃപൂര്‍വ്വമായി അടച്ചതിനാല്‍ തുറക്കാന്‍ പ്രയാസമാണ്, ഗുരു പറഞ്ഞു നിര്‍ത്തി, എന്നിട്ട് കഥ തുടര്‍ന്നു.
ഉതിയന്‍റെ കാലത്ത് കുലങ്ങളിലും ഗോത്രങ്ങളിലും ഭരണകാര്യങ്ങളിലും മാതൃദായക്രമവും പിതൃദായക്രമവും നിലനിന്നിരുന്നു. യുക്തിക്ക് നിരക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം എല്ലാ സമൂഹങ്ങളിലും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഉതിയന് വെളിയന്‍ പെരുമാള്‍ നല്ലിനിയില്‍ ജനിച്ച മകന്‍ നെടും ചേരലാതന്‌‍ എഡി എഴുപത്തിയഞ്ചില്‍ ഭരണമേറ്റു. അദ്ദേഹം തന്‍റെ രാജ്യവിസ്തൃതിയും പ്രതാപവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. സേനാബലം കൂട്ടി. ഗ്രീസില്‍ നിന്നും യോദ്ധാക്കളെ വിലയ്ക്കുവാങ്ങി. അവര്‍ നാട്ടുകാരെ പുതിയ ആയോധന വിദ്യകള്‍‍ പഠിപ്പിച്ചു.കുടനാടിന്‍റെ രാജാവായതിനാല്‍ കുടക്കോ എന്ന അപരനാമധേയവും അദ്ദേഹത്തിനുണ്ടായിരുന്നു. പൂഴിനാടും കൊണ്‍കാനനവും അതിന് വടക്ക് വനവാസിയും അദ്ദേഹം യുദ്ധം ചെയ്ത് കീഴടക്കി. കദംബരെ തോല്പ്പിച്ച് ഗോകര്‍ണ്ണം വരെ അതിര്‍ത്തി വ്യാപിപ്പിക്കുകയും ചെയ്തു.
അക്കാലത്തെ പ്രധാന വ്യാപാര കേന്ദ്രം മുസ്സിരിസ്സായിരുന്നു. അവിടെ നിത്യവും അനേകം കപ്പലുകള്‍ വന്നടുക്കുകയും ചരക്കുകയറ്റിപ്പോവുകയും ചെയ്യുന്നത് പതിവായിരുന്നു.എന്നാല്‍ മുസ്സിരിസ്സിലേക്ക് വരുന്ന കപ്പലുകളെ നേത്രാവതിമയത്തെ കടല്‍കൊള്ളക്കാര്‍ ആക്രമിക്കുക പതിവായിരുന്നു. ഇതറിഞ്ഞ നെടുംചേരലാതന്‍ പ്രത്യേക കടല്‍സേനയുണ്ടാക്കി കൊള്ളക്കാരെ തുരത്തി കപ്പലുകളെ രക്ഷിച്ചു. മുസ്സിരിസ്സില്‍ നിരനിരയായി കിടക്കുന്ന കപ്പലുകള്‍ കാണാനായി സായാഹ്നങ്ങളില്‍ രാജാവെഴുന്നള്ളുക എന്നൊരുചടങ്ങും അന്ന് നിലനിന്നിരുന്നു.
കീഴ്പ്പെടുത്തിയ ശത്രുരാജാവില്‍ നിന്നും തിറ വാങ്ങി മാപ്പു നല്കുന്ന ഒരു രീതിയും നെടുംചേരലാതന്‍ കൈക്കൊണ്ടിരുന്നു.അതുകൊണ്ടുതന്നെ നാടുവാഴികള്‍ അദ്ദേഹത്തിന് കീഴ്പ്പെട്ട് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. നൌറയ്ക്ക് വടക്കുള്ള ബുദ്ധാന്തിയന്‍ ആ കാലത്ത് ഗ്രീക്ക് കോളനിയായിരുന്നു.അവര്‍ അവിടെനിന്ന് ഇടയ്ക്കിടയ്ക്ക് മലയാളനാട്ടില്‍ വന്ന് കുരുമുളക് മോഷണം നടത്തിയിരുന്നു.സഹികെട്ടപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചുവന്ന് രാജാവിന്‍റെ മുന്നില്‍ സങ്കടമുണര്‍ത്തിച്ചു.
രാശവേ,കഷ്ടപ്പെട്ട് കൃഷിചെയ്ത മുളകുകളെല്ലാം ദുഷ്ടന്മാര്‍ മോഷ്ടിച്ചുകൊണ്ടുപോയി. രച്ചിക്കണം, അവരുടെ നേതാവ് താഴ്മയായി അപേക്ഷിച്ചു.
പ്രഹ്ളാദ,ആ ജനനേതൃത്വത്തില്‍ നിന്‍റെ ബന്ധുക്കളും ഉണ്ടായിരുന്നു, പ്രഹ്ളാദന്‍ ചിരിച്ചു.
കുരുമുളകാണ് രാജ്യത്തെ വാണിജ്യത്തിന്‍റെ നാഡി.രാജാവ് മന്ത്രിമരുമായി കൂടിയാലോചിച്ചു. ഒടുവില്‍ യുദ്ധപ്രഖ്യാപനം നടത്തി.നാട്ടുകാര്‍ രാജാവിന് സ്തുതി പാടി മടങ്ങിപ്പോയി. രാത്രി യുദ്ധത്തിന് പ്രപ്തരായവരുടെ പ്രത്യേക സേന രൂപീകരിച്ചു.അപ്രതീക്ഷിതമായിരുന്നു ആക്രമണം. ഗ്രീക്കുകാര്‍ക്ക് പ്രതിരോധത്തിനുള്ള അവസരം കിട്ടിയില്ല.അവരെ തോല്‍പ്പിച്ച് തലയില്‍ നെയ്യ് വീഴ്ത്തി കൈകള്‍ പിന്നില്‍ കെട്ടി അപമാനിച്ച് വിടുകയും ചെയ്തു. വെയിലേറ്റ് ഉരുകിയ നെയ്യ് കണ്ണിലൂടെ ഒഴുകി ഇറങ്ങി കാഴ്ച മങ്ങിയ നിലയില്‍ അസ്വതന്ത്രരായി അലഞ്ഞുനടന്ന ഇവരെ നാട്ടുപ്രമാണിമാര്‍ പിടികൂടുകയും അടിമകളാക്കുകയും ചെയ്തു.
കവികള്‍ക്കും കലാകാരന്മാര്‍ക്കും നെടും ചേരലാതന്‍റെ ഭരണം സുവര്‍ണ്ണ കാലമായിരുന്നു. രാജാവിനെ സ്തുതിച്ച് ഗീതങ്ങള്‍ എഴുതുന്ന കവികള്‍ക്കും കലാരൂപങ്ങള്‍ കെട്ടുന്ന കാലാകാരന്മാര്‍ക്കും അനേകം പാരിതോഷികങ്ങള്‍ നല്കി വന്നു.പല രാജ്യങ്ങളില്‍ നിന്നും കവികളും കലാകാരന്മാരും മലയാളനാട്ടിലേക്ക് പ്രവഹിക്കുകയും ഇവിടെ താമസമാക്കുകയും ചെയ്തു.
പ്രഹ്ളാദ,ലോകത്തെവിടെയുമുള്ളപോലെ ഇവിടെയും അന്നും ഇന്നും സ്തുതിപാഠകന്മാര്‍ക്ക് ക്ഷാമമുണ്ടായിരുന്നില്ല എന്ന് നിനക്ക് മനസ്സിലായല്ലോ.അവര്‍ സൌകര്യങ്ങള്‍ കൂടിയ ഇടത്തേക്ക് മാറിക്കൊണ്ടിരിക്കും, ഗുരു വചനം കേട്ട് പ്രഹ്ളാദന്‍ ചിരിച്ചു.
        ദേവന്മാര്‍ക്ക് പ്രിയപ്പെട്ടവന്‍ എന്ന നിലയില്‍ ഇമയവരമ്പന്‍ എന്ന് രാജാവിനെ പ്രകീര്‍ത്തിച്ച് ഗീതകങ്ങള്‍ എഴുതിയ കുമട്ടൂര്‍ കണ്ണനാര്‍ക്ക് ഉമ്പര്‍കാട്ടുദേശത്ത് അഞ്ഞൂറുപറ നിലം രാജാവ് പാരിതോഷികമായി നല്കുകയുണ്ടായി. ഇതുപോലെ അനേകം കവികള്‍ വന്‍സ്വത്തുക്കളുടെ ഉടമകളായി മാറി. ബുദ്ധസന്യാസിമാര്‍ക്കും ഇത് സുവര്‍ണ്ണകാലമായിരുന്നു. ലങ്കയില്‍ നിന്നും ഗയയില്‍ നിന്നുമൊക്കെ അനേകം സന്യാസിമാര്‍ വന്നുകൊണ്ടിരുന്നു. ആ കാലത്ത് നാട്ടിലെത്തിയ ധര്‍മ്മശാസനന്‍ എന്ന ബുദ്ധസന്യാസിക്ക് ഗംഭീരമായൊരു ബുദ്ധചൈത്യം നിര്‍മ്മിച്ചു നല്കാന്‍ ഇമയവരമ്പന്‍ തയ്യാറായി.കടുത്ത ബുദ്ധമതവിശ്വാസിയായിരുന്ന രാജാവ് കാടുകള്‍ വെട്ടിത്തെളിച്ച് മുനിമാടങ്ങളും ചൈത്യങ്ങളും സ്ഥാപിച്ചിരുന്നു. അതോടെ മലയാളനാട്ടില്‍ ബുദ്ധചൈതന്യം തുളുമ്പുന്ന ചികിത്സാവിധികളും പ്രചരിച്ചു.രോഗങ്ങളില്‍ നിന്നും മുക്തിനേടാനുള്ള മരുന്നുകള്‍ നമുക്ക് ചുറ്റിലുമുള്ള പ്രകൃതിയില്‍ നിന്നുതന്നെ കിട്ടുമെന്ന അറിവ് നാട്ടുകാരെ അത്ഭുതപ്പെടുത്തി.അവര്‍ ഓരോ സസ്യങ്ങളെയും സ്നേഹിക്കാനും പ്രകൃതിയോടുള്ള മമത കൂട്ടുവാനും തുടങ്ങി. ചികിത്സ അറിയാവുന്ന ബുദ്ധഭിക്ഷുക്കള്‍ക്ക് ശിഷ്യപ്പെടാന്‍ പലരും മുന്നോട്ടുവന്നു.
നെടുംചേരലാതന്‍റെ മകനും ഇമയവരമ്പന്‍ എന്ന പേര് സ്വീകരിച്ചു.അയാളും അച്ഛന്‍റെ കീര്‍ത്തി നിലനിര്‍ത്തി. ചെറുമകന്‍ ഇമയവരമ്പന്‍ രണ്ടാമന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ കാലത്തൊക്കെ രാജ്യം വളരെ സമൃദ്ധമായിരുന്നു. പശുക്കള്‍ മേയുന്ന പുല്‍പ്പാടങ്ങളും മത്സ്യങ്ങള്‍ വാഴുന്ന  നീര്‍പൊയ്കകളും വിത്തുപാകിയ നിലങ്ങളും തഴച്ചുവളര്‍ന്നുയര്‍ന്ന കേരവൃക്ഷങ്ങളും പക്ഷികള്‍ ഇരുന്ന് കൂജനം ചെയ്യുന്ന മരുതമരങ്ങളും കൈകൊട്ടി നൃത്തം ചെയ്യുന്ന പെണ്മണികളും നാട്ടിലെ നിത്യകാഴ്ചകളായിരുന്നെന്ന് കവികള്‍ വാഴ്ത്തിപാടി. കടല്‍,മല,നദി,മരുതനിലം എന്നിവ നാടിന് സമ്പത്തുക്കള്‍ നല്കി.തെങ്ങുകൃഷി നാട്ടില്‍ സുലഭമായിരുന്നു.
എഡി നൂറ്റിമുപ്പത്തിമൂന്നില്‍ ഇമയവരമ്പന്‍  ചോളരാജാവായ വേര്‍വഹ് തടക്കൈ പെരുവിറല്‍ കിളിയോട് യുദ്ധംചെയ്തു. അനേകമാസം നീണ്ടയുദ്ധം ഒടുവില്‍ നേര്‍ക്ക്നേരായ പോരാട്ടമായി.പോരാട്ടത്തിനൊടുവില്‍ രണ്ട് രാജാക്കന്മാരും അങ്കക്കളത്തില്‍ മരിച്ചുവീണു.
പ്രഹ്ളാദ,നിന്‍റെ കുലത്തിലെ പുരുഷന്മാരെല്ലാം മണ്ണിന്‍റെ ദാഹം തീര്‍ത്ത് മൃതരായി. അടക്കാനാവാത്ത ദുഃഖത്തിന്‍റെയും കണ്ണീരിന്‍റെയും കാലം. ഒക്കെ എന്തിനെന്നറിയാതെ മക്കളെ വാളേറ്റി വിട്ടവര്‍, കെട്ടിയോനെ തിലകമണിയിച്ചവര്‍,ഒക്കെ വ്യര്‍ത്ഥമായ ജീവിതങ്ങളായി മാറി.
ഇമയവരമ്പന്‍ മരിച്ചതിനെ തുടര്‍ന്ന് അനുജന്‍ പല്‍യാന ഭരണമേറ്റെടുത്തു. ജ്യേഷ്ടനോടൊപ്പം നിന്ന് അനേകം യുദ്ധങ്ങള്‍ നയിച്ച നൈപുണ്യം പല്‍യാനെക്ക് നേട്ടമായി. ജ്യേഷ്ടന്‍റെ മരണമൊന്നും പല്‍യാനെ തളര്‍ത്തിയില്ല.യുദ്ധം ചെയ്യുകയാണ് തന്‍റെ കര്‍മ്മം എന്നയാള്‍ വിശ്വസിച്ചിരുന്നു. തെക്കോട്ട് യാത്ര ചെയ്ത് കാക്കനാടും അയിരമലയും പല്‍യാനെ സ്വന്തമാക്കി. വഞ്ചി തലസ്ഥാനമാക്കി പല്‍യാനെ ഇരുപത്തിയഞ്ച് വര്‍ഷം  ഭരണം നടത്തി.തമിഴ്നാട്ടില്‍ നിന്നുവന്ന ഒരു ബ്രാഹ്മണനായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശകന്‍. അയാളുടെ പ്രേരണയില്‍ പല്‍യാനെ ബ്രാഹ്മണമത വിശ്വാസിയായെങ്കിലും ബുദ്ധ-ജൈന സന്ന്യാസിമാരോട് സ്നേഹത്തോടെ പെരുമാറി. ഉപദേശകന്‍റെ പ്രേരണയില്‍ ബ്രാഹ്മണദാനവും യാഗവും നടത്തിവന്നതിനാല്‍ അന്യദേശങ്ങളില്‍ നിന്നും ധാരാളം ബ്രാഹ്മണര്‍ വഞ്ചിയില്‍ കുടിയേറി. പല്‍യാനെ പത്ത് യാഗങ്ങള്‍ നടത്തിയിരുന്നു. പത്താംയാഗത്തോടെ അദ്ദേഹം സ്വര്‍ഗ്ഗാരോഹണം ചെയ്തു. അതിനുമുന്‍പ് തന്‍റെ അധികാരപരിധിയിലുള്ള നാടിനെ മൂത്തതാവഴിക്കാര്‍ക്ക് പങ്കിട്ടു നല്‍കി.
പുതുമന്‍ തേവിയില്‍ ജനിച്ച നാര്മുടിച്ചേരല്‍ കുടനാടും ആട്ടുകൊട്ടുപാട്ടം ചേരലാതന്‍ മംഗലാപുരവും ചോളരാജകുമാരിയില്‍ ജനിച്ച ചെങ്കുട്ടുവന്‍ വഞ്ചിയും കേന്ദ്രമാക്കി ഭരണം നടത്തി.അമരാവതീ തീരത്ത് കരുവൂര്‍ കേന്ദ്രമാക്കി കരുവൂര്‍ ഏറിയ ഒള്‍വാള്‍കോ പെരും ചേരല്‍ ഇരുമ്പൊറൈയും ഈ കാലത്ത് നാടുവാണു. അയാള്‍ പല്‍യാനെയുടെ മകനായിരുന്നു. വടക്കുനിന്നു വന്ന ഒരു ബുദ്ധസന്ന്യാസിയായിരുന്നു ഇരുമ്പൊറൈയുടെ ഉപദേശകന്‍. അയാളുടെ നിര്‍ദ്ദേശപ്രകാരം നാര്‍മുടി കിരീടം ധരിച്ചാണ് രാജാവ് നടന്നിരുന്നത്.പനനാരുകൊണ്ടുള്ള കിരീടവും കളങ്കായ് കൊണ്ട് തൊങ്ങലും അണിഞ്ഞിരുന്നു.അതിനാല്‍ കളങ്കായ് കണ്ണിനാര്‍ മുടിച്ചേരല്‍ എന്നും അദ്ദേഹത്തെ വിളിച്ചിരുന്നു.

ബ്രാഹ്മണമതം,വിഷ്ണുക്ഷേത്രം എന്നിവയെയും അദ്ദേഹം ആദരിച്ചിരുന്നു.കവികളെയും അളവറ്റ് പ്രോത്സാഹിപ്പിച്ചു. കാപ്പിയാറ്റ് കാപ്പിയാനാര്‍ എന്ന കവി രാജാവിനെയും ഭരണത്തെയും പുകഴ്ത്തി കവിതയെഴുതിയതില്‍ സന്തോഷവാനായി കവിയുടെ തുല്യതൂക്കത്തിന് സ്വര്‍ണ്ണം നല്കിയ കഥ ഗ്രാമഗ്രാമാന്തരങ്ങളില്‍ അത്ഭുതം വിതച്ച സംഭവമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ