2013 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-9-ഗോത്രമത്സരങ്ങള്‍

                                        ഒന്‍പത്

                             ഗോത്രമത്സരങ്ങള്‍

മൂപ്പന്‍റെ മരണശേഷം അടുത്ത തലമുറയില്‍ നിന്നൊരു മൂപ്പന്‍ വന്നു.അയാള്‍ക്ക് എന്തിലും ഏതിലും ഉപദേശം നല്കിവന്നത് വിദേശികളായിരുന്നു.അവര്‍ വളഞ്ഞ തടികള്‍ കൊണ്ട് കലപ്പയുണ്ടാക്കി നിലമുഴാന്‍ പഠിപ്പിച്ചു. കാലിമേയ്ക്കലും ശക്തമായി.പശുക്കളുടെ എണ്ണം വര്‍ദ്ധിച്ചു. പുരുഷന്മാര്‍ കാലിമേയ്ക്കാനും സ്ത്രീകള്‍ കൃഷി ചെയ്യാനും നേതൃത്വം നല്കി. സമൃദ്ധിയുടെ നാളുകള്‍,എങ്ങും ആഹ്ലാദം മാത്രം.
ഈ കാലത്ത് ഹിമാലയ താഴ്വാരങ്ങളിലും വന്‍മാറ്റങ്ങള്‍ സംഭവിക്കയായിരുന്നു.പര്‍വ്വതം കടന്നുവന്ന ആര്യന്മാരുടെ എണ്ണം വര്‍ദ്ധിച്ചു.അവര്‍ അടിമകളാക്കിയ ദ്രാവിഡരെ ഉപദ്രവിക്കുന്നതും കൂടി വന്നു.ദ്രാവിഡര്‍ പടുത്തുയര്‍ത്തിയ സാംസ്ക്കാരിക സാമൂഹിക ഭരണ സംവിധാനങ്ങള്‍ എല്ലാം അവര്‍ തച്ചുടച്ചു. ശല്യം സഹിക്കാന്‍ കഴിയാതെ അനേകം ദ്രാവിഡര്‍ ദക്ഷിണദേശത്തേക്ക് പലായനം ചെയ്തു. നടന്നുവന്നവര്‍ കൃഷ്ണാ നദിക്കരയില്‍ പാര്‍പ്പുറപ്പിച്ചപ്പോള്‍, ചെറുകപ്പലുകളിലും ചങ്ങാടങ്ങളിലും കയറി തുഴഞ്ഞവര്‍ എറിത്രേറിയന്‍ കടല്‍ത്തീരത്തെത്തി.പച്ചപ്പിന്‍റെ സമൃദ്ധികണ്ട് അവര്‍ തീരത്തിറങ്ങി താമസം തുടങ്ങി.ഓരോ ദിവസവും എത്തുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു.ഇവര്‍ വിവിധ ഗോത്രങ്ങളില്‍ പെട്ടവരായിരുന്നു.
മത്സ്യം കുലചിഹ്നമായവര്‍ മീനവരും വില്ല് കുലചിഹ്നമായവര്‍ വില്ലുവരും കടല്‍ത്തിര ചിഹ്നമാക്കിയവര്‍ തിരൈയരുമായിരുന്നു.ഓരോ കപ്പല്‍ അടുക്കുമ്പോഴും അതില്‍ വരുന്നവര്‍ അവരുടെ കുലത്തോടൊപ്പം ചേര്‍ന്നു.ആദ്യം തീരത്ത് താമസമാക്കിയവരില്‍ തിരൈയര്‍ ഒഴികെ ബാക്കിയുള്ളവര്‍ ഉള്‍പ്രദേശങ്ങളിലേക്ക് താമസം മാറ്റി.അവര്‍ കാടുവെട്ടി കൃഷിയിറക്കാനും കാലിവളര്‍ത്താനും വേട്ടയാടാനും തുടങ്ങി.കലയിലും സംഗീതത്തിലും താത്പ്പര്യമുള്ള അവര്‍ പാറകളില്‍ ചിത്രം വരയ്ക്കുകയും ശില്പ്പങ്ങള്‍ കൊത്തിയെടുക്കുകയും ഈറത്തണ്ടില്‍ ദ്വാരമുണ്ടാക്കി മനോഹരമായ ഈണത്തില്‍ പാടുകയും ചെയ്തു.
ആയുധബലം കൊണ്ടും കായികബലം കൊണ്ടും ശക്തരായ ദ്രാവിഡരുടെ തള്ളിക്കയറ്റം കണ്ട് പകച്ചുനിന്ന നാട്ടുകാരായ പല സമൂഹങ്ങളും മൂപ്പന്‍റെ നേതൃത്വത്തില്‍ കാടുകളിലേക്ക് പിന്‍വലിഞ്ഞു. മറ്റുള്ളവര്‍ ദ്രാവിഡര്‍ക്കൊപ്പം ചേര്‍ന്നു, അവരുടെ ഭാഷ പഠിച്ചു,പുതിയ തൊഴിലുകള്‍ പഠിച്ചു.

യുദ്ധത്തിലൂടെ ദ്രാവിഡരെ തോല്പ്പിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ നാളില്‍ കടമ്പുഗോത്രക്കാരുടെ സഭയില്‍ മൂപ്പന്‍ പറഞ്ഞു, നമുക്കിനി ഇവിടെ നിലനില്പ്പില്ല.കാട്ടിനുള്ളിലേക്ക് പിന്മാറുകയാണ് ഉചിതം.ഇല്ലെങ്കില്‍ നമ്മുടെ ഗോത്രം നശിക്കും,നമ്മള്‍ അടിമകളാകും.

ആരും മറുപടി പറഞ്ഞില്ല.മൂപ്പനെ ധിക്കരിക്കാന്‍ വയ്യ,എന്നാല്‍ ദ്രാവിഡര്‍ കൊണ്ടുവന്ന പല സുഖങ്ങളും ഉപേക്ഷിക്കാനും വയ്യ.നാനാവിധ ചിന്തകളോടെ അവര്‍ ഇരുന്നു.നാളെ പ്രഭാതത്തില്‍ നമ്മള്‍ യാത്രയാകും, മൂപ്പന്‍ ഇത്രയും പറഞ്ഞ് വീട്ടിലേക്ക് പോയി.

കടമ്പ്മരച്ചോട്ടിലിരുന്ന് ദിഷയും ഭാര്യ ഇകയും കുറേനേരം ആലോചിച്ചു.ഒരു തീരുമാനം എടുത്തേ മതിയാകൂ, ഇനി അധിക സമയമില്ല.ഒടുവില്‍ കടമ്പുഗോത്രത്തില്‍ നിന്നും വേര്‍പിരിയാന്‍ തന്നെ അവര്‍ തീരുമാനിച്ചു.മക്കളായ ചിനയെയും ചിമ്പുവിനെയും എടുത്ത് അവര്‍ ദൂരേയ്ക്ക് മാറി ഒളിച്ചുനിന്നു.രാവിലെ കടമ്പുഗോത്രക്കാരായ ബന്ധുക്കളും  സ്വന്തക്കാരും തങ്ങളുടേതായ വസ്തുക്കളൊക്കെയെടുത്ത് യാത്രപോകുന്നത് അവര്‍ നോക്കിനിന്നു. അവര്‍ കണ്‍വെട്ടത്തു നിന്നും മറഞ്ഞപ്പോള്‍ എതിര്‍ദിശയിലേക്ക് അവരും നടന്നു.ദൂരെ ഒരു സമൂഹം താമസിക്കുന്നിടത്ത് അവര്‍ എത്തി.അത് വില്ലുവ വംശക്കാരായിരുന്നു.അവരെ സംശയത്തോടെ നോക്കിനിന്ന ദിഷ , മെല്ലെ അവരോട് അടുക്കുകയും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആ കൂട്ടത്തില്‍ ചേരുകയും ചെയ്തു.വില്ലുവ മൂപ്പനും കൂട്ടരും അവരോട് സ്നേഹമായി പെരുമാറി. വില്ലുവര്‍ക്ക് നല്ല കൃഷിയിടം കണ്ടെത്താനും നാടറിയാനും ദിഷയുടെ ചങ്ങാത്തം ഉപകരിച്ചു.

പ്രഹ്ളാദാ,അങ്ങിനെ നിന്‍റെ കുടുംബക്കാര്‍ ആദികുലം ഉപേക്ഷിച്ചു. നീ ഇപ്പോള്‍ വിശ്രമിക്കുന്ന ഈ മണ്ണില്‍ നിന്‍റെ ഗോത്രജനിതകം പേറുന്നവര്‍ നിന്‍റെ പുതിയ കുലത്തില്‍പെട്ടവരെ ഭയന്ന് ഇന്നും ജീവിക്കുന്നു എന്നറിയുക.

നിന്‍റെ ആദി പിതാക്കളുടെയും ആദി മാതാക്കളുടെയും ആദിമ ഭീതി ഇപ്പോഴും മാഞ്ഞിട്ടില്ലെന്നും നീ മനസ്സിലാക്കണം പ്രഹ്ളാദാ”, ഗുരു പറഞ്ഞു. അവനാ സത്യത്തിനു മുന്നില്‍ തലകുനിച്ചു.

Chapter-10-കണ്ടുപിടുത്തങ്ങളുടെ രാജാവ്

                                      പത്ത്

കണ്ടുപിടുത്തങ്ങളുടെ   രാജാവ്

കാലിവളര്‍ത്തലും കൃഷിയും വ്യാപകമായി.ചാണകം കത്തിച്ച ചാരം വളമാക്കി പയറും തിനയും കൃഷി ചെയ്തു തുടങ്ങി.തുമ്പത്ത് ശിലാഖണ്ഡം കെട്ടിയ കുഴിവടികൊണ്ട് മണ്ണുകുത്തി അവര്‍ ആ കുഴികളില്‍ വിത്തിട്ട് കിളിപ്പിച്ചു. പ്രകൃതി കനിഞ്ഞു നല്കിയ മഴയില്‍ തഴച്ചുവളരുന്ന തിനയും പയറും കണ്ട് ദിഷ സന്തോഷിച്ചു.ഓരോ കൃഷി കഴിയുമ്പോഴും അവര്‍ കൂട്ടമായി അടുത്ത കൃഷിയിടം നോക്കി യാത്രയായി. കന്നുകാലികളെയും തെളിച്ചുള്ള യാത്ര.ഓരോ യാത്രയിലും ഓരോ കണ്ടുപിടുത്തങ്ങള്‍ മുളപൊട്ടി.വിത്ത് വിതയ്ക്കല്‍,കന്നുപൂട്ടല്‍,കൊയ്ത്ത്,മെതി,ധാന്യസംഭരണം,ധാന്യം പൊടിക്കല്‍,അപ്പം ചുടല്‍,ധാന്യം പുളിപ്പിക്കല്‍ എന്നിങ്ങനെ പല പുതിയ കണ്ടുപിടുത്തങ്ങളും വില്ലുവര്‍ നടത്തി.
വില്ലുവ ഗോത്രത്തില്‍ കണ്ടുപിടുത്തങ്ങളുടെ രാജാവ് മാരോ ആയിരുന്നു.രോമം കൊണ്ടും ചെടിയുടെ നാരുകള്‍ കൊണ്ടും വസ്ത്രമുണ്ടാക്കാന്‍ സ്ത്രീകളെ പഠിപ്പിച്ചത് അവനായിരുന്നു. മണ്‍പാത്ര നിര്‍മ്മാണവും മരവും കല്ലും കൊണ്ടുള്ള വീടുപണിയും വില്ലുവര്‍ പരിശീലിച്ചിരുന്നു.മാരോ ഒരു ദിവസം കൈയ്യിലിരുന്ന മുളംകീറ് വളച്ചുചുറ്റി ഒരു വൃത്തമാക്കി.പിന്നീട് അതൊന്ന് ഉരുട്ടി നോക്കി.അവന്‍റെ മനസ്സില്‍ എന്തോ ഒന്ന് രൂപപ്പെടുകയായിരുന്നു. സിന്ധു താഴ്വരയില്‍ ഭാരം ചുമക്കാന്‍ ഉപയോഗിച്ചിരുന്ന കാളവണ്ടിയുടെ രൂപം അവന്‍റെ മനസ്സിലും തെളിയുകയായിരുന്നു.എല്ലാം വിട്ടെറിഞ്ഞു വന്ന വില്ലുവ വംശത്തിന് വികസനത്തിന്‍റെ കുതിപ്പു പകരാന്‍ മാരോയുടെ കൈകള്‍ കൊതിച്ചു. അവന് ആയുധങ്ങളുമായി തന്‍റെ പണിപ്പുരയിലേക്ക് കയറി.ദിവസങ്ങള്‍ ആഴ്ചകള്‍ക്കും ആഴ്ചകള്‍ മാസങ്ങള്‍ക്കും വിടപറയവെ ഒരു വേനലറുതിയില്‍ മാരോ തന്‍റെ ദൌത്യം പൂര്‍ത്തിയാക്കി.അവന്‍ ചക്രങ്ങള്‍ ഇണക്കി നീണ്ട ദണ്ഡിന്‍റെ അഗ്രത്ത് പടികെട്ടി കാളകളെ കാട്ടുവള്ളികൊണ്ട് അതില്‍ കെട്ടി.ചക്രപ്പടികള്‍ക്ക് മുകളില്‍ സാമാനങ്ങള്‍ കയറ്റാനുള്ള പെട്ടി വച്ചതോടെ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.അതു കണ്ട് മൂപ്പനും സന്തോഷാശ്രുക്കള്‍ പൊഴിച്ചു.വില്ലുവര്‍ താളം കൊട്ടി.ഒരുവന്‍ മാരോയെ പുകഴ്ത്തി പാട്ടുപാടി.വില്ലുവരുടെ ആദിസ്തുതി ഗീതങ്ങളില്‍ ഒന്നായി അത്.തങ്ങളുടെ കൂട്ടത്തില്‍ ഒരു കവിയുണ്ടെന്ന് വില്ലുവര്‍ കണ്ടെത്തി.അവനെ ആദരിച്ചുകൊണ്ട് സ്ത്രീകള്‍ പൂക്കള്‍ നല്‍കി കുരവയിട്ടു.
സ്ത്രീയായിരുന്നു വില്ലുവ സമൂഹത്തിന്‍റെ ശക്തികേന്ദ്രം.ഗോത്രത്തില്‍ സ്ത്രീകള്‍ക്കായിരുന്നു മേല്‍ക്കോയ്മയും.ഇഷ്ടപ്പെട്ട പുരുഷനെ സ്വീകരിക്കാനുള്ള സ്വാതന്ത്യം അവള്‍ക്കുണ്ടായിരുന്നു.അതുകൊണ്ടുതന്നെ സുന്ദരികളും ബുദ്ധിമതികളുമായ സ്ത്രീകളുടെ ശ്രദ്ധയാകര്‍ഷിക്കാനായി പുരുഷന്മാര്‍ പല വിദ്യകളും പ്രയോഗിച്ചുവന്നു.
ആര്യന്മാരുടെ ആക്രമണം സഹിക്കാന്‍ കഴിയാതെ സമതലത്തിലൂടെ പാലായനം ചെയ്ത ദ്രാവിഡര്‍ തെക്കേ ഇന്ത്യയിലെ നദീതീരങ്ങളില്‍ താമസമാക്കി അവിടം വികസിതമാക്കിയതും ഈ കാലത്തായിരുന്നു.പ്രഹ്ളാദാ,ഓരോ ഇടങ്ങളിലും അവരെ കുടിയിരുത്തിയ അവരുടെ മൂപ്പനായിരുന്നു ചേയോന്‍.ചേയോന്‍ ഗോത്രത്തലവനായ സമൂഹത്തിന്‍റെ ഗോത്ര ചിഹ്നം വേലായിരുന്നു. അവര്‍ കൃഷിചെയ്യാനും ആയുധമായും ഉപയോഗിച്ചിരുന്നതും വേല്‍ തന്നെ. കൃഷി ചെയ്യുന്നവരെ നദീതീരങ്ങളിലും കാലിമേയ്ക്കുന്നവരെ കുറിഞ്ഞികളിലും താമസിപ്പിച്ച് ചേയോന്‍ തന്‍റെ യാത്ര തുടര്‍ന്നു.ഒടുവില്‍ പലനിമലയില്‍ താമസമാക്കി. ചേയോന്‍റെ അപദാനങ്ങള്‍ പാടിവാഴ്ത്താന്‍ അനേകം കവികളുണ്ടായി. ശില്പ്പികള്‍ അദ്ദേഹത്തിന്‍റെ വിഗ്രഹങ്ങള്‍ ഉണ്ടാക്കി.പൂജാരികള്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു.അങ്ങിനെ അനേകം ദേശങ്ങള്‍ ചേയോനെ ഗോത്രദൈവമായി ആരാധിച്ചു.ഓരോ ഗോത്രത്തിലും മൂപ്പനും ഗോത്രസഭയുമുണ്ടായി.അവര്‍ ചേയോന്‍ കോവിലുകള്‍ക്ക് മുന്നില്‍ കൂടിയിരുന്ന് ഭരണകാര്യങ്ങള്‍ തീരുമാനിച്ചു.
തിരൈയ്യര്‍ വരുണനെയും മറവര്‍ കൊറ്റവൈയേയുമാണ് ആരാധിച്ചത്. ചേയോന്‍റെ മാതാവായിരുന്നു കൊറ്റവൈ.ആരാധനയും മന്ത്രവും മൂര്‍ത്തമായ ജീവിതവുമായി തലമുറകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു, പുതിയവ വന്നുകൊണ്ടും.ചക്രം ഉപയോഗിച്ചുള്ള വണ്ടി വന്നതോടെ യാത്രകള്‍ കുറേകൂടി എളുപ്പമുള്ളവയായി.തെളിഞ്ഞുകണ്ട വഴികളിലൂടെ അവര്‍ യാത്ര തുടര്‍ന്നു.ദിഷ-ഇക ദമ്പതിമാരുടെ മക്കളായ ചിനയും ചിമ്പുവും വില്ലുവഗോത്രത്തില്‍ നിന്നും വിവാഹം കഴിച്ചു.അവര്‍ ആദിഗോത്ര സങ്കലനത്തിന്‍റെ പ്രതീകങ്ങളായി.അധികം വൈകാതെ ചിന മാരോയുടെ ശിഷ്യനുമായി.മാരോയുടെ മരണശേഷം ചിന്തയുടെയും കണ്ടുപിടുത്തങ്ങളുടെയും ചുമതലക്കാരനായി അവന്‍ മാറി.ചിമ്പു ഗോത്രത്തില്‍ ഉറച്ചുനിന്നില്ല.അവന്‍ യാത്രയിലായിരുന്നു.ഒരു ഗോത്രത്തിലും ഉറയ്ക്കാതെ, തന്‍റെ വിത്തുകള്‍ നുള്ളിയിട്ട്,അവന്‍ യാത്ര ചെയ്തുകൊണ്ടേയിരുന്നു. പ്രഹ്ളാദാ,അങ്ങിനെ നിന്‍റെ തന്നെ രക്തം നാനാ ഗോത്രങ്ങളിലൂടെ വേരോടി വളര്‍ന്നു.
കടല്‍ത്തീരത്ത് ചിന്തയിലാണ്ടിരുന്ന ചിനയുടെ വിദൂരദൃശ്യത്തില്‍ ഒരു നൌക പ്രത്യക്ഷയായി.അവന്‍റെ ധ്യാനത്തിലൂടെ മനസ്സില്‍ ആ നൌക നിറഞ്ഞു.അവന്‍റെ സങ്കല്പ്പത്തില്‍ അതിന്‍റെ പിന്‍ഭാഗം തെളിഞ്ഞുവന്നു. തണ്ടിന്‍റെ നീളം,വീതി,തോണിത്തലയുടെ ഇരുഭാഗങ്ങളിലുമുള്ള ചെമ്പിന്‍ കണ്ണ്, പങ്കായത്തിന്‍റെ രൂപം എല്ലാം മനസ്സില്‍ രൂപപ്പെട്ടു.അവന്‍ ധ്യാനത്തില്‍ നിന്നുണര്‍ന്ന് ആഹ്ലാദ നൃത്തം വച്ചു, പിന്നെ തന്‍റെ പണിയിടത്തേക്ക് ഓടി.ആദ്യം മണ്ണിലും പിന്നീട് മുളയിലും തന്‍റെ ദൃശ്യവിഭ്രമം കൊത്തിയിട്ടു.മറവിയിലേക്ക് ഇനി അതിന് പ്രവേശനമില്ല.
സഹായികള്‍ക്കൊപ്പം അവന്‍ അന്നുതന്നെ പ്രവര്‍ത്തനം തുടങ്ങി.കടലിലേക്ക് പോകാനുള്ള മോഹം ചിനയ്ക്കില്ലായിരുന്നു.അവന്‍റെ മനസ്സുനിറയെ ചൂര്‍ണ്ണിയായിരുന്നു.ചൂര്‍ണ്ണിയിലൂടെ തോണി തുഴഞ്ഞുപോകുന്നത് അവന്‍ സ്വപ്നം കണ്ടു.ഗോത്രക്കാര്‍ തോണിയിലിരുന്ന് ചൂര്‍ണ്ണിയിലെ മീന്‍പിടിക്കുന്ന ദൃശ്യം അവന്‍റെയുള്ളില്‍ പ്രതിബിംബിച്ചു.അലകും പിടിയും മുറുക്കിയുള്ള അദ്ധ്വാനത്തിന് അനേകം പൂര്‍ണ്ണ ചന്ദ്രന്മാര്‍ സാക്ഷിയായി.ഒടുവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തോണിയ്ക്ക് വരുണഭഗവാന്‍റെ അനുഗ്രഹം വാങ്ങി മെല്ലെ ആറ്റിലേക്കിറക്കിയപ്പോള്‍ എല്ലാ കണ്ഠങ്ങളില്‍ നിന്നും പൂജാമന്ത്രങ്ങള്‍ ഉറവപൊട്ടി.പ്രകൃതിയിലെ ഓരോ അണുവിലും അതിന്‍റെ പ്രതിഫലനമുണ്ടായി.ഓളപ്പാത്തിയില്‍ ആടിയാടി നിന്ന തോണിയില്‍ കയറാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു.ചിന എല്ലാവരേയും നോക്കി പുഞ്ചിരിച്ച ശേഷം അതിലേക്ക് മെല്ലെ കയറി. തോണി ഒന്നുലഞ്ഞു. കരയില്‍ നിന്നവര്‍ ഭയശബ്ദം പുറപ്പെടുവിച്ചു.ചിന ചിരിച്ചുകൊണ്ട് പങ്കായമെടുത്ത് പതുക്കെ തുഴഞ്ഞു.തോണി അകലേക്ക് നീങ്ങി നീങ്ങി പോകുന്നത് അത്ഭുതത്തോടെ അവര്‍ നോക്കിനിന്നു.
സ്ത്രീകള്‍ ഭക്ഷണം തയ്യാറാക്കാനും കുട്ടികള്‍ കളിക്കാനും പുരുഷന്മാര്‍ നായാട്ടിനും കാലിമേയ്ക്കാനും പോകാന്‍ മറന്നു.ദൂരെ ഒരു പൊട്ടായി മാറിയ ചിനയും തോണിയും തിരികെവരുമോ എന്ന ആശങ്കയോടെ അവര്‍ ശബ്ദമടക്കി നിന്നു. ആദ്യം ഒരു പൊട്ടായും പിന്നെ തണ്ടായും തടിയായും ഒടുവില്‍ തോണിയായും അത് കരയില്‍ മടങ്ങിയെത്തിയപ്പോള്‍ അവര്‍ ആഹ്ലാദാരവം മുഴക്കി.വൃക്ഷങ്ങളിലിരുന്ന പക്ഷികളും കുരങ്ങന്മാരും സന്തോഷത്തില്‍ പങ്കുകൊണ്ടു.ഗോത്രക്കാര്‍ ചിനയെ എടുത്തുയര്‍ത്തി സന്തോഷനൃത്തം വച്ചു.ചെറുപ്പക്കാരികള്‍ കാമാതുരരായി അവനെ നോക്കി. അതുകണ്ട് അവന്‍ നാണിച്ചു.അനേകം പെണ്‍കുട്ടികള്‍ അവനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു.എന്നാല്‍ ഗണനായകന്‍റെ പുത്രി പാറോവിനെയാണ് അവന്‍ വിവാഹം കഴിച്ചത്.
പ്രഹ്ളാദാ,അങ്ങിനെ നീ ഗോത്രത്തലവന്‍റെ കുലത്തിലെ സംബ്ബന്ധക്കാരനായി തീര്‍ന്നു.വെറും പൌരന്‍ എന്ന നിലയില്‍ നിന്നും ബുദ്ധികൊണ്ട് നിന്‍റെ കുലം ഉയര്‍ന്നിരിക്കുന്നു.കഴിവിനുള്ള അംഗീകാരം ലഭിക്കുകയാണ് പ്രഹ്ളാദാ.

പ്രഹ്ളാദന്‍ ചിരിച്ചു. 

Chapter--11-പുരോഗതിയുടെ കാലം

പതിനൊന്ന്
                                 
പുരോഗതിയുടെ  കാലം

 ചിനയുടെ പുത്രനായിരുന്നു മഹിഷി.അവനും ബുദ്ധിപരമായ വ്യായാമങ്ങളില്‍ മിടുക്കനായിരുന്നു.അവനും അനേകം ചെറുകണ്ടുപിടുത്തങ്ങള്‍ നടത്തിയിരുന്നു.ഒരു ദിവസം ചിനമൂപ്പന്‍ അവനോടു പറഞ്ഞു, നമ്മുടെ സ്ത്രീകള്‍ എത്ര ദൂരം നടന്ന് കഷ്ടപ്പെട്ടാണ് നദിയില്‍ നിന്നും വെള്ളം കോരിക്കൊണ്ടുവരുന്നത് .നോക്കൂ,നമ്മുടെ താമസസ്ഥലത്തിനടുത്തായി ഒരു വലിയ കുഴിയില്‍ പകുതിയോളം വെള്ളമുണ്ട്.അത് എടുക്കാന്‍ ഒരു സംവിധാനമുണ്ടെങ്കില്‍ എത്ര നന്നായിരുന്നു.
മഹിഷി അതിനെക്കുറിച്ച് ഏറെ ആലോചിച്ചു.സിന്ധുനദീതടത്തില്‍ ഉപയോഗിച്ചിരുന്ന ഏത്തംവച്ചു തേകലിനെക്കുറിച്ച് അവന്‍ കേട്ടിരുന്നു.ധ്യാനത്തിലൂടെ അവനതിനെ മനസ്സിലേക്ക് കൊണ്ടുവന്നു.പിന്നെ ഒരു നിമിഷം പോലും അടങ്ങിയിരിക്കാന്‍ അവനുകഴിഞ്ഞില്ല.ഒരു കാട്ടുമരത്തിന്‍റെ ഉറച്ചതും വളവില്ലാത്തതുമായ പ്രധാനകമ്പ് അവന്‍ മുറിച്ചുകൊണ്ടുവന്നു. അതില്‍ കെട്ടാനായി മറ്റൊരു നീളന്‍ കൊമ്പ് സംഘടിപ്പിച്ചു.വലിയ തടി കുറ്റിയായി നാട്ടി അതില്‍ നീളന്‍കമ്പ് കുറുകെ കെട്ടി. അതിന്‍റെ ഒരറ്റത്ത് ഭാരമുള്ള കല്ല് കെട്ടിത്തൂക്കി.ഒരു കമുകിന്‍ പാളയുടെ രണ്ടരുകുകള്‍ കെട്ടി തൊട്ടിയാക്കി.അതിന് നടുവിലായി ഒരു ബലമുള്ള കമ്പ് ഉറപ്പിച്ചു. അതിനെ ഒരു നീളമുള്ള കാട്ടുവള്ളിയില്‍ കെട്ടി.വള്ളിയുടെ മറ്റേ അഗ്രം നീളന്‍ കമ്പിലും ഉറപ്പിച്ചു. കൃത്യമായി കുഴിയില്‍ പാളയും വള്ളിയും താഴത്തക്കവിധമാണ് കുറ്റിയും കുറുക്കമ്പും ഉറപ്പിച്ചിരുന്നത്.ഇത്രയും ചെയ്യാന്‍ അവന്‍ ഏഴുദിവസം പ്രയത്നിച്ചു.സഹായികളായി മൂന്നുപേരുണ്ടായിരുന്നു. എല്ലാം ശരിയെന്ന് ബോദ്ധ്യമായതോടെ അവന്‍ മൂപ്പനെ വിളിച്ചു. അദ്ദേഹത്തോട് പാളയും വള്ളിയും സാവധാനം കുഴിയിലേക്ക് താഴ്ത്താന്‍ അവന്‍ നിര്‍ദ്ദേശിച്ചു. മൂപ്പന്‍ പ്രാര്‍ത്ഥനയോടെ പാള താഴ്ത്തി.അത് താഴെ വെള്ളത്തില്‍ ചെന്നുതട്ടുന്നത് മൂപ്പന്‍ അറിഞ്ഞു.
   മൂപ്പന്‍റെ മനസ്സ് തണുത്തു.മഹിഷി വള്ളി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു.പാളപ്പാത്രത്തിലേക്ക് ജലം ഇഷ്ടത്തോടെ കടന്നുവരുന്നത് അവന്‍ കണ്ടു.പാള നിറഞ്ഞപ്പോള്‍ സാവധാനം വള്ളി ഉയര്‍ത്തി.ആകാംഷയോടെ കാത്തുനില്ക്കുന്ന സ്ത്രീകളുടെ തിക്കിത്തിരക്കലിനിടയിലൂടെ പാള ഉയര്‍ന്നു വന്നു, നിറയെ ജലവുമായി.
  സൂര്യനെപോലെ തിളങ്ങുന്ന ജലം കണ്ട് അവര്‍ ആഹ്ലാദശബ്ദം പുറപ്പെടുവിച്ചു. മൂപ്പന്‍ എല്ലാവര്‍ക്കും കുറച്ചു വെള്ളം കുടിക്കാന്‍ കൊടുത്തു. തീര്‍ത്ഥജലം പോലെ അവരത് കുടിച്ചു.അന്ന് വൈകിട്ട് മഹിഷിയെ അഭിനന്ദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ അവന് പ്രശംസ ചൊരിഞ്ഞുകൊണ്ട് ഒരു ശില്പ്പം അവനു നല്കി.തേന അവനെ പുകഴ്ത്തി പാട്ടുപാടി.
ചിനയ്ക്ക് പ്രായമേറെയായി.എപ്പോഴും ഓരോ തരം അസുഖങ്ങളാണ്. ചുമ,ജലദോഷം,പനി തുടങ്ങിയവ വിട്ടുമാറാതെ നില്ക്കുന്നു.പച്ചിലകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ചോയന്‍ കാട്ടില്‍ നിന്നും കൊണ്ടുവരുന്ന ഇലകള്‍ അരച്ചുകഴിച്ചും നെഞ്ചില്‍‌ പുരട്ടിയുമൊക്കെയാണ് ആശ്വാസം കണ്ടെത്തിയത്.ഇനി അധികകാലം ജീവിതമില്ല എന്നുറപ്പ്. ചിന മഹിഷിയെ വിളിച്ച് അടുത്തിരുത്തി.
മഹിഷി,എനിക്കിനി അധികകാലമില്ല. നീ വേണം ഗോത്രത്തെ പുരോഗതിയിലേക്ക് നയിക്കാന്‍.പുരോഗതിക്ക് ഉതകുന്ന പലതും കണ്ടുപിടിക്കാനുണ്ട്.നീ മിടുക്കനാണ്,നിനക്കതിന് കഴിയും.എന്‍റെ ഒരാഗ്രഹം കൂടി നീ നിറവേറ്റിത്തരണം, ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്നെ ഒരു വലിയ മണ്‍തൊട്ടിയില്‍ അടക്കണം.അതില്‍ എന്‍റെ ആയുധങ്ങളും ഉപകരണങ്ങളും നിക്ഷേപിക്കണം.ഞാനുപയോഗിച്ച പാത്രങ്ങളും എന്‍റെ പ്രിയപ്പെട്ട ശില്പ്പവും അതിലിട്ടു മൂടണം.എന്‍റെ ജീവന് ആകാശത്തേക്ക് പറന്നു പോകാന്‍ മണ്‍തൊട്ടിയുടെ മുകളില്‍ വയ്ക്കുന്ന കല്ലില്‍ ഒരു ദ്വാരമുണ്ടാക്കണം”,ഇതു പറഞ്ഞ് ചിന ഒന്നു ചിരിച്ചു.
ഇതൊക്കെ ഞാന്‍ ഇന്നലെ സ്വപ്നത്തില്‍ കണ്ട കാര്യങ്ങളാ.ഈ ശരീരം പ്രാണൊനൊഴിഞ്ഞു കിടക്കുന്ന കാഴ്ച എനിക്ക് വളരെ വ്യക്തമായിരുന്നു.ചുറ്റിനും ഒരുപാട് നക്ഷത്രങ്ങളേയും ഞാന്‍ കണ്ടു.മരിച്ചുപോയ നമ്മുടെ മൂപ്പനും വംശക്കാരുമൊക്കെ അവിടെ പ്രകാശം പരത്തി നില്‍ക്കുന്നുണ്ടായിരുന്നു “, ചിന പറഞ്ഞുനിര്‍ത്തി.
അച്ഛന്‍റെ മരണം അടുത്തുവെന്ന് മഹിഷിക്ക് മനസ്സിലായി.അവന്‍ പ്രാര്‍ത്ഥനാനിരതനായി.അവന്‍റെ കണ്ണുകളില്‍ നിന്നും ചുടുകണ്ണീര്‍ അടര്‍ന്ന് ആ പാദങ്ങളില്‍ വീണു.
എന്താ മഹിഷി ഇത് . മരണം സ്വാഭാവികമല്ലെ,അതില്ലെങ്കില്‍ ജനനത്തിനെന്തര്‍ത്ഥം.ശരീരം ഒഴിവാക്കി മനസ്സ് പറന്നകലുന്നു എന്നല്ലാതെ മറ്റൊന്നുമില്ലല്ലോ.അത് പിന്നെയും ജീവിക്കുന്നു.നീ കരയരുത്,നീ നിന്‍റെ കര്‍മ്മം ചെയ്യുക”, ചിന ആശ്വസിപ്പിച്ചു.
അവന്‍ അന്നുതന്നെ അച്ഛന്‍റെ ആഗ്രഹപൂര്‍ത്തിക്കായി ജോലികള്‍ ആരംഭിച്ചു. ഒരാഴ്ച നീണ്ട കര്‍മ്മത്തിലൂടെ മണ്‍തൊട്ടിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.ദിവ്യദൃഷ്ടികൊണ്ട് ഇതറിഞ്ഞുവെന്ന് തോന്നും വിധം ചിനയുടെ ശ്വാസവും നിലച്ചു. അന്ന് ഗോത്രവാസികള്‍ ദുഃഖമാചരിച്ചു. ഉപവാസത്തോടെ കര്‍മ്മങ്ങള്‍ നടത്തി ചിനയെ മണ്‍തൊട്ടിയില് കിടത്തി,ഒരു കല്ലുകൂടി വച്ചു. മരണച്ചടങ്ങില്‍ കുടക്കല്ല് വയ്ക്കുന്നത് ആദ്യമായിട്ടായിരുന്നു. ചിനയോടുള്ള പ്രത്യേക ആദരവ് പ്രകടിപ്പിക്കാന്‍ മഹിഷിയാണ് അങ്ങിനൊരു പരിഷ്ക്കാരം വരുത്തിയത്.

പ്രഹ്ളാദാ,കാലം വരുത്തുന്ന പരിഷ്ക്കാരത്തിന്‍റെ നിറവ് നീ അറിയുക.ആധുനികതയുടെ ആദികിരണങ്ങളും നീ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്-ല്ലെ,ഓര്‍മ്മകള്‍ പലപ്പോഴും അങ്ങിനെയാണ് പ്രഹ്ളാദാ,വേണ്ടപ്പോള്‍ കിട്ടിയെന്നു വരില്ല”, ഗുരു ചിരിച്ചു.

Chapter-12-അല്പ്പായുസ്സായ സുഖദുഃഖങ്ങള്‍

                                     പന്ത്രണ്ട്

അല്പ്പായുസ്സായ സുഖദുഃഖങ്ങള്‍

ഈ കാലത്ത് ഭൂമിയുടെ വിവിധ മേഖലകളില്‍ അധിനിവേശത്തിന്‍റെ കടുത്ത നീക്കങ്ങള്‍ നടക്കുകയായിരുന്നു.യൂറേഷ്യയില്‍ നിന്നും ലോഹഖനികള്‍ തേടിയും വെള്ളം തേടിയുമുള്ള യാത്രകള്‍.യാത്രകളെല്ലാം യുദ്ധങ്ങളായി മാറി.തോറ്റവര്‍ പടിഞ്ഞാറോട്ടും കിഴക്കോട്ടും നീങ്ങി.ജയിച്ചവര്‍ അവരുടെ കാലിക്കൂട്ടങ്ങളുമായി  പുതിയ മേച്ചില്‍പുറങ്ങളില്‍ തമ്പടിച്ചു. മനുഷ്യര്‍ എന്നത്തേയുംപോലെ പെറ്റ് പെരുകുകയായിരുന്നു.കരമാര്‍ഗ്ഗം വന്ന ആര്യന്മാരെപോലെ കടല്‍മാര്‍ഗ്ഗത്തിലൂടെ മെഡിറ്ററേനിയന്‍കാരും ഇന്ത്യയിലെത്തി.എറിത്രേറിയന്‍ തീരത്തെത്തിയവരെ നാട്ടുകാര്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചു.നീണ്ട ശരീരവും തവിട്ടുനിറവും തടിച്ചുയര്‍ന്ന മൂക്കും രോമക്കെട്ടുള്ള ദേഹപ്രകൃതിയും പുറകോട്ടുചാഞ്ഞ നെറ്റിയുമുള്ള മെഡിറ്ററേനിയന്‍കാരെ നാട്ടുകാര്‍ക്കിഷ്ടമായി.അവര്‍ മീനവര്‍,വില്ലുവര്‍,തിരൈയര്‍,കോഴിയര്‍ എന്നീ ഗോത്രങ്ങളുടെ ഭാഗമായിതീര്‍ന്നു.
പരിഷ്ക്കാരങ്ങളുടെ നേതാവായ മഹിഷിക്ക് അഞ്ച് പെണ്‍മക്കളായിരുന്നു. കറുമ്പികളെങ്കിലും സുന്ദരികള്‍.മാന്‍പേടമിഴികളും നീണ്ടുലഞ്ഞ മുടിയും വടിവൊത്ത ദേഹവുമുള്ള അഴകികള്‍.ശില്പ്പികളെ ഹരം കൊള്ളിക്കുന്ന രൂപലാവണ്യമാണ് ദൈവം അവര്‍ക്ക് നല്‍കിയിരുന്നത്. ഇവരെയെല്ലാം വിവാഹം ചെയ്തത് മെഡിറ്ററേനിയനില്‍ നിന്നും വന്നുചേര്‍ന്നവരായിരുന്നു.അവര്‍ ചേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ഈജിപ്തിലേക്കും മറ്റും കൊണ്ടുപോയി കച്ചവടം ചെയ്യുകയും അവിടെനിന്ന് തുണിയും മറ്റും നാട്ടിലേക്ക് കൊണ്ടുവരുകയും ചെയ്തു. കച്ചവടത്തിലൂടെ പണമുണ്ടാക്കിയതോടെ അവര്‍ നാട്ടുപ്രമാണികളായി മാറി. ക്രമേണ ഇവരുടെ തലമുറകള്‍ ആ പ്രദേശത്തിന്‍റെ നാടുവാഴികളായി അറിയപ്പെട്ടു. വീട്ടിലെ മൂത്തകാരണവര്‍ എല്ലാം നിയന്ത്രിച്ചു.അന്യദേശത്തു നിന്നും ആളുകളെ കൊണ്ടുവന്ന് പട്ടാളക്കാരാക്കി.
പ്രഹ്ളാദാ,ഒരു കാലത്ത് നാടുവാഴികളായിരുന്ന നിന്‍റെ അപ്പനപ്പുപ്പന്മാരെ നീ ഓര്‍ക്കുക.കാലത്തിന്‍റെ ഒഴുക്കിലെവിടെയോ എല്ലാം നഷ്ടമായി എന്ന തിരിച്ചറിവും നിനക്കുണ്ടാവണം”,അതുകേള്‍ക്കെ പ്രഹ്ളാദന്‍റെ മുഖം വാടി.
നിന്നെ വിഷമിപ്പിക്കാന്‍ പരഞ്ഞതല്ല പ്രഹ്ളാദാ, ഈ സുഖദുഃഖങ്ങളെല്ലാം അല്പ്പായുസ്സാ,ജീവിതം പോലെതന്നെ.അല്ല,ജീവിതത്തില്‍ തന്നെ നമുക്കെന്താ ഒരു നിയന്ത്രണമുള്ളത് .ങ്ഹാ,നീ കഥ കേട്ടോളൂ”,ഗുരു തുടര്‍ന്നു.
പ്രഹ്ളാദന്‍ ഒന്നുകുലുങ്ങി,വീണ്ടും പത്മാസനത്തിലിരുന്ന് ഗുരുവിനെ നോക്കി.
സാന്‍റേറിന അഗ്നിപര്‍വ്വതം ക്ഷോഭിച്ച് ക്രീറ്റ് ദ്വീപിന്‍റെ പകുതിയും മിനോവ നഗരവും ചെറുദ്വീപുകളും സമുദ്രത്തില്‍ ആണ്ടുപോയതോടെ അവിടെ അവശേഷിച്ച ജനങ്ങള്‍ കടലിലൂടെ അനേകകാതം താണ്ടി,കാറ്റിന്‍റെ ശക്തിയില്‍ ഒഴുകിയൊഴുകി ,എറിത്രേറിയന്‍ തീരത്ത് എത്തിയത് ബി സി ആയിരത്തി നാനൂറിലാണ്. ആ കാലം ലോകമാകെ മനുഷ്യര്‍ സഞ്ചരിക്കയായിരുന്നു. സുരക്ഷിതവും സമൃദ്ധവുമായ ഇടങ്ങള്‍ തേടിയുള്ള പലായനത്തിന്‍റെ കയ്പ്പും മധുരവും നിറഞ്ഞ അനുഭവങ്ങള്‍.മണ്ണും പറയും നിശബ്ദം നോക്കി നിന്ന ക്രൂരതയുടെയും വേദനയുടെയും ആദികാലം.അനാദിയായ പ്രകൃതി മനുഷ്യന്‍റെ ക്രൂരതകള്‍ കണ്ട് വേദനപ്പെട്ട ആദിനോവിന്‍റെ കാലം.
ബിസി ആയിരത്തിലാണ് ആദ്യമായി ചേരളത്തില്‍ ഇരുമ്പ് എത്തുന്നത്.അന്ന് ചൂര്‍ണ്ണിദേശം വാണിരുന്നത് മഹിഷി കുടുംബത്തിലെ മാമഹിഷിയായിരുന്നു. കോടാലികളുമായെത്തിയ കോക്കസസ്സ് മദ്ധ്യധരണ്യാഴിവംശക്കാരെ മാമഹിഷന്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. അവര്‍ക്ക് താമസിക്കാന്‍ നല്ല സൌകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു.അധികം കഴിയും മുന്‍പ് അവരെ സ്വസമുദായത്തില്‍ അംഗങ്ങളാക്കുകയും ചെയ്തു.
ആകാശം പെയ്തൊഴിയുകയും ഇടിമിന്നലുകള്‍ മേഘമാലകളെ പിളര്‍ന്ന് താഴെയെത്തുകയും ചെയ്ത ഒരു മഴക്കാലം.പെട്ടെന്നാണ് മേഘങ്ങള്‍ ഇരുണ്ടുകൂടി കൂലംകുത്തിയത്.പുരുഷന്മാര്‍ കാട്ടിനുള്ളില്‍ വേട്ടയ്ക്ക് പോയിരിക്കയായിരുന്നു. മലമുകളില്‍ പെയ്ത മഴ പുഴയെ ഇളക്കിമറിച്ചു വന്നത് ആരും അറിഞ്ഞില്ല. തീരത്ത് താമസിച്ചിരുന്ന വില്ലുവഗോത്രത്തെ കടപുഴക്കിയാണ് പുഴ സംഹാരതാണ്ഡവമാടിയത്.ഓടാന്‍ കഴിഞ്ഞവര്‍ മാത്രമെ രക്ഷപെട്ടുള്ളു.അനേകം കുട്ടികളും സ്ത്രീകളും ഒഴുക്കില്‍പെട്ട് മരിച്ചു.മൂപ്പന്‍ അജയ്യനായി നിന്ന് പലരെയും രക്ഷപെടുത്തി.ഒടുവില്‍ മൂപ്പനെയും ഒഴുക്ക് കൊണ്ടുപോയി.അവരെ പടിഞ്ഞാറന്‍ കടല്‍ സ്വീകരിച്ചു. രണ്ടു ദിവസം കഴിഞ്ഞേ വേട്ടയ്ക്ക് പോയവര്‍ക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞുള്ളു. എല്ലാം നഷ്ടപ്പെട്ട് കരയുന്ന ഗോത്രക്കാരെയാണ് അവര്‍ കണ്ടത്. മൂപ്പനെയും ഭാര്യയെയും മക്കളെയും നഷ്ടമായ പുരുഷന്മാര്‍ ആകാശത്തേക്കും മലമുകളിലേക്കും നോക്കി ദൈവത്തോട് പരിദേവനം നടത്തി.തുടര്‍ ദിവസങ്ങളില്‍ പൂജകളുടെയും മന്ത്രങ്ങളുടെയും തിരക്കായിരുന്നു. പിന്നെ കര്‍മ്മങ്ങളിലൂടെ മരണപ്പെട്ടവരെ ആവാഹിച്ച് ശിലയാക്കി.എണ്ണക്കമ്പുകള്‍ കത്തിച്ചു വച്ച് പ്രാര്‍ത്ഥിച്ച് സമാധാനിച്ചു.അധികം വൈകാതെ മാമഹിഷന്‍റെ സഹോദരീപുത്രന്‍ കുങ്കുവിനെ ഗോത്രത്തലവനാക്കി.
      മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മൂപ്പന്‍ ഒഴുക്കില്‍പെട്ടത്.ഇത്രയും പേരെങ്കിലും ബാക്കിയായതും മൂപ്പന്‍റെ ഇടപെടല്‍കൊണ്ടാണ്. ഇനിയും കുറെയെങ്കിലും നന്മ നിന്നില്‍ അവശേഷിക്കുന്നതും  ഈ കുലമഹിമ കൊണ്ടാകാം പ്രഹ്ളാദാ, ഗുരു ചിരിച്ചു.
സാവധാനം അവരുടെ ദിനങ്ങള്‍ സാധാരണപോലെയായി.സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണം കുറഞ്ഞു. വംശവര്‍ദ്ധനവിനും പുരുഷന്‍റെ തീക്ഷ്ണവികാരശമനത്തിനും സ്ത്രീയില്ലാതെ കഴിയില്ല.കുങ്കുവാണ് പുതിയ നിയമം സ്ഥാപിച്ചത്.ഒരുവന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അവന്‍റെ അനുജന്മാര്‍ക്കും അവള്‍ ഭാര്യയായിരിക്കുമെന്ന് കുങ്കു പ്രഖ്യാപിച്ചു.അവര്‍ പരസ്പ്പര സ്നേഹത്തോടെ ഇണചേരാനും കുടുംബം നിലനിര്‍ത്താനും കുങ്കു അനുമതി നല്കി.അത് ഒരു സാമൂഹിക മാറ്റത്തിന് വഴിവച്ചു.
അവള്‍ക്കുണ്ടാകുന്ന കുട്ടികള്‍ ആരുടേതാണെന്നറിയാന്‍ എന്താണു മാര്‍ഗ്ഗം, സഭയില്‍ ചോദ്യമുണ്ടായി.
പെണ്ണ് ഗര്‍ഭിണിയായി മൂന്നാം പൂര്‍ണ്ണചന്ദ്രിക നാളില്‍ അവള്‍ക്ക് കുലചിഹ്നമായ വില്ലും അമ്പും നല്‍കുന്നവന്‍ ആരോ അവനാണ് പിതാവ്,കുങ്കു പറഞ്ഞു.
ഒന്നിലേറെപ്പേര്‍ വില്ലുകൊടുക്കാന്‍ വന്നാല്‍----വീണ്ടും ചോദ്യം.
അവള്‍ ആരില്‍നിന്ന് വില്ല് ഏറ്റുവാങ്ങുന്നുവോ അവന്‍ കുട്ടിയുടെ അച്ഛനായി അറിയപ്പെടും.
സമാധാനമായി, പിന്നെ ചോദ്യങ്ങളൊന്നും ഉണ്ടായില്ല.കുങ്കു തന്‍റെ നാവില്‍ വന്ന മറുപടിയില്‍ സ്വയം അഭിമാനിച്ചു. എല്ലാം കുലദൈവങ്ങളുടെ കരുണ.പിന്നിട്ടുപോയ പിതാമഹന്മാരുടെ ചിന്തകളുടെ ബാക്കിപത്രം.ഇനി എഴുതാത്താളുകള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ തലമുറകള്‍ എത്ര പിറക്കാനിരിക്കുന്നു.
ഫിനീഷ്യയില്‍ നിന്നും കടല്‍മാര്‍ഗ്ഗം എത്തിയവരും പല ഗോത്രങ്ങളിലായി കുടിയേറിയതും ഈ കാലത്താണ്.അവരാണ് ലിപികളുടെ മാതാവായ ബ്രാഹ്മി , മണ്ണിന്‍റെയും മനുഷ്യരുടെയും ശക്ത്യാക്ഷരമായി ഈ ഭൂമിയില്‍ വരച്ചിട്ടത്.താമരപ്പൂവില്‍ വിദ്യാദേവിയുടെ സങ്കല്പ്പം കൊണ്ടുവന്നതും അവരായിരുന്നു. വരകളും കുറികളും ഓര്‍മ്മയുടെ കണ്ണികളായി മനസ്സില്‍ പതിക്കവെ ,മായാത്ത,തേഞ്ഞുപോകാത്ത സംഭവങ്ങളുടെ ചരടുകളായി അവ അക്ഷരങ്ങള്‍ എന്നപേരില്‍ അറിയപ്പെട്ടു.ആയിരങ്ങള്‍ പരിണാമ കഥകള്‍ പറഞ്ഞും ചരിത്രം പറഞ്ഞും കഥയും കവിതയും സ്നേഹവും ദ്വേഷവും കൊലയും ജന്മവും ജന്മദുഃഖവുമൊക്കെ പറഞ്ഞ് അനേകങ്ങളായി , വരകളും കുറികളുമായി.അവയില്‍ നിന്നും വട്ടെഴുത്തുണ്ടായി.അവ പിന്നെ ഇണപിരിഞ്ഞ് ഭാഷകളായി.ഭാഷകള്‍ അതിര്‍ത്തി നിശ്ചയിച്ചു. അതിര്‍ത്തിക്കിരുപുറവും നിന്ന് മനുഷ്യര്‍ കിതച്ചു.അവസാനിക്കാത്ത കിതപ്പ്.
പ്രഹ്ളാദാ,-പ്പൊ നമ്മള്‍ ആശയവിനിമയം നടത്തുന്ന ഈ ഭാഷയും ആദിമ ഭാഷകളുമെല്ലാം ഒരു കിളിയുടെ ശബ്ദം പോലെ,ഒരു മൃഗത്തിന്‍റെ ഓലിയിടല്‍ പോലെ എവിടെയോ തുടങ്ങി വികസിച്ചതാണ് എന്നോര്‍ക്കുമ്പോള്‍ ഒരവിശ്വാസം തോന്നുന്നുണ്ട്, -ല്ലേ”,ഗുരു ചോദിച്ചു. അവന്‍ തലകുലുക്കി.
കുങ്കുവിന്‍റെ പുത്രി കാരിയും ഭര്‍ത്താവ് പുരോയും കടല്‍ക്കരയില്‍ വിശ്രമിക്കവെ ഒരു കാഴ്ച കണ്ടു. ദൂരെനിന്നും അലങ്കരിച്ചതും ഭംഗിയേറിയതുമായ ഒരു നൌക തീരം ലക്ഷ്യമാക്കി വരുന്നു.അവര്‍ ആഹ്ലാദാരവം മുഴക്കി യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇങ്ങനെ കപ്പലുകള്‍ വരുക പതിവാണെന്ന് കേട്ടിട്ടുണ്ടെങ്കിലും അവര്‍ ആദ്യമായാണ് ഈ കാഴ്ച കാണുന്നത്.കുറേ സമയം കൊണ്ട് ആ നൌക തീരമണഞ്ഞു. അതില്‍നിന്നും നല്ല നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ കുറേപ്പേര്‍ കരയ്ക്കിറങ്ങി. അവരുടെ കൈയ്യില്‍ ഇരുമ്പുകൊണ്ടുള്ള അനേകം ആയുധങ്ങള്‍ ഉണ്ടായിരുന്നു.പലവിധ സസ്യങ്ങളുടെ തൈകളും അവര്‍ കൊണ്ടുവന്നിരുന്നു. ഭക്ഷണാവശ്യത്തിനായി ഗോതമ്പുപൊടിച്ചതും ഉണക്കിയ പഴങ്ങളും ഉണക്കമാംസവും കപ്പലിലുണ്ടായിരുന്നു. അവര്‍ കരയിലിറങ്ങി പുരോയുടെയും  കാരിയുടെയും അടുത്തേക്ക് വന്നു.രണ്ടുകൂട്ടരുടെയും ഭാഷ വൈവിദ്ധ്യമാര്‍ന്നതായിരുന്നെങ്കിലും ആശയങ്ങള്‍ കൈമാറപ്പെട്ടു.
        അവര്‍ ഇസ്രയേലില്‍ നിന്നും വന്നവരായിരുന്നു.നല്ല വെളുത്ത നിറവും നീണ്ടമുഖവുമുള്ള സുന്ദരന്മാര്‍. സോളമനായിരുന്നു അവരുടെ രാജാവ്.അപൂര്‍വ്വമായ പലവിധ വസ്തുക്കള്‍ ചേരളത്തില്‍ നിന്നും ശേഖരിച്ചുപോകാന്‍ വന്നവരായിരുന്നു അവര്‍.രാജാവിന്‍റെ മനസ്സ് കുളിര്‍ക്കാനായി എന്തും ചെയ്യാന്‍ തയ്യാറായി പുറപ്പെട്ടവര്‍.പുരോയും കാരിയും അവരെ സ്വീകരിച്ച് ഗോത്രത്തിലേക്ക് കൊണ്ടുപോയി.അവര്‍ ഗോത്രപ്രമുഖര്‍ക്ക് ഇരുമ്പായുധങ്ങള്‍ നല്കി സംതൃപ്തിപ്പെടുത്തി.ഏതാണ്ട് പത്ത് ദിവസത്തോളം ഇസ്രയേലികള്‍ അവിടെ താമസിച്ചു.വില്ലുവരുടെ സഹായത്തോടെ അവര്‍ നദിയില്‍ നിന്നും  മുത്തുകള്‍ മുങ്ങിയെടുത്തു.മയിലുകളെയും കുരങ്ങന്മാരെയും ജീവനോടെ പിടിച്ചു.ആനകളെ വേട്ടയാടി കൊമ്പെടുത്തു.ചന്ദന മരങ്ങള്‍ വെട്ടി തടിയെടുത്തു. ഏലവും ഇഞ്ചിയും ഗ്രാമ്പുവും ശേഖരിച്ചു.ഇതിനിടെ ഈ സുന്ദരന്മാരുമായി ചില യുവതികള്‍ സൌഹൃദം കൂടുകയും ചെയ്തു.
നൌക നിറഞ്ഞതോടെ ,നിറഞ്ഞ മനസ്സോടെ ഇസ്രയേലികള്‍ യാത്രയായി.കൂടുതല്‍ കലപ്പകളും ഇരുമ്പായുധങ്ങളും ലഭിച്ചതോടെ വില്ലുവരുടെ കാര്‍ഷികവൃത്തി കൂടുതല്‍ അഭിവൃദ്ധിപ്പെട്ടു.
പ്രഹ്ളാദാ, ഒരേ പ്രദേശത്ത് വസിക്കുന്ന മനുഷ്യരുടെ നിറവും സ്വഭാവവും വേറിടുന്നതിന്‍റെ കാരണം നിനക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ടല്ലോ-ല്ലെ,ഗുരു ചോദിച്ചു. അവന്‍ തലയാട്ടി.


Chapter-13-സംസ്ക്കാരങ്ങളുടെ ഇണചേരല്‍

                                    പതിമൂന്ന്

സംസ്ക്കാരങ്ങളുടെ  ഇണചേരല്‍

ഭാഷയിലും സംസ്ക്കാരത്തിലും അനുസ്യൂതമായ മാറ്റം സംഭവിക്കയായിരുന്നു.നാട്ടിലാകെ അന്യദേശക്കാരുടെ എണ്ണം കൂടിക്കൂടി വന്നു.എല്ലാ ഗോത്രങ്ങളിലും വ്യത്യസ്ത നിറമുള്ളവരുടെ സങ്കലനമായി കഴിഞ്ഞിരുന്നു. സങ്കലനപ്പെടാതെ തനതായി കഴിയാന്‍ ആഗ്രഹിച്ച ആദിമ ഗോത്രക്കാര്‍ കാട്ടിനുള്ളിലേക്ക് പിന്മാറിക്കൊണ്ടിരുന്നു. കാര്‍ഷികവൃത്തിയും കാലിമേയ്ക്കലും തൊഴിലാക്കിയവര്‍ കാടുകള്‍ വെട്ടിമാറ്റി അവിടൊക്കെ കൃഷിയിറക്കി. കാട്ടില്‍ നിന്നും സുഗന്ധവ്യഞ്ജനങ്ങളും ആറുകളില്‍ നിന്നും മുത്തുകളും ശേഖരിച്ച് അവര്‍ വിദേശികളെ കാത്തിരുന്നു.വിദേശികള്‍ കൊണ്ടുവന്ന മദ്യം പുരുഷന്മാരെ ദാഹാര്‍ത്തരും മണമുള്ള ലേപനങ്ങള്‍ സ്ത്രീകളെ ഉന്മത്തരുമാക്കി. വസ്ത്രങ്ങള്‍ ഗോത്രത്തലവനെ അവരുടെ അടിമയാക്കി.
ബിസി എണ്ണൂറുകളില്‍ ടയറിലെ രാജാവായ ഹീരം അയച്ച കപ്പലില്‍ വന്നവരും ലക്ഷ്യമിട്ടത് കുരങ്ങും മയിലും ആനക്കൊമ്പും ചന്ദനവും മുത്തുകളുമൊക്കെയായിരുന്നു. അവര്‍ വടക്ക് പടിഞ്ഞാറെ തീരത്തുള്ള ഓഫിര്‍ തുറമുഖത്ത് ഇറങ്ങി വ്യാപാരം നടത്തി. ഭൂപ്രകൃതിയും സമൃദ്ധിയും സമഞ്ജസിച്ച ചേരള നാട് ഹോറ എന്ന നാവികനെ ആനന്ദതുന്തിലനാക്കി. അയാള്‍ മാത്രം തിരികെ പോയില്ല. ഹോറയെ നാട്ടുപ്രമാണി സന്തോഷത്തോടെ സ്വീകരിച്ചു. പുരോയുടെ പുത്രന്‍ ശെന്തിലനായിരുന്നു പ്രമാണി. പ്രമാണിയുടെ സുന്ദരിയായ മകളെ അയാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു.
മിടുക്കിയായ ശെങ്കളി ആ വൈദേശികനുമായി വേഗമിണങ്ങി. അയാള്‍ ഒരു നല്ല കലാകാരനായിരുന്നു.മുളങ്കുഴലില്‍ ഗാനമാലപിക്കുന്ന,ശില്പ്പങ്ങള്‍ കൊത്താന്‍ ചാതുര്യമുള്ള കലാകാരന്‍. ശെങ്കളിയെ മാതൃകയാക്കി അയാള്‍ നിര്‍മ്മിച്ച പ്രതിമ അധികം വൈകാതെ ആ നാട്ടില്‍ ഭൂമിദേവിയുടെ പ്രതീകമായി മാറി.ദേവീവിഗ്രഹത്തെ സംരക്ഷിക്കാന്‍ കെട്ടിടമുണ്ടാക്കി,നിത്യപൂജയും തുടങ്ങി.എല്ലാ സങ്കടങ്ങള്‍ക്കും പരിഹാരം ദേവിയെ പ്രാര്‍ത്ഥിക്കലും കര്‍മ്മങ്ങള്‍ നടത്തലുമായി.
അയാള്‍ ഹീബ്രുഭാഷ ശെങ്കളിയെ പഠിപ്പിച്ചു.
ശെങ്കളി,നീ ആ പക്ഷിയെ കണ്ടോ,ചിറക് വിരിച്ച് നിര്‍ത്തമാടുന്ന സുന്ദരന്‍,അതാണ് തൂകി-ഇം,”അവന്‍ പറഞ്ഞു.
മയിലിനെ ചൂണ്ടിയാണ് അയാള്‍ അങ്ങിനെ പറഞ്ഞത്.അവള്‍ ആവര്‍ത്തിച്ചു പറഞ്ഞു,തൂകി-ഇം.
മരഞ്ചാടി നടക്കുന്ന കുരങ്ങിനെ കണ്ടപ്പോള്‍ ഹോറ പറഞ്ഞു, നോക്കൂ,ഇത് കോപ്
ഒരു കറുത്ത ദ്രാവിഡനെ കണ്ടപ്പോള്‍ ഹോറ പറഞ്ഞു,കര്‍പ്യന്‍
അവള്‍ ചിരിച്ചു,എന്നിട്ട് പറഞ്ഞു, കര്‍പ്യന്‍.”
ഒരു ദിവസം ചോറുണ്ടാക്കാന്‍ അരിയെടുത്തപ്പോള്‍ അവള്‍ ചോദിച്ചു, ഇതിനെന്താ പറയുക?”
ഒറിസ്, അയാള്‍ പറഞ്ഞു.
ഒറിസ് ,അവള്‍ ആവര്‍ത്തിച്ചു
കറിവയ്ക്കാനായി ഇഞ്ചി ഇളക്കിയെടുക്കുമ്പോള്‍ ഹോറ ചോദിച്ചു, ശെങ്കളി,ഇതിന്‍റെ പേര് പറയാമോ?”
അവള്‍ പറഞ്ഞു,അറിയില്ല.
ഇത് സിഗിബെറോസ് , അയാള്‍ പറഞ്ഞു.
അവള്‍ക്ക് അതാവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുതോന്നി.
സിജി, -സിഗി,- സിബ്രോസ്
അതുകേട്ട് അയാള്‍ തറയില്‍ വീണുകിടന്ന് ചിരിച്ചു.അവള്‍ തത്ക്കാലം പിണങ്ങിയെങ്കിലും ഭാഷ പഠിപ്പ് ഉപേക്ഷിച്ചില്ല.അടുത്ത ദിവസം വെപ്പരി കൊണ്ടുവന്ന് കാട്ടി അവള്‍ പറഞ്ഞു,ഹോറ,ഇതിന്‍റെ പേര് പറയു.
പിപ്പലി, അവന്‍ പറഞ്ഞു.
പിപ്പ്-പീപ്പ്-പിപ്പലി, പറഞ്ഞൊപ്പിച്ചു.
പോകെപ്പോകെ അവള്‍ ഹീബ്രുഭാഷ നന്നായി പഠിച്ചു.പലരേയും പഠിപ്പിച്ചു, സ്വയമറിയാതെ അവള്‍ പലര്‍ക്കും ഗുരുവായി മാറി.
മദ്ധ്യേഷ്യയില്‍ നിന്നും അക്രമണോത്സുകരായ ആര്യന്മാര്‍ ഇന്ത്യയില്‍ പ്രവേശിച്ച് ആക്രമമത്തിലൂടെ കൈയ്യടക്കിയ ദേശങ്ങളില്‍ ദ്രാവിഡരെ ആദ്യം അടിമകളാക്കിയെങ്കിലും സാവധാനം അവരുടെ ബുദ്ധിയുടെയും ആദ്ധ്യാത്മികതയുടെയും ആഴം മനസ്സിലാക്കി അവരുമായി സമരസപ്പെട്ടു.അടിമത്തത്തേക്കാള്‍ ഗുണം സങ്കലനമാണ് എന്നവര്‍ കണ്ടെത്തി. നിരീക്ഷണത്തിലൂടെയും മനനത്തിലൂടെയും നന്മയുടെ അംശം സ്വാംശീകരിക്കുന്ന ദ്രാവിഡരെ ഗുരുക്കന്മാരാക്കി.ആ സൌഹൃദത്തിന്‍റെ മൂര്‍ത്തഭാവമെന്ന നിലയില്‍ ദ്രാവിഡദൈവങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനും അവര്‍ തയ്യാറായി. അങ്ങിനെ ചേയോന്‍റെ പിതാവായ ശിവനും അമ്മയായ കൊറ്റവൈയും അതേകാലത്ത് മറ്റൊരു ഗോത്രത്തലവനായിരുന്ന വിഷ്ണുവുമെല്ലാം ആര്യദൈവങ്ങളായി മാറി. ശിവന്‍ ഹൈന്ദവ സംസ്ക്കാരകാലത്ത് പശുപതിയായി ആരാധിക്കപ്പെട്ടിരുന്നു.മൂന്നുമുഖമുള്ള ദൈവമായിരുന്നു ശിവന്‍.ശിവന്‍റെ ചുറ്റിലും എപ്പോഴും മൃഗങ്ങളുള്ളതായി സങ്കല്പ്പിച്ചിരുന്നു. ധ്യാനനിമഗ്നനായ യോഗിയായും സൃഷ്ടികര്‍മ്മവുമായി ബന്ധപ്പെട്ട ലിംഗമായും ശിവനെ സങ്കല്പ്പിക്കാന്‍ തുടങ്ങി.
കാലിമേയ്ക്കുന്ന അതേ പ്രാധാന്യത്തോടെ കാര്‍ഷികവൃത്തിയെ കാണാനും ആര്യന്മാര്‍ തയ്യാറായി. ദ്രാവിഡസമൂഹത്തിലെ പൂജാരിമാരും ആര്യസമൂഹത്തിലെ പൂജാകര്‍മ്മികളും ചേര്‍ന്ന് പുതിയൊരു ജാതി ഉടലെടുത്തു. ബ്രാഹ്മണസമൂഹം എന്നു വിളിക്കപ്പെട്ട ഈ കൂട്ടര്‍ കൃഷിയുടെ മേല്‍നോട്ടം ഏറ്റെടുത്തു. അതോടെ തൊഴില് ചെയ്യുന്നവര്‍ ശൂദ്രര്‍ എന്നറിയപ്പെടാന്‍ തുടങ്ങി. ആര്യന്മാരായ ഭരണാധികാരികള്‍  ക്ഷത്രിയരായി.
ഡക്കാണിലെ മഴകുറഞ്ഞ പ്രദേശത്തുകൂടി ഈ സങ്കലന സമൂഹത്തിലെ ഒരുകൂട്ടമാളുകള്‍ തെക്കോട്ടുനീങ്ങി.അവിടെ നവീനശിലാ സംസ്ക്കാരത്തില്‍ കഴിഞ്ഞു വന്നവരുമായി ചേര്‍ന്ന് കിഴക്കോട്ടുള്ള യാത്ര തുടര്‍ന്നു.കടന്നുപോകുന്ന നദീതീരങ്ങളിലെല്ലാം കുറേപ്പേര്‍ താമസമാക്കി. അങ്ങിനെ ഈ കൂട്ടര്‍ ആന്ധ്ര മുതല്‍ ബംഗാള്‍ വരെ പൂര്‍വ്വതീരത്ത് വ്യാപിച്ചു. ഒരു കൂട്ടര്‍ നര്‍മ്മദ താഴ്വാരത്തിലൂടെ മധ്യഇന്ത്യയിലെ പര്‍വ്വതനിരകളിലേക്കും മഴകൂടിയ വനഭാഗങ്ങളിലേക്കും വ്യാപിച്ചു. നാനാവശത്തും വേരുറപ്പിച്ച ആര്യന്മാര്‍ അങ്ങിനെ നാടിനെ ആര്യാവര്‍ത്തമാക്കി.
ആ കാലത്താണ് മാന്ത്രിക-താന്ത്രിക സൂത്രങ്ങളുടെ സമാഹാരമായ അഥര്‍വ്വവേദം ആര്യ-ആര്യേതര ജനതയുടെ ആത്മീയജീവിതവൃത്തികളുടെ നിയമാവലിയായി തീര്‍ന്നത്. ആ കാലത്തുതന്നെയാണ് പ്രകൃതിയെ ഭയക്കുകയും ആരാധിക്കുകയും ചെയ്ത ജനസമൂഹത്തിന്‍റെ ആത്മീയതയെ ബ്രാഹ്മണര്‍ ചൂഷണം ചെയ്യാന്‍ തുടങ്ങിയതും.
പ്രഹ്ളാദാ,നീ രാമായണ കഥ പല വട്ടം വായിച്ചിട്ടുണ്ടല്ലോ,ഒരു പാട് സംശയങ്ങളും നീ സ്വയം ചോദിച്ചിട്ടുണ്ടാവും.ഒരിക്കലും അടങ്ങാത്ത സംശയങ്ങളുടെ കടലുകളാണ് വേദങ്ങളും ഇതിഹാസങ്ങളും. എന്നിലും അവശേഷിക്കുന്ന സംശയങ്ങള്‍ എത്രയോ ഉണ്ട്. നിനക്കറിയാമോ,ശ്രീരാമന്‍റെ കാലത്ത് ദ്രാവിഡരായ ഉത്തരേന്ത്യക്കാര്‍ക്ക് സഹ്യനിപ്പുറമുള്ള ദേശം അന്യമായിരുന്നു. അതുകൊണ്ടുതന്നെ വാല്മീകിയും പിന്നീട് കഥകള്‍ കൂട്ടിച്ചേര്‍ത്തവരും സാങ്കല്പ്പികമായ അനേകം കഥാപാത്രങ്ങളെ ചമച്ചത്. പ്രഹ്ളാദാ,ഒരു പക്ഷേ,അനേക കാതം യാത്ര ചെയ്ത് പാണ്ഡ്യനാട്ടിലൂടെ ശ്രീരാമനും സൈന്യവും ലങ്കയിലേക്ക് പോയിട്ടുണ്ടാവും. എന്നാല്‍ അതിനിപ്പുറം സമൃദ്ധമായ കാടുകള്‍ക്കുള്ളില്‍ ജീവിച്ച മനുഷ്യര്‍ അവരുടെ കാഴ്ചയ്ക്കപ്പുറമായിരുന്നു. ചേയോനൊപ്പം ഗോദാവരീതടം കടന്നെത്തിയ ആദിദ്രാവിഡരും ആദിമനുഷ്യരും കടല്‍മാര്‍ഗ്ഗമെത്തിയ ആര്യന്മാരും ചേര്‍ന്ന സമൂഹം അവര്‍ക്ക് സങ്കല്പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു.അതുകൊണ്ടുതന്നെയാകാം വാനരസംഘത്തിന്‍റെ ഒരു കഥ ഭാവനയില്‍ മെനഞ്ഞെടുത്തതും, ഗുരു പറഞ്ഞു നിര്‍ത്തി.
ചെമ്പുകൊണ്ടുള്ള ത്രിശൂലവും ഇരുമ്പിലുള്ള കത്തിയും അരിവാളും ചൂണ്ടയും വേലും മുക്കാലിയും ദക്ഷിണദേശക്കാര്‍ നിര്‍മ്മിച്ചിരുന്നുവെങ്കിലും കാര്‍ഷിക വിപ്ലവത്തിന് ബീജാവാപമായ കലപ്പ അവര്‍ക്ക് ലഭിച്ചത് വളരെ വൈകിയാണ്. നിലം ഉഴുതുമറിക്കാനുള്ള കലപ്പ ഇല്ലാതിരുന്നതിനാല്‍ ചേരള നാട്ടിലെ കാര്‍ഷികരംഗത്ത് ഒരു നിശ്ചലാവസ്ഥ നിലനിന്നിരുന്നു. പ്രഹ്ളാദാ,നിന്‍റെ അപ്പുപ്പന്മാര്‍ ആദ്യമുണ്ടാക്കിയ കലപ്പ ദീര്‍ഘചതുരാകൃതിയിലുള്ളതായിരുന്നു. ഇത് കടും തറയെ ഇളക്കാന്‍ പര്യപ്തമായിരുന്നില്ല. വീടുകളും ആദ്യകാലരീതിയില്‍ നിന്നും വ്യത്യാസപ്പെട്ടിരുന്നില്ല. കളിമണ്ണുകൊണ്ട് വൃത്താകൃതിയില് തറയുണ്ടാക്കി അതിന്മേല്‍ കൂരകള്‍ നിര്‍മ്മിക്കുന്ന പതിവ് തുടര്‍ന്നുവന്നു. അതിന്‍റെ മുകള്‍ഭാഗം കൂണ്‍പോലെ കൂര്‍ത്തുമിരുന്നു”, ഗുരു തുടര്‍ന്നു.  
ഉത്തരേന്ത്യയില്‍ വലിയ വെട്ടുകല്ലുകൊണ്ട് അടിത്തറകെട്ടി ബലവത്തായ മേല്‍ക്കൂരയുള്ള വീടുകള്‍ നിര്‍മ്മിച്ചു. കാലികളെ സംരക്ഷിക്കാന്‍ തൊഴുത്തുമുണ്ടാക്കി. അവര്‍ വീട്ടാവശ്യങ്ങള്‍ക്കായി ചാരനിറം പൂശിയ മണ്‍പാത്രങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ദക്ഷിണേന്ത്യന്‍ ജനത പുതിയവ സ്വീകരിക്കാന്‍ മടികാണിച്ച യാഥാസ്ഥിതികരായിരുന്നു. ആര്യന്മാര്‍ പ്രകൃതിയെ ജയിക്കുന്നതിന് ഭൌതിക ഉപകരണങ്ങള്‍ സൃഷ്യിച്ചപ്പോള്‍ ആത്മീയ ഉപകരണങ്ങളിലായിരുന്നു ദക്ഷിണേന്ത്യക്കാര്‍ക്ക് പ്രിയം.
  ഭാഷ,വിശ്വാസം,മതം,ചിന്ത,കല,സാഹിത്യം തുടങ്ങിയവയായിരുന്നു ആത്മീയോപകരണങ്ങള്‍. മനുഷ്യജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുക ഭൌതികമായ ഉപകരണങ്ങളാണ്.ആത്മീയോപകരണങ്ങള്‍ പ്രതിസ്പന്ദനങ്ങള്‍ ഏല്പ്പിക്കും. ദക്ഷിണേന്ത്യന്‍റെ ആത്മീയോപകരണങ്ങള്‍ പരിവര്‍ത്തനത്തിന് വിഘാതമുണ്ടാക്കുകയാണ് ചെയ്തത്. ആത്മീയോപകരണങ്ങളെ മുറുകെപിടിച്ച സമൂഹത്തില്‍ മാറ്റം വരുത്താന്‍ ഉജ്വലമായ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരാന്‍ സഹസ്രാബ്ദങ്ങള്‍ വേണ്ടിവന്നു.
പ്രഹ്ളാദാ,നമുക്ക് സംഭവിച്ചതും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഈ ഒരാത്മീയാവസ്ഥയുടെ മുറുക്കിപ്പിടുത്തം തന്നെയാണ്. പുറമെ ഏറെ മുന്നേറിയെങ്കിലും നമ്മിലെ യാഥാസ്ഥിതിക ഭാവം പിന്മാറാന്‍ മടിക്കുന്നു”, ഗുരുവിന്‍റെ ചിന്തയ്ക്കുമുന്നില്‍ അവന്‍ ശിരസ്സു കുനിച്ചു.
സിന്ധുതടത്തിലെ താമ്രയുഗ സംസ്ക്കാരത്തിന്‍റെ അനന്തരാവകാശിയായിരുന്ന ഉത്തരേന്ത്യ അയോയുഗത്തിലേക്ക് പ്രവേശിച്ചത് താമ്രയുഗത്തിലെ ആത്മീയ ഭാണ്ഡത്തോടുകൂടിയാണ്. ഇവ ഭൌതിക പുരോഗതിക്ക് വിഘാതവുമായിരുന്നു. ചാതുര്‍വര്‍ണ്ണ്യത്തില്‍ അധിഷ്ടിതമായ ബ്രാഹ്മണ മേധാവിത്വവും ദൈവപ്രീതിക്ക് വേണ്ടിയുള്ള യാഗങ്ങളും കൃഷിയുടെയും വാണിജ്യത്തിന്‍റെയും പുരോഗതിക്ക് തടസ്സമായി. ഈ തടസ്സങ്ങള്‍ തട്ടിനീക്കുന്നതിന് സഹായിച്ചത് ജൈന-ബുദ്ധ സന്ദേശങ്ങളും ആ മതങ്ങളുടെ പ്രചാരണവുമാണ്. അതുകൊണ്ടുതന്നെ മൌര്യ സാമ്രാജ്യവും അര്‍ത്ഥശാസ്ത്രത്തില്‍ പ്രതിബിംബിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ സംവിധാനവും ഉടലെടുത്തത്.മനുഷ്യസമൂഹത്തില്‍ യുഗാന്തരങ്ങളായി ഈട്ടംകൂടുന്ന അസംബന്ധങ്ങള്‍ നീക്കം ചെയ്യുക ശ്രമകരമായ ഒരു പണിയാണ്. ആ ജോലിയാണ് സാവധാനമായി സമൂഹത്തില്‍ സംഭവിച്ചതും.ചിലയിടത്ത് വേഗം സംഭവിക്കുന്ന ഈ മാറ്റം ചേരളത്തില്‍ സംഭവിക്കാന്‍ സഹസ്രാബ്ദങ്ങള്‍ വേണ്ടിവന്നു.
പ്രഹ്ളാദാ,ആ മാറ്റങ്ങളുടെ അത്ഭുതകരമായ കഥയാണ് ഇനി ഞാന്‍ പറയാന്‍ പോകുന്നത്, ഗുരു പറഞ്ഞു. പ്രഹ്ളാദന്‍ ഒന്നുകൂടി മുന്നോട്ടാഞ്ഞിരുന്നു.
ഹോറയുടെയും ശിങ്കളിയുടെയും പുത്രനായിരുന്നു ശിങ്കാരന്‍.ശിങ്കാരന്‍ ഗോത്രത്തലവനായപ്പോള്‍ അവര്‍ ബേപ്പൂരില്‍ നിന്നും തെക്കോട്ട് യാത്രചെയ്ത് ചൂര്‍ണ്ണിതീരത്തെത്തി. അവിടെ താമസിച്ച് കൃഷിചെയ്തും കാലിമേയ്ച്ചും ഗോത്രം പുലര്‍ത്തി. അക്കാലത്താണ് ചൂര്‍ണ്ണിയിലെ ശംഖുകളില്‍ നിന്നും മനോഹരമായ ചൌര്‍ണ്ണേയങ്ങള്‍ അവര്‍ കണ്ടെത്തിയത്. കടലോരത്ത് കച്ചവടത്തിനുവന്ന അറബികളെ ചൌര്‍ണ്ണേയം അത്ഭുതപ്പെടുത്തി. അവര്‍ ചൌര്‍ണ്ണേയത്തിനുപകരമായി പലവിധ ചരക്കുകളും നാണയങ്ങളും നല്കാന്‍ തയ്യാറായി. ശിങ്കാരന്‍റെ സുന്ദരിയായ പുത്രി ചൌര്‍ണ്ണേയത്തേക്കാള്‍ അഴകുള്ളവളായിരുന്നു. അവളുടെ കാന്തിയില്‍ മയങ്ങിയ ഫെലൂന്‍ എന്ന അറബി കച്ചവടം കഴിഞ്ഞ് തിരികെ പോകുന്ന കപ്പലില്‍ കയറാന്‍ കൂട്ടാക്കിയില്ല. അവന്‍ ചൂര്‍ണ്ണിനദിക്കരയില്‍ അവളെയും സ്വപ്നംകണ്ടിരുന്നു. ഒടുവില്‍ ശിങ്കാരന്‍റെ സമ്മതത്തോടെ അവളെ വിവാഹം ചെയ്ത് അവിടെ കൂടി.
പ്രഹ്ളാദാ,അങ്ങിനെ നിന്‍റെ ബന്ധുകുലത്തില്‍ ഒരറബിയും വന്നുകൂടി”, ഗുരു ഒരിറക്ക് വെള്ളം കുടിച്ച് വീണ്ടും കഥ തുടര്‍ന്നു.
ജനതകള്‍ തമ്മിലുള്ള ഇണചേരല്‍ സംസ്ക്കാരങ്ങളുടെ ലയനമായി മാറിക്കൊണ്ടിരുന്നു.
ശിങ്കാരന്‍ മരിക്കും മുന്‍പെ ഫെലൂനെ ഗോത്രത്തലവനായി പ്രഖ്യാപിച്ചു. നാളതുവരെ തുടര്‍ന്നുവന്ന വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഒരു തീരുമാനം . അന്യനാട്ടില് നിന്നും വന്ന് ഗോത്രത്തില്‍ ചേര്‍ന്നയാള്‍ ഗോത്രത്തലവനാകുക. അതും തലവന്‍റെ മകളെ വിവാഹം ചെയ്തു എന്ന ഒറ്റ കാരണത്താല്‍. ശിങ്കാരന്‍റെ മൂത്ത സഹോദരീപുത്രനും കൂട്ടരും പിണങ്ങിപ്പിരിഞ്ഞു. അവര്‍ പ്രത്യേക ഗോത്രമായി മാറി. ശിങ്കാരന്‍ എതിര്‍ത്തില്ല. പോകുന്നവര്‍ പൊയ്ക്കോട്ടെ എന്ന സമീപനമായിരുന്നു. എതിര്‍പ്പുണ്ടായിട്ടും പുറത്തു പറയാതെ മറ്റുള്ളവര്‍ ഗോത്രത്തില്‍ ഉറച്ചു നിന്നു.
ഫെലൂന് നല്ല നേതൃപാടവമുണ്ടായിരുന്നു. ചൂര്‍ണ്ണിയുടെ തീരത്ത് അയാള്‍ നെല്‍കൃഷി സജീവമാക്കി. മൌര്യചക്രവര്‍ത്തിയായ അശോകന്‍ ആ കാലത്ത് ചേരളദേശത്തിന് ഒരുപാട് സഹായങ്ങള്‍ ചെയ്തിരുന്നു. മൃഗാശുപത്രികള്‍,കുളങ്ങള്‍,കിണറുകള്‍ എന്നിവ നിര്‍മ്മിച്ചു നല്കാന്‍ അദ്ദേഹം പ്രത്യേക താത്പ്പര്യമെടുത്തു. അശോക ചക്രവര്‍ത്തിയുടെ ലക്ഷ്യം ബുദ്ധമതപ്രചരണമായിരുന്നു.
വില്ലുവ ഗോത്രത്തിനു പുറമെ മറ്റനേകം ഗോത്രങ്ങളും ബുദ്ധമതം സ്വീകരിച്ചു. ഇത് ഗോത്രങ്ങളുടെ ഏകീകരണത്തിന് കാരണമായി. ഈ കാലത്ത് കൃഷിക്കൊപ്പംതന്നെ കാലിമേയ്ക്കലിനും പ്രാധാന്യം കൈവന്നിരുന്നു. ഫെലൂന്‍റെ പുത്രന്‍ ശംഖനാഥന്‍റെ കാലത്ത് കാലികളുടെ പ്രാധാന്യം വര്‍ദ്ധിക്കുകയും മന്‍റങ്ങള്‍ നിലവില്‍ വരുകയും ചെയ്തു. നൂറുകണക്കിന് കാലികള്‍ ഓരോ മണ്‍റത്തിനും സ്വന്തമായിരുന്നു. അങ്ങിനെ ഗോത്രത്തലവന്‍ മണ്‍റങ്ങളുടെ നേതാവായ മന്നനായി. ശംഖനാഥനായിരുന്നു ചേരളത്തിലെ ആദ്യ മന്നന്‍. കാലിമേയ്ക്കുന്ന കോലായിരുന്നു രാജാധികാര ചിഹ്നം. കാലിക്കൂട്ടം ഒത്തു ചേരുന്ന മരച്ചുവട്ടിലെ അമ്പും വില്ലും ഗോത്രചിഹ്നമായി തുടര്‍ന്നു. ആ മരത്തിനു കീഴെ ഇരുന്ന് ഗോത്രത്തിലെ അംഗങ്ങള്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തു. വടക്കുനിന്നും സിംഹള ദേശത്തുനിന്നും വന്ന ബുദ്ധഭിക്ഷുക്കളായിരുന്നു പല വിഷയങ്ങളിലും മന്നനെ ഉപദേശിച്ചിരുന്നത്. അവരുടെ കൂട്ടത്തില്‍ നല്ല വൈദ്യന്മാരുമുണ്ടായിരുന്നു. കാട്ടുചെടികള്‍ക്കിടയില്‍ നിന്നും ഔഷധങ്ങള്‍ കണ്ടെത്തി അവര്‍ രോഗങ്ങള്‍ ഭേദമാക്കി. രോഗങ്ങള്‍ വന്നാല്‍ അവ മാറ്റാന്‍ ദൈവങ്ങള്‍ക്കേ കഴിയൂ എന്നു വിശ്വസിച്ചിരുന്ന ഗോത്രക്കാര്‍ക്ക് വൈദ്യന്മാര്‍ ദൈവങ്ങളായി മാറി. അവര്‍ക്ക് സമൂഹത്തില്‍ വലിയ അംഗീകാരവും കിട്ടി.
പാലി ഭാഷ പഠിപ്പിക്കാനും ബുദ്ധസംഹിതകള്‍ പ്രചരിപ്പിക്കാനുമായി ബുദ്ധഭിക്ഷുക്കള്‍ പള്ളിക്കൂടങ്ങള്‍ തുടങ്ങി. ബുദ്ധക്ഷേത്രങ്ങളോട് ചേര്‍ന്നായിരുന്നു ഇവ സ്ഥാപിച്ചത്. അങ്ങിനെ പള്ളികളോടുചേര്‍ന്ന് പള്ളിക്കൂടങ്ങളുണ്ടായി. ബുദ്ധമതം സ്വീകരിച്ചതോടെ വില്ലുവ ഗോത്രക്കാര്‍ സമാധാനപ്രിയരായി മാറി. ഹിന്ദുമതവും ഒപ്പം തന്നെ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല. ആര്യമതമെന്ന നിലയില്‍ അതിനെ സ്വീകരിക്കാന്‍ ഗോത്രക്കാര്‍ ആഗ്രഹിച്ചില്ല. മത്സ്യഗോത്രക്കാര്‍ അതിക്രമിച്ചു കടന്ന് മരച്ചുവട്ടിലെ വില്ലുമുറിച്ച് പ്രകോപനം സൃഷ്ടിക്കും വരെ സമാധാനം നിലനിന്നു. എന്നാല്‍ ഈ അതിക്രമത്തോടെ ഭിക്ഷുക്കളുടെ ഉപദേശമൊന്നും അനുസരിക്കാന്‍ ശംഖനാഥന്‍ നിന്നില്ല. വില്ലുവ യോദ്ധാക്കളെകൂട്ടി അയാള്‍ യുദ്ധത്തിനുപുറപ്പെട്ടു. അനേക ദിനങ്ങള്‍ നിണ്ടുനിന്ന ഘോരയുദ്ധമായിരുന്നു ഫലം. രണ്ടു ഗോത്രങ്ങളിലും ഒരുപാട് മരണങ്ങള്‍ നടന്നു. ഒടുവില്‍ മത്സ്യഗോത്രക്കാര്‍ ഓടി രക്ഷപെട്ടു. യുദ്ധം ജയിച്ചെങ്കിലും വില്ലുവഗോത്രക്കാര്‍ക്ക് അവരുടെ മന്നനെ നഷ്ടമായി. വിജയത്തിനടുത്തെത്തി നില്ക്കെയാണ് ശംഖനാഥന്‍ പരിക്കേറ്റ് വീണത്. അമ്പില്‍ രൂക്ഷമായ വിഷാംശമുണ്ടായിരുന്നു. രക്ഷിക്കാന്‍ വൈദ്യന്മാര്‍ക്ക് പോലും കഴിഞ്ഞില്ല.പടക്കളത്തില്‍ വച്ചുതന്നെ മേഘനാഥന്‍ നേതൃത്വമേറ്റെടുത്തു.അച്ഛന്‍ തുടങ്ങിവച്ച യുദ്ധം മകന്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ഏയ്,പ്രഹ്ളാദാ,-നിന്‍റെ മുന്‍ഗാമികളില്‍ ഒരുവന്‍റെ മരണം നിന്നെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടാവണം-ല്ലെ.
“  അതെ ഗുരോ,ഉള്ളിലെ നീറ്റല്‍ ഞാനറിയുന്നു  “
മേഘനാഥന്‍ ബുദ്ധമതത്തിന്‍റെ അന്തഃസത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട മന്നനായിരുന്നു. അയാള്‍ മന്ത്രവാദവും പ്രതിമാരാധനയും നിര്‍ത്തലാക്കി. ഇത്തരം തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് കൃഷിഭൂമിയും കലപ്പയും കാളന്മാരെയും നല്‍കി. ഉത്തരേന്ത്യയില്‍ നിന്നും നല്ല വസ്ത്രങ്ങളും കാര്‍ഷികോപകരണങ്ങളും വാങ്ങി ഗോത്രക്കാര്‍ക്ക് വിതരണം ചെയ്തു, പകരമായി ചൂര്‍ണ്ണേയവും സുഗന്ധവ്യഞ്ജനങ്ങളും കച്ചവടം ചെയ്തു. ഈ രീതിയില്‍ അന്യ രാജ്യങ്ങളുമായി വാണിജ്യ-സാംസ്ക്കാരിക-രാഷ്ട്രീയ ബന്ധം സ്ഥാപിച്ചു. ബുദ്ധമതം ജനതയെ കര്‍മ്മോന്മുഖരാക്കി.സ്വന്തം കര്‍മ്മമാണ് മനുഷ്യജീവിതത്തെ രൂപപ്പെടുത്തുന്നത് എന്ന് ബുദ്ധഭിക്ഷുക്കള്‍ ഉത്ഘോഷിച്ചു. അവനവന്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങള്‍ക്ക് പ്രതിവിധിയാകണമെങ്കില്‍ സ്വയം നല്ല മാര്‍ഗ്ഗത്തിലൂടെ ചരിക്കണമെന്ന് അവര്‍ ഉപദേശിച്ചു. ദൈവവിശ്വാസവും മതവിശ്വാസവും ദുഷ്കര്‍മ്മങ്ങള്‍ക്ക് പരിഹാരമാകുന്നില്ലെന്ന ബോധം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സഹജീവികളെ സ്നേഹിക്കുകയും നല്ലവണ്ണം അദ്ധ്വാനിക്കുകയും വേണമെന്നും ബുദ്ധഭിക്ഷുക്കള്‍ ഓര്‍മ്മിപ്പിച്ചു. അതാണ് നിര്‍വ്വാണത്തിനുള്ള മാര്‍ഗ്ഗം എന്നും ജനങ്ങളെ അവര്‍ ബോദ്ധ്യപ്പെടുത്തി. അങ്ങിനെ ജനങ്ങള്‍ അദ്ധ്വാനശീലരായി.

     

Chaptre-14-പകയുടെയും അധികാരത്തിന്‍റെയും തീയ്

                                        പതിനാല്    

പകയുടെയും  അധികാരത്തിന്‍റെയും  തീയ്

ബുദ്ധഗ്രന്ഥങ്ങള്‍ സാധാരണ സംസാരഭാഷയിലും പ്രചരിച്ചു. സാമൂഹ്യതിന്മകളുടെ നാരായവേര് ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കി. ഇതിനെ ഔദാര്യം കൊണ്ട്  ഇല്ലായ്മ ചെയ്യാന്‍ സാധ്യമല്ല. ഔദാര്യവും ദാനവും തിന്മയ്ക്കുള്ള സമ്മാനമായി പരിഗണിച്ച് തിന്മയെ പരിപോഷിപ്പിക്കും എന്ന ബുദ്ധസന്ദേശം മേഘനാഥനെ ഉണര്‍വ്വുള്ള രാജാവാക്കി. അദ്ദേഹം കൃഷി-കാലിവളര്‍ത്തുകാര്‍ക്ക് വിത്തുകളും കാലികളും നല്‍കി. വാണിജ്യം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ആവശ്യമായ മൂലധനം കൊടുത്തു.കിണറുകളും കുളങ്ങളും നിര്‍മ്മിക്കുകയും വാണിജ്യപഥങ്ങളില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.
മേഘനാഥന്‍റെ പുത്രന്‍ ശൂദ്രദേവന്‍ മന്നനായിരിക്കെയാണ് ഓരോ ചെറിയ പ്രദേശങ്ങള്‍ കൃഷിചെയ്ത് വന്നവര്‍ ഒരു കുടുംബം എന്ന് കണക്കാക്കാന്‍ തുടങ്ങിയത്. ആ കൃഷിയിടത്ത് അവര്‍ക്ക് സ്വന്തമായ കലപ്പയും ഉഴവുമൃഗങ്ങളുമുണ്ടായി. മന്നന്‍റെ നേതൃത്വം അംഗീകരിച്ചിരുന്നെങ്കിലും അവര്‍ പ്രത്യേകമായി കൃഷി ചെയ്തുവന്നു. ഭൂവിസ്തൃതി കുറവായിരുന്നതിനാലും കുന്നും മലയും പുഴയും തോടും കായലും കാടും അധികമായിരുന്നതിനാലും ഓരോ പ്രദേശത്തിനും ഒരു തലവനെ നിശ്ചയിച്ച് ഭരണം നടത്താന്‍ ശൂദ്രദേവന്‍ തീരുമാനിച്ചു. വിദേശികളുമായുള്ള വ്യാപാരം എഡി ഒന്നാം നൂറ്റാണ്ടില്‍ വളരെ വിപുലപ്പെട്ടിരുന്നു. റോമിലെ നാണയമായ സെസ്റ്റര്‍സസിലായിരുന്നു വിനിമയം നടന്നത്. ഈ കാലത്ത് പുറത്തു നിന്നുള്ള ആക്രമണത്തെ ഭയന്ന് പല ഗണങ്ങള്‍ ഒന്നുചേര്‍ന്നു. അവരുടെ നേതൃത്വം ശൂദ്രദേവനുതന്നെയായിരുന്നു.
പ്രഹ്ളാദാ,ഇവിടം മുതലാണ് നിന്‍റെ തലമുറ അധികാരത്തില്‍ നിന്നും അകലാന്‍ തുടങ്ങുന്നത്. നിന്‍റെ ജനിതകം പേറുന്ന ശൂദ്രദേവന്‍റെ മകള്‍ ഒരു ശില്പ്പിയെയാണ് പ്രണയിച്ചത്.രാജാവിന്‍റെ എതിര്‍പ്പിനെ അവഗണിച്ച് അവര്‍ വിവാഹിതരായി.രാജാവ് അവരെ വധിച്ചില്ലെങ്കിലും കൊട്ടാരത്തില്‍ നിന്നും  പുറത്താക്കി.ഇനി പടിയിറക്കമാണ് പ്രഹ്ളാദാ, മറ്റുള്ളവരുടെ കയറ്റവും, ഗുരു പറഞ്ഞു നിര്‍ത്തി. 
പ്രഹ്ളാദന്‍ ചിരിച്ചു. ഹാവൂ,സമാധാനമായി.ഈ അധികാരം ഒന്നു താഴ്ത്തി വച്ച് സ്വസ്ഥനാകണമെന്നുണ്ടായിരുന്നു.ആഗ്രഹം സാധിച്ച ഈ മുഹൂര്‍ത്തത്തില്‍ അങ്ങയ്ക്ക് പ്രണാമം.കഥ തുടര്‍ന്നാലും, പ്രഹ്ളാദന്‍ പറഞ്ഞു.
ശൂദ്രദേവന്‍റെ പുത്രന്‍ മണിവര്‍ണ്ണന്‍ ഭരണാധികാരിയായ കാലം.അയാള്‍ സൈന്യത്തെ സംഘടിപ്പിച്ച് അതിര്‍ത്തി സംരക്ഷണം തുടങ്ങി.അതോടെ ധാരാളം ഗണാധിപന്മാര്‍ മണിവര്‍ണ്ണന്‍റെ നേതൃത്വം അംഗീകരിച്ച് അയാളെ രാജാവായി സ്വീകരിച്ചു. കായലുകളും പള്ളങ്ങളും ചേര്‍ന്ന കുട്ടനാടും അതിന് വടക്കുള്ള കുടനാടും ചേര്‍ന്ന പ്രദേശമായിരുന്നു മണിവര്‍ണ്ണന്‍റെ ഭരണത്തിന്‍ കീഴിലുണ്ടായിരുന്നത്. വഞ്ചിയായിരുന്നു തലസ്ഥാനം. തെങ്ങില്‍ നിന്നും കള്ള് ചെത്താന്‍ തുടങ്ങിയത് മണിവര്‍ണ്ണന്‍റെ കാലത്താണ്.തേനുലവന്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഇത് ജനതയുടെ ജീവിതരീതിയില്‍ വലിയ മാറ്റമുണ്ടാക്കി.പകല്‍ സമയം കഠിനാദ്ധ്വാനം ചെയ്തശേഷം സായാഹ്നത്തില്‍ മദ്യം കഴിക്കാനായി ആര്‍ത്തിപൂണ്ട് നില്‍ക്കുന്ന ഒരു സമൂഹമായി അവര്‍ മാറി.മീനും കള്ളും കച്ചവടം ചെയ്യുന്ന കടകള്‍ ജനപഥങ്ങളില്‍ ധാരാളമായുണ്ടായി. സ്ത്രീകളും പുരുഷന്മാരും കൃഷിഉത്പ്പന്നങ്ങള്‍ നല്കി കള്ളുകുടിക്കാന്‍ കടകളില്‍ തിരക്കുകൂട്ടി.
   മണിവര്‍ണ്ണനുശേഷം മൂത്തമകന്‍ ചെങ്കുട്ടുവന്‍ അധികാരമേറ്റു.ആ കാലത്ത് കൃഷിയും വാണിജ്യവും കൂടുതല്‍ മെച്ചപ്പെട്ടു. സാഹിത്യത്തിനും കലയ്ക്കും ചെങ്കുട്ടുവന്‍ നല്ല പ്രാധാന്യം നല്കിയിരുന്നു. കവികള്‍ നാടിന്‍റെ സൌന്ദര്യത്തെ വാഴ്ത്തിപാടി. കുല താഴ്ന്ന തെങ്ങുകളും വിശാലമായ വയലുകളും മലയാകുന്ന വേലിയും നിലാവുപോലുള്ള വെണ്‍മണലും വിസ്തൃതമായ കടല്‍ക്കരയും തെളിഞ്ഞ കായലും  തീ പോലെ തോന്നിക്കുന്ന പൂവുമുള്ള ശീതളമായ തൊങ്ങിനാടിനെ വാഴ്ത്തിപ്പാടുന്ന കവിമൊഴികള്‍ എങ്ങും കേള്‍ക്കാന്‍ കഴിഞ്ഞു. ഈ കാലത്ത് സ്വര്‍ണ്ണവും വിദേശമദ്യവും നിറച്ച യവനക്കപ്പലുകള്‍ സ്ഥിരമായി വഞ്ചിയില്‍ വന്നിരുന്നു.ചില യവന കുടുംബങ്ങള്‍ ഇവിടെ സ്ഥിരതാമസവുമാക്കി.
ചെങ്കുട്ടുവന്‍ വഞ്ചി തലസ്ഥാനമാക്കി ഇരുപത്തിയഞ്ച് കൊല്ലം ഭരിച്ചു. അറബിക്കടലിലെ കടല്‍ക്കൊള്ളക്കാരെ തുരത്തി ഗതാഗതം സുഗമമാക്കിയത് ചെങ്കുട്ടുവനാണ്. അതിനാല്‍ കടല്‍ പിറകോട്ടിയ വേല്‍കഴുകുട്ടുവന്‍ എന്ന് അദ്ദേഹത്തെ വിളിച്ചുവന്നു.കടല്‍ക്കൊള്ളക്കാര്‍ പോയതോടെ വാണിജ്യവും കൊഴുത്തു. മോകൂര്‍ മന്നനായ പഴയനെ തോല്പ്പിച്ചതോടെ ചെങ്കുട്ടുവന്‍റെ കീര്‍ത്തി നാനാദിക്കിലും പ്രചരിച്ചു. കുടത്തിശൈ ആളും കൊറ്റവേന്തന്‍ എന്നും കീര്‍ത്തികേട്ടു. ഹരിദ്വാരില്‍ നിന്നും വന്ന ഒരു ശിവഭക്തനായിരുന്നു ഉപദേശകന്‍. അയാളുടെ പ്രേരണയില്‍ ശിവഭക്തനായി മാറിയ ചെങ്കുട്ടുവന്‍ അനേകം ശിവക്ഷേത്രങ്ങളും സ്ഥാപിച്ചു. അന്ന് അദ്ദേഹത്തോടൊപ്പം പോയ ഒരു സൈനികമേധാവി നിന്‍റെ കുലത്തില്‍ നിന്നുള്ളയാളായിരുന്നു.
പ്രഹ്ളാദാ, നിന്‍റെ കൈലാസയാത്രയുടെ പൊരുള്‍ നീ ഇപ്പോള്‍ അറിയുന്നുണ്ടാവും.നാമറിയാതെ നമ്മില്‍ നിറയുന്ന അനേകം ഓര്‍മ്മകളുടെ ,ഓര്‍മ്മപ്പെടുത്തലുകളുടെ മസ്തിഷ്ക മടക്കുകളുടെ ഈ കളി നീ അറിയണം, ഗുരു വചനം ഗ്രഹിച്ച് അവന്‍ തലയാട്ടി.
          ബുദ്ധമതാനുയായിയായ പത്തിനിയുടെ ഭര്‍ത്താവ് ചിലങ്ക മോഷ്ടിച്ചു എന്നാരോപിച്ച് വധിക്കപ്പെട്ടത് ഈ കാലത്താണ്.അതിനെതിരെ പോരാടിയ പത്തിനിയുടെ കഥയാണ് പിന്നീട് ചിലപ്പതികാരത്തലൂടെ ആവിഷ്ക്കരിക്കപ്പെട്ട കണ്ണകിയുടെ കഥ. നാടിന് ശാപമേറ്റതിന്‍റെ പിഴയെന്ന നിലയില്‍ ഹരിദ്വാറിലേക്ക് പോയ ചെങ്കുട്ടുവന്‍ ഗംഗയില്‍ മുങ്ങി ശാപമോക്ഷം നേടുകയും പത്തിനീപ്രതിഷ്ഠയ്ക്കുള്ള ശിലയുമായി വടക്കുനിന്നും പരിവാരസമേതം തിരിച്ചെത്തുകയും ചെയ്തു.രാജാവിനെ സ്വീകരിക്കാന്‍ നാട്ടില്‍ വന്‍സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. നാട്യവിദഗ്ധകളായ നാരീമണികള്‍ വലമ്പിരി ശംഖില്‍ നിന്നുളവായ മുത്തുകള്‍ നിറച്ച സ്വര്‍ണ്ണത്താലങ്ങള്‍ കൈയ്യിലേന്തി, നെടിയോന്‍ മാര്‍പില്‍ ആരം പൊന്‍റു പെരുമാളൈ വിളങ്കിയ പെരിയാറ്റടൈങ്കരെ എന്നഭിവാദ്യം ചെയ്ത് രാജനെ എതിരേറ്റു.പത്തിനി പ്രതിഷ്ഠക്ക് ശേഷം ചെങ്കുട്ടുവന് രാജ്യഭരണം അഭിവൃദ്ധികരമായി.
മണിവര്‍ണ്ണന്‍റെ മക്കളുടെ നേതൃത്വത്തില്‍ പലയിടങ്ങളിലായി ഗോത്രസമൂഹം വേറിട്ട് താമസമാക്കി. കുതിരമല ആസ്ഥാനമാക്കി അതിയമാന്‍ നാടുവാണു. പൊതിയമലയില്‍ ആയും ഏഴിമലയില്‍ നന്നനും കൊല്ലിമലയില്‍ ഓരിയും മുള്ളൂര്‍ മലയില്‍ കാരിയും പറമ്പുമലയില്‍ പാരിയും പന്‍റിമലയില്‍ ആവിയും ചിറ്റരചരായി. എന്നാല്‍ ഇവരെല്ലാം ചേരന്‍ ചെങ്കുട്ടുവന്‍റെ അധികാരം അംഗീകരിച്ചാണ് നാടുവാണത്. വിദേശത്തുനിന്നും കരിമ്പുമായി വന്നവരെ അതിയമാന്‍ സന്തോഷത്തോടെ സ്വീകരിച്ച് സ്വന്തം ഗണത്തില്‍ ചേര്‍ത്തു. അവര്‍ കുതിരമലയില്‍ കരിമ്പുകൃഷി തുടങ്ങി.സുന്ദരന്മാരായ ആ വിദേശികള്‍ക്ക് അതിയമാന്‍ തന്‍റെ മക്കളെ വിവാഹം ചെയ്തുകൊടുത്തു.
ആയ്ക്കുടി കേന്ദ്രമാക്കി ഭരണം നടത്തിയ ആയും കൂട്ടരും ആനകള്‍,മയിലുകള്‍,കുരങ്ങന്മാര്‍,അന്നങ്ങള്‍ എന്നിവയെ വിറ്റ് ധനം സമ്പാദിച്ച് സമ്പന്നരായി. ആയുടെ പുത്രന്‍ ആണ്ടിരന്‍ ബ്രാഹ്മണമതം സ്വീകരിച്ച ഗണനാഥനായിരുന്നു. ഒരു ബ്രാഹ്മണനായിരുന്നു അയാളുടെ ഉപദേശകന്‍.നിന്‍റെ ഉപശാഖയില്‍പെട്ട് ഒരു ബന്ധു അയാളുടെ വിശ്വസ്തനായിരുന്നു. ആണ്ടിരന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു. അയാള്‍ മരിച്ചപ്പോള്‍ ബ്രാഹ്മണന്‍റെ ഉപദേശപ്രകാരം മൂന്ന് സ്ത്രീകളും ആണ്ടിരന്‍റെ ചിതയില്‍ ചാടി സതിയനുഷ്ടിച്ചു. ഗണാംഗങ്ങള്‍ ഇതില്‍ പ്രതിഷേധിക്കയും ബ്രാഹ്മണനെ അവിടെ നിന്നും ഓടിക്കുകയും ചെയ്തു.
ഏഴില്‍ മല വാണ നന്ദന്‍ പ്രബലനായ കുറുനില മന്നനായിരുന്നു.പൂഴിനാടും കൊണ്‍കാനനവും നന്നന്‍റെ അധീനത്തിലായിരുന്നു. വടക്കോട്ട് മംഗലാപുരം വരെയും കിഴക്ക് സഹ്യാദ്രിയും വയനാടും ഗൂഡല്ലൂരും വരെയുള്ള ഭാഗങ്ങള്‍ നന്നന്‍റെ അധികാരം അംഗീകരിച്ചിരുന്നു. മയിലുകള്‍ ധാരാളമായിരുന്ന ഏഴില്‍ മലയിലും വയനാടന്‍ മലയിലും സ്വര്‍ണ്ണവും ധാരാളമായി ലഭിച്ചിരുന്നു. ആനകളെ നെറ്റിപ്പട്ടം കെട്ടി അലങ്കരിക്കുകയും സ്ത്രീകളും പുരുഷന്മാരും ഒളിതിരളുന്ന ആഭരണങ്ങള്‍ ഇടുകയും ചെയ്തിരുന്നു.യുദ്ധകാര്യത്തില്‍ തത്പ്പരനായിരുന്ന നന്നന്‍ നേരിട്ട് പട നയിച്ച് പഴയന്‍,പിണ്ടന്‍ എന്നീ കുലമുഖ്യന്മാരെ തോല്പ്പിച്ച് അധികാരാതിര്‍ത്തി വ്യാപിപ്പിച്ചു. പാഴി യുദ്ധത്തില്‍ നന്നന്‍റെ പടത്തലവന്‍ മിഞിലി, പൊതിയമലയിലെ ആയ് എയിനനെ തോല്പിച്ചു.തല വേര്‍പെട്ട് ചോരയില്‍ കുതിര്‍ന്നുകിടന്ന എയ്നന്‍ സ്വന്തം രക്തമാണെന്ന് തിരിച്ചറിയാന്‍ നന്നന് കഴിഞ്ഞില്ല.
പ്രഹ്ളാദാ,സഹോദരങ്ങള്‍ പരസ്പ്പരം അറിഞ്ഞും അറിയാതെയും ഏറ്റുമുട്ടുന്ന പകയുടെയും അധികാരത്തിന്‍റെയും തീയ് കെടാതെ ഇന്നും നിലനില്ക്കുന്നത് നീ ഓര്‍‍ക്കുമല്ലോ. ആ യുദ്ധത്തില്‍ നിന്‍റെ ബന്ധുക്കളും പരസ്പ്പരം ഏറ്റുമുട്ടി രാജാക്കന്മാര്‍ക്കുവേണ്ടി മൃത്യു വരിച്ചിരുന്നു.അതിന് വീരമൃത്യു എന്നു പറയാന്‍ കഴിയില്ലല്ലോ, നമുക്കതിനെ ദാസ്യമൃത്യു എന്നു വിളിക്കാം”.
പ്രഹ്ളാദന്‍ ഒന്നും പറഞ്ഞില്ല.അവന്‍ നഷ്ടങ്ങളുടെ കണക്കുകള്‍ എടുക്കുകയായിരുന്നു.
അന്ന് ചേരരാജന്‍ നാര്‍മുടിച്ചേരലായിരുന്നു. അദ്ദേഹം സേനാനേതൃത്വം ഏറ്റെടുക്കുകയും വാകൈ പെരുന്തുറൈയില്‍ വച്ച് നന്നനെ തോല്പ്പിച്ച് പൂഴിനാട് സ്വന്തമാക്കുകയും ചെയ്തു. മലനാടും ചേരര്‍ക്ക് അധീനമായതോടെ അവര്‍ക്ക് മലയുടെ നാഥന്‍ എന്ന നിലയില്‍ മലയാളര്‍ എന്ന പേരും കിട്ടി.
കരുവൂരിലെ ആദ്യരാജാവ് കരവൂര്‍ ഏറിയ ഒള്‍വാള്‍കോ പെരും ചേരല്‍ ഇരുമ്പൊറൈ ആണ്. അദ്ദേഹവും മകന്‍ ആണ്ടുവന്‍ ചേരല്‍ ഇരുമ്പൊറൈയും സമാധാനപ്രിയരായ ബുദ്ധമത വിശ്വാസികളായിരുന്നു.മറ്റു നാട്ടുരാജാക്കന്മാരുമായി അവര്‍ സൌഹാര്‍ദ്ദത്തില്‍ കഴിഞ്ഞുവന്നു. ആണ്ടുവന്‍ ചേരല്‍ ഇരുമ്പൊറൈയുടെ പുത്രന്‍ ചൊല്‍വക്കടുംകോ വാഴിയാതന്‍ കൃഷ്ണഭക്തനായ ബ്രാഹ്മണമതക്കാരനായിരുന്നു. മഹാകവി കപിലരുടെ പ്രശംസ നേടിയ ഭരണമായിരുന്നു വാഴിയാതന്‍റേത്. അദ്ദേഹം അയല്‍ രാജ്യങ്ങള്‍ യുദ്ധം ചെയ്ത് സ്വന്തമാക്കി സാമ്രാജ്യം വിപുലപ്പെടുത്തി. പാരിയുടെ പറമ്പുമല പിടിച്ചതും ചൊല്‍വക്കടുംകോയാണ്.
പറമ്പുമലയിലെ പാരിയും നന്നന്‍റെ സഹോദരനായിരുന്നു. പറമ്പുമലയില്‍ മുളയരിയും ചക്കപ്പഴവും വള്ളിക്കിഴങ്ങും തേനും സുലഭമായിരുന്നു. ചന്ദനവും വേങ്ങയും പ്രധാന മരങ്ങളായിരുന്നു. മയിലും കുരങ്ങുകളും അവിടെ ധാരാളമായുണ്ടായിരുന്നു. പാരി ദാനധര്‍മ്മാദികളില്‍ വിശ്വസിച്ച ബുദ്ധമത വിശ്വാസിയായിരുന്നു.
പാരിയുടെ കീര്‍ത്തി അന്യരാജ്യങ്ങളിലും വ്യാപിച്ചിരുന്നു.ബ്രാഹ്മണ മതവിശ്വാസികളായി മാറിയിരുന്ന ചേര-ചോള-പാണ്ഡ്യ രാജാക്കന്മാരില്‍ പാരിയുടെ കീര്‍ത്തി അസൂയ ജനിപ്പിച്ചു. അവര്‍ പരസ്പ്പരം ശത്രുത പുലര്‍ത്തിയിരുന്നെങ്കിലും പാരിയെ തോല്പ്പിക്കാന്‍ ഒത്തുചേര്‍ന്നു. അവര്‍ പറമ്പുമല വളഞ്ഞ് പാരിയെ വധിച്ചു. അച്ഛനെ നഷ്ടമായ പെണ്‍മക്കള്‍ മലയുടെ അതിരുകള്‍ ഭേദിക്കും വിധം വിലപിച്ചു.ദാനധര്‍മ്മങ്ങള്‍ മാത്രം ചെയ്തിരുന്ന അച്ചനെ ചതിച്ചുകൊന്ന ശത്രുക്കളെ അവര്‍ ശപിച്ചു.ചേരരാജാവ് പറമ്പുമലയുടെ അധികാരിയായി തന്‍റെ വിശ്വസ്ഥനായ സുഹൃത്ത് കപിലനെ നിയമിച്ചു. സാഹിത്യ സംഗീതാദികളില്‍ തത്പ്പരനായ കപിലര്‍ യുദ്ധങ്ങള്‍ക്കും അതിന്‍റെ കെടുതികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയിരുന്ന ആളായിരുന്നു.അദ്ദേഹം പാരിയുടെ മക്കളെ സ്വന്തം മക്കളെപോലെ കാണുകയും അവര്‍ക്ക് ഉചിതരായ വരന്മാരെ കണ്ടെത്തി വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. കുറേക്കാലം ധര്‍മ്മിഷ്ഠനായി നാടുവാണശേഷം അധികാരം ചേരരാജാവായ ചെല്‍വക്കടുങ്കോ വഴിയാതന്‍റെ ഇളയപുത്രന്‍ കോല്‍പടുങ്കോയെ ഏല്പ്പിച്ചു. പിന്നീടദ്ദേഹം ചേരരാജാവിന്‍റെ സദസ്യതിലകനായി.
എഡി അന്‍പതില്‍ ചെല്‍വക്കടുങ്കോ വഴിയാതന്‍റെ മൂത്തമകന്‍ പെരുംചോറ്റ് ഉതിയന്‍ ചേരലാതന്‍ ഭരണമേറ്റു. ഈ കാലത്താണ് വടക്കന്‍ പ്രദേശമായ കുരുക്ഷേത്രത്തില്‍ പാണ്ഡവരും കൌരവരും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് കൂട്ടരുമായും വ്യാപാര-ഭരണ-സ്നേഹ ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഉതിയന്‍. രണ്ടു കൂട്ടരും സൈനിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.യുദ്ധം ഉണ്ടാകരുത് എന്നാശിച്ച അപൂര്‍വ്വം ചില രാജാക്കന്മാരില്‍ ഒരാളായിരുന്നു ഉതിയന്‍. യുദ്ധത്തില്‍ കക്ഷിചേരില്ലെന്നും രണ്ടു കൂട്ടര്‍ക്കും ഭക്ഷണം തയ്യാറാക്കി നല്കാന്‍ സദ്യക്കാരെയും സദ്യവട്ടവും അയയ്ക്കാമെന്നും അദ്ദേഹം സമ്മതിച്ചു.ആന,കുതിര,കാളവണ്ടി ഒക്കെ ഉപയോഗിച്ച് ധാരാളം ഭക്ഷ്യധാന്യങ്ങള്‍ കുരുക്ഷേത്രയിലെത്തിച്ച് രണ്ടുകൂട്ടര്‍ക്കും നല്ല ഭക്ഷണം നല്കി സന്തോഷിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ഹിന്ദുമത വിശ്വാസികളുടെ പോരടികള്‍ കണ്ട് മടുത്ത അദ്ദേഹം അഹിംസ സിദ്ധാന്തം പ്രചരിപ്പിക്കുന്ന ബുദ്ധ-ജൈന ഭിക്ഷുക്കളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു.
പ്രഹ്ളാദ,ആര്യബീജം എറിഞ്ഞിട്ട അക്രമ വാസനയുടെ താത്ക്കാലിക ശമനം നീയറിയുന്നുണ്ടോ.

ബുദ്ധം ശരണം ഗച്ഛാമി,ധര്‍മ്മം ശരണം ഗച്ഛാമി,സംഘം ശരണം ഗച്ഛാമി, മയക്കത്തില്‍ പ്രഹ്ളാദന്‍ മന്ത്രോച്ചാരണം നടത്തി.